You are Here : Home / USA News

ഹൂസ്റ്റണിലെ മോഷണ-ആക്രമണ പരമ്പര: പ്രതിഷേധ മഹാ യോഗം നാളെ (ഞായര്‍)

Text Size  

Story Dated: Saturday, June 13, 2015 11:33 hrs UTC

ഹൂസ്റ്റണ്‍: ഹൂസ്റ്റണിലും സമീപ സിറ്റികളായ മിസോറി, ഷുഗര്‍ലാന്‍ഡ്, സ്റ്റാഫോര്‍ഡ് എന്നിവിടങ്ങളിലും താമസിക്കുന്ന ഇന്ത്യന്‍ സമൂഹത്തെ, പ്രത്യേകിച്ച് മലയാളികളുടെ വീടുകളെ ലക്ഷ്യം വച്ച് വ്യാപകമായി നടക്കുന്ന അതിക്രൂരവും നിന്ദ്യവുമായ മോഷണ, അക്രമ പരമ്പരകളെ ശക്തിയായി അപലപിക്കുന്നതിനായി സൗത്ത് ഇന്ത്യന്‍ യു.എസ് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ആഭിമുഖ്യത്തില്‍, മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്‍, ക്‌നാനായ കാത്തലിക് കമ്മ്യൂണിറ്റി ഉള്‍പ്പെടെയുള്ള മുഴുവന്‍ സംഘടനകളെയും പങ്കെടുപ്പിച്ചുകൊണ്ട് ഇന്ത്യന്‍ സമൂഹം ഒറ്റക്കെട്ടായി നടത്തുന്ന മുന്നേറ്റങ്ങള്‍ക്ക് ജനപിന്തുണയേറുന്നു.

ജൂണ്‍ 14-ാം തീയതി വൈകുന്നേരം 4.30ന് മിസോറി സിറ്റിയിലുള്ള ക്‌നാനായ കമ്മ്യൂണിറിറി സെന്ററില്‍ (2210 സ്റ്റാഫോര്‍ഡ് ഷെയര്‍) ആണ് വിപുലമായ യോഗം സംഘടിപ്പിച്ചിരിക്കുന്നത്.

അതിശക്തമായ ഈ പ്രതിഷേധ കുട്ടായ്മയിലേയ്ക്ക് എത്തിച്ചേരാന്‍ വ്യക്തികളും പ്രസാഥാനങ്ങളിലുമായി നൂറുകണക്കിനാളുകള്‍, തങ്ങളുടെ തിരക്കുകളെല്ലാം മാറ്റിവച്ച് സന്നദ്ധത പ്രകടിപ്പിച്ചു കഴിഞ്ഞുവെന്ന് സൗത്ത് ഇന്ത്യന്‍ യു.എസ് ചേംബര്‍ ഓഫ് കൊമേഴ്‌സ് പി.ആര്‍.ഒ ജിജു കുളങ്ങര അറിയിച്ചു.

മിസോറി സിറ്റി മേയര്‍ അലന്‍ ഓവന്‍, പോലീസ് ചീഫ് മൈക്കല്‍ ബെറിസിന്‍, സ്റ്റഫോര്‍ഡ് സിറ്റി കോണ്‍സല്‍ മംബര്‍ കെന്‍ മാത്യു, ഫോര്‍ട്ട് ബെന്റ് ഐ.എസ്.ഡി ബോര്‍ഡ് ഓഫ് ട്രസ്റ്റി കെ.പി ജോര്‍ജ്, ഫോര്‍ട്ട് ബെന്റ് കൗണ്ടി ഷെരീഫ്‌സ് ഓഫീസ് ലഫ്റ്റനന്റ് റോഡ്‌നി ഗ്ലെണ്ടനിങ് എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സ്റ്റേറ്റ് പ്രതിനിധി റോണ്‍ റെയ്‌നോള്‍ഡ്‌സ്, ഫോര്‍ട്ട് ബെന്റ് കൗണ്ടി ഡിസ്ട്രിക്ട് അറ്റോര്‍ണി ജോണ്‍ ഹീലി, സ്റ്റാഫോര്‍ഡ് സിറ്റി മേയര്‍ ലെനാര്‍ഡ് സ്‌കാര്‍സില, സ്റ്റാഫോര്‍ഡ് സിറ്റി പോലീസ് ചീഫ് ബോണി ക്‌റാന്‍, ഷുഗര്‍ലാന്‍ഡ് മേയര്‍ ജെയിംസ് എ തോംപ്‌സണ്‍, ഷുഗര്‍ലാന്‍ഡ് സിറ്റി പോലീസ് ചീഫ് ഡഗ് ബ്രിങ്ക്‌ലി എന്നിവരും പരാതിക്കാരുടെ ആശങ്കകള്‍ ദൂരൂകരിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

രാത്രിയില്‍ വീട്ടിലുള്ളവര്‍ ഉറങ്ങിക്കഴിയുമ്പോള്‍ പിന്‍വശത്തെ ജനാല ചില്ല് പൊട്ടിച്ച് അകത്ത് കയറുന്ന ആയുധധാരികളായ മുഖംമൂടി സംഘം കുടുംബാംഗങ്ങളെ ബന്ദികളാക്കി കെട്ടിയിട്ട് ആഭരണങ്ങളും പണവും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും കൊള്ളയടിക്കുകയാണ് ചെയ്യുന്നത്. എതിര്‍ക്കുന്നവരെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും വീട്ടു സാധനങ്ങളും വസ്ത്രങ്ങളും മറ്റും നശിപ്പിച്ച ശേഷം ഇവര്‍ രക്ഷപെടുകയും ചെയ്യും. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുുള്ളില്‍ സമാനമായ മൂന്ന് സംഭവങ്ങളാണ് ഹൂസ്റ്റണിലും സമീപ സിറ്റികളിലും അരങ്ങേറിയത്. മുമ്പും ഇത്തരം അക്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഭയം മൂലം ആരും പുറത്ത് പറയാതിരുക്കുകയായിരുന്നു.

