You are Here : Home / USA News

പ്രവാസി ചാനലിന്റെ ഔദ്യോഗിക ഉദ്ഘാടനവും നാമി അവാര്‍ഡ് ദാനവും

Text Size  

Story Dated: Tuesday, July 21, 2015 11:07 hrs UTC

ന്യൂയോര്‍ക്ക്: ട്രയര്‍ റണ്ണില്‍ തന്നെ ആവേശകരമായ പ്രതികരണം ലഭിച്ച പ്രവാസി ചാനലിന്റെ ഔദ്യോഗിക ഉദ്ഘാടനം സെപ്റ്റംബര്‍ 7ന് നടക്കും. ഇതോടൊപ്പം തന്നെ നോര്‍ത്ത് അമേരിക്കന്‍ മലയാളി ഓഫ് ഇയര്‍ (നാമി) അവാര്‍ഡ് ദാനവും നടക്കും. കേരളത്തില്‍ നിന്നുള്ള രാഷ്ട്രീയ നേതാക്കളും നടീനടന്മാരും പങ്കെടുക്കുന്ന സമ്മേളനം സ്റ്റാര്‍നൈറ്റിന്റെ മാതൃകയില്‍ വര്‍ണ്ണാഭമാക്കാന്‍ പ്രവാസി ചാനല്‍ പ്രവര്‍ത്തകര്‍ സജീവമായി രംഗത്തുണ്ട്. ഇന്റര്‍നെറ്റ് വഴി യുണൈറ്റഡ് മീഡിയ ഐ.പി. ടിവി പ്ലാറ്റ് ഫോമിലൂടെ ലോകമെങ്ങും ലഭ്യമാകുന്ന പ്രവാസി ചാനല്‍ ഈ രംഗത്തെ തുടക്കക്കാരായ (പയനിയര്‍) ബോം ടിവിയും മലയാളം ഐ.പി ടിവിയും ഒന്നായി ചേര്‍ന്ന് രൂപംകൊടുത്ത യുണൈറ്റഡ് മീഡിയയുടെ സംഭാവനയാണ്. വ്യൂവര്‍ഷിപ്പ് റേറ്റിങ്ങില്‍ (എന്തുമാത്രം ആള്‍ക്കാര്‍ കാണുന്നു എന്ന അളവുകോല്‍) ഐ പി ടി വി പ്ലാറ്റ്‌ഫോമില്‍ ഏഷ്യാനെറ്റ്, മഴവില്‍ മനോരമ ചാനലുകള്‍ക്ക് തൊട്ടുപിന്നിലായി മിക്കവാറും മൂന്നാംസ്ഥാനത്തോ നാലാം സ്ഥാനത്തോ പ്രവാസി ചാനലുമുണ്ട്. അമേരിക്കന്‍ മലയാളികള്‍ അത്ര മാത്രം പ്രവാസി ചാനലിനെ നെഞ്ചിലേറ്റി എന്നതിന്റെ തെളിവാണിതെന്ന് ഇതിന്റെ സംഘാടകര്‍ ഒന്നടങ്കം പറഞ്ഞു.

 

