You are Here : Home / USA News

ബിഷപ്പ് റൈറ്റ് റവ. ഡോ. ജോര്‍ജ് നൈനാന്റെ സംസ്കാരം ജൂണ്‍ 27-ന് ശനിയാഴ്ച

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, June 25, 2015 10:34 hrs UTC

വാലികോട്ടേജ്, ന്യൂയോര്‍ക്ക്: അന്തരിച്ച സി.എന്‍.ഐ സഭയുടെ മുന്‍ ബിഷപ്പ് റൈറ്റ് റവ.ഡോ. ജോര്‍ജ് നൈനാന്റെ (80) സംസ്കാരം ജൂണ്‍ 27-നു ശനിയാഴ്ച നടക്കും. ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യയുടെ മുന്‍ ബിഷപ്പായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ജൂണ്‍ 21-ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്കായിരുന്നു. സി.എന്‍.ഐ നാസിക് ഡയോസിസിന്റെ അധ്യക്ഷനായിരുന്ന തിരുമേനി 1999-ല്‍ വിരമിച്ചശേഷം വാലി കോട്ടേജിലായിരുന്നു ശിഷ്ടജീവിതം കഴിച്ചുകൂട്ടിയത്. അമേരിക്കന്‍ മലയാളികളുടെ എല്ലാ ആവശ്യങ്ങള്‍ക്കും മുന്നിട്ടിറങ്ങിയിരുന്ന അദ്ദേഹം വളരെ ലളിതജീവിതമായിരുന്നു നയിച്ചിരുന്നത്. മുംബൈയില്‍ അര്‍ബന്‍ ഇന്‍ഡസ്ട്രിയില്‍ ലീഗ് ഫോര്‍ ഡവലപ്‌മെന്റിന്റെ ഡയറക്ടറായും, അര്‍ബന്‍ റൂറല്‍ മിഷന്റെ എക്‌സിക്യൂട്ടീവ് സെക്രട്ടറിയായും, ക്രിസ്ത്യന്‍ കോണ്‍ഫറന്‍സ് ഓഫ് ഏഷ്യയുടെ അസോസിയേറ്റ് ജനറല്‍ സെക്രട്ടറിയായും അദ്ദേഹം സേവനം അനുഷ്ഠിച്ചു. ഓസ്‌ട്രേലിയന്‍ മിഷണറി ഗ്രഹാം സ്റ്റെയിന്‍സും മക്കളും ഒറീസയില്‍ കൊല്ലപ്പെട്ടപ്പോള്‍ അതിനെതിരെ ശക്തമായ നിലപാടെടുത്ത തിരുമേനിക്കെതിരേ പോലീസില്‍ നിന്നും നിരന്തരമായി ഉപദ്രവങ്ങളുണ്ടായി. എന്നിട്ടും ദൈവത്തില്‍ ആശ്രയിച്ച് തന്റെനിലപാടില്‍ ഉറച്ചുനിന്നു.

 

