You are Here : Home / USA News

ഫിലഡല്‍ഫിയയില്‍ ഫൊറോനാതല പാരീഷ് കൗണ്‍സില്‍ മീറ്റിംഗ്

Text Size  

Jose Maleckal

jmaleckal@aol.com

Story Dated: Wednesday, June 24, 2015 10:45 hrs UTC

ഫിലാഡല്‍ഫിയ: ചിക്കാഗോ സെ. തോമസ് സീറോമലബാര്‍ കത്തോലിക്കാ രൂപതയുടെ കീഴില്‍ നോര്‍ത്തീസ്റ്റ് റീജിയണില്‍പെട്ട ഫിലാഡല്‍ഫിയാ, ഈസ്റ്റ് മില്‍സ്റ്റോണ്‍ എന്നീ ഫോറോനാപള്ളികളുടെ പരിധിയില്‍ വരുന്ന എല്ലാ മിഷനുകളിലെയും, ഇടവകകളിലെയും മിഷന്‍/പാരീഷ് കൗണ്‍സില്‍ അംഗങ്ങളുടെ ഒരു വിശേഷാല്‍ സമ്മേളനം നടത്തപ്പെട്ടു. ജൂണ്‍ 7 ഞായറാഴ്ച്ച സെ. തോമസ് സീറോമലബാര്‍ ഫൊറോനാ ദേവാലയത്തിലായിരുന്നു സമ്മേളനം നടന്നത്. ചിക്കാഗോ സീറോമലബാര്‍ രൂപതയുടെ പ്രഥമ സഹായമെത്രാന്‍ അഭിവന്ദ്യ മാര്‍ ജോയി ആലപ്പാട്ടു പിതാവായിരുന്നു മുഖ്യാതിഥി. ഫിലാഡല്‍ഫിയ ഇടവകവികാരി വെരി റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി, ന്യൂജേഴ്‌സി പാറ്റേഴ്‌സണ്‍ സെ. ജോര്‍ജ് സീറോമലബാര്‍ പള്ളി വികാരി റവ. ഫാ. ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടില്‍ എന്നീ വൈദികര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

 

 

