ബ്രിട്ടനില്‍ ഗുരുതരാവസ്ഥയിലായ സഹോദരനെ എയര്‍ ആംബുലന്‍സില്‍ കോഴിക്കോട്ട് എത്തിക്കാന്‍ ഇന്ത്യയിലെയും ബ്രിട്ടനിലെയും അധിക്രുതര്‍ നല്കിയ സഹായം അമേരിക്കയിലുള്ള സഹോദരര്‍ നന്ദിയോടെ ഓര്‍ക്കുന്നു.
തലശേരി സ്വദേശി പ്രസാദ് ദാസ് എലിമ്പന്, 37, എന്ന സോഫ്ട്വെയര് എഞ്ചിനിയറാണ് വയറില്‍ കാന്‍സര്‍ ബാധിച്ച് ഗുരുതരനിലയിലായത്. ഇനി ചികില്‍സകളൊന്നും ഇല്ലെന്നു അറിഞ്ഞപ്പോള്‍ എങ്ങനെയും നാടെത്തി മാതാപിതാക്കളെ കാണണമെന്നായി മോഹം.
പക്ഷെ നാട്ടിലേക്ക് വിമാനമില്ല. ലോക്ക് ഡൗണ്‍. പിന്നെയുള്ളത് പ്രത്യേക എയര്‍ ആംബുലന്‍സ് വിമാനം വേണം.
ഇതിനായി ക്രൗഡ് ഫണ്ടിംഗിലൂടെ തുക സമാഹരിച്ചു. കോഴിക്കോട് എത്തിച്ച് ആസ്റ്റര്‍ മിംസില്‍ പ്രവേശിപ്പിക്കുക ആയിരുന്നു ലക്ഷ്യം. കൂടെ പോകുന്നവര്‍ ക്വാറന്റൈനില്‍ കഴിയും.
ഭാര്യയും നാലു വയസുള്ള പുത്രിയുമാണ് പ്രസാദിന്.
ഈ സമയത്ത് നാട്ടിലേക്കു കൊണ്ടു പോകാന്‍ അനുമതിക്കായി പല വാതിലുകളില്‍ മുട്ടി. മുന്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, ശശി തരൂര്‍ എം.പി., സുരേഷ് ഗോപി എം.പി തുടങ്ങിയവര്‍ ഏറെ സഹായിച്ചു. അതു പോലെ കേന്ദ്രമന്ത്രി വി. മുരളീധരനും. ബ്രിട്ടനിലെ ബ്രാഡ്ലി സ്റ്റോക്ക് മേയര്‍ മലയാളിയായ ടോം ആദിത്യ ആണു മറ്റൊരാള്‍.
കുടുംബവും സുഹൃത്തുക്കളും ജോലി ചെയ്യുന്ന യുഎസ്ടി ഗ്ലോബല്‍ എന്ന കമ്പനിയും ഒപ്പം നിന്നു. ആവശ്യമായ പണം കണ്ടെത്തുന്നതിന് വലിയ രീതിയില്‍ കമ്പനിയും സഹായിച്ചു.
ഏതാണ്ട് ഒരു കോടിരൂപയാണ് യുകെയില്‍ നിന്നും കേരളത്തിലേക്ക് പ്രത്യേക വിമാനത്തില്‍ എയര്‍ ആംബുലന്‍സായി വരാന്‍ ചെലവ്.
കേന്ദ്ര വ്യോമയാന ആഭ്യന്തര മന്ത്രാലയങ്ങളാണ് പ്രത്യേക അനുമതി നല്‍കിയത്. വ്യാഴാഴ്ച യുകെയില്‍ നിന്നും പുറപ്പെട്ട ഇവര്‍ വെള്ളിയാഴ്ച കോഴിക്കോട് എത്തും.
പ്രസാദിന്റെ സഹോദരരായ പ്രവീണ്‍ ദാസ് എലിമ്പന് കാലിഫോര്ണീയയിലും പ്രജീഷ്ദാസ് എലിമ്പന് ടെക്സസിലും ആണു ജോലി ചെയ്യുന്നത്.
Comments