റിട്ടയര്‍മെന്റിനുശേഷം ഒരു വിശ്രമജീവിതം നയിക്കുന്നതിനു പകരം വളരെയേറെ വിശാലമായ ചിന്തകളും പ്രവര്‍ത്തനങ്ങളും ജനങ്ങളിലേക്ക് പകര്‍ന്ന് നോര്‍ത്ത് അമേരിക്കയിലുള്ള മലയാളികളുടെ ഉന്നമനത്തിനായി തിരുമേനി അക്ഷീണം പ്രവര്‍ത്തിച്ചു. എക്യൂമെനിസത്തിനുവേണ്ടി അഹോരാത്രം പ്രവര്‍ത്തിക്കുന്നതില്‍ തിരുമേനി വ്യാപൃതനായിരുന്നു. റോക്ക്‌ലാന്റ് കൗണ്ടിയിലെ മലയാളം സമ്മേളനങ്ങളില്‍ തിരുമേനിയുടെ സാന്നിധ്യം ഒഴിച്ചുകൂടാന്‍ പാടില്ലാത്ത അവസ്ഥയിലേക്കു വന്നു. 1934 ഓഗസ്റ്റ് നാലിനു പരേതരായ അമ്പാട്ട് നൈനാന്‍ ജോര്‍ജ്, മറിയാമ്മ ജോര്‍ജ് എന്നിവരുടെ പുത്രനായി കവിയൂരില്‍ ജാതനായി. ആലപ്പുഴ എസ്.ഡി. കോളജില്‍ നിന്നും ഇക്കണോമിക്‌സിലും പൊളിറ്റിക്കല്‍ സയന്‍സിലും ബിരുദം നേടി. സ്റ്റുഡന്റ്‌സ് ക്രിസ്ത്യന്‍ മൂവ്‌മെന്റിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന സമയത്ത് സി.എസ്.ഐ മധ്യകേരള ഭദ്രാസനത്തിന്റെ കീഴിലുള്ള ക്രിസ്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആലപ്പിയില്‍ ചേരുകയും 1958-ല്‍ ഒരുവര്‍ഷത്തെ പ്രത്യേക പരിശീലനത്തിനായി ജപ്പാനിലേക്ക് പോയി. തിരുകെ വന്ന അദ്ദേഹം ഡയോസിസ് യൂത്ത് സെക്രട്ടറിയായി. അതിനുശേഷമാണ് ജബല്‍പൂര്‍ ലേനാര്‍ഡ് തിയോളജിക്കല്‍ കോളജില്‍ നിന്നും ദൈവശാസ്ത്രത്തില്‍ ബിരുദമെടുത്തത്. 1964-ല്‍ ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യയുടെ വൈദീകനായി. പിന്നീട് 1970-ല്‍ ഒക്കലഹോമ ഫിലിപ്‌സ് യൂണിവേഴ്‌സിറ്റിയില്‍ ഡോക്ടറല്‍ പഠനത്തിനായി അദ്ദേഹം പത്‌നി റേച്ചലിനൊപ്പം എത്തി. ഭാരതത്തില്‍ തിരിച്ചെത്തിയശേഷം വിവിധ ഇടവകകളില്‍ സേവനം അനുഷ്ഠിച്ചശേഷം 1994-ല്‍ നാസിക് ഭദ്രാസനത്തിന്റെ ബിഷപ്പായി അവരോധിക്കപ്പെട്ടു. 2001-ല്‍ ആംഗ്ലിക്കന്‍സഭയില്‍ പ്രവര്‍ത്തിച്ചു. 2006-ല്‍ ന്യൂയോര്‍ക്കില്‍ വന്ന തിരുമേനി റോക്ക്‌ലാന്റ് കൗണ്ടിയിലുള്ള വാലികോട്ടേജിലെ ഓള്‍ സെയിന്റ്‌സ് എപ്പിസ്‌കോപ്പല്‍ ചര്‍ച്ചില്‍ സ്വദേശികളുടെ ആരാധനയ്ക്കും, സി.എസ്.ഐ മലയാളം കോണ്‍ഗ്രിഗേഷന്റെ ആരാധനയ്ക്കും നേതൃത്വം നല്‍കിവന്നു. ചെങ്ങന്നൂര്‍ കൊച്ചുകളീക്കല്‍ പരേതരായ റവ. കെ.ജെ. ചാക്കോ-മറിയാമ്മ ദമ്പതികളുടെ പുത്രി റേച്ചല്‍ നൈനാണ് ബിഷപ്പിന്റെ പത്‌നി. റീന, രാജീവ്, റെനി എന്നിവര്‍ മക്കളും, അമ്പു, ആഷ എന്നിവര്‍ മരുമക്കളുമാണ്. സമന്ത, ഷീന, ഷാനിയ, എത്സ എന്നിവര്‍ കൊച്ചുമക്കള്‍. മോളി മാത്യു (തിരുവല്ല), ഡോ. ലിസു കൊടിയാട്ട് (കാനഡ) എന്നിവര്‍ സഹോദരിമാരാണ്. തിരുമേനിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയായിരുന്നു റേച്ചല്‍ കൊച്ചമ്മ. അദ്ദേഹവും പത്‌നിയുംകൂടി രൂപംകൊടുത്തതാണ് അഗപ്പെ ഇന്റര്‍നാഷണല്‍. സഭകളില്‍ ആരാധനയ്ക്കു നേതൃത്വം നല്‍കുന്നതിനു തിരുമേനി നല്‍കുന്ന പ്രാധാന്യം എടുത്തുപറയേണ്ടതാണ്. 