(ബാബു പാറയ്ക്കല്‍)
സമൂഹത്തെയാകെ ഞെട്ടിച്ചുകൊണ്ട് ആകസ്മികമായി വിടവാങ്ങിയ തോമസ് ഡേവിഡിന്റെ (ബിജു) സംസ്കാരം ഏപ്രില്‍ എട്ടിനു ബാധനാഴ്ച നടത്തപ്പെട്ടു. ന്യൂയോര്‍ക്ക് ലോംഗ് ഐലന്റ് ഫാമിംഗ് ഡെയിലിലുള്ള സെന്റ് ചാള്‍സ് സെമിത്തേരിയിലെ സെന്റ് സ്റ്റീഫന്‍സ് മെമ്മോറിയല്‍ പാര്‍ക്കിലാണ് നാനാതുറകളിലുള്ളവരുടേയും പ്രിയങ്കരമായിരുന്ന ബിജുവിന് ആന്ത്യവിശ്രമമൊരുക്കിയത്.
സംസ്കാര ശുശ്രൂഷയുടെ മുക്കാല്‍ ഭാഗവും ഇന്നലെ (ചൊവ്വാഴ്ച) വൈകുന്നേരം ബിജുവിന്റെ ഇടവകയായ ഫ്രാങ്ക്‌ളിന്‍ സ്ക്വയര്‍ സെന്റ് ബേസില്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വച്ചു റവ.ഫാ. ഫിലിപ്പ് സി. ഏബ്രഹാമിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടത്തപ്പെട്ടു. തുടര്‍ന്ന് ഇന്ന് പതിനൊന്നു മണിയോടുകൂടി അനേകം വാഹനങ്ങളുടെ അകമ്പടിയോടെ മൃതദേഹം സെമിത്തേരിയില്‍ എത്തിക്കുകയും സംസ്കാര ശുശ്രൂഷയുടെ പൂര്‍ത്തീകരണം റവ.ഫാ. ഫിലിപ്പ് സി. ഏബ്രഹാമിന്റെ മുഖ്യ കാര്‍മികത്വത്തില്‍ സെമിത്തേരിയില്‍ നടത്തപ്പെടുകയും ചെയ്തു. സംസ്കാര ശുശ്രൂഷകളില്‍ നേരിട്ട് സംബന്ധിക്കുവാന്‍ ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ കുടുംബാംഗങ്ങള്‍ക്ക് മാത്രമേ അനുവാദമുണ്ടായിരുന്നുള്ളൂ.
തലേദിവസം ദേവാലയത്തില്‍ വച്ചു നടത്തപ്പെട്ട ശുശ്രൂഷകള്‍ തത്സമയ സംപ്രേഷണം നടത്തിയതിനാല്‍ ദൂരെയുള്ള കുടുംബാംഗങ്ങള്‍ക്കും ഇടവകാംഗങ്ങള്‍ക്കും ബിജുവിന്റെ സുഹൃദ് വലയത്തിലുള്ള നൂറുകണക്കിനാളുകള്‍ക്കും സ്വഭവനത്തിലിരുന്ന് ശുശ്രൂഷകളില്‍ വേദനയോടെ പങ്കുചേരുവാന്‍ കഴിഞ്ഞു. ബിജു പിച്ചവെച്ചു നടന്ന ഇലന്തൂര്‍ ഗ്രാമത്തില്‍ പലരും ഇതു കണ്ട് വിതുമ്പിയപ്പോള്‍ ബിജു കര്‍മ്മരംഗങ്ങളില്‍ ശോഭിച്ച ന്യൂയോര്‍ക്കിലെ പല ഭവനങ്ങളില്‍ നിന്നും ഹൃദയത്തിന്റെ ആഴത്തില്‍ നിന്നും തേങ്ങലുകള്‍ ഉയരുകയായിരുന്നു. ഇടവക വികാരി റവ.ഫാ. തോമസ് പോള്‍ ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്നു വിശ്രമിക്കുന്നതിനാല്‍ സംസ്കാര ശുശ്രൂഷകളില്‍ പങ്കെടുത്തിരുന്നില്ല.
ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും നേരിട്ടും ഫോണില്‍ക്കൂടിയും സമൂഹ മാധ്യമങ്ങളില്‍ക്കൂടിയും അനുശോചനം അറിയിക്കുകയും ഒരു സഹോദരന്റെ വിയോഗത്തിലെന്നപോലെ തങ്ങളുടെ ദുഖത്തില്‍ പങ്കുചേരുകയും ചെയ്ത എല്ലാവരോടും നിസീമമായ നന്ദി രേഖപ്പെടുത്തുന്നതായി കുടുംബാംഗങ്ങള്‍ അറിയിച്ചു.
Comments