You are Here : Home / USA News

സൗഹൃദത്തണലില്‍ ഇന്ത്യ പ്രസ്‌ക്ലബ്ബ്‌; സ്‌നേഹപുഷ്‌ങ്ങളുമായി സ്‌പൊണ്‍സര്‍മാര്‍

Text Size  

ജോസ്‌ കണിയാലി

kaniyaly@sbcglobal.net

Story Dated: Wednesday, June 10, 2015 10:43 hrs UTC

ന്യൂയോര്‍ക്ക്‌: പ്രവര്‍ത്തന യൗവനം കൈമുതലാക്കിയ ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ ചിക്കാഗോയില്‍ നടക്കുന്ന ആറാമത്‌ കോണ്‍ഫറന്‍സിന്‌ പിന്തുണയുമായി സ്‌പൊണ്‍സര്‍മാര്‍ രംഗത്തെത്തുന്നു. കോണ്‍ഫറന്‍സ്‌ വിശദാംശങ്ങള്‍ പ്രസിദ്‌ധീകരിച്ച്‌ ചുരുങ്ങിയ സമയത്തിനുളളില്‍ തന്നെ ഇത്രയും സ്‌പൊണ്‍സര്‍മാരെത്തിയത്‌ ഇന്ത്യ പ്രസ്‌ക്ല ബ്ബ്‌ നേതൃത്വത്തെ അമ്പരപ്പിക്കുന്നതായിരുന്നു.

അടിമുടി പ്രൊഫഷണലിസം നിറഞ്ഞു നില്‍ക്കുന്ന ഡോക്‌ടര്‍മാരുടെ സംഘടയായ അസോസിയേഷന്‍ ഓഫ്‌ കേരള മെഡിക്കല്‍ ഗ്രാജ്വേറ്റ്‌സാണ്‌ (എ.കെ.എം.ജി) ആദ്യ സ്‌പൊണ്‍സര്‍ഷിപ്പുമായി എത്തിയത്‌. സംഘടനകള്‍ തമ്മിലുളള സൗഹൃദമെന്ന്‌ വിശേഷിപ്പിക്കാവുന്ന ഈ സ്‌പൊണ്‍സര്‍ഷിപ്പ്‌ തുക എ.കെ.എം.ജി പ്രസിഡന്റ്‌ഡോ. അലക്‌സ്‌ തോമസ്‌ ന്യൂയോര്‍ക്കില്‍ നടന്ന ചടങ്ങില്‍ വച്ച്‌ ഇന്ത്യ പ്രസ്‌ക്ലബ്ബിന്‌ കൈമാറി.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നും ബിരുദം നേടിയ ഡോ. അലക്‌സ്‌ തോമസ്‌ എണ്‍പതുകളുടെ മധ്യത്തിലാണ്‌ അമേരിക്കയിലെത്തുന്നത്‌. ന്യൂയോര്‍ക്കിലെ ക്വീന്‍സിലുളള ഏംഹേസ്‌റ്റ്‌ ജനറല്‍ ഹോസ്‌പിറ്റലില്‍ നിന്നും സൈക്യാട്രിയില്‍ റസിഡന്‍സി പൂ ര്‍ത്തിയാക്കിയ ഡോ. അലക്‌സ്‌ തുടര്‍ന്ന്‌ പെന്‍സില്‍വേനിയ കര്‍മ്മമണ്ഡലമായി തിരഞ്ഞെടുക്കുകയായിരുന്നു. പെന്‍സില്‍വേനിയയിലെ അലന്‍ടൗണിലുളള സേക്രഡ്‌ഹാര്‍ട്ട്‌ ഹോസ്‌പിറ്റലില്‍ സേവനമാരംഭിച്ച ഡോ. അലക്‌സ്‌ മെഡിക്കല്‍ ഡയറക്‌ടറായി 2011 വരെ അവിടെ പ്രവര്‍ത്തിച്ചു അലന്‍ടൗണ്‍ ഹേവന്‍ ഹൗസിന്റെ ഔട്ട്‌പേഷ്യന്റ്‌ സൈക്യാട്രിക്‌ മെഡിക്കല്‍ ഡയറക്‌ടറായും പ്രവര്‍ത്തിച്ചു. സലോമിയാണ്‌ ഭാര്യ. സിയാറ്റിലിലെ ചില്‍ഡ്രന്‍സ്‌ ഹോസ്‌ പിറ്റലലില്‍ പീഡിയാട്രിക്‌സ്‌ ഫെലോയായ അനിത, ഹോഫ്‌സ്‌ട്ര ലോ സ്‌കൂളില്‍ നിന്നും അടുത്തയിടെ ഗ്രാജ്വേറ്റ്‌ ചെയ്‌ത അലക്‌സ്‌ ജൂനിയര്‍ (കുട്ടന്‍) എന്നിവരാണ്‌ മക്കള്‍.

