You are Here : Home / USA News

കേരളാ ഹിന്ദു സമ്മേളനം-ഒരു ഹൃസ്വാവലോകനം

Text Size  

Story Dated: Friday, July 24, 2015 01:19 hrs UTC

- (വാസുദേവ് പുളിക്കല്‍ )

സനാതന ധര്‍മ്മത്തിന്റെ മഹത്തായ സന്ദേശവും വേദതത്വങ്ങളുടെ മഹത്ത്വവും വ്യാപിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെ ഡാളസ്സില്‍ ഹയട്ട് റീഗന്‍സി ഹോട്ടലില്‍ ജുലൈ 2-6 വരെ നടന്ന കെ. എച്. എന്‍. എ. കണ്‍വെന്‍ഷന്റെ ഈ ലക്ഷ്യം സാക്ഷാത്ക്കരിക്കപ്പെട്ടു എന്നു മാത്രമല്ല, വൈദ്യം, ആയുര്‍വേദം വേദസാഹിത്യം, സാഹിത്യത്തിന്റെ ധര്‍മ്മം മുതലായ മേഖലകളിലേക്കും വെളിച്ചം വീശുകയുമുണ്ടായി. ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന മന്ത്രത്തിന്റെ വിശാലതയും ശീതളതയും അതു ഉരുവിട്ട വേദമനസ്സിന്റെ വലുപ്പവും ലോകത്തിന് നല്‍കിയ മാര്‍ഗ്ഗദര്‍ശനം പ്രകീര്‍ത്തിക്കപ്പെട്ടു. ഒരു രാജ്യം, ഒരു ജനത, ഒരു മനസ്സ്, ഒരു ലക്ഷ്യം എന്ന ഭാരതീയതയുടെ പ്രാധാന്യം പ്രഭാഷണങ്ങളില്‍ മുഴങ്ങി. ഭാരതത്തിലേക്ക് ഒഴുകി വന്ന വിഭിന്ന സംസ്‌കാരങ്ങളെ രണ്ടു കയ്യും നീട്ടി സ്വാഗതം ചെയ്തതും വിഭിന്ന മതസ്ഥര്‍ക്ക് ആരാധനാലയങ്ങളും പാര്‍പ്പിടങ്ങളും ഉണ്ടാക്കാന്‍ രാജാക്കന്മാര്‍ സ്വൗകര്യങ്ങള്‍ നല്‍കിയതും ആര്‍ഷ സംസ്‌കാരത്തിന്റെ മഹത്വത്തിന്റെ മുഖമുദ്രയാണ്. ആ സംസ്‌കാരം നിലനില്‍ക്കണമെന്ന ആഹ്വാനത്തിന്റെ പ്രതിധ്വനി സമ്മേളനത്തില്‍ അലയടിച്ചു നിന്നു.

 

ഭാരതത്തിനു മാത്രം പൈതൃകം അവകാശപ്പെടാവുന്ന അദൈ്വത സിദ്ധാന്തം എല്ലാ മതങ്ങളേയും പരിപോഷിപ്പിച്ചു. ഹിന്ദുക്കളുടെ മാത്രമല്ല സമസ്ത ജനതയുടേയും ശ്രേയസ്സാണ് വേദതത്വങ്ങള്‍ ലക്ഷ്യമാക്കുന്നത് എന്ന് ഊന്നിപ്പറഞ്ഞപ്പോള്‍ സ്വാമി വിവേകാനന്ദന്‍ പറഞ്ഞതിന്റെ തുടര്‍ച്ചയായി സമ്മേളനം പരിണമിച്ചു. സ്‌നേഹമാണഖിലസാരമൂഴിയില്‍- പരസ്പര സ്‌നേഹമായിരിക്കണം ആത്യന്തിക ലക്ഷ്യം എന്ന സന്ദേശം സമ്മേളനത്തിന് സാര്‍വ്വലൗകികതയുടെ ഭാവംനല്‍കി. കെ.എന്‍. പാര്‍ത്ഥസാരഥി പിള്ളയുടെ പ്രാര്‍ത്ഥനാഗീതത്തോടെ നടത്തിയ കൊടിയേറ്റം പരിപാടികള്‍ക്ക് ആരംഭം കുറിച്ചു. താലപ്പൊലി, മുത്തുക്കുട, ചെണ്ടമേളം മുതലായ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ പ്രമുഖ അതിഥികളെ കണ്‍വെന്‍ഷന്‍ ഹാളിലേക്കാനയിച്ചു. ഓരോ തരത്തിലുള്ള കസവു മുണ്ടും നേരിയതുമണിഞ്ഞ് തലമുടിയില്‍ തുളസിക്കതിര്‍/പൂ ചൂടി മലയാള മങ്കമാര്‍ നിരനിരയായി നില്‍ക്കുന്ന വര്‍ണ്ണപ്പകിട്ടാര്‍ന്ന മനോഹര ദൃശ്യം കേരളത്തിലെ ക്ഷേത്രങ്ങളിലെ താലപ്പൊലിയോടുകൂടിയുള്ള ഉത്സവത്തെ അനുസ്മരിപ്പിച്ചു. സായാഹ്ന സൂര്യന്റെ മൃദുല കിരണങ്ങള്‍ താലപ്പൊലി സുന്ദരിമാരുടെ കവിള്‍ത്തടത്തിലെ അരുണിമ വര്‍ദ്ധിപ്പിച്ചു. ആദ്ധ്യാത്മിക ആചാര്യന്മാരായ സ്വാമി ഗുരുപ്രസാദ്, സ്വാമി ചിതാനന്ദപുരി എന്നിവരുടെ പ്രഭാഷണങ്ങളിലൂടെ ഒഴുകി വന്നത് സനാതനധര്‍മ്മത്തിന്റെ ശീതളസ്രോതസ്സുകളാണ്.

