Balu Menon (from Kuwait Airlines flight)
ന്യൂയോര്‍ക്ക്: ആകാശത്തിലെ പറവകള്‍ വിതയ്‌ക്കുന്നില്ല, കൊയ്യുന്നില്ല എന്ന ആപ്‌തവാക്യം അക്ഷരാര്‍ത്ഥത്തില്‍ ശരിയാവുകയായിരുന്നു മര്‍ത്തോമാ സഭയുടെ പരമാധ്യക്ഷന്‍ അഭിവന്ദ്യ റവ.ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്തയുടെ കാര്യത്തില്‍. ജൂണ്‍ 27-ന് അദ്ദേഹത്തിന്റെ 83-ാം വയസ്സു തികഞ്ഞു. അത് ആഘോഷിച്ചതാവട്ടെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ രീതിയില്‍ അത്‌ലാന്റിക്ക് സമുദ്രത്തിനു മുകളിലൂടെ പറന്ന ബോയിങ് വിമാനത്തിലും. അജപാലനദൗത്യത്തിന്റെ തിരക്കുകള്‍ക്കിടയില്‍ പിറന്നാള്‍ പോലും മറന്ന മെത്രാപ്പോലീത്തയെ പക്ഷേ കെയു 118 കുവൈറ്റ് എയര്‍വേസിലെ ക്രൂവിനു മറക്കാനായില്ല. ഒരു മാസത്തെ സഭാ ദൗത്യത്തിനു ശേഷം ന്യൂയോര്‍ക്കില്‍ നിന്നും നാട്ടിലേക്കു മടങ്ങുകയായിരുന്ന മെത്രാപ്പോലീത്തയ്‌ക്കു മുന്നില്‍ അവര്‍ അലങ്കരിച്ച ബര്‍ത്ത്‌ഡേ കേക്ക് മുറിച്ചു, ഹാപ്പി ബെര്‍ത്ത്‌ഡേ ടൂ യു പാടി.
ഫസ്റ്റ് ക്ലാസ്സ് സീറ്റിന്റെയും ബിസിനസ്സ് ക്ലാസിന്റെയും ഇടയിലുണ്ടായിരുന്ന ഗ്യാലിയില്‍ എയര്‍വേസ് ക്രൂ ഒത്തു കൂടി കേക്ക് അദ്ദേഹത്തെ കൊണ്ട് മുറിപ്പിക്കുകയായരുന്നു. തനിക്ക് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ പിറന്നാള്‍ സമ്മാനമൊരുക്കിയ കുവൈറ്റ് എയര്‍വേസിനോടും എയര്‍വേസിന്റെ എല്ലാ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും വിമാനത്തിലുണ്ടായിരുന്ന ക്രൂവിനോടും തിരുമേനി നന്ദി പറഞ്ഞു. `83 വയസ്സിലേക്ക് പ്രവേശിക്കുന്ന എന്നെ സര്‍വ്വശക്തനായ ദൈവം സ്വന്തം കരങ്ങളില്‍ പിടിച്ചു കൊണ്ട് എന്നെ കര്‍മ്മോത്സുകനാക്കുകയാണ്.'- തന്റെ പിറന്നാള്‍ ആഘോഷത്തിനു മുന്‍കൈയെടുത്തവര്‍ക്ക് തിരുമേനിയുടെ വിനയാന്വിതമായ മറുപടി. ബോയിങ് 777 കുവൈറ്റ് എയര്‍വേസിലെ 23 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ ചടങ്ങിനു സാക്ഷിയായി. വിമാനം അത്‌ലാന്റിക്ക് കുറുകെ കടക്കുമ്പോഴായിരുന്നു തിരുമേനിയെ അത്ഭുതപ്പെടുത്തി കൊണ്ട് ഇവര്‍ പിറന്നാളാഘോഷിച്ചത്. കുവൈറ്റ് എയര്‍വേസിന്റെ യുഎസ് റീജിയന്‍ കസ്‌റ്റമര്‍ സര്‍വീസ് സൂപ്രണ്ട് ജോണ്‍ വര്‍ഗീസായിരുന്നു (കുവൈറ്റ് രാജു) ഇതിനുള്ള അവസരം ഒരുക്കിയത്.