എ.കെ.എം.ജി പ്രസിഡന്റായി കഴിഞ്ഞവര്‍ഷം ചുമതലയേറ്റ ഡോ. അലക്‌സ്‌ തോമസിന്റെ നേതൃത്വത്തിലാണ്‌ അവരുടെ മുപ്പത്തിയാറാമത്‌ കണ്‍വന്‍ഷന്‍ ലേബര്‍ഡേ വീക്കെന്‍ഡില്‍ ഫിലഡല്‍ഫിയയില്‍ നടക്കുക.

സാമൂഹ്യ പ്രവര്‍ത്തനത്തില്‍ എക്കാലവും സജീവമായ ഫോമ മുന്‍ ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസിന്റെ പത്‌നിയും ഡോക്‌ടറുമായ മറീന ഗ്ലാഡ്‌സണ്‍ ഡോക്‌ടര്‍മാരുടെ സംഘടനക്കു പിന്നാലെ തന്നെ ഇന്ത്യ പ്രസ്‌ക്ലബ്ബിന്റെ ചിക്കാഗോ കോണ്‍ഫറന്‍സ്‌ സ്‌പൊണ്‍സറായി. ഈ തീരുമാനത്തിന്‌ രണ്ടാം ആലോചനയും വേണ്ടി വന്നില്ല ഡോ. മറീനക്ക്‌. മുമ്പ്‌ 2008 ല്‍ ചിക്കാഗോയിലും 2009 ല്‍ ന്യൂജേഴ്‌സിയിലും നടന്ന കോണ്‍ഫറന്‍സുകള്‍ക്ക്‌ സ്‌പൊണ്‍സര്‍ഷിപ്പ്‌ നല്‍കിയ മറീനയും ഗ്ലാഡ്‌സണ്‍ വര്‍ഗീസും ഇന്ത്യ പ്രസ്‌ക്ലബ്ബുമായി എക്കാലവും മികച്ച ബന്‌ധം പുലര്‍ത്തുന്നു. ചിക്കാഗോയിലെ വിസ്‌റ്റ ഹോസ്‌പിറ്റലില്‍ അറ്റന്‍ഡിംഗ്‌ ഫിസിഷ്യനായ മറീന ഗ്ലാഡ്‌സണ്‍ ലിന്‍ഡന്‍ ഹേസ്‌റ്റില്‍ സ്വന്തമായി ക്ലിനിക്കും നടത്തുന്നുണ്ട്‌. സൗഹൃദത്തിന്റെ അരങ്ങായ ഇന്ത്യ പ്രസ്‌ക്ലബ്ബുമായ സഹകരിക്കാന്‍ എന്നും സന്തോഷമാണുളളതെന്ന്‌ ഡോ. മറീന പറയുന്നു.

അമേരിക്കയിലെ ഏക മലയാളം ചാനലായ പ്രവാസി ചാനലിന്റെ അമരം കാക്കുന്ന മൂന്നുപേര്‍ ഇന്ത്യ പ്രസ്‌ക്ലബ്ബിന്‌ സ്‌പൊണ്‍സര്‍ഷിപ്പ്‌ വാഗ്‌ദാനം ചെയ്‌തപ്പോള്‍ രണ്ടു കാര്യങ്ങളാണ്‌ ശ്രദ്‌ധേയമാത്‌. ഒന്ന്‌ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്‌മക്ക്‌ ഇന്ത്യ പ്രസ്‌ ക്ലബ്ബിന്റെ ഭാഗമായ മലയാളം ടെലിവിഷന്റെ സ്‌നേഹസമ്മാനം. രണ്ട്‌ ഇതിന്റെ സാരഥികളായ ജോണ്‍ ടൈറ്റസ്‌, ബേബി ഊരാളില്‍, വര്‍ക്കി എബ്രഹാം എന്നിവര്‍ ഇന്ത്യ പ്രസ്‌ക്ലബ്ബുമായി പുലര്‍ത്തുന്ന ഇഴയടുപ്പമുളള സൗഹൃദം. ഇന്ത്യ പ്രസ്‌ക്ലബ്ബിന്റെ ഇക്കാലമത്രയും നടന്നിട്ടുളള എല്ലാ പരിപാടികള്‍ക്കും പിന്തുണ നല്‍കിയിട്ടുളള ഇവരില്‍ നിന്നും മാധ്യമ പ്രവര്‍ത്തകര്‍ സ്‌നേഹത്തിന്റെ റവന്യൂ അളവില്ലാതെ നേടിയിട്ടുണ്ട്‌.