 

സ്വാമി ഗുരുപ്രസാദ് നാരായണ ഗുരുവിന്റെ ദര്‍ശനങ്ങളേയും ലോകമാനവികതയേയും വേദതത്വങ്ങളുമായി സമന്വയിപ്പിച്ചു കൊണ്ട് ഭൗതിക ജീവിതത്തിന്റെ അടിസ്ഥാനമായിരിക്കേണ്ടത് ശാശ്വതമായ അനുഭൂതിയിലേക്ക് നയിക്കുന്ന ആദ്ധ്യാത്മികതയായിരിക്കണമെന്നും സ്വാമി ചിതാനന്തപുരി ആദ്ധ്യാത്മികതയുടേയും ധാര്‍മ്മികതയുടേയും അടിത്തറയില്‍ ചവിട്ടി നിന്നു കൊണ്ട് സ്വധര്‍മ്മം എന്താണെന്നും അത് അനുഷ്ഠിക്കുന്നതിന്റെ ആവശ്യകതയും ചൂണ്ടിക്കാണിച്ചു. ലോകത്തിന്റെ നിലനില്പിന്റെ അടിസ്ഥാനം തന്നെ സ്വധര്‍മ്മം കാര്യക്ഷമതയോടെ അനുഷ്ഠിക്കലാണ്. പ്രകൃതിക്ക് ചില നിയമങ്ങളുണ്ട്. മനുഷ്യര്‍ പ്രകൃതി നിയമള്‍ക്കനുസൃതമായി ജീവിതം നയിക്കുമ്പോള്‍ ധര്‍മ്മം പരിപാലിക്കപ്പെടും. അതിന് ഒരോരുത്തരും അവരവരെത്തന്നെ സ്വയം കണ്ടെത്തുകയാണ് വേണ്ടത്. നമ്മള്‍ നമ്മേത്തന്നെ പൂര്‍ണ്ണമായി അറിയുമ്പോള്‍ ജിവിതത്തില്‍ സ്വസ്ഥത ലഭിക്കുകയും മറ്റുള്ളവരോടുള്ള ഇടപെടലില്‍ മാന്യത പുലര്‍ത്തുകയും ചെയ്യും. മനസ്സിന് സന്തോഷവും ആത്മീയാനുഭൂതിയും നല്കുന്നതാണ് സത്സംഗം.

