മയാമി: കേരളത്തിന്റെ വടക്കേ അറ്റത്തുള്ള ഒരു കൊച്ചു ഗ്രാമത്തില്‍ നിന്ന് സംപ്രേഷണം ചെയ്യുന്ന ശാലോം ടെലിവിഷന്‍ എന്ന ക്രിസ്ത്യന്‍ ചാനല്‍ ഇന്ന് ലോകമെമ്പാടുമുള്ള അനേകലക്ഷങ്ങള്‍ക്ക്, അനവധി നിരവധി ദൈവാനുഗ്രഹത്തിന്റെ പ്രഭവസ്ഥാനമാണെങ്കില്, ഒരു ദശാബ്ദത്തിലധികമായി ഇതേ ടിവിയിലൂടെ എല്ലാ ഞായറാഴ്ചകളിലും മുടങ്ങാതെ ലോകമെമ്പാടുമുള്ള മലയാളികള്‍ക്കായി അര മണിക്കൂര്‍ സമയം ആത്മാവില്‍ നിറഞ്ഞ് ദൈവത്തിന്റെ കൈയ്യൊപ്പ് വഴിയായി അഭിഷേകം ചെയ്യപ്പെട്ട ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന `അഭിഷേകാഗ്നി ധ്യാനം' ഇന്ന് പതിനായിരങ്ങള്‍ക്ക് സമാശ്വാസം കൊടുക്കുക മാത്രമല്ല, വിശ്വാസികള്‍ക്ക് അത് ജീവശ്വാസമായി തീര്‍ന്നിരിക്കുകയാണ്. ജീവിതത്തിന്റെ സന്നിഗ്ദ്ധാവസ്ഥയില്‍ പകച്ചുനിന്ന് ഇനി എന്ത് എന്ന ചോദ്യം ഉള്‍വിളിയായി ഉയര്‍ന്നുപൊങ്ങിയ ലോകമെമ്പാടുമുള്ള അനേകായിരം വ്യക്തികള്‍ക്ക് അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രവും ശുശ്രൂഷകളും അഭിഷേകമായി ദൈവം ഇന്നു മാറ്റിയിരിക്കുകയാണ്. ബഹു. അച്ചനിലൂടെ ശ്രവിച്ച വചനം വിശ്വാസത്തോടുകൂടി മനസ്സുരുകി പ്രാര്‍ത്ഥിച്ചപ്പോള്‍ അഗ്നിച്ചറികുകളില് അത്ഭുതങ്ങളും അടയാളങ്ങളും പറന്നിറങ്ങിയെന്ന് ആയിരങ്ങള്‍ അവിതര്‍ക്കമായി സാക്ഷ്യപ്പെടുത്തുന്നു. ശാലോം ടെലിവിഷന്റെ തുടക്കംമുതല്‍ ഇന്നുവരെ അഞ്ഞൂറിലധികം ഞായറാഴ്ചകളില്‍ മുടക്കമില്ലാതെ `അഭിഷേകാഗ്നി എപ്പിസോഡ്' മലയാളത്തില്‍ സംപ്രേഷണം ചെയ്തുവരുന്നത് ടെലിവിഷന്‍ രംഗത്തെ ഒരു സംഭവമാണെങ്കിലും അത് ദൈവപരിപാലനം ഒന്നുകൊണ്ട് മാത്രമാണെന്ന് വിനയാന്വിതനായ വട്ടായിലച്ചന് വിശ്വസിക്കുന്നത്. രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് മനുഷ്യരക്ഷയ്ക്കായി അവതരിച്ച ദൈവപുത്രന് തൊട്ടുസുഖപ്പെടുത്തിയെങ്കില് ഇന്ന് ദൈവം വചനമയച്ച് പരിശുദ്ധാത്മാവിന്റെ നിറവില്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായിലൂടെ സൗഖ്യപ്പെടുത്തുന്നത് ലോകമെമ്പാടുമുള്ള നാനാജാതി ജനങ്ങളെയാണ്. ദൈവവചനത്തിന്റെ ശക്തിയിലും പരിപാലനത്തിലും മാത്രം വിശ്വസിക്കുന്ന വട്ടായിലച്ചനും സെഹിയോന്‍ റിട്രീറ്റ് മിനിസ്ട്രിയും യേശുക്രിസ്തു പഠിപ്പിച്ച സുവിശേഷം ഇവിടെ നിവര്‍ത്തിക്കുകയാണ്. 'നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍' അതിനായി ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ക്കായി ഇംഗ്ലീഷ് ഭാഷയില്‍ ഓഗസ്റ്റ് പതിനഞ്ചാം തീയതി ശനിയാഴ്ച മുതല്‍ എല്ലാ ശനിയാഴ്ചകളിലും ശാലോം വേള്‍ഡിലൂടെ അരമണിക്കൂര്‍ സമയം `തണ്ടര്‍ ഓഫ് ഗോഡ്' എന്നു പേരിട്ടിരിക്കുന്ന വചനപ്രഘോഷണ ശുശ്രൂഷ വട്ടായിലച്ചനും, ഫാ. സോജി ഓലിക്കലും ചേര്‍ന്ന് നയിക്കുന്നു. ദൈവവചനം മനുഷ്യരക്ഷയ്ക്കായി കേരളത്തിന്റെ ചക്രവാളസീമ കടന്ന് ഒരു ഇടിനാദമായി ഭൂഗോളത്തിന്റെ മുക്കിലൂം മൂലയിലും കടന്നുചെല്ലുകയും ഭാഷയുടെ തടസ്സമില്ലാതെ വിവിധ ഭൂഖണ്ഡങ്ങളിലെ ജനകോടികളെ പരിശുദ്ധാത്മാവിന്റെ അഭിഷേകംകൊണ്ട് തിരുവചനത്തിന്റെ ശക്തി വെളിവാക്കുവാന്‍ ദൈവം അനുഗ്രഹിച്ചിരിക്കുകയാണ്. ഓഗസ്റ്റ് പതിനഞ്ചാം തീയതി ശനിയാഴ്ച മുതല്‍ എല്ലാ ശനിയാഴ്ചകളിലും ശാലോം വേള്‍ഡില്‍ രാത്രി 8.30ന് (സി.എസ്.ടി), 9.30-ന് (ഇ.എസ്.ടി), 6.30-ന് (പി.എസ്.ടി) സമയങ്ങളില്‍ ഈ ശുശ്രൂഷ ലഭിക്കുന്നതാണ്. `തണ്ടര്‍ ഓഫ് ഗോഡ്' ടെലികാസ്റ്റ് ചെയ്യുന്നതുവഴി അമേരിക്കയിലേയും യൂറോപ്പിലേയും വിശ്വാസ സമൂഹത്തിന് പ്രത്യേകിച്ച് ഇംഗ്ലീഷ് യുവജനതയ്ക്ക് ആത്മീയ ഉണര്‍വ്വും ഉത്തേജനവും ലഭിക്കുമെന്ന് സെഹിയോന്‍ മിനിസ്ട്രീസ് സ്ഥാപകനും, ദൈവ വരദാനങ്ങളാല്‍ നിറയപ്പെട്ട വചനപ്രഘോഷകനും, ആത്മീയ പുരോഹിതനുമായ റവ.ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ പറയുന്നു. ജോയി കുറ്റിയാനി (സെഹിയോന്‍ മീഡിയ, യു.എസ്.എ) അറിയിച്ചതാണിത്.
Comments