You are Here : Home / USA News

എസ്‌.എം.ഡിയും, ഡി.ഒ.എം.ഇയും ജേതാക്കള്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, July 21, 2015 11:04 hrs UTC

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ബാസ്‌കറ്റ്‌ ബോള്‍ ടൂര്‍ണമെന്റ്‌ 2015-ല്‍ കോളജ്‌ വിഭാഗത്തില്‍ ഡി.ഒ.എം.ഇയും, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എസ്‌.എം.ഡിയും കിരീടം സ്വന്തമാക്കി. അവസാന നിമിഷം വരെ കാണികളെ മുള്‍മുനയില്‍ നിര്‍ത്തിയ മത്സരങ്ങള്‍ക്കാണ്‌ നൈല്‍സിലെ ഫെല്‍ഡ്‌ മാന്‍ റിക്രിയേഷന്‍ സെന്റര്‍ സാക്ഷ്യംവഹിച്ചത്‌. ഹൈസ്‌കൂള്‍, കോളജ്‌ എന്നിങ്ങനെ രണ്ട്‌ വിഭാഗങ്ങളിലായി നടത്തിയ മത്സരങ്ങളില്‍ ഏതാണ്‌ ഇരുനൂറോളം യുവാക്കള്‍ 20 ടീമുകളിലായി ഏറ്റുമുട്ടി. ഹൈസ്‌കൂള്‍ വിഭാഗത്തിന്റെ ഫൈനല്‍ മത്സരം എസ്‌.എം.ഡി (സീറോ മലബാര്‍ ഡൈനാസ്റ്റി)യും നോ മേഴ്‌സിയും (No Mercy) തമ്മിലായിരുന്നു. സെബി അച്ചേട്ട്‌, റോബിന്‍ ഫിലിപ്പ്‌, അലന്‍ റാത്തപ്പള്ളില്‍, സെബിന്‍ പൗവത്തില്‍, ക്രിസ്‌ മോഹന്‍, മാറ്റ്‌ ചാക്കോ, ജോ വള്ളിക്കളം എന്നിവര്‍ ഉള്‍പ്പെട്ട എസ്‌.എം.ഡി ടീം, മാക്‌സ്‌ അച്ചേട്ട്‌, സിറിള്‍ മാത്യു അംബേനാട്ട്‌, നിക്കോളാസ്‌ മാണി, അബ്രഹാം മണപ്പള്ളിലസ്‌, ജിനു മാത്യു, മെബിന്‍ അബ്രഹാം, മൈക്കിള്‍ മാണി എന്നിവര്‍ അണിനിരന്ന നോ മേഴ്‌സിയുമായി തീപാറുന്ന മത്സരമാണ്‌ കാഴ്‌ചവെച്ചത്‌. ഓരോ നിമിഷവും മത്സരത്തിന്റെ ഗതി മാറി മറിഞ്ഞുകൊണ്ടിരുന്നത്‌ കാണികളെ ആവേശഭരിതരാക്കി. തികച്ചും ഉദ്വേഗജനകമായിരുന്ന കലാശ മത്സരത്തിന്റെ അവസാന നിമിഷം എസ്‌.എം.ഡി കിരീടം സ്വന്തമാക്കി.

 

