ഷിക്കാഗോ: മെയ് 21-നു ഞായറാഴ്ച സീറോ മലബാര്‍ കത്തീഡ്രലില്‍ ആഘോഷമായ കുര്‍ബാനയോടൊപ്പം എസ്.എം.സി.സി പിതൃദിനം ആഘോഷിച്ചു. താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍ പിതൃദിനത്തിന്റെ മാഹാത്മ്യത്തെപ്പറ്റി സംസാരിച്ചു. ജീവന്റെ പുസ്തകമായ ബൈബിളിലെ പ്രഭാഷകന്റെ വാക്കുകളെ ഓര്‍മ്മിപ്പിച്ചുകൊണ്ട് നമ്മുടെ പിതാവായ ദൈവത്തിന്റെ ആത്മീയ പിതൃത്വത്തെക്കുറിച്ച് ഓര്‍മ്മപ്പെടുത്തുകയും അതിന്റെ വിലയെക്കുറിച്ചും സംസാരിക്കുകയുണ്ടായി. മലയാളി ക്രിസ്തീയ കുടുംബങ്ങളിലെ പിതാക്കന്മാരുടെ കുടുംബത്തോടുള്ള അര്‍പ്പണബോധത്തേയും ഉത്തരവാദിത്വങ്ങളേയും പിതാവ് അഭിനന്ദിച്ചു. പിതൃദിനത്തിന്റെ ഭാഗമായി എസ്.എം.സി.സിയുടെ നേതൃത്വത്തില്‍ എല്ലാ കുടുംബനാഥന്മാര്ക്കും പേന നല്കി. സീറോ മലബാര്‍ കത്തീഡ്രല്‍ വികാരി ഫാ. അഗസ്റ്റിന് പാലയ്ക്കാപ്പറമ്പിലും, അസിസ്റ്റന്റ് വികാരി ഫാ. റോയ് മൂലേച്ചാലിലും, എസ്.എം.സി.സി പ്രസിഡന്റ് ജോണ്സണ് കണ്ണൂക്കാടനും മറ്റ് എസ്.എം.സി.സി ഭാരവാഹികളും പിതൃദിനത്തിന്റെ ആഘോഷങ്ങളില്‍ സജീവമായി പങ്കെടുത്തു.
Comments