2006 മുതല്‍ 2010 വരെ വാലികോട്ടേജിലുള്ള ഓള്‍ സെയിന്റ്‌സ് സി.എസ്.ഐ മലയാളം കോണ്‍ഗ്രിഗേഷനിലും, എപ്പിസ്‌കോപ്പല്‍ ചര്‍ച്ചിലും ആരാധനയ്ക്ക് തിരുമേനി നേതൃത്വം നല്‍കിയിരുന്നു. സെന്റ് ആന്‍ഡ്രൂസ് എപ്പിസ്‌കോപ്പല്‍ ചര്‍ച്ച് ബ്രെന്‍സ്റ്റര്‍, സെന്റ് പോള്‍സ് ക്രെസറക്ഷന്‍ ന്യൂജേഴ്‌സി തുടങ്ങിയ അമേരിക്കന്‍ സഭകള്‍ക്ക് നേതൃത്വം നല്‍കുന്നതിനു തിരുമേനി സമയം കണ്ടെത്തി. അമേരിക്കയില്‍ തിരുമേനി ആരംഭിച്ച "മീറ്റിംഗ് പോയിന്റ്' എന്ന ക്രിസ്തീയ മാസികയുടെ ചീഫ് എഡിറ്ററായിരുന്നു. അതോടൊപ്പം തിരുമേനി ആരംഭിച്ച ASIAAC (All Saints Institute for Asian American Concerns) എന്ന പ്രസ്ഥാനം അദ്ദേഹത്തിന്റെ വിശാലമായ കാഴ്ചപ്പാടിന്റെ മകുടോദാഹരണമാണ്. കൗണ്‍സിലിംഗ്, ആര്‍ട്‌സ്, എക്യൂമെനിക്കല്‍ ക്വയര്‍, സെമിനാറുകള്‍ തുടങ്ങി അനേകം പ്രവര്‍ത്തനങ്ങള്‍ക്ക് "ഏഷ്യാക്' വേദിയൊരുക്കുന്നു. അങ്ങനെ വിവിധ തുറകളില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം പ്രകടമായിരുന്നു. തിരുമേനിയുടെ വിയോഗം ലോകമെമ്പാടുമുള്ള മലയാളികള്‍ക്കും ഉത്തരേന്ത്യക്കാര്‍ക്കും മാത്രമല്ല നോര്‍ത്ത് അമേരിക്കയിലും കാനഡയിലുമുള്ള സ്വദേശികള്‍ക്കും ഒരു തീരാനഷ്ടമാണ്. വലിയ ഒരു സുഹൃദ് വലയം തിരുമേനി കാത്തുസൂക്ഷിച്ചിരുന്നു. സരസമായ ഭാഷയില്‍ ഒരുപോലെ ഇംഗ്ലിഷിലും മലയാളത്തിലും പ്രസംഗിക്കുന്നതില്‍ നിപുണനായിരുന്നു തിരുമേനി. ഏതു വിഷയത്തേയുംകുറിച്ചുള്ള അദ്ദേഹത്തിന്റെ ജ്ഞാനം അപാരമായിരുന്നു. ജൂണ്‍ 26-ന് ഉച്ചകഴിഞ്ഞ് 3 മുതല്‍ 5 വരേയും വൈകുന്നേരം 6 മുതല്‍ 9 വരേയും സെന്റ് സ്റ്റീഫന്‍സ് എപ്പിസ്‌കോപ്പല്‍ ചര്‍ച്ചില്‍ (St. Stephens Episcopal Church, 84 Ehrhartd Rd, Pearl River , NY 10965) ഭൗതീകശരീരം പൊതുദര്‍ശനത്തിനു വെയ്ക്കുന്നതാണ്. ജൂണ്‍ 27-ന് ശനിയാഴ്ച രാവിലെ 9.30-ന് സെന്റ് സ്റ്റീഫന്‍സ് ചര്‍ച്ചില്‍ ശവസംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കുകയും തുടര്‍ന്ന് ഉച്ചയ്ക്ക് 12 മണിക്ക് St. Johns in the Wilderness, 119 St. Johns Road, Stony Point, NY 10980-ല്‍ കബറടക്കം നടത്തുന്നതുമാ­ണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.