You are Here : Home / USA News

മാതാപിതാക്കളുടെ മാതൃക തലമുറകള്‍ക്ക്‌ വിജയം

Text Size  

Story Dated: Friday, June 26, 2015 10:27 hrs UTC

ഫിലാഡല്‍ഫിയ: മാതാപിതാക്കളുടെ മാതൃക തലമുറകളുടെ വിജയത്തിന്‌ അനിവാര്യമാണെന്ന്‌ പ്രമുഖ മനശ്ശാസ്‌ത്രജ്‌ഞനും മോട്ടിവേഷനല്‍ ട്രെയിനറുമായ ഡോ. ലൂക്കോസ്‌ മന്നിയോട്ട്‌ പറഞ്ഞു. ബഥേല്‍ മര്‍ത്തോമ്മ ചര്‍ച്ചില്‍ നടന്ന ``ഫാദേഴ്‌സ്‌ ഡേ'' യില്‍ മുഖ്യ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. മാതാപിതാക്കള്‍ പിന്തുടരുന്ന `മാതൃകയുളള ജീവിതം' തലമുറകളുടെ വിജയത്തിനും ക്രമം കെട്ട നടപ്പില്‍നിന്നും വഴിമാറുന്നതിന്‌ കാരണമാകുന്നു. ദൈവഭയത്തില്‍ ജീവിക്കുന്ന പിതാക്കന്മാര്‍, മക്കളെ കൂടുതല്‍ സ്വാധീനിക്കുന്നതിനും ജീവിതത്തില്‍ വിജയംവരിക്കുവാനും കാരണമായി മാറുന്നു. ദൈവഭയം കുടുംബങ്ങളില്‍നിന്ന്‌ അകലുന്നതാണ്‌ പ്രതിസന്ധികള്‍ക്ക്‌ തുടക്കം കുറിക്കുന്നത്‌. ലോകത്ത്‌ വിജയിച്ച ഭൂരിഭാഗം പേരുടെയും ജീവിതവിജയത്തിനു പിന്നിലും മാതാപിതാക്കളുടെ സ്വാധീനം ഏറെ വലുതാണ്‌.

 

ചെറിയ പ്രായത്തില്‍ കുടുംബങ്ങളില്‍നിന്ന്‌ ലഭിക്കുന്ന നന്മയുടെ ഉപദേശങ്ങളാണ്‌ ജീവിത വിജയത്തിന്‌ വഴികാട്ടിയാകുന്നത്‌. താല്‍ക്കാലിക, ഭൗതിക നന്മകളുടെ വിജയത്തില്‍ ദൈവത്തെ മറക്കുന്നവര്‍ക്ക്‌ വലിയ തിരിച്ചടികള്‍ ഭാവിയില്‍ നേരിടേണ്ടിവരും എന്നുളളത്‌ ചുറ്റുപാടുകള്‍ നമുക്ക്‌ തെളിവാണ്‌. ലക്ഷ്യം തെറ്റുന്ന യുവജനങ്ങളുടെ മുഖ്യ കാരണം കുടുംബങ്ങളില്‍ മാതാപിതാക്കളുടെ അരക്ഷിതാവസ്ഥയും അവര്‍ തമ്മിലുളള മത്സരവുമാണ്‌. മത്സരിക്കുകയും പോരടിക്കുകയും ചെയ്യുന്ന മാതാപിതാക്കളുടെ തലമുറകള്‍ മുറിവേറ്റവരും കുടുംബങ്ങളില്‍നിന്നും മാതാപിതാക്കളില്‍നിന്നും അകന്ന്‌ പുതിയ മേച്ചില്‍പ്പുറങ്ങള്‍ കണ്ടെത്തുന്നതില്‍ കുറ്റക്കാരല്ല. ബാലശിക്ഷയിലും പദ്യോപദേശത്തിലും ദൈവാലയത്തിലേക്കു കൊണ്ടുവരുന്ന മക്കള്‍ കുടുംബങ്ങള്‍ക്കും സമൂഹത്തിനും അനുഗ്രഹമായി മാറുന്നു. പുതിയ തലമുറ ദൈവത്തെ സേവിക്കുന്നതില്‍ വിമുഖത കാണിക്കുന്നതും ദൈവത്തിനും ആത്മീയജീവിതത്തിനും പ്രാധാന്യം കൊടുക്കാത്തതും ഭാവിയില്‍ നാശത്തിനും കാരണമാകും. ഫാ. ജിജു ജോണ്‍ അദ്ധ്യക്ഷനായിരുന്നു. വറുഗീസ്‌ മാത്യു, സി.ജെ. വര്‍ഗീസ്‌ തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു. വാര്‍ത്ത: വറുഗീസ്‌ മാത്യു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.