ആശങ്കാകുലരായ സമൂഹം പോലീസ് ഉദ്യോഗസ്ഥര്‍ക്കും മറ്റ് ബന്ധപ്പെട്ട അധികൃതര്‍ക്കും ആവര്‍ത്തിച്ച് പരാതി നല്‍കിയെങ്കിലും യാതൊരു പരിഹാര നടപടിയും ഇതുവരെ ഉണ്ടായിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഇത് കുറ്റകരമായ അനാസ്ഥയാണ്.

നികുതിപ്പണം ഓരോ വര്‍ഷവും കൂട്ടുന്ന അധികാരികള്‍ക്ക് മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട ബാധ്യതയുണ്ട്. എന്നാല്‍ മോഷ്ടാക്കളുടെയും അക്രമികളുടെയും പരാതിക്കാരുടെയുമൊക്കെ ഇടയില്‍ വെറും നോക്കുകുത്തികളായി നില്‍ക്കുകയാണ് നിയമപാലകര്‍ എന്ന ആക്ഷേപം ശക്തമാണിപ്പോള്‍. ഈ സാഹചര്യത്തിലാണ് യോഗത്തില്‍ ജനപ്രതിനിധികളും പോലീസ് ഉദ്യോഗസ്ഥരും എത്താന്‍ നിര്‍ബന്ധിതരായത്.

മെച്ചപ്പെട്ട ജീവിത സാഹചര്യവും കാലാവസ്ഥയും മറ്റ് സൗകര്യങ്ങളും ഉള്ള ഹൂസ്റ്റണിലേക്ക് ധാരാളം മലയാളികള്‍ സ്ഥിര താമസത്തിന് എത്തുന്ന സമയത്താണ് ഇത്തരം ദുരന്തങ്ങള്‍ സംഭവിക്കുന്നത് എന്നത് അധികൃതര്‍ മനസിലാക്കണം. സമാധാനപരമായി തമാസിക്കുകയെന്നത് നമ്മുടെ ഓരോരുത്തരുടെയും മൗലികാവകാശമാണ്. അതിനാല്‍ ഈ പ്രതിഷേധ യോഗത്തില്‍ എല്ലാ മലയാളികളും പങ്കെടുത്ത് ഒരേ സ്വരത്തില്‍ ഒരേ ബലത്തില്‍ തങ്ങളുടെ പ്രതിഷേധം അധികാരികളെ അറിയിക്കണമെന്ന് വീണ്ടും അഭ്യര്‍ത്ഥിക്കുകയാണ്. പുറത്തറിഞ്ഞതും അറിയാത്തതുമായ സംഭവങ്ങളിലായി നിരവധി വീടുകള്‍ ഇതിനോടകം തന്നെ ആക്രമിക്കപ്പെട്ടു കഴിഞ്ഞു.

നാളെ ഇതിന്റെ തുടര്‍ച്ച ഉണ്ടായേക്കാം. അത് എന്ത് വിലകൊടുത്തായാലും അനുവദിച്ചുകൂടാ. അതുപോലെതന്നെ ഏതെങ്കിലും വീടുകളില്‍ ഇത്തരത്തിലുള്ള ദാരുണ സംഭവങ്ങള്‍ ഉണ്ടായാല്‍ നാണക്കേടാണെന്ന് കരുതി മറച്ചു വയ്ക്കാതെ സൗത്ത് ഇന്ത്യ യു.എസ് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെയും മറ്റ് സംഘടനാ ഭാരവാഹികളെയും അടിയന്തരമായി തന്നെ വിവരം ധരിപ്പിക്കണമെന്ന് താത്പര്യപ്പെടുന്നു.

നമ്മുടെ സൈ്വരജീവിതത്തിന് ഭംഗം വരുത്തുന്ന ദുഷ്ടശക്തികളെ എന്നെന്നേയ്ക്കുമായി ഉന്മൂലനം ചെയ്യുക എന്ന മുദ്രാവാക്യത്തോടെ ഈ പ്രതിഷേധ മഹായോഗത്തില്‍ ഏവരും അണി ചേര്‍ന്ന് നമ്മുടെ അവകാശങ്ങള്‍ സ്ഥാപിച്ചുകിട്ടാനായി ശക്തിയുക്തം പോരാടണമെന്ന് സൗത്ത് ഇന്ത്യന്‍ യു.എസ് ചേംബര്‍ ഓഫ് കൊമേഴ്മസ് പ്രസിഡന്റ് ഡോ. ജോര്‍ജ് എം കാക്കനാട്ട്, മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്‍ സാരഥി സുരേന്ദന്‍ കോരന്‍, ക്‌നാനായ കാത്തലിക് കമ്മ്യൂണിറ്റിയുടെ എബി തത്തംകുളം തുടങ്ങിയവര്‍ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ഡോ. ജോര്‍ജ് എം കാക്കനാട്ട് (281 723 8520) ബേബി മണക്കുന്നേല്‍ (713 291 9721)
ജിജു കുളങ്ങര (281 709 5433) സുരേന്ദ്രന്‍ കോരന്‍ (832 274 7507)
എബി തത്തംകുളം (832 607 0111) അനില്‍ ആറന്മുള (713 882 7272)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.