പ്രാവാസികള്‍ തന്നെ രൂപംകൊടുത്ത ചാനല്‍ എന്ന ബഹുമതിക്കര്‍ഹമായ പ്രവാസി ചാനല്‍ വ്യത്യസ്തവും പുതുമയാര്‍ന്നതുമായ പ്രോഗ്രാമുകള്‍കൊണ്ട് ലോകമെങ്ങും ശ്രദ്ധ നേടി. ആഘോഷങ്ങളുടെ നാടായ അമേരിക്കയില്‍ അരങ്ങേറുന്ന ഓരോ മലയാളി പരിപാടിയുടെ ഒരുഭാഗവും വിട്ടുകളയാതെ പൂര്‍ണ്ണമായിതന്നെ ചാനല്‍ പ്രദര്‍ശിപ്പിക്കുന്നു. അമേരിക്കന്‍ മലയാളികളുടെ ഹൃദയത്തുടിപ്പുകള്‍ ഒപ്പിയെടുക്കുന്ന ചാനല്‍ പ്രധാന സംഭവങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്യുന്നു. ബ്രേക്കിംഗ് ന്യൂസ് ആകട്ടെ വന്‍കിട ചാനലുകള്‍ക്കൊപ്പം ജനങ്ങളിലെത്തിക്കാനും പ്രവാസി ചാനലിനുണ്ട്. നാട്ടിലെ വി.ഐ.പികള്‍ നാട്ടിലെ മാധ്യമങ്ങള്‍ക്ക് അത്രയെളുപ്പം പിടികൊടുക്കാറില്ലെങ്കിലും അമേരിക്കയിലെത്തുമ്പോള്‍ അവര്‍ പ്രവാസി ചാനലിനു മുന്നില്‍ മനസുതുറക്കാന്‍ മടിക്കാറില്ല. അതിനാല്‍ തന്നെ വിവാദവിഷയങ്ങളില്‍ പ്രതികരണം പലപ്പോഴും അമേരിക്കയില്‍ നിന്നാണ് പുറംലോകത്ത് എത്തുന്നത്. ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന ചാനലുകളായി രൂപംകൊണ്ട മലയാളം ടെലിവിഷനും എം. സി. എന്‍. ചാനലും ഒന്നായതോടെ കൂടുതല്‍ മികവുറ്റ പരിപാടികള്‍ അവതരിപ്പിക്കാന്‍ വഴിയൊരുങ്ങുകയായിരുന്നു. നാട്ടില്‍ 300 400 പേര്‍ ജോലി ചെയ്യുന്ന ചാനലുകളില്‍ നിന്നു ലഭ്യമാകുന്നതുപോലെയോ അതിലും മെച്ചമായോ പ്രോഗ്രാമുകള്‍ അവതരിപ്പിക്കാന്‍ ചുരുക്കം ജോലിക്കാരുള്ള പ്രവാസി ചാനലിനു കഴിയുന്നതു ഈ രംഗത്തോടുള്ള അര്‍പ്പണബോധത്തിന്റെ പ്രതിഫലനമാണ്.

 

സാമ്പത്തികനേട്ടങ്ങള്‍ക്കുപരി ജനങ്ങള്‍ക്ക് മികച്ച പരിപാടികള്‍ ലഭ്യമാക്കാനും, വാര്‍ത്തകള്‍ തത്സമയം അറിയിക്കാനും അവര്‍ രംഗത്തുണ്ട്. പ്രവാസിയുടെ ശബ്ദം തന്നെയായി ചാനലിന്റെ പ്രക്ഷേപണം തുടരുന്നു. കേരളത്തില്‍ നിന്നുള്ള പ്രധാന ചാനലുകളില്‍ പോലും ഇല്ലാത്ത പ്രോഗ്രാമുകള്‍ പ്രവാസി ചാനലിലുണ്ട്. പരസ്യങ്ങളുടെ അതിപ്രസരമില്ല എന്നതും ടെലിവിഷന്‍ കാഴ്ചക്കാരെ ഒന്നടങ്കം പ്രവാസി ചാനലിലേക്ക് ആകര്‍ഷിക്കുന്നു. ലോകത്ത് എവിടെയും പ്രവാസി ചാനല്‍ ലഭ്യമാണെങ്കിലും യു കെ, ഓസ്‌ട്രേലിയ, അയര്‍ലന്‍ഡ് തുടങ്ങി വിവിധ രാജ്യങ്ങളില്‍ ചാനലിന്റെ പ്രാതിനിധ്യം കൂട്ടാനും അവിടെ നിന്നുള്ള പ്രോഗ്രാമ്മുകള്‍ ഉള്‍പ്പെടുത്താനും ഉള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കഴിഞ്ഞു. അത് വഴി പ്രാദേശിക പരിപാടികള്‍ ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് ചാനലിന്റെ അടുത്ത ദൗത്യം. പ്രവാസികളെ ഒന്നിപ്പിക്കുന്ന ചങ്ങലയായി ക്രമേണ ചാനല്‍ മാറും. മലയാളികള്‍ തിങ്ങി പാര്‍ക്കുന്ന ഗള്‍ഫ് രാജ്യങ്ങളിലുള്ള രണ്ടു പ്രാദേശിക ചാനലുകളുമായി കൂടി ചേര്‍ന്ന് ഇവിടെ നിന്നുള്ള പ്രോഗ്രാമ്മുകള്‍ അവിടെ കാണിക്കാനും അവിടെ പ്രവാസി മലയാളികളുടെ ഹൃദയ സ്പന്ദനങ്ങള്‍ ലോകമെമ്പാടും പ്രവാസി ചാനല്‍ വഴി കാണിക്കാനുള്ള കാര്യങ്ങള്‍ ധൃത ഗതിയില്‍ നടക്കുന്നുണ്ട്.