 

എതാണ്ട് 20 മിനിട്ടു നീണ്ടു നിന്ന ശ്രീ ശ്രീ രവിശങ്കറിന്റെ സത്സംഗത്തിന്റെ അനുഭൂതി നുകരാന്‍ രണ്ടുമണിക്കുറോളം ജനങ്ങള്‍ക്ക് അക്ഷമരായി കാത്തിരിക്കേണ്ടി വന്നു. എങ്കിലും ആചാര്യന്‍ ജനങ്ങളെ ഏകാഗ്രമായ ധ്യാനത്തിന്റെ ഉന്നത തലത്തില്‍ എത്തിച്ചപ്പോള്‍ അവര്‍ അഭൂതപൂര്‍വ്വമായ ആനന്ദാനുഭൂതിയില്‍ ലയിച്ചു. ഓങ്കാരധ്വനിയിലൂടെജനങ്ങളില്‍ ആദ്ധ്യാത്മികതയുടെ സ്ഫുലിംഗങ്ങള്‍ ഉണര്‍ത്തിയ അദ്ദേഹം കേരളത്തിന്റെ തനതായ വിഷുക്കണിയും തിരുവാതിര ഞാറ്റുവേലയും കേരളീയര്‍ക്ക് അഭിമാനിക്കാവുന്ന സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് അനുസ്മരിപ്പിച്ചു കൊണ്ട് കേരളത്തിന്റെ പുകഴ്ത്തു പാട്ടില്‍ മുഴുകി. സത്സംഗത്തിലും സമയനിഷ്ഠ അനിവാര്യമാണ്. സമയനിഷ്ഠ പാലിക്കുന്നത് സംസ്‌കാരത്തിന്റെ ഭാഗമാണ്. ബസ്സ് എത്ര താമസിച്ചു വന്നാലും യാത്രക്കാര്‍ ബസ്സില്‍ കയറി പോകാതിരിക്കുകയില്ലല്ലൊ എന്ന മനോഭാവത്തോടെ ആചാര്യന്മാര്‍ പെരുമാറുന്നത് അവര്‍ ഏതു കൊമ്പത്തെ ശ്രീ ശ്രീ ആയാലും അഭികാമ്യമല്ല. സമര്‍ത്ഥമായി പരിപാടികള്‍ സമയത്ത് തുടങ്ങി അവസാനിപ്പിച്ചുകൊണ്ടിരുന്ന പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സനല്‍ ഗോപി ഇവിടെ നിസ്സഹായനായി. പ്രശസ്ത നോവലിസ്റ്റ് സി. രാധാകൃഷ്ണന്‍ നയിച്ച സാഹിത്യ സമ്മേളനത്തിന്റെ ഒന്നാം ഘട്ടത്തില്‍ അദ്ദേഹം Eastern Philosophy and Modern Science എന്ന വിഷയം ഭഗവദ്ഗീതയുടെ മര്‍മ്മത്തില്‍ തൊട്ടുകൊണ്ട് അവതരിപ്പിക്കുകയും ഹിന്ദുമത തത്വങ്ങളുടെ ശാസ്ത്രീയത ചൂണ്ടിക്കാണിക്കുകയും ചെയ്തു.

 

 