അതുപോലെതന്നെ ആവേശം വാനോളമുയര്‍ന്ന മത്സരമായിരുന്നു കോളജ്‌ വിഭാഗത്തിന്റെ ഫൈനലും. ജോവിന്‍ ഫിലിപ്പ്‌, കെവിന്‍ ഫിലിപ്പ്‌, ആല്‍വിന്‍ കുടിലില്‍, ജോബിന്‍ തോമസ്‌, ജോയല്‍ വര്‍ഗീസ്‌, ക്രിസ്റ്റോ അബ്രഹാം, കെവിന്‍ കളപ്പുരയില്‍, ആല്‍വിന്‍ അഗസ്റ്റിന്‍ എന്നിവര്‍ അണിനിരന്ന ഡോം (DOME) ടീം മത്സരത്തിന്റെ അവസാന നിമിഷത്തിലാണ്‌ കെവിന്‍ ജോര്‍ജ്‌, ജെഫ്‌ തോമസ്‌, മനു നായര്‍, സ്റ്റീവന്‍ ജോര്‍ജ്‌, ജെയിംസ്‌ ജോര്‍ജ്‌, റോജര്‍ കുര്യന്‍, കെവിന്‍ തോമസ്‌, ഡേവിഡ്‌ തോമസ്‌, ജയിംസ്‌ തോമസ്‌ എന്നിവര്‍ ഉള്‍പ്പെട്ട ഗുഡ്‌ ഫെല്ലാസ്‌ (Good Fellas) ടീമിനെ അടിയറവു പറയിച്ച്‌ ട്രോഫി സ്വന്തമാക്കിയത്‌. രാവിലെ 9 മണിക്ക്‌ ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ ടോമി അംബേനാട്ട്‌ ഉദ്‌ഘാടനം ചെയ്‌ത മത്സരങ്ങള്‍ `ഡബിള്‍ എലിമിനേഷന്‍' രീതിയിലായിരുന്നു സംഘടിപ്പിച്ചത്‌. പല സമയങ്ങളിലായി മത്സരങ്ങള്‍ വീക്ഷിക്കാന്‍ ആയിരത്തിലധികം കാണികള്‍ ഷിക്കാഗോയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്നത്‌ വളരെ പ്രോത്സാഹജനകമായിരുന്നു. രോഹന്‍ പുറയംപള്ളില്‍, കെവിന്‍ കുഞ്ചെറിയ, റോഷിന്‍ മുരിങ്ങോത്ത്‌, ഷാനി ഇഞ്ചനാട്ടില്‍, ആല്‍വിന്‍ റാത്തപ്പള്ളില്‍, ഷെയിന്‍ നെടിയകാലായില്‍ എന്നീ യൂത്ത്‌ കോര്‍ഡിനേറ്റര്‍മാര്‍, ജേക്കബ്‌ മാത്യു പുറയംപള്ളില്‍, ജിതേഷ്‌ ചുങ്കത്ത്‌, ബിജി സി. മാണി എന്നിവരുടെ മാര്‍ഗനിര്‍ദേശങ്ങള്‍ വളരെ ചിട്ടയോടെയും കൃത്യനിഷ്‌ഠയോടെയും മത്സരങ്ങള്‍ നടത്തിയത്‌ എല്ലാവരുടേയും പ്രശംസ പിടിച്ചുപറ്റി. ഐ.എച്ച്‌.എസ്‌.എ സര്‍ട്ടിഫൈഡ്‌ പ്രൊഫഷണല്‍ റഫറിമാരായിരുന്നു എല്ലാ മത്സരങ്ങളും നിയന്ത്രിച്ചിരുന്നത്‌.

 

ജെസ്സി റിന്‍സി, മത്തിയാസ്‌ പുല്ലാപ്പള്ളില്‍, തൊമ്മന്‍ പൂഴിക്കുന്നേല്‍, സണ്ണി വള്ളിക്കളം, സന്തോഷ്‌ നായര്‍, സാബു നടുവീട്ടില്‍, രഞ്‌ജന്‍ ഏബ്രഹാം, ജിമ്മി കണിയാലി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പതിവുപോലെ ഈ പരിപാടിയും കൃത്യനിഷ്‌ഠയോടുകൂടി നടത്തുവാന്‍ സാധിച്ചത്‌ പ്രത്യേകം എടുത്തുപറയേണ്ടതാണ്‌. രാത്രി ഒമ്പതു മണിയോടെയാണ്‌ മത്സരങ്ങള്‍ അവസാനിച്ചത്‌. പ്രസിഡന്റ്‌ ടോമി അംബേനാട്ട്‌ വിജയികള്‍ക്ക്‌ ട്രോഫികള്‍ വിതരണം ചെയ്‌തു. അലന്‍ റാത്തപ്പള്ളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടു. ഇത്രയധികം ജനത്തിരക്കുണ്ടായിട്ടും ഈ മത്സരങ്ങള്‍ ചിട്ടയായും അച്ചടക്കത്തോടുംകൂടി തന്നെ നടത്തുവാനും വിജയിപ്പിക്കുവാനും സഹകരിച്ച എല്ലാവരോടും പ്രസിഡന്റ്‌ ടോമി അംബേനാട്ടും, സെക്രട്ടറി ബിജി. സി മാണിയും നന്ദി പറയുകയും, ഓഗസ്റ്റ്‌ 29-ന്‌ മെയിന്‍ ഈസ്റ്റ്‌ ഹൈസ്‌കൂളില്‍ നടക്കുന്ന ഓണാഘോഷങ്ങളുടെ വിജയത്തിനും ഈ സഹകരണം നല്‍കണമെന്നും അഭ്യര്‍ത്ഥിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.