ഫിലാഡല്‍ഫിയാ സെ. തോമസ് സീറോമലബാര്‍ ഫൊറോനായുടെ പരിധിയില്‍ വരുന്ന ബാള്‍ട്ടിമോര്‍ സെ. അല്‍ഫോന്‍സാ സീറോമലബാര്‍ ഇടവക, സൗത്ത് ജേഴ്‌സി സെ. ജൂഡ് സീറോമലബാര്‍ മിഷന്‍, ഡെലവെയര്‍ സീറോമലബാര്‍ മിഷന്‍, ന്യൂജേഴ്‌സി ഈസ്റ്റ് മില്‍സ്റ്റോണ്‍ സെ. തോമസ് സീറോമലബാര്‍ ഫൊറോനായുടെ പരിധിയിലുള്ള പാറ്റേഴ്‌സണ്‍ സെ. ജോര്‍ജ് സീറോമലബാര്‍ ഇടവക എന്നിവിടങ്ങളില്‍നിന്നായി കൈക്കാരന്മാരുള്‍പ്പെടെ അറുപതിലധികം പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. ഉച്ചകഴിഞ്ഞ് 3 മണിക്കാരംഭിച്ച സമ്മേളനം മാര്‍ ജോയി ആലപ്പാട്ട് ഉല്‍ ഘാടനം ചെയ്തു. രൂപതയുടെ പ്രവര്‍ത്തനങ്ങളില്‍ എല്ലാ ഇടവകകളും, മിഷനുകളും സജീവമായി പങ്കുചേര്‍ന്ന് രൂപതയെ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത പിതാവ് തന്റെ ഉല്‍ഘാടനപ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞു. ചിക്കാഗോ കേന്ദ്രമായി സീറോമലബര്‍ രൂപത സ്ഥാപിതമായശേഷം നമ്മുടെ യുവജനങ്ങള്‍ക്ക് ആത്മീയവും, ബൗദ്ധികവും, കലാപരവുമായ ധാരാളം വളര്‍ച്ച കൈവന്നിട്ടുണ്ടെന്ന് പിതാവ് സൂചിപ്പിച്ചു. രൂപതയുടെ യൂത്ത് അപ്പസ്റ്റലേറ്റ് അതിനായി ധാരാളം കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നു. അതേപോലെ തന്നെ കുടുംബങ്ങളെ വിശ്വാസത്തില്‍ ആഴപ്പെടുത്തുന്ന തിനായി രൂപതാ ഫാമിലി അപ്പസ്റ്റലേറ്റ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു . തുടര്‍ന്നു നടന്ന ചര്‍ച്ച പിതാവ് മോഡറേറ്റ് ചെയ്തു. ഇടവകകളെ വിശ്വാസക്കൂട്ടായ്മയില്‍ വളര്‍ത്തുന്നതിനു പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍ക്ക് എന്തുചെയ്യാന്‍ സാധിക്കും എന്നുള്ള ചര്‍ച്ചയില്‍ എല്ലാവരും സജീവമായി പങ്കെടുത്തു. രൂപതയുടെ കുടുംബവര്‍ഷാചരണം, സെപ്റ്റംബറില്‍ ഫിലാഡല്‍ഫിയായില്‍ നടക്കുന്ന ലോക കുടുംബസംഗമം എന്നിവയെക്കുറിച്ച് സമ്മേളനം വിശകലനം ചെയ്തു. കുടുംബവര്‍ഷം പ്രമാണിച്ച് എല്ല ഇടവകകളിലും, മിഷനുകളിലും വിശ്വാസവളര്‍ച്ചയ്ക്കുതകുന്ന പരിപാടികള്‍ നടപ്പിലാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. സെപ്റ്റംബറിലെ ലോകകുടുംബകോണ്‍ഗ്രസിലും, ഫ്രാന്‍സിസ് മാര്‍പാപ്പ പങ്കെടുക്കുന്ന ഫാമിലി ഫെസ്റ്റിവലിലും, ദിവ്യബലിയിലും എല്ലാ ഇടവകകളില്‍നിന്നും, മിഷനുകളില്‍നിന്നും കൂടുതല്‍ ആള്‍ക്കാരെ പങ്കെടുപ്പിക്കണമെന്ന് സമ്മേളനം ഒന്നടങ്കം അഭിപ്രായപ്പെട്ടു.

 

 

അതിനായി കാലേകൂട്ടി ചാര്‍ട്ടര്‍ ബസുകള്‍ ബുക്കുചെയ്ത് ആള്‍ക്കാരെ മൊബിലൈസ് ചെയ്യുന്ന പ്രക്രിയ എല്ലായിടത്തും തുടങ്ങിക്കഴിഞ്ഞു. ഇത് ഫോറോനാതലത്തില്‍ ഏകോപിപ്പിക്കുന്നതിനായി ഒരു സബ്കമ്മിറ്റി തദവസരത്തില്‍ രൂപീകരിച്ചു. മതബോധനസ്കൂള്‍ കുട്ടികളുടെ സര്‍ഗവാസനകള്‍ പരിപോഷിപ്പിക്കുന്ന തിനായി നോര്‍ത്തീസ്റ്റ് റീജിയണില്‍ അടുത്ത സ്കൂള്‍വര്‍ഷം കുട്ടികളുടെ ടാലന്റ് ഷോ നടത്തണമെന്ന് സമ്മേളനം ഏകകണ്ഠമായി അഭിപ്രായപ്പെട്ടു. അതുപോലെതന്നെ സീറോമലബാര്‍ കണ്‍വന്‍ഷന്‍ താമസിയാതെ നടത്തണമെന്നും, യുവജനങ്ങള്‍ക്കായി പ്രത്യേക പരിപാടികള്‍ റീജിയണ്‍ തലത്തില്‍ നടത്തണമെന്നും സമ്മേളനം പിതാവിനോട് ആവശ്യപ്പെട്ടു. റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി സ്വാഗതവും, കൈക്കാരന്‍ സണ്ണി പടയാറ്റില്‍ കൃതജ്ഞതയും പറഞ്ഞു. ഫോട്ടോ: ജോസ് തോമസ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.