രണ്ടാം ഘട്ടത്തില്‍ സാഹിത്യത്തിന്റെ ധര്‍മ്മത്തെ പറ്റി സംസാരിച്ചു. സാഹിത്യകാരന്മാര്‍ക്ക് ധര്‍മ്മച്യൂതിയുണ്ടാകുന്നത് സമൂഹത്തിന് ഹാനികരമാണ്. ഡോ. എം. വി. പിള്ള മോഡറേറ്റ് ചെയ്ത രണ്ടാം ഘട്ടം സാഹിത്യ സെമിനാറില്‍ വാസുദേവ് പുളിക്കല്‍, മുരളി ജെ. നായര്‍, അശോകന്‍ വേങ്ങശ്ശേരി എന്നിവര്‍ വേദസാഹിത്യത്തെയും സാഹിത്യത്തിന്റെ ധാര്‍മ്മികതയില്‍ നിന്നുള്ള ദിശാഭ്രംശത്തെയും പറ്റി സംസാരിച്ചു. മനുഷ്യസംസ്‌കാരത്തിന്റെ പൊരുളായിരിക്കുന്നത് സാഹിത്യമാണ്. സാഹിത്യകാരന്മാര്‍ക്ക് ജനഹൃദയങ്ങലേക്കിറങ്ങിച്ചെന്ന് അവരുടെ സംസ്‌കാരത്തിന്റെ നിലവാരം ഉയര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. പച്ചമരുന്നുകള്‍ പ്രകൃതിയുടെ ദാനമാണ്. ഋശ്വരന്മാര്‍ക്ക് അവയുടെ ഉപയോഗം നിര്‍ദ്ദേശിക്കാന്‍ സാധിച്ചു എന്നതാണ് ഹിന്ദുമതം വൈദ്യശാസ്ത്രത്തിനു നല്‍കിയ സംഭാവന. മാനവ ശാസ്ത്രജ്ഞനും സാഹിത്യ സാംസ്‌കാരിക പണ്ഡിതനുമായ ഡോ. എ. കെ. ബി. പിള്ള നയിച്ച Medical Hinduism Seminar വൈദ്യശാസ്ത്രത്തില്‍ ഒരു പുതിയ പാത വെട്ടിത്തുറന്നുകൊണ്ടാണ് മുന്നോട്ടു പോയത്. അദ്ദേഹത്തിന്റെ നേട്ടങ്ങളില്‍ പ്രധാനമാണ് ഹിന്ദുമതമുല്യങ്ങളില്‍ അന്തര്‍ലീനമായിട്ടുള്ള വൈദ്യസിന്താത്തിന്റെ ദാര്‍ശനീകത്വം. അദ്ദേഹം അതിന്റെ പ്രക്രിയകളും ചിട്ടപ്പെടുത്തിയിട്ടുണ്ട്. ഈ മെഡിക്കല്‍ ഹിന്ദുയിസം ഭിഷഗ്വരന്മാര്‍ ഉള്‍പ്പെട്ട സെമിനാറില്‍ അദ്ദേഹം അവതരിപ്പിച്ച് ചര്‍ച്ച ചെയ്തു. ലോകപ്രസിദ്ധനായ മാനവവികാസ ശാസ്ത്രജ്ഞനും ഹിന്ദുവൈദ്യത്തിന്റെ ഗവേഷണ ദാര്‍ശനികനുമായ ഡോ. എ. കെ. ബി. യെ കെ. എച്. എന്‍. എ. ഉത്തമമായ അവാര്‍ഡ് നല്‍കി ആദരിക്കുകയുണ്ടായി.ഡോ. എ. കെ. ബി. യുടെ മെഡിക്കല്‍ സെമിനാറില്‍ അദ്ദേഹത്തിന്റെ സഹധര്‍മ്മിണി ഡോ. ഡാന പിള്ള Transcendental Meditation എന്ന വിഷയത്തില്‍ ഒരു പ്രബന്ധം അവതരിപ്പിച്ച് മെഡിറ്റേഷന്റെ നവീന തലങ്ങള്‍ വെളിപ്പെടുത്തുകയും ഡോ. എന്‍പിപി നമ്പൂതിരി ആയൂര്‍വേദ രംഗത്ത് നടന്നുകൊണ്ടിരിക്കുന്ന ഗവേഷണങ്ങളേയും ആയൂര്‍വേദത്തിന്റെ രോഗ പ്രതിരോധ ശക്തിയേയും ചികത്സാഗുണങ്ങളേയും കുറിച്ച് സംസാരക്കുകയും ചെയ്തു. ഡോ. ജയനാരായന്‍ജിയുടെ ആയൂര്‍വേദം, ജ്യോത്സ്യം, രേഖാശാസ്ത്രം മുതലായ വിഷയങ്ങളെ പരാമര്‍ശിച്ചു കൊണ്ടുള്ള പ്രഭാഷണം ഒരു പരസ്യത്തിന്റെ പ്രതീതിയുളവാക്കുന്നതായി തോന്നി.

 

