You are Here : Home / USA News

ഹൂസ്റ്റനില്‍ മലയാളികളെ കൊള്ളയടിക്കുന്ന സംഭവം തുടരുന്നു

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Wednesday, June 10, 2015 11:24 hrs UTC

 
ഹൂസ്റ്റന്‍: ഹൂസ്റ്റനിലെ വിവിധ ഭാഗങ്ങളില്‍ മലയാളി കുടുംബംഗങ്ങളെ കൊള്ളയടിക്കുന്ന സംഭവം ആവര്‍ത്തിക്കപ്പെടുന്നതില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകള്‍ പ്രതിഷേധ യോഗം സംഘടിപ്പിക്കുന്നതായി ഹൂസ്റ്റനില്‍ നിന്ന് എബ്രഹാം ഈപ്പന്‍ (പൊന്നച്ചന്‍) അറിയിച്ചു. മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റനും (MAGH),  ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്സും, ക്നാനായ കത്തോലിക്ക സമൂഹവും നേതൃത്വം നല്‍കുന്ന മലയാളികളുടെ സംയുക്ത പ്രതിഷേധ യോഗം ജൂണ്‍ 14 ഞായറാഴ്ച വൈകുന്നേരം 4.30-ന് ഹ്യുസ്റ്റന്‍ ക്നാനായ കത്തോലിക്കാ കമ്യുണിറ്റി ഹാളില്‍ (2210 സ്റ്റാഫോര്‍ഡ്, ഷയര്‍, മിസ്സൌറി സിറ്റി) കൂടുമെന്ന് എബ്രഹാം ഈപ്പന്‍ പറഞ്ഞു.
 
ഹൂസ്റ്റന്‍ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളിലാണ് കൂടുതലും കൊള്ളകള്‍ നടക്കുന്നത്. രാത്രിയില്‍ എല്ലാവരും ഉറങ്ങിക്കഴിയുമ്പോഴാണ് അക്രമികള്‍ വീടിനുള്ളില്‍ പ്രവേശിക്കുന്നതെന്ന് പൊന്നച്ചന്‍ പറഞ്ഞു. വീടിന്റെ പിന്‍‌ഭാഗത്തുള്ള ജനാലയുടെ ചില്ലുകള്‍ തകര്‍ത്തുകൊണ്ട് അകത്തു കയറുന്ന മൂഖംമൂടി സംഘം കുടുംബാംഗങ്ങളെ ബന്ദികളാക്കിയാണ് കൊള്ളയടിക്കുന്നത്. മിക്കവാറും 3-4 പേര്‍ സംഘത്തില്‍ കാണുമെന്ന് പൊന്നച്ചന്‍ പറയുന്നു. ആഭരണവും വിലപിടിപ്പുള്ള മറ്റു സാധനങ്ങളും കവരുകയും, എതിര്‍ക്കുന്നവരെ ദേഹോപദ്രവം ഏല്പിക്കുകയും, വീട്ടുസാധനങ്ങളും വസ്‌ത്രങ്ങളും മറ്റും നശിപ്പിച്ചശേഷം കൊള്ളമുതലുമായി രക്ഷപ്പെടുകയും ചെയ്യുമെന്ന് പൊന്നച്ചന്‍ പറഞ്ഞു.
 