 

ഏറ്റവും നൂതനമായ ഹൈ ഡെഫിനിഷന്‍ സാങ്കേതിക മികവിലാണ് എല്ലാ പ്രോഗ്രാമ്മുകളും തയ്യാറാക്കുന്നത്. മികച്ച ഗുണമേന്മയ്ക്ക് എച്ച്.ഡി ക്വാളിറ്റിയിലാണ് പ്രോഗ്രാമുകള്‍ ഷൂട്ട് ചെയ്യുന്നതും പ്രക്ഷേപണവും ഹൈഡഫിനിഷന്‍ ക്യാമറയാണ് ഷൂട്ടിംഗിനുപയോഗിക്കുന്നത്. ഗ്രാസ്സ് വാല്ലി എന്ന ലോക പ്രശസ്ത കമ്പനിയുടെ എഡിറ്റിംഗ് സംവിധാനങ്ങളാണ് പിന്നില്‍ ഉപയോഗിക്കുന്നത്. ടെലിവിഷന്‍ രംഗത്ത് 18 വര്‍ഷത്തിലേറെ പരിചയമുള്ള ജില്ലി സാമുവേല്‍ ആണ് പ്രവാസി ചാനലിന്റെ ചീഫ് പ്രൊഡ്യൂസറും എഡിറ്ററും. ദൂരദര്‍ശനിലും സഹാറാ ടിവിയിലും നേതൃരംഗങ്ങളില്‍ പ്രവര്‍ത്തിച്ച ജില്ലി സാമുവേല്‍ ദൂരദര്‍ശനിലെ ഹിറ്റ് പ്രോഗ്രാം 'സുരഭി'യുടെ ചിത്രീകരണത്തിനായി ഇന്ത്യയുടെ മിക്കവാറുമെല്ലാ ഭാഗങ്ങളിലും ചെന്നെത്തുകയുണ്ടായി. കൂടാതെ പ്രവാസി ചാനലിന്റെ എല്ലാമെല്ലാമായ നിരവധി പ്രവര്‍ത്തകരുടെയും കൂട്ടായ്മയാണ് ഈ ടെലിവിഷന്‍ ചാനലും സംപ്രേക്ഷണവും. അമേരിക്കയില്‍ നിന്ന് കഴിവുള്ള നൂറു കണക്കിന് ടെലിവിഷന്‍ ആങ്കെഴ്‌സിനെയും ജേര്‍ണലിസത്തില്‍ ബിരുദം എടുത്തവരും അല്ലാത്തവരുമായ നിരവധി ന്യൂസ് റീഡേര്‍സിനെയും വാര്‍ത്തെടുക്കാന്‍ പ്രവാസി ചാനലിനു ഇതിനോടകം കഴിഞ്ഞു എന്നുള്ളത് അഭിമാനിക്കാനാകും എന്ന് വിലയിരുത്തുന്നു.