ജ്യോത്സവും ഹസ്തരേഖയും ശാസ്ത്രത്തില്‍ അധിഷ്ഠിതമാണന്നു പറയുന്നത് ശ്രോതാക്കളില്‍ വിശ്വാസം ജനിപ്പിക്കാനുള്ള ഒരു ഉപാധിയാണ്. അന്ധവിശ്വാസികള്‍ക്ക് അത് സ്വീകാര്യമാകാം. ഇതൊക്കെ ശാസ്ത്രമാണെന്ന് വെറുതെ പറഞ്ഞാല്‍ ശാസ്ത്രമാകുമോ? ശാസ്ത്രത്തിന് ചില മാനദണ്ഡങ്ങളൊക്കെയില്ലേ? കുറഞ്ഞ പക്ഷം ഒരു ഹൈപ്പൊതെസ്സിസിന്റെ പിന്‍ബലമെങ്കിലും വേണ്ടേ? ജ്യോത്സ്യന്മാര്‍ പറയുന്ന പൂജകളും വഴിപാടുകളും നടത്തി പതിനായിരക്കണിക്കിന് പണം ചിലവഴിച്ചതിന് ശേഷം തിരിഞ്ഞു നോക്കുമ്പോള്‍ വഞ്ചി പിന്നെയും തിരുനക്കര തന്നെ. നിരാശയുടെ നീര്‍ക്കയം. ജ്യോത്സ്യം ജീവിതമാര്‍ഗ്ഗമാണെന്ന് മനസ്സിലാക്കാത്ത അന്ധവിശ്വാസികള്‍ ഉള്ളിടത്തോളം കാലം ജ്യോത്സന്മാര്‍ക്ക് സുവര്‍ണ്ണ കാലം. ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിന് പരിഹാരം തേടിയാണ് ആത്മബലമില്ലാത്തവര്‍ ജ്യോത്സന്മാരെ തേടി പോകുന്നത് എന്ന മനഃശാസ്ത്രം ജ്യോത്സ്യന്മാര്‍ക്കറിയാം. അവരുടെ ബലഹീനത മുതലെടുത്ത് ജ്യോത്സ്യന്മാര്‍ ജീവിതമാര്‍ഗ്ഗം തേടുന്നു എന്ന് മനസ്സിലാക്കാന്‍ ദുരിതങ്ങള്‍ അനുഭവിക്കുന്നവരുടെ മാനസികാവസ്ഥഅനുവദിക്കുകയില്ല.

 

അവര്‍ ചൂഷണം ചെയ്യപ്പെടുന്നത് അവര്‍ അറിയുന്നില്ല. ജനങ്ങളെ കബളിപ്പിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു വിഭാഗമാണ് വാസ്തു ശാസ്ത്രം എന്ന ലേബല്‍ ഉയര്‍ത്തിപ്പിടിച്ചു നടക്കുന്നവര്‍. ഇവരുടെ നിര്‍ദ്ദേശപ്രകാരം വീട് ഇടിച്ചു പൊളിക്കാന്‍ പോലും തയ്യാറാകുന്ന മാനസിക പ്രശ്‌നങ്ങളുള്ളവരുണ്ട്. ജീവിതം വരുന്നതു പോലെ അനുഭവിക്കാനുള്ള ആത്മബലം നേടേണ്ടത് അനിവാര്യമാണ്. ആത്മബലമില്ലാത്തവരാണ് ചൂഷണം ചെയ്യപ്പെടുന്നത്. ഡോ. നിഷാപിള്ളയുടെ വിമന്‍സ്‌ഫോറം സെമിനാര്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പീഡനങ്ങളേയും അവഗണനയേയും ചെറുത്തു നില്‍ക്കാന്‍ പ്രചോദനം നല്കുന്നതായിരുന്നു. സ്ത്രീസ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുമ്പോഴുംസ്ത്രീധര്‍മ്മം പരിപാലിക്കപ്പെടണമെന്ന തിരിച്ചറിവുള്ളവരാണ് ഭാരതീയ സ്ത്രീകള്‍.വ്യവസായരംഗത്തും ഔദ്യോദികരംഗത്തും ഉന്നത നിലയില്‍എത്തിയവരെ ഉള്‍പ്പെടുത്തിക്കൊണ്ട് നടത്തിയ പ്രൊഫഷണല്‍ സമ്മിറ്റ് എന്ന സെമിനാര്‍ വരും തലമുറക്ക് മുന്നേറാനുള്ള ഉത്തേജനമായി.ഡോ. പദ്മജാ പ്രേം സ്ത്രീകള്‍ക്ക് ജീവിതത്തില്‍ മുന്നേറാന്‍ വിദ്യാഭ്യാസത്തിന്റെ അനിവാര്യത ഉന്നിപ്പറഞ്ഞു. ജീവിതവിജയം കൈവരിക്കുമ്പോഴും ഡോ. പദ്മജയെ പോലെസ്ത്രി കുടുംബശ്രീ ആയിരിക്കുന്നത് ഭാരത സ്ത്രീകളുടെ ഭാവശുദ്ധി. രാഹുല്‍ ഈശ്വരിന്റെ നിയന്ത്രണത്തില്‍ നടന്ന വികാരഭരിതമായ സമന്വയ സംവാദം എവിടെ എത്തിയെന്ന് അതില്‍ പങ്കെടുത്തവര്‍ക്കു പോലും നിശ്ചയമുണ്ടെന്ന് തോന്നുന്നില്ല. തെറ്റുകള്‍ മനസ്സിലാക്കി എന്നത് വലിയ കാര്യമല്ല. തെറ്റുകള്‍ തിരുത്തപ്പെടാതെ ആവര്‍ത്തിക്കപ്പെടുന്നുവെങ്കില്‍ തെറ്റുകള്‍ മനസ്സിലാക്കിയതു കൊണ്ടു മാത്രം എന്തു പ്രയോജനം.

 

ഒരു ഹിന്ദുസമ്മേളനത്തില്‍ അവരുടെ പ്രശ്‌നങ്ങളേയും ഐക്യത്തേയും കുറിച്ച് ചര്‍ച്ച ചെയ്യുന്നത് സ്വാഭാവികമാണ്. കുമ്മനം രാജശേഖരന്‍ കേരളത്തിന്റെ അനുദിനം മാറിക്കൊണ്ടിരിക്കുന്ന മുഖച്ഛായ, അതില്‍ രാഷ്ട്രീയക്കാരുടെ പങ്ക്, ഹിന്ദു ഐക്യം, ആറന്മുളയും വിമാനത്താവളവുംമുതലായ വിഷയങ്ങളെ കുറിച്ച് സംസാരിച്ചു.ഹിന്ദു ഐക്യത്തിന്റെ പേരില്‍ സ്വാതന്ത്ര്യസമര സേനാനി വിനായക ദാമോദര സവര്‍ക്കറെ പോലെ ഹിന്ദു രാജ്യം ഇന്നും സ്വപ്നം കാണുന്നുണ്ടെങ്കില്‍ തെറ്റി. ബാബറി മസ്ജിത്തിന്റെ ഇഷ്ടികകളില്‍ ഒന്ന് ഞാനെന്റെ വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ട് എന്നു പറയുന്നവര്‍ മതേതരത്വത്തിന് കയ്പുരസമാണ് എന്ന് പറയുന്നവരാണ്. മതേതരത്തിന്റെ മധുരിമ എന്നെന്നും നുകരാന്‍ ആഗ്രഹിക്കുന്ന ഇന്‍ഡ്യാക്കാരുടെ മധ്യത്തിലേക്ക് ഹിന്ദു രാജ്യത്തിന്റെ ആശയവുമായി വരുന്നത് വെറും സങ്കുചിത്വമായെ കാണാന്‍ കഴിയൂ. ഹിന്ദു ഐക്യം പ്രസംഗിക്കുന്നവര്‍ അതിന്റെ സാധ്യതയും വഴിയും കണ്ടെത്തണം. പേരിന്റെ പാരമ്പര്യം വരും തലമുറയിലും ഉറപ്പിച്ചു നിര്‍ത്താന്‍ ശഠിക്കുന്നവരില്‍ നിന്ന് ജാതീയതക്കതീതമായ ചിന്തയും സമീപനവും പ്രതീക്ഷിച്ചു കൂട. അങ്ങനെയുള്ള യാഥാസ്ഥിക മനസ്സുകള്‍ക്ക് സമന്വയ സംവാദം വെറും ഉട്ട്യോപ്യ മാത്രം. പേരില്‍ എന്തു കാര്യമിരിക്കുന്നു. മനസ്സുകളുടെ സംഗമവും ജീവിതം ആദര്‍ശപരവുമാകുമ്പോള്‍ പേരിന് മനുഷ്യരെ തിരിച്ചറിയാനുള്ള നാമത്തിന്റെ സ്ഥാനമേ ഉണ്ടാകൂ.

