പി.പി.ചെറിയാൻ
ന്യുയോർക്ക് ∙ ആഗോളവ്യാപകമായി കൊറോണ വൈറസ് മനുഷ്യരിൽ വ്യാപകമാകുന്നതോടൊപ്പം മൃഗങ്ങളിലും കണ്ടെത്തി. ന്യുയോർക്കിലെ ബ്രോൺസ് മൃഗശാലയിലെ പുലിയിലാണ് അമേരിക്കയിൽ ആദ്യമായി ഒരു മൃഗത്തിൽ കൊറോണ വൈറസ് പോസിറ്റീവായിരിക്കുന്നതെന്ന് മൃഗശാലയുടെ അറിയിപ്പിൽ പറയുന്നു.
കോവിഡ് 19 പോസിറ്റീവായ ഒരു ജീവനക്കാരനുമായി ബന്ധപ്പെട്ട നാലുവയസ്സുള്ള നാഡിയ എന്ന മലയൻ ടൈഗറാണിതെന്ന് മൃഗശാല അധികൃതർ വെളിപ്പെടുത്തി. മാർച്ച് 27 മുതൽ പുലിയിൽ വൈറസുമായി ബന്ധപ്പെട്ട ചില ലക്ഷണങ്ങൾ കണ്ടുതുടങ്ങിയതായും എന്നാൽ മാർച്ച് 16 മുതൽ പൊതുജനത്തിന് ഇവിടെ പ്രവേശനം നിഷേധിച്ചിരുന്നതിനാൽ ആശങ്കക്ക് വകയില്ലെന്ന് മൃഗശാല ചീഫ് വെറ്റനറി ഡോ. പോൾ കാലി പറഞ്ഞു. പുലിയെ ഉടനെ ഇവിടെ നിന്നും മാറ്റിയതായും അസുഖം ഭേദമാകുമെന്നാണ് വിശ്വസിക്കുന്നതെന്നും ഡോ. പറഞ്ഞു.
ഈ സംഭവത്തോടെ കൊറോണ വൈറസ് പോസിറ്റിവായ മനുഷ്യരുമായി വീട്ടിലെ വളർത്തു മൃഗങ്ങൾ അടുത്തു പെരുമാറിയിട്ടുണ്ടെങ്കിൽ അവർക്കും രോഗം പടരുമോ എന്നതു വലിയ ചോദ്യചിഹ്നമായി അവശേഷിക്കുന്നു.
Comments