You are Here : Home / USA News

മെയ്‌മാസ വണക്കവും പരിശുദ്ധ ദൈവമാതാവിനോടുള്ള ഭക്തിയും

Text Size  

Story Dated: Tuesday, May 12, 2015 03:06 hrs UTC

റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത്‌

പരിശുദ്ധ ദൈവമാതാവിനോടുള്ള ബഹുമാനസൂചകമായി നടത്തുന്ന മെയ്‌മാസ വണക്കം പതിന്നാലാം നൂറ്റാണ്ടില്‍ ഹെന്റി സൂസെ ആരംഭിച്ച ഭക്തിപ്രസ്ഥാനമാണ്‌. പാശ്ചാത്യസഭയില്‍ വളര്‍ന്ന്‌ പൗരസ്‌ത്യസഭകളിലേക്ക്‌ വ്യാപിച്ച ഒരു ഭക്തിരൂപമാണിത്‌. പരിശുദ്ധ മറിയത്തിന്റെ അപദാനങ്ങള്‍ കീര്‍ത്തിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥനകളും, ഗീതങ്ങളുമാണ്‌ ഈ പ്രാര്‍ത്ഥനയിലുള്ളത്‌. പീയൂസ്‌ ഏഴാമന്‍ മാര്‍പാപ്പ 1859-ല്‍ മെയ്‌മാസ വണക്കം നടത്തുന്നവര്‍ക്ക്‌ ദണ്‌ഡവിമോചനം പ്രഖ്യാപിച്ചു. പീയൂസ്‌ പന്ത്രണ്ടാമന്‍ മാര്‍പാപ്പ മെദിയാത്തോര്‍ ദേയി (Mediator Dei) എന്ന ചാക്രിയ ലേഖത്തിനു മെയ്‌മാസ ഭക്തി ക്ലിപതാര്‍ത്ഥത്തില്‍ ലിറ്റര്‍ജിയില്‍പ്പെടുന്നില്ലെങ്കിലും വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു ഭക്താഭ്യാസമാകയാല്‍ പരിശുദ്ധ സിംഹാസനവും മെത്രാന്മാരും അതു വളരെയധികം പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും എടുത്തുപറഞ്ഞു. മാതൃത്വം ശ്രേഷ്‌ഠമെങ്കില്‍ ദൈവമാതൃത്വം അതിശ്രേഷ്‌ഠവും അത്യുന്നതുവുമാണ്‌.

 

പരിശുദ്ധ കന്യകാമറിയത്തിനു നമ്മുടെ ക്രിസ്‌തീയ ജീവിതത്തില്‍ അതുല്യമായ സ്ഥാനമുണ്ട്‌. ദൈവമാതാവ്‌ എന്ന സ്ഥാനത്തിലൂടെ മറിയം മനുഷ്യകുലത്തിന്റെ മുഴുവന്‍ അമ്മയാണ്‌.നമ്മുടെ ആദ്ധ്യാത്മിക ജനനിയെന്ന പദവിമൂലം സകല പ്രസാദവരങ്ങളുടേയും പ്രഭായികയായി പരിശുദ്ധ അമ്മ നിലകൊള്ളുന്നു. നിത്യരക്ഷയുടെ മാറ്റമില്ലാത്ത അടയാളമാണ്‌ അവര്‍. പരിശുദ്ധ കന്യകാ മറിയത്തോടുള്ള ഭക്തി നമ്മുടെ പുണ്യജീവിതത്തിനും, സ്വര്‍ഗ്ഗപ്രാപ്‌തിക്കും തികച്ചും അനുപേക്ഷണീയമാണ്‌.

 

സ്വര്‍ഗ്ഗീയ നന്മകള്‍ നമുക്ക്‌ പ്രാപിക്കാനും ഈശോയുടെ ഹൃദയത്തിനു അനുരൂപമായ ഒരു ജീവിതം നയിക്കുന്നതിനും മറിയത്തോടുള്ള ഭക്തിസഹായിക്കും. കാനായിലെ കല്യാണവേളയില്‍ ആതിഥേയ കുടുംബത്തെ അപമാനത്തില്‍നിന്നും രക്ഷിച്ച പരിശുദ്ധ അമ്മ ആപത്തുകളില്‍ നമുക്ക്‌ തുണയേകും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.