 

അതുകൊണ്ട് തിരിഞ്ഞു നോക്കേണ്ടത് സനാതന ധര്‍മ്മത്തിലേക്കു തന്നെയാണ.് മനസ്സില്‍ വേരുറുപ്പിക്കേണ്ടത,് അവനിവനെന്നറിയുന്നതൊക്കെയോര്‍ത്താല്‍ അവനിയിലാദ്യമമായൊരാത്മ രൂപം എന്നതിലാണ്്. ആദ്ധ്യാത്മികതയില്‍ നിന്ന് ഉരുത്തിരിഞ്ഞു വരുന്ന ഈ ഏകത്വ മനോഭാവത്തിന് ഉന്നല്‍ കൊടുത്തുകൊണ്ട് ഭാഗവത തത്വങ്ങള്‍ പ്രായോഗികമാക്കി ജീവിതം ധന്യമാക്കണമെന്ന് മണ്ണടി ഹരി തന്റെ പ്രഭാഷണത്തിലൂടെ അഹ്വാനം ചെയ്തു. ശ്രീപത്മനാഭസ്വാമിക്ഷേത്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന സ്വത്തിനേയും മറ്റു ക്ഷേത്രവരുമാനത്തേയും കുറിച്ച് വികാരോജ്ജ്വലമായ ചര്‍ച്ച നടന്നു. അതൊക്കെ കൈകാര്യം ചെയ്യാന്‍ നിയമങ്ങളുണ്ട്, ജനങ്ങള്‍ നിയമം കയ്യിലെടുക്കേണ്ടതില്ല എന്നത് ശരി തന്നെ. പക്ഷെ ക്ഷേത്രവരുമാനം ക്ഷേത്രത്തിന്റെ വികസനത്തിനും ഭക്തജനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടാക്കുന്നതിനും വേണ്ടത്ര ഉപയോഗിക്കുന്നില്ലെങ്കില്‍ ചോദ്യങ്ങള്‍ ഉയര്ന്നു എന്നു വരും. ഖജനാവ് കൊള്ളയടിക്കുന്ന മന്ത്രിമാരും അതിന് കൂട്ടു നില്ക്കുന്ന മുഖ്യമന്ത്രിയും ഭരണസംവിധാനത്തില്‍ ഉള്ളപ്പോള്‍ ജനങ്ങള്‍ക്ക് ലഭിക്കുന്നത് അഴിമതിയുടെ ചരിത്രമാണ്. അതുകൊണ്ട് ക്ഷേത്രസ്വത്തുക്കളും ക്ഷേത്രവരുമാനവും ഒഴുകുന്നത് മന്ത്രിമാരുടെ പോക്കറ്റിലേക്കായിരിക്കും എന്ന് ജനങ്ങള്‍ക്ക് ആശങ്കയും സംശയവും ഉണ്ടാകുന്നത് സ്വാഭാവികം.

 