കഴിഞ്ഞ പത്തു ദിവസത്തിനുള്ളില്‍ സമാനമായ മൂന്നു സംഭവങ്ങളാണ്‌ ഹൂസ്റ്റണിലും സമീപ പ്രദേശങ്ങളിലും അരങ്ങേറിയത്‌. ജൂണ്‍ 7-ാം തിയ്യതിയും മിസൗറി സിറ്റിയിലുള്ള ഒരു മലയാളി കുടുംബത്തെ ഇത്തരത്തില്‍ കൊള്ളയടിച്ചതായി പൊന്നച്ചന്‍ പറഞ്ഞു. അമേരിക്കയിലെ സമ്പന്ന നഗരങ്ങളെന്നറിയപ്പെടുന്ന മിസൗറി സിറ്റി, ഷുഗര്‍ ലാന്റ് എന്നിവടങ്ങളിലാണ് ഈ കുറ്റകൃത്യങ്ങളരങ്ങേറുന്നതെന്നു ശ്രദ്ധേയമാണ്. ഇത്രയും അക്രമ പരമ്പരകള്‍ അരങ്ങേറിയിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടികളും ഉണ്ടായിട്ടില്ല എന്നുള്ളതില്‍ മലയാളി സമൂഹം ആശങ്കാകുലരാണ്. ഇതിനു മുന്‍പുണ്ടായ സംഭവങ്ങളെക്കുറിച്ച് അധികൃതര്‍ക്ക് പരാതികള്‍ നല്‍കിയെങ്കിലും യാതൊരു നിയമനടപടികളോ, മലയാളികളുടെ ആശങ്ക ദുരീകരിക്കാന്‍ പര്യാപ്തമായ പ്രവര്‍ത്തനങ്ങളോ പോലീസില്‍ നിന്നോ മറ്റു നിയമപാലകരില്‍ നിന്നോ ഉണ്ടായിട്ടില്ലെന്ന് പൊന്നച്ചന്‍ ചൂണ്ടിക്കാട്ടി. നികുതിദായകരില്‍ നിന്നും വര്‍ഷം‌തോറും നികുതിപ്പണം പിരിക്കുകയും സമ്മതിദായകരുടെ വോട്ടിന്റെ ബലത്തില്‍ അധികാരത്തിലേറിയ ഭരണനേതൃത്വം ഈ അക്രമങ്ങള്‍ക്കുനേരെ മുഖം തിരിക്കുന്ന അവസ്ഥയ്ക്കെതിരെയാണ് ഞങ്ങള്‍ പ്രതിഷേധിക്കുന്നതെന്ന് പൊന്നച്ചന്‍ പറഞ്ഞു. പൗരന്മാരുടെ ജീവനും സ്വത്തിനും സം‌രക്ഷണം നല്‍കേണ്ട ചുമതല ഭരണാധികാരികള്‍ക്കുണ്ട്. നിസ്സംഗതാമനോഭാവം നടിക്കുന്ന നിയമപാലകര്‍ക്കെതിരെ ആക്ഷേപം ശക്തമാണിപ്പോള്‍.
 
മെച്ചപ്പെട്ട ജീവിത സൗകര്യങ്ങളും ജോലിസാദ്ധ്യതകളും മറ്റു അനുകൂല സാഹചര്യങ്ങളുമുള്ള ഹൂസ്റ്റനിലേക്ക് ധാരാളം ഇന്ത്യന്‍ വംശജര്‍, പ്രത്യേകിച്ച് മലയാളികള്‍ പുതുതായി കുടിയേറുന്ന സമയത്താണ് ഈ അക്രമങ്ങള്‍ അരങ്ങേറുന്നത്. ഈ സന്ദര്‍ഭത്തില്‍ ഹൂസ്റ്റനില്‍ അനിഷ്ടസംഭവങ്ങള്‍ നിത്യസംഭവമാണെന്ന് ബോധ്യപ്പെടുന്നവര്‍ അവരുടെ തീരുമാനങ്ങളില്‍ നിന്ന് മാറാനും സാധ്യതയുണ്ടെന്നും, അത് ഹൂസ്റ്റന്‍ നഗരത്തെ മാത്രമല്ല ടെക്സസ് സംസ്ഥാനത്തിനു തന്നെ ദോഷകരമായി ഭവിക്കുമെന്നും പൊന്നച്ചന്‍ അഭിപ്രായപ്പെട്ടു.
 
ഈ അടുത്ത കാലങ്ങളില്‍ ഹൂസ്റ്റനില്‍ നടന്ന മോഷണ പരമ്പരകള്‍:
 
മെയ് 29-ാം തിയ്യതി റിവര്‍‌സ്റ്റോണ്‍ ക്രോസിംഗ്സ് ഡ്രൈവില്‍ റിവര്‍സ്റ്റോണ്‍ സബ് ഡിവിഷനിലെ 5300 ബ്ലോക്കില്‍ താമസിക്കുന്ന റാഫിയുടെ വീട്ടില്‍ രാവിലെ 3:15-നാണ് അക്രമികള്‍ അതിക്രമിച്ച് അകത്തു കയറിയത്. റാഫിയേയും ഭാര്യയേയും രണ്ടു പെണ്‍‌മക്കളേയും തോക്കിന്‍ മുനയില്‍ നിര്‍ത്തി അഞ്ചംഗ മുഖം മൂടി സംഘം വിലപിടിപ്പുള്ള സാധനങ്ങള്‍ കൈക്കലാക്കി കടന്നു കളഞ്ഞു.
 
അനില്‍ മഠത്തിത്താഴത്തിന്റെ ലെയ്‌ക്ക് ഒളിമ്പിയയിലുള്ള വീട്ടിലും അക്രമികള്‍ കയറി മോഷണം നടത്തി.
 
ഒരു മാസം മുന്‍പ് ഭുവന വില്ല അപ്പാര്‍ട്ട്മെന്റില്‍ മലയാളി കുടുംബത്തെ കൊള്ളയടിച്ചു.
 
മെയ് 8-ാം തിയ്യതി ചാപ്പല്‍ മേഡോയില്‍ താമസിക്കുന്ന പാക്കിസ്ഥാനി കുടുംബത്തെ അക്രമികള്‍ കൊള്ളയടിച്ചതായി റിപ്പോര്‍ട്ട് ചെയ്തു.
 