 

ന്യൂജേഴ്‌സി പിസ്‌കാറ്റവേയിലുള്ള ചാനല്‍ ഓഫീസില്‍ 3000 സ്‌ക്വയര്‍ഫീറ്റിലുള്ള സ്റ്റുഡിയോ, എഡിറ്റിംഗ് സൗകര്യങ്ങള്‍, അട്മിനിസ്‌ട്രെടിവ് ഓഫീസ് എന്നിവയുമുണ്ട്. ചിക്കാഗോ, ഡാളസ്, ന്യൂയോര്‍ക്ക് എന്നിവടങ്ങളിലും സ്റ്റുഡിയോ സൗകര്യങ്ങളുണ്ട്. മലയാളികളുള്ള മിക്കവാറുമെല്ലാ നഗരങ്ങളിലും കാനഡയിലും പ്രതിനിധികളുണ്ട്. ടോക്ക് ഷോകള്‍, സിനിമയുമായി ബന്ധപ്പെട്ട പരിപാടികള്‍, അമേരിക്കന്‍ സല്ലാപം പോലെ ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന കോള്‍ ഇന്‍ പ്രോഗ്രാമുകള്‍ ഗാനങ്ങളെ അധികരിച്ചുള്ള രാഗാര്‍ദ്രം, ഹൃദയരാഗം, മുഖാമുഖം, ചമയങ്ങളില്ലാതെ, നക്ഷത്രമൊഴികള്‍, കോമഡി ഷോകള്‍, തമിഴ് പ്രോഗ്രാം, ഇസൈ മലര്‍, ഗ്രേറ്റ് ഇന്ത്യന്‍ വെഡ്ഡിംഗ്, പാചകലോകം തുടങ്ങി നാനാവിധ പരിപരാടികളാണ് ചാനലിനെ ജനകീയമാക്കുന്നത്. പ്രവാസികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും, പ്രവാസികള്‍ക്ക് താത്പര്യമുള്ള വിഷയങ്ങളും കൂലംകഷമായ ചര്‍ച്ചയ്ക്കും വിശകലനത്തിനും വിധേയമാക്കുന്ന 'നമസ്‌കാരം അമേരിക്ക' പ്രോഗ്രാം വലിയ ശ്രദ്ധ പിടിച്ചുപറ്റി. ഏറ്റവും മികച്ച ആങ്കര്‍മാരാണ് ഈ പ്രോഗ്രാമിനു ചുക്കാന്‍പിടിക്കുന്നത്. സമയക്കുറവുള്ള അമേരിക്കന്‍ മലയാളിയെ മുന്നില്‍കണ്ടാണ് വ്യത്യസ്ത പരിപാടികള്‍ സജ്ജമാക്കിയിരിക്കുന്നത്. നാട്ടില്‍ നടക്കുന്ന കാര്യങ്ങളും അമേരിക്കയിലെ വാര്‍ത്തകളും സമജ്ഞമായി കോര്‍ത്തിണക്കിയിരിക്കുന്നു. അമേരിക്കയില്‍ വന്നിട്ടുള്ള മിക്കവാറുമെല്ലാ ചലച്ചിത്ര താരങ്ങളും, പ്രവര്‍ത്തകരും പ്രവാസി ചാനല്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ദശാബ്ദങ്ങളായി അമേരിക്കയില്‍ കഴിയുന്ന പ്രവാസികള്‍ തന്നെയാണ് ചാനലിന്റെ മാനേജ്‌മെന്റും അണിയറ ശില്‍പികളും.