കച്ചവടക്കാരുടെ ചില പരസ്യങ്ങള്‍ പോലെ മാധ്യമങ്ങളിലൂടെ കണ്‍വെന്‍ഷന്റെ മുഖച്ഛായ സുന്ദരവും ആകര്‍ഷീണയവുമായി വരച്ചു കാണിച്ചുവെങ്കിലും കണ്‍വെന്‍ഷനില്‍ ഉണ്ടായ അനുഭവം വ്യത്യസ്ഥമായിരുന്നു. വേണ്ടത്ര നല്ല കലാപരിപാടികള്‍ ഇല്ലാതിരുന്നതു കൊണ്ട് പലപ്പോഴും ഒരു തരം ബോറടി അനുഭവപ്പെട്ടു. കലാമൂല്യമില്ലാത്ത ലോക്കല്‍ പരിപാടികള്‍ അവതരിപ്പിച്ചത് ഇരുട്ടുകൊണ്ട് ഓട്ടയടക്കുന്നതു പോലെയായി.മൊത്തത്തില്‍ വിലയിരുത്തുമ്പോള്‍കണ്‍വെന്‍ഷന്‍ ഇങ്ങനെയായാല്‍ അടുത്ത കണ്‍വെന്‍ഷനില്‍ പങ്കെടുക്കണമോ എന്ന ചിന്തയും ഉണ്ടാകാതിരുന്നില്ല. ശുഷ്‌ക്കമായ കലാപരിപാടികള്‍ക്കിടയില്‍ ന്യൂയോര്‍ക്ക് റീജിയന്‍ അവതരിപ്പിച്ച ഭഗീരഥന്‍ എന്ന നൃത്ത സഗീത നാടകം ശബരിനാഥിന്റെ സംവിധാനം കൊണ്ടും നടിനടന്മാരുടെ അഭിനയ പാടവും കൊണ്ടും ഉന്നത നിലവാരം പുലര്‍ത്തി.മസ്സില്‍ പതിഞ്ഞ, കാണികളുടെ ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന അഭിനന്ദനാര്‍ഹമായ പരിപാടി. ശ്രോതാക്കളുടെ ഹൃദയതന്ത്രികള്‍ തമ്പുരുവായി മാറുന്ന പ്രതീതിയുളവാക്കിയ അനിഷ്‌ക ബാഹുലേയന്റെ ഭക്തിഗാനാലാപത്തോടെയാണ് നാടകം ആരംഭിച്ചത്. തന്റെ ആലാപന പാടവം കൊണ്ട് അനിഷ്‌ക ശ്രോതാക്കളുടെ മനസ്സില്‍ കൃഷ്ണനെ പ്രതിഷ്ഠിക്കുകയായിരുന്നു. കൂടാതെ, എടുത്തു പറയത്തക്കതാണ് മനോജ് കൈപ്പള്ളിയുടെ ഭക്തിഗാനങ്ങള്‍. കണ്‍വെന്‍ഷന്റെ വിജയത്തിനു വേണ്ടി പ്രസിഡന്റ് ടി. എന്‍. നായര്‍, സെക്രട്ടറി ഗണേശ് നായര്‍, വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍നായര്‍ എന്നിവരുടെ പരിശ്രമം പുതിയ ഭരണസമിതിക്കൊരു മാതൃകയാണ്. പക്ഷെ, സെക്രട്ടറി സമ്മേളനത്തില്‍ വിസ്മരിക്കപ്പെട്ടതായി തോന്നി. യുവമനസ്സിന്റെ നവീനാശയങ്ങള്‍ ഉള്‍ക്കൊള്ളാന്‍ മൂക്കത്ത് കണ്ണാടി വീണവര്‍ക്ക് കഴിയാത്തതായിരിക്കാം ഈ അവഗണനക്ക് കാരണം. ശ്രീ അയ്യപ്പനാണ് കെ. എച്. എന്‍. എ. യുടെ ലോഗോയില്‍ കാണുന്ന മൂര്‍ത്തി.ജാതിമതഭേദമന്യെ എല്ലാവരേയും കൈ നീട്ടി സ്വീകരിക്കുന്നതാണ് അയ്യപ്പ സന്നിധാനം.അയ്യപ്പന്‍ ഓങ്കാരപ്പൊരുളാണ്. സനാതനധര്‍മ്മത്തിന്റെ വക്താവായ, വേദതത്വങ്ങളുടെ മഹത്വം ഉല്‍ഘോഷിക്കുന്ന കെ. എച്. എന്‍. എ. -യ്ക്ക് അനുയോജ്യമായ ലോഗോയാണിത്. അത് മാറ്റുന്നതു കൊണ്ടെന്തു പ്രയോജനം.

 

ഈരണ്ടു വര്‍ഷം കൂടുമ്പോള്‍ കണ്‍വെന്‍ഷന്‍ നടത്തുക എന്നതായി കെ. എച്. എന്‍. എ. യുടെ ലക്ഷ്യം ഒതുങ്ങിപ്പോകാതെ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ശ്രമിക്കണം. ഫൗണ്ടേഷന്‍ എന്ന ആശയവുമായി വന്നിട്ടുള്ളത് ജനങ്ങള്‍ക്ക് ഗുണകരമായ പലതും ചെയ്യാന്‍ സാധിക്കുമെന്ന ഉദ്ദേശ്യത്തോടു കൂടിയാണ്. കെ. എച്. എന്‍. എ. യുടെ വളര്‍ച്ചക്കും ഫൗണ്ടേഷന്‍ സഹായകമാകും. മാനവധര്‍മ്മത്തിന്റെ സന്ദേശം പരത്താനുള്ള പ്രതിജ്ഞയുമായി പുതിയ ഭരണസമിതി അധികാരമേറ്റെടുത്തു. സമ്മേളനം സമംഗളംപര്യവസാനിച്ചു. പഴയ സുഹൃല്‍ബന്ധങ്ങള്‍ പുതുക്കാനും പുതിയബന്ധങ്ങള്‍ സൃഷ്ടിക്കാനുമുള്ള അവസരം ലഭിച്ചതിലുള്ള ചാരിതാര്‍ത്ഥ്യത്തോടെ ജനം പിരിഞ്ഞു പോയപ്പോള്‍ കണ്‍വെന്‍ഷന്‍ ഹാള്‍ ശാന്തമായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.