ബിസിനസ്‌ രംഗത്തു പ്രവര്‍ത്തിക്കുന്ന ഇവര്‍ മൂന്നുപേരും തൊടുന്നതെല്ലാം പൊന്നാക്കി മാറ്റിയ പ്രതിഭകളാണ്‌. ജോണ്‍ ടൈറ്റസും ബേബി ഊരാളിലുമാകട്ടെ ഫോമയുടെ മുന്‍ പ്രസിഡന്റുമാരുമാണ്‌. ഫൊക്കാനയില്‍ നിന്നും വേര്‍പെട്ട്‌ ഫോമ രൂപീകൃതമായപ്പോള്‍ അതിന്റെ അമരത്തെത്തിയ ജോണ്‍ ടൈറ്റസിന്റെ നേതൃത്വത്തിലാണ്‌ സംഘടന ഇത്രയും ശക്‌ തിപ്രാപിച്ചത്‌. ടൈറ്റസിന്റെ സേവനം ഫോമയുടെ വളര്‍ച്ചയില്‍ നിര്‍ണായകമായിരുന്നു എന്ന്‌ എപ്പോഴും പറഞ്ഞിട്ടുളള ബേബി ഊരാളില്‍ തുടര്‍ന്ന്‌ പ്രസിഡന്റായപ്പോള്‍ കാര്യനിര്‍വഹണത്തിന്റെ വിസ്‌മയങ്ങള്‍ സംഘടനയില്‍ ദര്‍ശിക്കാനായി. മൂവരും ചേര്‍ന്ന്‌ അമേരിക്കയി ല്‍ ആദ്യമായി ഒരു മലയാളം ചാനല്‍ തുടങ്ങിയപ്പോള്‍ അതിന്റെ സാധ്യതകളെക്കുറിച്ച്‌ പലരും സംശയം പ്രകടിപ്പിച്ചെങ്കിലും ബിസിനസില്‍ വിജയം മാത്രം കണ്ടിട്ടുളള ഇവര്‍ ദൃശ്യമാധ്യമ രംഗത്തും തങ്ങളുടെ വിജയ ചരിത്രം ആവര്‍ത്തിച്ചു.

വിമാനങ്ങളുടെ നിര്‍മ്മാണത്തിലും അറ്റകുറ്റ പണികളിലും സേവനം നല്‍കുന്ന സിയാറ്റില്‍ ആസ്‌ഥാനമായ എയ്‌റോ കണ്‍ട്രോള്‍സ്‌ പ്രസിഡന്റും സി.ഇ.ഒ യുമാണ്‌ ജോണ്‍ ടൈറ്റസ്‌. മില്യണുകളുടെ ഇടപാടുകള്‍ നടത്തുന്ന എയ്‌റോ കണ്‍ട്രോള്‍സ്‌ സാരഥിയായ ജോണ്‍ ടൈറ്റസ്‌ മുഖ്യധാരാ ബിസിനസ്‌ സമൂഹത്തില്‍ വെന്നിക്കൊടി പാറിച്ച ചുരുക്കം മലയാളികളിലൊരാളാണ്‌.

ക്ലിനിക്കല്‍ ലബോറട്ടറി ബിസിനസ്‌ രംഗത്തളള ബേബി ഊരാളില്‍ ഹൂസ്‌റ്റണ്‍, ന്യൂയോര്‍ക്ക്‌, ഡാളസ്‌ എന്നിവടങ്ങളില്‍ വിജയകരമായി പ്രവര്‍ത്തിക്കുന്ന സ്‌ഥാപനങ്ങളുടെ ഉടമയാണ്‌. സാമൂഹ്യരംഗത്തും സാമുദായിക രംഗത്തും ഒരുപോലെ സാന്നിധ്യമറിയിച്ചിട്ടുളള ബേബി ഊരാളില്‍ ക്‌നാനായ കാത്തലിക്‌ കോണ്‍ഗ്രസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ (കെ. സി.സി.എന്‍.എ) പ്രസിഡന്റായിരുന്നു. മലയാളം ടെലിവിഷന്‍ ചാനലിന്റെ സി.ഇ.ഒയുമായ അദ്ദേഹം അമേരിക്കയിലെ മലയാള മാധ്യമ രംഗത്തിന്റെ വളര്‍ച്ചക്കും ശ്രദ്‌ധേയമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്‌. നാട്ടിലെ സാമൂഹ്യ പ്രവര്‍ത്തനങ്ങളുമായും ബന്‌ധപ്പെടുന്ന ബേബി ഊരാളില്‍ എക്യുമെനിസം പ്രാവര്‍ത്തികമാക്കിയ അപൂര്‍വം പേരിലൊരാളാണ്‌. എല്ലാ സമുദായങ്ങളുമായും ആരോഗ്യകരമായ ബന്‌ധം അദ്ദേഹം കാത്തുസൂക്ഷിക്കുന്നു.

