നാസാകൗണ്ടി (ന്യുയോർക്ക്) ∙ അംഗീകാരമോ, സർട്ടിഫിക്കേഷനോ ഇല്ലാത്ത എൻ95 മാസ്ക്കുകൾ മാർക്കറ്റിൽ വിതരണം നടത്തിയ സ്ഥാപനത്തിന് 25,000 ഡോളർ പിഴ ചുമത്തിയതായി നാസാ കൗണ്ടി അധികൃതർ അറിയിച്ചു.വെയർഹൗസിൽ നിന്നും കൂടിയ വിലയ്ക്കാണ് മാസ്ക്കുകൾ അത്യാവശ്യക്കാർക്ക് വിറ്റതെന്ന് അധികൃതർ പറഞ്ഞു. ആരോഗ്യസംരക്ഷണത്തിനു നിങ്ങൾ മാർക്കറ്റിൽ നിന്നും വാങ്ങുന്ന വ്യക്തിപരമായ സുരക്ഷാ ഉപകരണങ്ങൾ (മാസ്ക്, സാനിറ്റൈയ്സർ, ഗ്ലൗസുകൾ, ഗൗൺ) അംഗീകൃതമാണോ എന്ന് പരിശോധിച്ചു ഉറപ്പുവരുത്തണമെന്ന് നാസാ കൗണ്ടി എക്സിക്യൂട്ടീവ് ലോറാ കറൻ അഭ്യർഥിച്ചു. ആരോഗ്യമുള്ളവർക്ക് ആരോഗ്യസംരക്ഷണ ആനുകൂല്യം ലഭിക്കുന്നില്ലെങ്കിൽ മാസ്ക്കുകൾ ധരിക്കേണ്ട ആവശ്യമില്ലെന്ന് സിഡിസിയും വേൾഡ് ഹെൽത്ത് ഓർഗനൈസേഷനും വ്യക്തമാക്കിയിട്ടുണ്ട് ചെറുകിട സ്ഥാപനങ്ങളിലും വീടുകളിലും നിർമ്മിക്കുന്ന സാനിറ്റൈസർ ഉൾപ്പെടെയുള്ള ആരോഗ്യസംരക്ഷണ ഉപകരണങ്ങളും ലോഷനുകളും പലരിലും നെഗറ്റീവ് ഫലങ്ങളാണ് ഉണ്ടാകുന്നതെന്നും അത്തരം സാധനങ്ങൾ വാങ്ങുന്നതും വിൽക്കുന്നതും കുറ്റകരമാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതുപോലെ സാധനങ്ങൾക്ക് അമിതവില ഈടാക്കുന്നതിനെക്കുറിച്ചു പരാതി ലഭിച്ചാൽ ശക്തമായ നടപടികളും സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. ആരോഗ്യവകുപ്പു അധികൃതർക്ക് ലഭിച്ച പരാതികളിൽ ഇപ്പോൾ തന്നെ പല സ്ഥലങ്ങളിലും ശിക്ഷാ നടപടികളും സ്വീകരിച്ചുവരുന്നു.
Comments