You are Here : Home / USA News

വഴികാട്ടിയായ മാര്‍ത്തോമാശ്ശീഹായെ അനുകരിക്കുക: റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, July 09, 2015 02:10 hrs UTC

നടക്കേണ്ട വഴികളെക്കുറിച്ച്‌ വ്യക്തമായ കാഴ്‌ചപ്പാടില്ലാതെ അലയുന്നവര്‍ക്കും ശരിയായ വഴിയില്‍ നിന്ന്‌ വ്യതിചലിപ്പിക്കാനായി ശ്രമിക്കുന്നവരുടെ പ്രലോഭനങ്ങള്‍ക്ക്‌ അടിപ്പെടാതെ സത്യത്തിന്റെ പാതയിലൂടെ സഞ്ചരിക്കാനാഗ്രഹിക്കുന്നവര്‍ക്കും മാര്‍ത്തോമാ ശ്ശീഹായുടെ ജീവിതം വലിയ മാതൃകയും പ്രചോദനവുമാണെന്ന്‌ ഷിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതയുടെ ചാന്‍സിലര്‍ റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത്‌ പ്രസ്‌താവിച്ചു. ഷിക്കാഗോ മാര്‍ത്തോമാ ശ്ശീഹാ കത്തീഡ്രലില്‍ വിശുദ്ധ തോമാശ്ശീഹായുടെ തിരുനാളിനോടനുബന്ധിച്ച്‌ വിശുദ്ധ കുര്‍ബാന മധ്യേ നടത്തിയ വചനസന്ദേശത്തിലൂടെ ഈശോമിശിഹായും തോമാശ്ശീഹായും തമ്മിലുള്ള ഗുരുശിഷ്യ ബന്ധത്തിന്റെ ആഴങ്ങളെ തൊട്ടുണര്‍ത്തി, ശ്ശീഹായിലൂടെ ദൈവം മാനവകുലത്തിനു കാണിച്ചുകൊടുത്ത വഴിയുടെ വ്യത്യസ്‌ത തലങ്ങളിലേക്ക്‌ വിശ്വാസികളുടെ ശ്രദ്ധയെ അദ്ദേഹം ക്ഷണിച്ചു. മാര്‍ത്തോമാശ്ശീഹായുടെ അപരനാമമായ 'ദിദീമോസ്‌' എന്ന വാക്കിന്റെ അര്‍ത്ഥം `ഇരട്ടപിറന്നവന്‍' എന്നാണ്‌. തോമാശ്ശീഹായും ഈശോമിശിഹായും മുഖസാദൃശ്യംകൊണ്ട്‌ ഇരട്ട സഹോദരന്മാരെപ്പോലെ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു. തിരിച്ചറിയാന്‍ പറ്റാത്ത സാദൃശ്യം അവര്‍ തമ്മിലുണ്ടായിരുന്നു. ഈ സാദൃശ്യത്തിന്റെ പേരില്‍ ആയിരിക്കാം ആളുമാറാതിരിക്കാന്‍ യൂദാസിനെ യഹൂദ പ്രമാണിമാര്‍ ഒറ്റുകാരനായി തെരഞ്ഞെടുത്തത്‌. ഒരു യഥാര്‍ത്ഥ ശിഷ്യന്റെ മുഖത്ത്‌ നോക്കിയാല്‍ ഗുരുവിന്റെ മുഖം ദര്‍ശിക്കാന്‍ സാധിക്കണം. ഗുരുവിനോടുള്ള സാദൃശ്യം മുഖത്ത്‌ മാത്രമല്ല ജീവതത്തിലുടനീളം കാത്തുസൂക്ഷിച്ച വ്യക്തിയാണ്‌ വിശുദ്ധ തോമാശ്ശീഹാ. ഗുരുവായ മിശിഹായുടെ ജീവിതത്തിന്റെ പകര്‍പ്പായിരുന്നു തോമായുടെ ജീവിതം. കുരിശില്‍ മരിക്കാനായി ജറുസലേമിലേക്ക്‌ പോകുന്ന ഈശോയുടെ പാത അതേപടി ജീവിതത്തില്‍ പകര്‍ത്തിക്കൊണ്ട്‌ തോമാ മറ്റ്‌ ശിഷ്യന്മാരെ ഉത്‌ബോധിപ്പിച്ചു: `നമുക്കും അവനോടുകൂടി മരിക്കാം'. (യോഹ 11: 16). യഥാര്‍ത്ഥ ശിഷ്യത്വത്തിന്റെ വഴി രക്തസാക്ഷിത്വത്തിനുള്ള സന്നദ്ധതയാണ്‌. ഗുരുവിനുവേണ്ടി രക്തസാക്ഷിയാകാനുള്ള സന്നദ്ധത ഏറ്റവും ആദ്യമായി പ്രകടിപ്പിച്ചത്‌ തോമസ്‌ അപ്പസ്‌തോലനാണ്‌. ആദ്യത്തെ രക്തസാക്ഷിയായ എസ്‌തപ്പാനോസ്‌ മുതല്‍ ഇറാക്കിലും സിറിയയിലും ഐ.