ന്യൂയോര്‍ക്ക്‌ ആസ്‌ഥാനമായുളള എറിക്‌ ഷൂ കമ്പനിയുടെ സാരഥിയായ വര്‍ക്കി എബ്രഹാം ബാങ്കിംഗ്‌ രംഗത്തും തന്റെ സാന്നിധ്യമറിയിക്കുകയും വിജയക്കൊടി പാറിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഹാനോവര്‍ കമ്മ്യൂണിറ്റി ബാങ്കിന്റെ ഡയറക്‌ടറായ വര്‍ക്കി എബ്രഹാമിന്‌ നാട്ടിലെ രാഷ്‌ട്രീയ രംഗവുമായും അടുത്ത ബന്‌ധമുണ്ട്‌. വലതു-ഇടതു പക്ഷ വ്യത്യാസമില്ലാതെ അമേരിക്കയിലെത്തുന്ന കേരളത്തിലെ എല്ലാ രാഷ്‌ട്രീയ നേതാക്കളും വര്‍ക്കി എബ്രഹാമിന്റെ ആതിഥ്യം സ്വീകരിക്കുന്നു. അമേരിക്കയിലുളള അച്ചായന്‍ എന്നാണ്‌ നാട്ടിലെ രാഷ്‌ട്രീയ കേന്ദ്രങ്ങളില്‍ അദ്ദേഹം അറിയപ്പെടുന്നത്‌.

തികഞ്ഞ വളളംകളി പ്രേമിയായ അദ്ദേഹം എല്ലാവര്‍ഷവും ആറന്മുള വളളംകളിക്കായി നാട്ടിലെത്തും. ആറന്മുളള വളളംകളി സംഘാടക സമിതിയുടെ നേതൃത്വവും വര്‍ക്കി എബ്രഹാം വഹിക്കുന്നു.

ടാക്‌സ്‌ കണ്‍സള്‍ട്ടന്റും ഫിനാന്‍ഷ്യല്‍ അഡൈ്വസറുമായ ജയിന്‍ ജേക്കബ്‌ സി.പി.എ യുടെ കണക്കു പുസ്‌തകത്തില്‍ ഇന്ത്യ പ്രസ്‌ക്ലബ്ബിന്റെ പേരുണ്ടാവില്ല. ആ കണക്കു പുസ്‌തകം ജോലിയുടെ ഭാഗമാണെന്നാണ്‌ അദ്ദേഹത്തിന്റെ നിലപാട്‌. ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ പക്ഷേ ജയിനിന്റെ മനസിലാണ്‌ ഇടം നേടിയിരിക്കുന്നത്‌. 2009 ന്യൂജേഴ്‌സി കോണ്‍ഫറന്‍സ്‌ മുതല്‍ 2014 ല്‍ നടന്ന മാധ്യമശ്രീ പുരസ്‌കാര പദ്‌ധതി വരെയുളള ദൗത്യങ്ങള്‍ക്ക്‌ അകമഴിഞ്ഞ്‌ പിന്തുണച്ചിട്ടുളള ജയിന്‍ ഇന്ത്യ പ്രസ്‌ക്ലബ്ബിന്റെ ഫ്രണ്ട്‌ഷിപ്പ്‌ ലിസ്‌റ്റില്‍ ഒന്നാം നിരക്കാരനുമാണ്‌.

