ശ്രീകുമാര്‍ ഉണ്ണിത്താന്‍
ന്യൂസ് കണ്ടു ഉറങ്ങിപ്പോയ വേലു നായര്‍ എപ്പോഴോ ഉണര്‍ന്നപ്പോള്‍ ഗ്യാസിന് വില കുറഞ്ഞതായി കേട്ടു. സ്വപ്നമാണോ അതൊ ന്യൂസില്‍ എവിടെയെങ്കിലും കണ്ടു മറന്നതാണോ ഒന്ന് ഓര്‍ക്കാന്‍ ശ്രമിച്ചു. എന്തായാലും ചില സ്വപ്നങ്ങള്‍ ഫലിക്കും, അത് അങ്ങനെയാണ് പതിവ് . അപ്പോഴാ ഭാര്യയുടെ വാക്കുകള്‍ 'ദേ മനുഷ്യ ഇപ്പോള്‍ ന്യൂസില്‍ കണ്ടു ക്രൂഡ് ഓയില്‍ ആര്‍ക്കും വേണ്ടതെ കിടക്കുന്നു. ആ കന്നാസുമായി പോയി കുറെ വാങ്ങി വെക്ക്, ചുമ്മാതെ കിടന്നു ഉറങ്ങാതെ വീട്ടിലേക്ക്ആവശ്യമുള്ള എന്തെകിലും കാര്യം ചെയ്യാന്‍ നോക്കൂ .
ഇതുകേട്ടപ്പോള്‍ തന്നെ വേലുനായര്‍ പിന്നെയും ന്യൂസ് ഒന്നുകൂടി നോക്കി. ഭാര്യ പറഞ്ഞത് ശരിയാണല്ലോ ഞാന്‍ കണ്ടത് ഉറക്കത്തില്‍ ന്യൂസില്‍ കണ്ട ഒരു ഭാഗമാണല്ലോ എന്ന് ഓര്‍ത്തു . ഒപ്പം ഒരു സന്തോഷവും. നോക്കി വെച്ചിരിക്കുന്ന എട്ടു സിലിണ്ടര്‍ വണ്ടി ഒന്ന് വാങ്ങണം. 'അതെന്റെ ഒരു സ്വപ്നം ആണ്'.
ചരിത്രത്തിലാദ്യമായി ക്രൂഡ് ഓയില്‍ വില നെഗറ്റീവ് നിലവാരത്തിലേയ്ക്ക് താഴ്ന്നത് വേലുനായരില്‍ കൗതകം ഉണര്‍ത്തി. ഇത് കേട്ടപ്പോള്‍ നാലു ഡോളര്‍ മുതല്‍ അഞ്ചു ഡോളര്‍ വരെ മുടക്കി ഗ്യാസ് അടിച്ചിരുന്ന ഒരു കാലത്തേക്ക് മനസ്സ് ഒന്ന്തിരിച്ചു പോയി. ഇങ്ങനെഒരു കാലം അയാളുടെ ജീവിതത്തില്‍ വരും എന്ന് പുള്ളിക്കാരന്‍ മനസ്സില്‍ പോലും വിചാരിച്ചിട്ടില്ല. പാലിനേക്കാളും, പച്ചവെള്ളത്തെക്കാളും വില കുറവ് ഗാസിനോ? എത്രയാ നാളത്തെ ആഗ്രഹമായിരുന്നു പശുക്കളെ വിറ്റിട്ട്കുറെ എണ്ണപ്പാടം മേടിക്കണം എന്നത്. എന്തായാലും ആ ഒരു ആഗ്രഹം മാറിക്കിട്ടി. തമ്മില്‍ ഭേദം വീട്ടിലെ കിണറും വളര്‍ത്തുന്ന പശുവും തന്നെ.
കൊറോണ കാലം തുടങ്ങിയതു മുതല്‍ നായര്‍ക്ക് പ്രത്യകിച്ചു പണിയൊന്നുമില്ല, ഉറക്കം ടിവി കാണല്‍ ആഹാരം കഴിക്കല്‍ ഇതൊക്കെ തന്നെ പണി. വേറെ പണിയൊന്നുമില്ലല്ലോഎന്ന ഭാര്യയുടെ പരിഭവത്തിനു മുന്നില്‍ അല്‍പം പരിഭമിച്ചു പോയ അയാള്‍ ഭാര്യ പറയുന്നത് അനുസരിക്കുക അല്ലാതെ വേറെ മാര്‍ഗം ഒന്നുമില്ലാതെയായി. എന്നിട്ടു ഭാര്യയുടെ ഒരു കമന്റും 'നിങ്ങള്‍ ഒന്നിനും കൊള്ളരുതാത്തവന്‍ ആയി തീര്‍ന്നു (എന്താണോ ഭാര്യ ഉദേശിച്ചത് എന്ന് വേലു നായര്‍ക്ക് മനസിലായില്ല).
ഭാര്യയുടെപരിഭവം മാറ്റാന്‍ വേണ്ടി രാവിലെ തന്നെ കൈയില്‍ കിട്ടിയ കന്നാസുമായി എല്ലാ ഗ്യാസ് സ്റ്റേഷന്റെയും വാതിക്കല്‍ പോയി നോക്കി. ആരെങ്കിലും ഫ്രീ ആയി ഗ്യാസ് കൊടുക്കുന്നുണ്ടോ എന്നറിയാന്‍ . പല ഗ്യാസ് സ്റ്റേഷനില്‍ ചെന്നിട്ടും ഫലം നിരാശയായിരുന്നു. ഒരു ഡോളറിനെങ്കിലും കിട്ടും എന്ന് വിചാരിച്ചു. അവിടെയും നിരാശ.ഗ്യാസ് സ്റ്റേഷനില്‍ ഒക്കെ ഗ്യാസിന്റെ വില പഴയത് പോലെത്തന്നെ. പക്ഷേ ഒരു ദിവസം വിലകൂടിയാല്‍ അന്നേരം തന്നെ അവര്‍ വിലയില്‍ മാറ്റം വരുത്തും. വേലുനായര്‍ പിറുപിറുത്തു കൊണ്ട് നടന്നു . എന്നാലും ഒരു കാര്യം സത്യം ഒരു ഗ്യാലന്‍ പാലിനേക്കാളും വെള്ളത്തിനേക്കാളും വില കുറവുണ്ട് .
കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് വേലു നായര്‍ക്കു ഒരു സിക്‌സ് സിലിണ്ടര്‍ വണ്ടിയുണ്ടയിരുന്നു. ഫുള്‍ ടാങ്ക് ഗ്യാസ് അടിച്ചു കഴിയുബോള്‍ ഏകദേശം നൂറു ഡോളറില്‍ കൂടുതല്‍ വരുമായിരുന്നു. ഓരോ തവണ ഗ്യാസ് അടിക്കുബോഴും വേദനയോടെ പോക്കറ്റില്‍ നോക്കിയിരുന്നത് ഓര്‍മ്മ വന്നു . എങ്കിലും വണ്ടിയും ഗ്യാസും യാതൊരു ദാക്ഷിണ്യവും കാണിച്ചില്ല. എല്ലാ ആഴ്ചയിലും ഇത് തുടര്‍ന്ന് കൊണ്ടിരുന്നു. അവസാനം ഈ സിക്‌സ് സിലണ്ടര്‍ കൈ ഒഴിഞ്ഞു പകരം ഗ്യാസ് കുറച്ചുകൂടി കിട്ടുന്ന ഒരു വണ്ടിയെടുത്തു. പോക്കറ്റും മെച്ചപ്പെട്ടു, മാനസിക സമ്മര്‍ദ്ദവും ഒഴിവായി , എന്തൊരു ആശ്വാസമായിരുന്നു. അങ്ങനെ വലിയ വണ്ടികള്‍ ഓടിക്കുക എന്ന മോഹങ്ങള്‍ക്ക് അവധി കൊടുത്തു ചെറിയ വണ്ടിയുമായി യാത്ര തുടര്‍ന്നു.
പിന്നെ എപ്പോള്‍ പുതിയ വണ്ടികള്‍വാങ്ങുവാന്‍ ചെല്ലുബോഴും ഹൈബ്രിഡ് വണ്ടികള്‍ നോക്കുമായിരുന്നു. ഏതാണ് മെച്ചം എന്ന് നാലുവട്ടം കണക്ക് കുട്ടി നോക്കും. ഹൈബ്രിഡ് വണ്ടികള്‍ക്കു മറ്റു വണ്ടികളെക്കാള്‍ ഏകദേശം അയ്യായിരം ഡോളര്‍ വരെ കൂടുതല്‍ ആണ്. കണക്കു കൂട്ടി കുറച്ചു കഴിയുമ്പോള്‍ പലപ്പോഴും ഹൈബ്രിഡ് വണ്ടികളെ ഒഴിവാക്കി മറ്റു വണ്ടികള്‍ വാങ്ങുകയാണ് പതിവ്. പലപ്പോഴും ഗ്യാസിന്റെ വിലയും വണ്ടികളുടെ വിലയും തമ്മില്‍ ഹരിച്ചും ഗുണിച്ചും നോക്കിയിട്ട് കാണിച്ചത് മണ്ടത്തരമാണോ എന്ന് ചിന്തിച്ചിട്ടുണ്ട്. അല്ലെങ്കില്‍ തന്നെ എപ്പോഴും സംശയം.