എസ്‌ ഭീകരരുടെ കൊടുംക്രൂരതയ്‌ക്ക്‌ മുമ്പില്‍ പിടഞ്ഞുമരിക്കുന്നവര്‍ വരെ... തോമാശ്ശീഹായുടെ ആഹ്വാനം ജീവിതത്തില്‍ ഏറ്റുവാങ്ങിയവരാണ്‌. ഒരു യഥാര്‍ത്ഥ ക്രിസ്‌തുശിഷ്യന്റെ ജീവിതം സ്വര്‍ഗ്ഗോന്മുഖമായിരിക്കണമെന്ന്‌ തോമാശ്ശീഹായുടെ ജീവിതം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. പിതാവിന്റെ ഭവനമായ സ്വര്‍ഗ്ഗത്തിലേക്ക്‌ പോകുന്നതിനെക്കുറിച്ച്‌ ഈശോ സംസാരിച്ചപ്പോള്‍, ആ ലക്ഷ്യത്തിലേക്ക്‌ എത്താന്‍ തീവ്രമായി ആഗ്രഹിച്ച തോമാ ചോദിച്ചു: `കര്‍ത്താവെ, നീ എവിടേക്ക്‌ പോകുന്നുവെന്ന്‌ ഞങ്ങള്‍ക്കറിഞ്ഞുകൂടാ. പിന്നെ വഴി ഞങ്ങള്‍ എങ്ങനെ അറിയും'. (യോഹ 14:5). ശിഷ്യന്റെ ആത്മാര്‍ത്ഥമായ ഈ ചോദ്യത്തിനു മുന്നില്‍ ഗുരുതന്നെ വെളിപ്പെടുത്തി: 'വഴിയും സത്യവും ജീവനും ഞാനാണ്‌. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേയ്‌ക്ക്‌ വരുന്നില്ല'. (യോഹ 14:6-7). ഈശോ തന്നെക്കുറിച്ച്‌ നടത്തിയ ഈ വെളിപ്പെടുത്തലിന്റെ തുടര്‍ച്ചയാണ്‌ തോമാശ്ശീഹായ്‌ക്ക്‌ ഉത്ഥാനാനന്തരം നല്‍കിയ പ്രത്യക്ഷീകരണം. തന്റെ തുറക്കപ്പെട്ട പാര്‍ശ്വം കാണാന്‍ തോമായ്‌ക്ക്‌ അവസരം നല്‍കിയപ്പോള്‍, ആ പാര്‍ശ്വത്തില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട പുതിയ വഴിയായ സഭയേയും, ആ വഴിയില്‍ നാഴികക്കല്ലുകളായി വര്‍ത്തിക്കുന്ന വിശുദ്ധ കൂദാശകളേയും പ്രത്യേകിച്ച്‌ വിശുദ്ധ കുര്‍ബാനയേയും മാമ്മോദീസായേയും മനസ്സിലാക്കാനുള്ള ക്ഷണമാണ്‌ ശ്ശീഹായ്‌ക്ക്‌ ലഭിച്ചത്‌. ഈശോയാകുന്ന വഴിയുടെ തുടര്‍ച്ചയാണ്‌ സഭ. സ്വര്‍ഗ്ഗരാജ്യത്തെ ലക്ഷ്യമാക്കിയുള്ള നമ്മുടെ യാത്രയില്‍ സഭയാകുന്ന വഴിയില്‍ പാദങ്ങള്‍ക്ക്‌ വെളിച്ചവും പാതയില്‍ പ്രകാശവുമായി ദൈവ വചനം ജ്വലിച്ചുനില്‍ക്കുന്നു; ആത്മീയ ഊര്‍ജ്ജമായി കൂദാശകള്‍ നിലകൊള്ളുന്നു. ഈ വഴിയെ നടക്കുന്നവര്‍ സത്യമായും സ്വര്‍ഗ്ഗരാജ്യത്ത്‌ എത്തിച്ചേരും. തോമാശ്ശീഹാ അനുഭവിച്ചറിഞ്ഞ്‌, കാണിച്ചുതന്ന വഴിയെ നടക്കാന്‍ ഭാഗ്യം ലഭിച്ചവരാണ്‌ നമ്മള്‍. പക്ഷെ ക്രിസ്‌തുവില്‍ നിന്നും അവിടുത്തെ തുടര്‍ച്ചയായ സഭയില്‍ നിന്നും, വിശുദ്ധ കൂദാശകളില്‍ നിന്നും ദൈവ വചനത്തില്‍ നിന്നും നമ്മെ വ്യതിചലിപ്പിക്കുന്ന പ്രലോഭനങ്ങളും സാധ്യതകളും വഴിതെറ്റിക്കുന്ന വ്യക്തികളുടേയും, സാഹചര്യങ്ങളുടേയും രൂപത്തില്‍ നമുക്ക്‌ ചുറ്റും പ്രബലമാണെന്ന കാര്യം നാം മറക്കുകയോ, അതിനെ നിസ്സാരമായി കാണുകയോ ചെയ്യരുത്‌. പ്രലോഭനങ്ങള്‍ക്കും, തെറ്റിദ്ധാരണ പുലര്‍ത്തുന്ന അബദ്ധപ്രചാരണങ്ങള്‍ക്കുമിടയില്‍ ഇടറിപ്പോകാതിരിക്കണമെങ്കില്‍ തോമാശ്ശീഹായുടെ ജീവിതത്തില്‍ കാണുന്നതുപോലെ ഈശോയിലുള്ള വിശ്വാസത്തിന്റെ ദൃഢത നമ്മിലും ഉണ്ടാകണം. ശിഷ്യത്വത്തിന്റെ ഉറപ്പ്‌ നെഞ്ചിനുള്ളിലെ വിശ്വാസത്തിന്റെ തീവ്രതയും, തീക്ഷണതയുമാണ്‌. തോമാശ്ശീഹാ ഏറ്റുപറഞ്ഞ വിശ്വാസത്തിന്റെ ഉറപ്പ്‌ `എന്റെ കര്‍ത്താവേ, എന്റെ ദൈവമേ' (യോഹ 20:28). നമ്മുടെ ജീവിതത്തില്‍ എത്രമാത്രം ഉണ്ട്‌ എന്ന്‌ പരിശോധിക്കാനുള്ള അവസരമാണ്‌ ദുക്‌റാന തിരുനാള്‍. അപ്പസ്‌തോലന്മാരുടെ കൂട്ടായ്‌മയില്‍ നിന്ന്‌ അകന്ന്‌ സഞ്ചരിച്ചുകൊണ്ടാണ്‌ തോമാശ്ശീഹായ്‌ക്ക്‌ ക്രിസ്‌തുദര്‍ശനം ലഭിക്കാതെ പോയത്‌. ആ കൂട്ടായ്‌മയിലേക്ക്‌ ശ്ശീഹ തിരിച്ചെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ വിശ്വാസം പാറപോലെ ഉറപ്പുള്ളതായി. അപ്പസ്‌തോലന്മാരുടെ കൂട്ടായ്‌മയായ സത്യസഭയോടൊത്ത്‌, വിശുദ്ധ കുര്‍ബാനയില്‍ കേന്ദ്രീകൃതമായ ജീവിതം നയിക്കുമ്പോള്‍ മാത്രമേ നമ്മുടെ വിശ്വാസം ആഴപ്പെടൂ എന്ന്‌ ശ്ശീഹായുടെ ജീവിതം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. പത്രോസ്‌ ശ്ശീഹായുടെ നേതൃത്വത്തില്‍ മറ്റ്‌ ശിഷ്യന്മാരോടൊപ്പം തിരിയുസ്‌ കടല്‍ക്കരയില്‍ അത്ഭുതകരമായ മീന്‍പിടുത്തത്തില്‍ ഏര്‍പ്പെടുന്ന ശ്ശീഹാ ഈ സത്യമാണ്‌ നമ്മെ അനുസ്‌മരിപ്പിക്കുന്നത്‌. നൂറ്റിഅമ്പത്തിമൂന്ന്‌ മത്സ്യങ്ങള്‍ നിറഞ്ഞ വല സഭയേയാണ്‌ പ്രതിനിധീകരിക്കുന്നത്‌. ആ വല സ്വര്‍ഗ്ഗരാജ്യമാകുന്ന തീരത്ത്‌ എത്തിക്കാന്‍ അപ്പസ്‌തോലന്മാരുടെ സമൂഹം അദ്ധ്വാനിക്കുമ്പോള്‍ അവരുടെ അദ്ധ്വാനത്തെ ഫലമണിയിക്കാന്‍ ശക്തിയും പ്രചോദനവുമായി ഈശോ അടുത്തുതന്നെയുണ്ട്‌- അപ്പവും മീനും അവര്‍ക്കായി തയാറാക്കിക്കൊണ്ട്‌. സഭയില്‍ ഓരോ ദിവസവും അര്‍പ്പിക്കപ്പെടുന്ന വിശുദ്ധ കുര്‍ബാനയില്‍ മിശിഹായുടെ സാന്നിധ്യം നിറഞ്ഞുനില്‍ക്കുന്നു. വിശുദ്ധ കുര്‍ബാനയില്‍ നിന്നും ശക്തിയും ഊര്‍ജ്ജവും സംഭരിച്ചുകൊണ്ടാണ്‌ സ്വര്‍ഗ്ഗരാജ്യത്തെ ലക്ഷ്യമാക്കിയുള്ള നമ്മുടെ യാത്ര നാം തുടരേണ്ടേതും, പൂര്‍ത്തീകരിക്കേണ്ടതും. വിശുദ്ധ തോമസ്‌ അപ്പസ്‌തോലന്റെ വിശ്വാസപ്രഖ്യാപനത്തിന്റെ -`എന്റെ കര്‍ത്താവേ എന്റെ ദൈവമേ' തുടര്‍ച്ചയും പ്രകാശവുമാണ്‌ സീറോ മലബാര്‍ കുര്‍ബാന. ശ്ശീഹായുടെ വിശ്വാസത്തിന്റെ ആഴം മനസ്സിലാക്കണമെങ്കില്‍ ഈ കുര്‍ബാനക്രമത്തെ അറിയണം, സ്‌നേഹിക്കണം, ജീവിക്കണം. കണ്ടു വിശ്വസിച്ച തോമാശ്ശീഹായുടെ, കാണാതെ വിശ്വസിക്കുന്ന മക്കളായ നമുക്ക്‌ ദുക്‌റാന തിരുനാള്‍ നല്‍കുന്ന ഓര്‍മ്മപ്പെടുത്തലാണിത്‌. കണ്ടു വിശ്വസിച്ചവന്റെ സാക്ഷ്യമാണ്‌ കാണാതെ വിശ്വസിക്കുന്ന നമ്മുടെ വിശ്വാസത്തിന്റെ അടിസ്ഥാനം. അപ്പത്തിന്റെ രൂപത്തില്‍ മറഞ്ഞിരിക്കുന്ന ദൈവത്തെ കാണാതെ വിശ്വസിക്കാനുള്ള ക്ഷണമാണ്‌ ഓരോ ബലിയര്‍പ്പണവും. ഈശോയുടെ തുറക്കപ്പെട്ട പാര്‍ശ്വം കാണുവാനും വിശ്വസിക്കുവാനും ഭാഗ്യം ലഭിച്ച തോമാശ്ശീഹായുടെ മാദ്ധ്യസ്ഥത്തിലൂടെ നമ്മുടെ വിശ്വാസത്തിന്റെ കണ്ണുകള്‍ തുറക്കപ്പെടുവാനും, ക്രിസ്‌തുവാകുന്ന വഴിയുടെ തുടര്‍ച്ചയായ സഭയേയും വിശുദ്ധ കൂദാശകളേയും അറിയുവാനും, സ്‌നേഹിക്കുവാനും, ആ വഴിയിലൂടെ നടന്ന്‌ സ്വര്‍ഗ്ഗരാജ്യത്ത്‌ എത്തിച്ചേരാനുമുള്ള വിശ്വാസത്തിന്റെ ഉറപ്പ്‌ നമ്മുടെ ഹൃദയത്തില്‍ നിറയ്‌ക്കണമേ എന്ന്‌ ദൈവത്തോട്‌ പ്രാര്‍ത്ഥിക്കാം. വിശുദ്ധ തോമാശ്ശീഹായുടെ നാമത്തില്‍ അമേരിക്കയില്‍ സ്ഥാപിതമായിരിക്കുന്ന സീറോ മലബാര്‍ രൂപതയെ ദൈവം ഭരമേല്‌പിച്ചിരിക്കുന്ന ദൗത്യം പൂര്‍ത്തികരിക്കാന്‍ ഇടയാകണമെങ്കില്‍ രൂപതാംഗങ്ങളെല്ലാവരും തോമസ്‌ അപ്പസ്‌തോലന്റെ മഹനീയ മാതൃക അനുകരിക്കാനും വിശ്വാസത്തെ അമൂല്യനിധിയായി കണ്ടുകൊണ്ട്‌ അതിനെ സംരക്ഷിക്കാനും, അതില്‍ ദൃഢത പ്രാപിക്കാനും, ഇളംതലമുറയെ അതില്‍ ആഴപ്പെടുത്തുവാനും തയാറാകണമെന്ന്‌ ബഹുമാനപ്പെട്ട സെബാസ്റ്റ്യനച്ചന്‍ ആഹ്വാനം ചെയ്‌തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.