ന്യൂജേഴ്‌സിയിലെ വ്യവസായ പ്രമുഖനും സാമൂഹ്യ പ്രവര്‍ത്തകനുമായ മാധവന്‍ നായര്‍ ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ കോണ്‍ഫറന്‍സ്‌ സ്‌പൊണ്‍സറായപ്പോള്‍ ട്രൈസ്‌റ്റേറ്റ്‌ ബിസിനസ്‌ സമൂ ഹത്തിന്റെ പിന്തുണ കൂടിയായി അത്‌. മലയാളി ചേംബര്‍ ഓഫ്‌ കൊമേഴ്‌സിന്റെ പ്രസിഡന്റ്‌ എന്ന നിലയിലാണ്‌ മാധവന്‍ നായരുടെ സ്‌പൊണ്‍സര്‍ഷിപ്പിനെ ബിസിനസ്‌ സമൂഹത്തിന്റെ പിന്തുണയായി ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ കാണുന്നത്‌.

സാമൂഹ്യ സാംസ്‌കാരിക മേഖലയില്‍ സജീവ സാന്നിധ്യമായ മാധവന്‍ നായര്‍ ഇത്‌ രണ്ടാം പ്രാവശ്യമാണ്‌ ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ കോണ്‍ഫറന്‍സ്‌ സ്‌പൊണ്‍സറാവുന്നത്‌. സംഘടനാ പ്രവര്‍ത്തനത്തിന്റെ ശക്‌തിയറിയാവുന്ന മാധവന്‍ നായര്‍ നാമം എന്ന സംഘടനയുടെ സ്‌ഥാപകനും ഫൊക്കാനയിലെ ശക്‌തനായ നേതാവുമാണ്‌. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന അദ്ദേഹം മാധ്യമ പ്രവര്‍ത്തകരുടെ അടുത്ത സുഹൃത്തും അഭ്യുദയാകാംക്ഷിയുമാണ്‌.

അമേരിക്കയിലെ മലയാള മാധ്യമ രംഗത്തിന്‌ അതിരുകളില്ലാത്ത സംഘ ബോധം പകര്‍ ന്ന ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ ആറാമത്‌ ദേശീയ കോണ്‍ഫറന്‍സ്‌ നവംബര്‍ 19, 20, 21 തീയതികളില്‍ ചിക്കാഗോയിലാണ്‌ നടക്കുക. പ്രവാസ മലയാള ജീവി തത്തിന്റെ നടുമുറ്റമെന്ന്‌ വിശേഷിപ്പിക്കാവുന്ന ചിക്കാഗോയിലെ ഗ്ലെന്‍വ്യൂവിലുളള വിന്‍ധം ഹോട്ടലാണ്‌ മാധ്യമ മുന്നേറ്റത്തിന്റെ ആറാം കോണ്‍ഫറന്‍സിന്‌ തട്ടകമൊരുക്കുന്നത്‌.

ഗവണ്‍മെന്റ്‌ചീഫ്‌വിപ്പും ഇരിങ്ങാലക്കുട എം.എല്‍.എയുമായ തോമസ്‌ ഉണ്ണിയാടന്‍, റാ ന്നിയുടെ ജനപ്രതിനിധിയും ഇടതുപക്ഷത്തിന്റെ കരുത്തനായ വക്‌താവും പത്രപ്രവര്‍ത്തകനുമായിരുന്ന രാജു എബ്രഹാം എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കുന്ന കോണ്‍ഫറന്‍സ്‌ മാധ്യമ രംഗത്തെ പുകള്‍പെറ്റവരാണ്‌ നയിക്കുന്നത്‌.

നിരന്തരമെത്തുന്ന വാര്‍ത്തകളുടെ നിരീക്ഷണ നേര്‍ക്കണ്ണാടിയായ കൈരളി ടി.വി മാനേ ജിംഗ്‌ ഡയറക്‌ടര്‍ ജോണ്‍ ബ്രിട്ടാസ്‌, നിമിഷനേര വാര്‍ത്തകളുടെ ഡിജിറ്റല്‍ രൂപമായ മനോരമ ഓണ്‍ലൈന്‍ കണ്ടന്റ്‌കോഓര്‍ഡിനേറ്റര്‍ സന്തോഷ്‌ ജോര്‍ജ്‌ ജേക്കബ്‌, കേരള പ്രസ്‌ അക്കാഡമി ചെയര്‍മാനും പത്ര സംസ്‌കാരത്തിന്റെ അടിസ്‌ഥാന ലിപിയെഴുതിയ ദീപികയുടെ ലീഡര്‍ റൈറ്ററുമായ സേര്‍ജി ആന്റണി എന്നിവരാണ്‌ കോണ്‍ഫറന്‍സിലെ സെമിനാറുകള്‍ നയിക്കുന്ന മാധ്യമ പ്രതിഭകള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.