You are Here : Home / USA News

2018-ലെ ഫൊക്കാന കണ്‍വന്‍ഷന്‌ ആതിഥ്യമരുളാന്‍ പമ്പ തയ്യാറെടുക്കുന്നു

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Tuesday, May 19, 2015 03:21 hrs UTC

ഫിലഡല്‍ഫിയ: ഫെഡറേഷന്‍ ഓഫ്‌ കേരള അസ്സോസിയേഷന്‍സ്‌ ഇന്‍ നോര്‍ത്ത്‌ അമേരിക്ക (ഫൊക്കാന)യുടെ 2018-ലെ കണ്‍വന്‍ഷന്‍ ഫിലഡല്‍ഫിയയില്‍ ആയിരിക്കണമെന്ന്‌ ഫിലഡല്‍ഫിയയിലെ പ്രമുഖ മലയാളി സംഘടനയും, ഫൊക്കാനയുടെ അംഗ സംഘടനകളിലൊന്നുമായ 'പമ്പ' എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി തീരുമാനിച്ചതായി അറിയിച്ചു. ഏപ്രില്‍ 26-ന്‌ പമ്പയുടെ ഓഫീസില്‍ കൂടിയ യോഗത്തിലാണ്‌ ഇതര സംഘടനകളേയും പങ്കെടുപ്പിച്ചുകൊണ്ട്‌, അവരുടെ പിന്തുണയോടുകൂടി 2018-ലെ കണ്‍വന്‍ഷന്‍ ഫിലഡല്‍ഫിയയിലേക്ക്‌ കൊണ്ടുവരണമെന്ന തീരുമാനമുണ്ടായതെന്ന്‌ ഫൊക്കാനയുടെ 2016-18 ലെ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട തമ്പി ചാക്കോ പറഞ്ഞു. ഫൊക്കാനയുടെ പ്രവര്‍ത്തനമേഘലകളില്‍ സമൂലമായ ഒരു മാറ്റം അനിവാര്യമാണെന്ന്‌ യോഗം വിലയിരുത്തി.

 

അതുപ്രകാരമാണ്‌ ഫൊക്കാനയടക്കം നിരവധി സംഘടനകളില്‍ പ്രവര്‍ത്തന പരിചയമുള്ള തന്നെ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ നാമനിര്‍ദ്ദേശം ചെയ്യാന്‍ കമ്മിറ്റിയെ പ്രേരിപ്പിച്ചതെന്ന്‌ അദ്ദേഹം പറഞ്ഞു. യുവാക്കള്‍ക്ക്‌ പ്രാതിനിധ്യം നല്‍കുകയും സംഘടനാപരമായി അവരെ നേതൃത്വനിരയിലേക്ക്‌ കൊണ്ടുവരുവാനും തമ്പി ചാക്കോയ്ക്ക്‌ കഴിയുമെന്ന്‌ യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ഫൊക്കാനയുടെ കണക്കുകള്‍ ശരിയായ രീതിയില്‍ നിലനിര്‍ത്തുകയും വരവു ചിലവു കണക്കുകള്‍ സുതാര്യമായി കൈകാര്യം ചെയ്‌ത്‌ അത്‌ കമ്മിറ്റിയില്‍ അവതരിപ്പിക്കുകയും ചെയ്യുക എന്നത് നേതൃത്വത്തില്‍ അധിഷ്‌ഠിതമായിരിക്കുന്നു. തമ്പി ചാക്കോ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ ആ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുകയും, കണക്കുകള്‍ സുതാര്യമാക്കുകയും ചെയ്യുമെന്നു മാത്രമല്ല, ഏവര്‍ക്കും തുല്യപ്രാധാന്യത്തോടെ സംവദിക്കാനുള്ള ഒരു വേദിയായി ഫൊക്കാനയെ രൂപാന്തരപ്പെടുത്താനും അദ്ദേഹത്തിനു കഴിയുമെന്ന്‌ പമ്പ പ്രസിഡന്റ്‌ ജോര്‍ജ്ജ്‌ ഓലിക്കല്‍ പറഞ്ഞു.

 

സേവനരംഗത്ത്‌ കഴിവും പ്രാപ്‌തിയുമുള്ള ഒരു വ്യക്തി എന്ന നിലയില്‍ മാത്രമല്ല, ഫൊക്കാനയുടെ ചിരകാല പ്രവര്‍ത്തകന്‍ എന്ന നിലയിലും തമ്പി ചാക്കോയെ അറിയാത്തവര്‍ വടക്കേ അമേരിക്കയില്‍ വിരളമാണ്‌. അങ്ങനെയുള്ള വ്യക്തികളെയാണ്‌ ഇനി ഫൊക്കാനയ്ക്ക്‌ ആവശ്യം എന്ന്‌ യോഗത്തില്‍ അഭിപ്രായമുണ്ടായി. അദ്ദേഹത്തിന്റെ ഉത്തരവാദിത്വബോധവും കര്‍മ്മനിരതയും പ്രശംസനാര്‍ഹമാണെന്നും, അദ്ദേഹത്തെ അടുത്ത ഫൊക്കാന പ്രസിഡന്റു സ്ഥാനത്തേക്ക്‌ നാമനിര്‍ദ്ദേശം ചെയ്യുന്നതില്‍ പമ്പ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിക്ക്‌ സന്തോഷമാണുള്ളതെന്നും പ്രസിഡന്റ്‌ ജോര്‍ജ്‌ ഓലിക്കല്‍, വൈസ്‌ പ്രസിഡന്റ്‌ സുധ കര്‍ത്താ, ജനറല്‍ സെക്രട്ടറി അലക്‌സ്‌ തോമസ്‌, ട്രഷറര്‍ ഫിലിപ്പോസ്‌ ചെറിയാന്‍ എന്നിവരും കമ്മിറ്റി അംഗങ്ങളും സംയുക്തമായി തീരുമാനമെടുത്തുവെന്ന്‌ അറിയിച്ചു. ഫൊക്കാന പ്രസിഡന്റായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട തമ്പി ചാക്കോയുടെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്‌ ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ നിന്നാണ്‌.