കൊറോണ മൂലം ഭയത്തില്‍ ഇരിക്കുന്ന വേലുനായര്‍ക്ക്ഈ ന്യൂസ് കണ്ടപ്പോള്‍ കൊറോണയെപറ്റിയുള്ള ചിന്തകെളെല്ലാം മാറി. ആഴ്ചയില്‍ ഉണ്ടാവുന്ന ലാഭത്തെ പറ്റി ഓര്‍ത്തു നേരിയ ആശ്വാസം തോന്നി. ഉല്പാദനത്തേക്കാള്‍ കൂടുതല്‍ ഉപയോഗം നടക്കുബോള്‍ വില കൂടുന്നത് സ്വാഭാവികമാണ്, അതുപോലെ തന്നെ ഉല്‍പാദനം കൂടുകയും ഉപയോഗം കുറയുകയും ചെയ്യുബോള്‍ വില കുറയുന്നതും സ്വാഭാവികമാണ്. അത്എക്കണോമിസ്‌ക്‌സിന്റെ ഒരു ഭാഗമാണ്. ഇപ്പോള്‍ ലോക്ക് ഡൗണ്‍ ആയതിനാല്‍ ഗ്യാസിന്റെ ഉപയോഗം കുറഞ്ഞത് അതിന്റെ വില കുറയാന്‍ കാരണമായി. ഇതൊന്നും എന്റെ കാര്യമല്ലല്ലോ! ഇതൊക്കെ നോക്കാന്‍ അല്ലെ നമ്മുടെ ട്രമ്പ് ഉള്ളത്.
അങ്ങനെ വേലുനായര്‍ തന്റെ എട്ടു സിലിണ്ടര്‍ വണ്ടി എന്ന മോഹം ഒരിക്കല്‍ കുടി പൊടിതട്ടി എടുത്തു. രാവിലെ തന്നെ ഇഷ്ട വാഹനത്തിന്റെ ഡീലറിന്റെ അടുത്ത് ചെന്നപ്പോഴാ ഓര്‍ക്കുന്നത്ലോക്ക് ഡൗണ്‍ ആണല്ലോ , കടകളെക്കെ അടവാണല്ലോ എന്ന്. എന്തായാലും ലോക്ക് ഡൗണ്‍ കഴിയുന്നത് വരെ കാത്തിരിക്കാന്‍ തീരുമാനിച്ചു.
പിന്നയേയും ഒരു സംശയം ലോകത്തു. മറ്റു പല രാജ്യങ്ങളും ക്രൂഡ് ഓയില്‍ ഉല്‍പാദിപ്പിക്കുന്നുണ്ടെങ്കിലും അതിന്റെ കച്ചവടം നടക്കുന്നത് അമേരിക്കയില്‍ ആണ്. ഇങ്ങനെവില താണു പോകാന്‍ അമേരിക്കന്‍ വ്യവസായികള്‍ സമ്മതിക്കുമോ? എട്ടു സിലിണ്ടര്‍ വണ്ടി മേടിച്ചാല്‍ പഴയത്പോലെ ഇനിയും ഗ്യാസ് വില കൂടിയാല്‍ താന്‍ എന്ത് ചെയ്യും. ഇനിയും എട്ടിന്റെ പണികിട്ടുമോ? വേലുനായര്‍ക്കു ആലോചിച്ചിട്ട്ഒരു എത്തും പിടിയും കിട്ടിയില്ല .
നായര്‍ എന്തു ചെയ്യും? ചെയ്യണം? ഇതറിയാന്‍ ഒരു വാട്ട്‌സാപ്പ് ഗ്രൂപ്പ് തുടങ്ങി ഒരു സര്‍വമത പ്രാര്‍ഥന കൂടി സംഘടിപ്പിച്ചാലോ? അതാണല്ലോ ഇപ്പോഴത്തെ ഒരു ഫാഷന്‍
Comments