മെയ് മാസത്തില്‍ തന്നെ ക്ലിയര്‍ ലെയ്‌ക്ക് ഏരിയയിലെ സ്‌കാഴ്‌സ്‌ഡെയ്‌ലില്‍ രാവിലെ 11 മണിക്ക് മലയാളി കുടുംബത്തെ ആക്രമിച്ച് മോഷണം നടത്തി.
 
രണ്ടു മൂന്നു മാസങ്ങള്‍ക്കു മുന്‍പാണ് ഹൂസ്റ്റനിലെ അറിയപ്പെടുന്ന ബിസിനസ്സുകാരനും, സാമൂഹ്യപ്രവര്‍ത്തകനും, മുന്‍ ഫൊക്കാന പ്രസിഡന്റുമായ ജി.കെ. പിള്ളയുടെ ഓഫീസില്‍ തോക്കുധാരി അതിക്രമിച്ചു കയറി അദ്ദേഹത്തെ വെടിവെച്ചിട്ട ശേഷം കൊള്ളയടിച്ച് കടന്നു കളഞ്ഞത്. വയറിനു വെടിയേറ്റ അദ്ദേഹം ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്.
 
കൂടാതെ നിരവധി ഇന്ത്യന്‍ കടകളില്‍ തോക്കുധാരികള്‍ അതിക്രമിച്ചു കയറി കൊള്ളയടിച്ചിട്ടുണ്ട്. ഗ്യാസ് സ്റ്റേഷനുകളിലും മറ്റിതര സ്ഥലങ്ങളിലും നിരവധി പേരുടെ ജീവന്‍ അക്രമികളുടെ തോക്കിനിരയായി പൊലിഞ്ഞിട്ടുണ്ട്. റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത നിരവധി അക്രമങ്ങള്‍ വേറെയുമുണ്ടെന്ന് എബ്രഹാം ഈപ്പന്‍ (പൊന്നച്ചന്‍) പറഞ്ഞു.
 
എന്തുകൊണ്ടാണ് അമേരിക്കയിലെ വിവിധ മേഖലകളില്‍ ഇന്ത്യക്കാര്‍ക്കു നേരെ, പ്രത്യേകിച്ച് മലയാളികള്‍ക്കു നേരെ, ഇത്തരം അക്രമങ്ങള്‍ കൂടുന്നു എന്ന ചോദ്യവും ഇവിടെ പ്രസക്തമാണ്. ഒരുപക്ഷേ നാം അസംഘിടതരാണെന്ന് മറ്റുള്ളവര്‍ക്ക് ബോധ്യമുള്ളതുകൊണ്ടാകാം, കൊള്ളക്കാരെ ആകര്‍ഷിക്കുന്നതും അതുകൊണ്ടാകാം, പൊന്നച്ചന്‍ കൂട്ടിച്ചേര്‍ത്തു. ഭിന്നതകളും ഖിന്നതകളും മറന്ന് ഒറ്റക്കെട്ടായി ഈ അനീതിക്കെതിരെ പൊരുതാനുള്ള സന്ദര്‍ഭമിതാണെന്നും ഹൂസ്റ്റനില്‍ സംഘടിപ്പിക്കുന്ന പ്രതിഷേധ യോഗത്തില്‍ ഹൂസ്റ്റനിലെ മാത്രമല്ല, ടെക്സസ് സം‌സ്ഥാനത്തെ എല്ലാ മലയാളികളും പങ്കെടുത്ത് താന്താങ്ങളുടെ ഉത്ഘണ്ഠ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്നും പൊന്നച്ചന്‍ അഭ്യര്‍ത്ഥിച്ചു.
 
ഹ്യൂസ്റ്റന്‍ മെട്രോപ്ലെക്സിലെ എല്ലാ പോലിസ് വിഭാഗങ്ങളെയും, നഗര ഭരണാധികാരികളെയും, വിവിധ ക്രൈസ്തവ-ഹൈന്ദവ- ഇസ്ലാം മതസംഘടനകളെയും, മറ്റു മലയാളി പ്രസ്ഥാനങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ടു ജൂണ്‍ 14 ഞായറാഴ്ച നടക്കുന്ന പ്രതിഷേധ സമ്മേളനത്തിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നു.
 
കൂടുതല്‍ വിവരങ്ങള്‍ക്ക്: സുരേന്ദ്രന്‍ കോരന്‍ 832-274-7507, ബേബി മണക്കുന്നേല്‍ 713-291-9721, എബി തത്തംകുളം 832-607-0111, അനില്‍ ആറന്മുള 713-882-7272, ജിജു കുളങ്ങര 281-709-5433,

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.