 

അതിനാല്‍ തന്നെ പ്രവര്‍ത്തനവും ലക്ഷ്യവുമൊന്നന്നതില്‍ അവര്‍ക്ക് സന്ദേഹമില്ല. ചരിത്രത്തിലാദ്യമായി പ്രവാസി മലയാളികളുടെ ജീവിതത്തില്‍ നന്മ ലക്ഷ്യമാക്കി പ്രവര്‍ത്തിച്ച നേതാക്കളെ പ്രത്യേകം ആദരിക്കാനായി തുടങ്ങി വച്ച നോര്ത്ത് അമേരിക്കന്‍ മലയാളീ ഓഫ് ദി ഇയര്‍ വമ്പിച്ച വിജയമായി ചരിത്രത്താളുകളില്‍ രേഖപ്പെടുത്തും. ഇതിനായി 9 പേരെ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നോമിനേറ്റ് ചെയ്യുകയും ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെ ഇതില്‍ ഒരാളെ ചാനല്‍ തെരഞ്ഞെടുക്കുകയും ഈ പ്രമുഖ അമേരിക്കന്‍ മലയാളിക്ക് സെപ്റ്റംബര്‍ 7 നു ന്യൂ യോര്കില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ല്‍ വച്ച് നല്‍കുന്ന നാമി അവാര്‍ഡ് ഇതിനകം തന്നെ ലോക ജനശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ലോകത്തിന്റെ നാനാഭാഗത്തുനിന്നും ആളുകള്‍ നാമിക്കായി വോട്ട് ചെയ്തു എന്നത് ചാനലിന്റെ വ്യാപ്തിയെ എടുത്തു കാണിക്കുന്നു. ഫൈനലില്‍ വന്ന ഒമ്പത് പ്രമുഖ മലയാളികളില്‍ നിന്ന് ഏറ്റവും കൂടുതല്‍ വോട്ട് നേടിയത് കാനഡയില നിന്നുള്ള ജോണ്‍ പി. ജോണും, രണ്ടാമത് ടി.എസ്.ചാക്കോയും ആണ്. സെപ്റ്റംബര്‍ 7, 5 മണിക്ക് ന്യൂ യോര്‍ക്കിലെ ഗ്ലെന്‍ ഓക്‌സ് ഹൈ സ്‌കൂള്‍ ഓടിട്ടോറിയത്തിലാണ് പരിപാടി. ഈ ദിവസം ലേബര്‍ ഡേ പൊതു അവധി ആണെന്നുള്ളത് കാണികളുടെ തിരക്ക് കൂട്ടും. ഗ്ലെന്‍ ഓക്‌സ് ഹൈസ്‌കൂളില്‍ സെപ്റ്റംബര്‍ 7ന് നടക്കുന്ന സമ്മേളനത്തില്‍ പ്രവേശനം പാസ്സ് മൂലം നിയന്ത്രിക്കുന്നതാണ്. ഇതില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ സൗജന്യ ടിക്കറ്റിനായി ബന്ധപ്പെടുക: namy@pravasichannel.com അമേരിക്കയിലെ പ്രമുഖ കലാകാരന്മാരുടെ ഗാനങ്ങള്‍, അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ ഡാന്‍സ് സ്‌കൂളുകളുടെ നൃത്തനൃത്യങ്ങള്‍ തുടങ്ങിയവ പ്രോഗ്രാമില്‍ ഉള്‍പ്പെടുന്നു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, അമേരിക്കയിലെ സംഘടനാ നേതാക്കള്‍, വിവിധ മതനേതാക്കള്‍ തുടങ്ങിയവര്‍ വര്‍ണ്ണാഭമായ പരിപാടിയില്‍ പങ്കെടുക്കും. മികച്ച സാങ്കേതിക വിദ്യയോടെ നീണ്ട പ്രസംഗങ്ങള്‍ ഇല്ലാതെയാണ് പ്രോഗ്രാം കോര്‍ത്തിണക്കിയിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 19083455983 എന്ന നമ്പരില്‍ ബന്ധപ്പെടാം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.