You are Here : Home / USA News

ശബരിനാഥിന്റെ വിജയം സുനിശ്ചിതമാക്കുന്നതിനുമായി ഹ്യൂസ്റ്റണിലെ ഐക്യജനാധിപത്യ മുന്നണി

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Tuesday, June 23, 2015 11:24 hrs UTC

ഹ്യൂസ്റ്റണ്‍: കേരളത്തിലെ അരുവിക്കര നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എസ് ശബരിനാഥിന്റെ വിജയം സുനിശ്ചിതമാക്കുന്നതിനുമായി ഹ്യൂസ്റ്റണിലെ ഐക്യജനാധിപത്യ മുന്നണി (യു.ഡി.എഫ് ) അനുഭാവികള്‍ ഒത്തുചേര്‍ന്നു.

ജൂണ്‍ 21 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് സ്റ്റാഫോഡിലുള്ള തനിമ ഇന്ത്യന്‍ റെസ്റ്റൊറന്റില്‍ വെച്ച് കൂടിയ പ്രതിനിധി സമ്മേളനത്തില്‍ വിവിധ കക്ഷി നേതാക്കള്‍ പ്രസംഗിച്ചു. ഇന്ത്യന്‍ നാഷ്ണല്‍ ഓവര്‍സിസ് കോണ്‍ഗ്രസ്സ് (ഐ.എന്‍.ഒ.സി) ടെക്സസ്സ് ചാപ്റ്റര്‍ പ്രസിഡന്റ് ജോസഫ് എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ഈശ്വര പ്രാര്‍ത്ഥനയോടുകൂടി യോഗം ആരംഭിച്ചു.

കോണ്‍ഗ്രസ്സിനെതിരെ പാര്‍ട്ടിയെയും മുന്നണിയെയും അവഹേളിച്ച് ഇടതിനുവേണ്ടി പണിയെടുക്കുന്ന കള്ളനാണയങ്ങളെ തിരിച്ചറിയണമെന്നും അതിന് പ്രവാസി സമൂഹം തങ്ങളുടെ ശബ്ദം സോഷ്യല്‍ മീഡിയാകളിലൂടെ തുറന്നുകാട്ടണമെന്നും യോഗം വിലയിരുത്തി.

പിതാവിന്റെ പാതയില്‍ പതറാത്ത മനസ്സും വളയാത്ത നട്ടെല്ലും ആയി മുന്നോട്ട് പോകുന്ന വിദ്യാസമ്പന്നനായ ശബരിനാഥിനെ നീതിയും ധര്‍മ്മവും സത്യവും ഉള്‍ക്കൊള്ളുന്ന അരുവിക്കരയിലെ പ്രബുദ്ധരായ ജനങ്ങള്‍ നെഞ്ചിലേറ്റുകതന്നെ ചെയ്യുമെന്ന് പ്രവാസി സമൂഹം ഒന്നടങ്കം കരുതുന്നു. പാതി വഴിയില്‍ ആയ പല ജനോപകാര പദ്ധതികളും ഉണ്ട്. അവ തുടരുവാനും തീര്‍ക്കുവാനും എന്തുകൊണ്ടും കോണ്‍ഗ്രസ്സിലെ എക്കാലത്തെയും ഇച്ഛാശക്തിയുള്ള നേതാവായിരുന്ന ജി കാര്‍ത്തികേയന്‍ എന്ന ജി.കെയുടെ പുത്രന്‍ കെ.എസ് ശബരിനാഥാണ് ഏറ്റവും യോഗ്യന്‍ എന്ന് യോഗം വിലയിരുത്തി.

തെളിവില്ലാത്ത ആരോപണങ്ങളെ നേരിട്ട് കൊണ്ട് നിരവധി വികസന പദ്ധതികളുമായി മുന്നോട്ട് പോകുന്ന ഉമ്മന്‍‌ചാണ്ടി സര്‍ക്കാരിന്റെ ജനപിന്തുണയുടെ പ്രതിഫലനമായിരിക്കും ഈ ഉപതിരഞ്ഞെടുപ്പെന്നും യോഗം വിലയിരുത്തി.

ഐ.എന്‍.ഒ.സി ടെക്സസ്സ് ചാപ്റ്റര്‍ സെക്രട്ടറി ബേബി മണക്കുന്നേല്‍ സ്വാഗതം ആശംസിച്ചു. പ്രവാസി കേരളാ കോണ്‍ഗ്രസ്സ് നാഷ്ണല്‍ ജനറല്‍ സെക്രട്ടറി സണ്ണി കാരിയ്ക്കല്‍, ഫോമയുടെ മുന്‍ പ്രസിഡന്റ് ശശിധരന്‍ നായര്‍, ഡോ. ഈപ്പന്‍ ദാനിയേല്‍, രാജന്‍ യോഹന്നാന്‍, വാവച്ചന്‍ മത്തായി, ദാനിയേല്‍ ചാക്കോ, ഫിലിപ്പ് കൊച്ചുമ്മന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഐ.എന്‍.ഒ.സി ജോയിന്റ് സെക്രട്ടറി ജീമോന്‍ റാന്നി, ഡോ. രഞ്ജിത്ത് പിള്ള എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. പൊന്നു പിള്ള നന്ദി പ്രകാശിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.