പി.പി.ചെറിയാൻ
ന്യൂയോർക്ക് ∙ കൊറോണ വൈറസ് രോഗികളുടെ തീവ്രപരിചരണത്തിൽ ഏർപ്പെട്ടിരിക്കുന്ന നഴ്സുമാർ, തങ്ങളുടെ ജീവനു സംരക്ഷണം ഉറപ്പുവരുത്തുന്ന പേഴ്സണൽ പ്രൊട്ടക്റ്റീവ് എക്യുപ്മെന്റ്സിന്റെ ദൗർലഭ്യത്തിൽ പ്രതിഷേധിച്ചു .മൻഹാട്ടനിലുള്ള മൗണ്ട് സീനായ് ഹോസ്പിറ്റലിനു മുൻപിലായിരുന്നു പ്രതിഷേധം.
രോഗികളെ ശുശ്രൂഷിക്കുന്നതിനിടയിൽ കൊറോണ വൈറസ് രോഗത്തിന്റെ പിടിയിലമർന്നു സ്വന്തം ജീവൻ നഷ്ടപ്പെട്ട സഹപ്രവർത്തകരുടെ ചിത്രങ്ങൾ ഉയർത്തിപിടിച്ചാണ് പ്രതിഷേധ പ്രകടനക്കാർ ആശുപത്രിക്ക് മുൻപിൽ അണിനിരന്നത്.ആവശ്യത്തിനുള്ള സുരക്ഷാ സംവിധാനങ്ങൾ ലഭിക്കുന്നില്ല എന്നു മാത്രമല്ല മൂന്നു നഴ്സുമാർ ചേർന്ന് 35 രോഗികളെയെങ്കിലും പരിചരിക്കേണ്ടി വരുന്നതായും പ്രകടനത്തിൽ പങ്കെടുത്ത നഴ്സുമാർ പറയുന്നു.
ഞങ്ങൾ പ്രത്യേകിച്ച് ഒന്നും തന്നെ ചോദിക്കുന്നില്ല. ഞങ്ങൾ ചെയ്യുന്ന ജോലി ഭയരഹിതമായി പൂർത്തികരിക്കാൻ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ മാത്രം വേണമെന്നാണ് ആവശ്യപ്പെടുന്നത്. ആശുപത്രി വിതരണം ചെയ്യുന്ന N.95 മാസ്ക്കുകൾ ഡ്യൂട്ടി അവസാനിക്കുമ്പോൾ ഒരു ബ്രൗൺ കവറിലാക്കി തിരിച്ചേൽപിക്കേണ്ടതായും വരുന്നു. പിന്നീട് ഇതു തന്നെ ഉപയോഗിക്കുവാൻ ഞങ്ങൾ നിർബന്ധിതരാകുന്നു.
അതേസമയം മൗണ്ട് സീനായ് ആശുപത്രി അധികൃതർ പറയുന്നത് ഞങ്ങളുടെ സ്റ്റാഫിന്റെ സുരക്ഷിതത്വത്തിനാണ് മുൻഗണന നൽകുന്നത്. അവർക്ക് ആവശ്യമായ എല്ലാ സംവിധാനങ്ങളും ഞങ്ങൾ ഏർപ്പെടുത്തി കൊടുക്കുന്നതിന് ശ്രമിക്കുന്നുവെന്നാണ്.
Comments