 

പത്തു വര്‍ഷത്തെ സേവനത്തിനുശേഷം വിരമിച്ച്‌ 1975-ലാണ്‌ അമേരിക്കയിലെത്തുന്നത്‌. അമേരിക്കയിലെത്തിയ കാലം തൊട്ട്‌ സാമൂഹ്യ-സാംസ്‌ക്കാരിക-മത സംഘടനാ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെങ്കിലും, സജീവമായ പ്രവര്‍ത്തനം ഫൊക്കാനയിലായിരുന്നെന്നും, അത്‌ ഇപ്പോഴും തുടരുന്നു എന്നും തമ്പി ചാക്കോ പറഞ്ഞു. ഇപ്പോള്‍ ഫൊക്കാന അഡ്വൈസറി ബോര്‍ഡ്‌ ചെയര്‍മാന്‍, പമ്പ ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റീ ചെയര്‍മാന്‍ എന്നീ പദവികളില്‍ സേവനമനുഷ്‌ഠിക്കുന്ന അദ്ദേഹം രണ്ടു തവണ പമ്പ പ്രസിഡന്റ്‌ പദവിയും അലങ്കരിച്ചിട്ടുണ്ട്‌. ഫൊക്കാനയുടെ നാഷണല്‍ വൈസ്‌ പ്രസിഡന്റ്‌, ട്രസ്റ്റീ ബോര്‍ഡ്‌ മെംബര്‍, റീജണല്‍ വൈസ്‌ പ്രസിഡന്റ്‌, കോണ്‍സ്റ്റിറ്റ്യൂഷന്‍ മെംബര്‍, ഫണ്ട്‌ റെയ്‌സിംഗ്‌ ചെയര്‍മാന്‍, രജിസ്‌ട്രേഷന്‍ ചെയര്‍മാന്‍, ഫൊക്കാന ഫൌണ്ടേഷന്‍ സെക്രട്ടറി, നാഷണല്‍ കണ്‍വന്‍ഷന്‍ കോ-ഓര്‍ഡിനേറ്റര്‍/ചെയര്‍മാന്‍ എന്നീ നിലകളില്‍ തന്റെ പ്രവര്‍ത്തനം ഏറെ ശ്ലാഖനീയമായിരുന്നു എന്ന്‌ തമ്പി ചാക്കോ പറഞ്ഞു. ഒരിക്കല്‍ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ മത്സരിച്ച്‌ വിജയിച്ചെങ്കിലും ചില സാങ്കേതിക കാരണങ്ങളാള്‍ ആ സ്ഥാനത്ത്‌ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല എന്ന്‌ അദ്ദേഹം പറഞ്ഞു.

 

അമേരിക്കന്‍ മലയാളികള്‍ ഇന്ന്‌ നേരിട്ടുകൊണ്ടിരിക്കുന്ന സാമൂഹ്യപ്രശ്‌നങ്ങള്‍ ഗൗരവമായി കാണേണ്ട ഒന്നാണെന്നും, താന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ തീര്‍ച്ചയായും അവ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും തമ്പി ചാക്കോ പറഞ്ഞു. ഫിലഡല്‍ഫിയ എക്യുമെനിക്കല്‍ ട്രഷറര്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ (3 തവണ), ഫിലഡല്‍ഫിയ മാര്‍ത്തോമ ചര്‍ച്ച്‌ ട്രഷറര്‍ (6 തവണ), മാഗസിന്‍ എഡിറ്റര്‍, സംഗമം മാഗസിന്‍ ചീഫ്‌ എഡിറ്റര്‍ (3 വര്‍ഷം) എന്നീ നിലകളിലും തമ്പി ചാക്കോ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. തെറ്റും ശരിയും എന്താണെന്ന്‌ മനസ്സിലാക്കി, സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്ന തമ്പി ചാക്കോയ്ക്ക്‌ എല്ലാവിധ പിന്തുണകളും നല്‍കി 2016-18ലെ പ്രസിഡന്റ്‌ സ്ഥാനം അദ്ദേഹത്തിനു ലഭിക്കാനും, യുവജനങ്ങള്‍ക്ക്‌ പ്രാമുഖ്യം നല്‍കി 2018-ല്‍ ഫിലഡല്‍ഫിയയില്‍ അതിവിപുലമായ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ച്‌ ഫൊക്കാനയുടെ പ്രതാപം വീണ്ടെടുക്കുകയും, ഏകോപനസമീപനത്തിലൂടെ ഭരണസുതാര്യതയും കെട്ടുറപ്പുമുള്ള ഒരു മാതൃകാ സംഘടനയായി ഫൊക്കാനയെ വളര്‍ത്തിയെടുക്കാനും തമ്പി ചാക്കോയ്ക്ക്‌ കഴിയുമെന്ന ശുഭാപ്‌തി വിശ്വാസമുള്ളതുകൊണ്ട്‌ പമ്പയുടെ എല്ലാ പിന്തുണകളും അദ്ദേഹത്തിന്‌ നല്‍കുന്നതായി പമ്പ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി പ്രഖ്യാപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.