തിരുമേനിയുടെ പിറന്നാള്‍ കൃത്യമായി അറിഞ്ഞ ജോണ്‍ കുവൈറ്റ് എയര്‍ലൈന്‍സ് കാറ്ററിങ് സര്‍വീസിലെ ക്രൂവിനെ ഇതിനായി ചട്ടം കെട്ടുയായിരുന്നു. ന്യൂയോര്‍ക്കില്‍ നിന്നു പോകുന്നതിനു മുന്‍പ് തന്നെ കേറ്ററിങ് ഉത്തരവാദിത്വമുള്ളവരെ വിളിച്ച് അറിയിച്ചതനുസരിച്ചാണ് അത്‌ലാന്റിക്കിനു മുകളില്‍ വച്ച് തിരുമേനിയുടെ പിറന്നാള്‍ ആഘോഷിച്ചത്. ഈ ഫ്‌ളൈറ്റിലുണ്ടായിരുന്ന ന്യൂയോര്‍ക്കിലെ ഫോട്ടോ മാജിക്ക് സ്‌റ്റുഡിയോ ഉടമ ബാലു മേനോന്‍ ചടങ്ങുകള്‍ ക്യാമറയിലാക്കി. ബാലുവിനെ സംബന്ധിച്ചിടത്തോളം വീണു കിട്ടിയ അസുലഭ മുഹൂര്‍ത്തമായിരുന്നു ഇത്. സെലിബ്രിറ്റികളുടെ നിരവധി ചിത്രങ്ങള്‍ എടുത്തിട്ടുണ്ടെങ്കിലും ഇത്തരമൊരു ആഘോഷത്തിന്റെ ചിത്രമെടുക്കാന്‍ കഴിഞ്ഞത് തികച്ചും യാദൃശ്ചികമായിരുന്നുവെന്ന് അദ്ദേഹം കുവൈറ്റില്‍ വിമാനം ലാന്‍ഡ് ചെയ്‌തയുടനെ വിളിച്ചറിയിച്ചു. മലങ്കരയുടെ നവീകരണ പിതാവ് എന്നറിയപ്പെടുന്ന അബ്രഹാം മല്‌പാന്റെ കുടുംബമായ പാലക്കുന്നത്തു തറവാട്ടില്‍ 1931 ജൂണ്‍ 27ന് പി. ടി. ലൂക്കോസിന്റെയും മറിയാമ്മയുടെയും മകനായി അഭിവന്ദ്യ റവ.ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്ത ജനിച്ചത്. പി. ടി. ജോസഫ് എന്നായിരുന്നു ആദ്യനാമം.
ആലുവ യൂണിയന്‍ ക്രിസ്‌ത്യന്‍ കോളേജിലെ പഠനത്തിനു ശേഷം 1954ല്‍ ബാംഗ്ലൂര്‍ യുണൈറ്റഡ് തിയോളജി കോളേജില്‍ ബി.ഡി പഠനത്തിനു ചേര്‍ന്നു. 1957 ഒക്ടോബര്‍ 18ന് കശീശ പട്ടം ലഭിച്ചു. മാര്‍ത്തോമാ സഭാ പ്രതിനിധി മണ്ഡലത്തിന്റെ തീരുമാനപ്രകാരം 1975 ജനുവരി 11ന് റമ്പാനായും ഫെബ്രുവരി 8 നു ജോസഫ് മാര്‍ ഐറെനിയോസ് എന്ന അഭിനാമത്തില്‍ എപ്പിസ്‌ക്കോപ്പായായും അഭിഷിക്തനായി. 1999 മാര്‍ച്ച് 15ന് ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മ മെത്രാപ്പോലീത്തയായി ഉയര്‍ത്തപ്പെട്ടപ്പോള്‍ മാര്‍ത്തോമ മെത്രാപ്പോലീത്തയ്‌ക്ക് ശേഷമുള്ള അടുത്ത സ്ഥാനമായ സഫ്രഗന്‍ മെത്രാപ്പോലീത്തയായി മാര്‍ ഐറെനിയോസ് ഉയര്‍ത്തപ്പെട്ടു. 2007 ഒക്ടോബര്‍ രണ്ടിനാണ് സഭയുടെ പരമാധ്യക്ഷനായത്.
Comments