ക്ലീവ്ലാന്റ്, ഹൂസ്റ്റണ്‍: ക്ലീവ്ലാന്റ് ഗ്യാസ് സ്റ്റേഷന് ക്ലാര്‍ക്കും ഇന്ത്യന്‍ വംശജനുമായ ബിനോ (Conbino Crasto-40) ഡിസംബര്‍ 16-നു ബുധനാഴ്ച കവര്‍ച്ചക്കാരുടെ വെടിയേറ്റ് മരിച്ചു. ബുധനാഴ്ച രാത്രി 9 മണിയോടെ കടയിലേക്ക് കയറിവന്ന മൂന്നുപേര്‍ കൗണ്ടറില്‍ നിന്നും പണം തട്ടയെടുത്തശേഷം ക്ലാര്‍ക്ക് ബിനോയുടെ മാറിലേക്ക് നിറയൊഴിക്കുകയായിരുന്നു. ആവശ്യപ്പെട്ട പണം മുഴുവന്‍ നല്‍കിയിട്ടും എന്തിനാണ് ബിനോയുടെ നേര്‍ക്ക് നിറയൊഴിച്ചതെന്ന് മനസിലാകുന്നില്ലെന്ന് സംഭവസമയത്ത് കടയിലുണ്ടായിരുന്ന പേര് വെളിപ്പെടുത്താവന്‍ ആഗ്രഹിക്കാത്ത മറ്റൊരു ജീവനക്കാരന് പറഞ്ഞു. കവര്‍ച്ചയ്ക്കും വെടിവെയ്പിനുംശേഷം പ്രതികള്‍ ഓടി രക്ഷപെട്ടു. വെടിയേറ്റ് നിലത്തുവീണ ബിനോ തന്നെയാണ് പോലീസിനെ വിളിച്ച് വിവരം അറിയിച്ചത്. പോലീസ് എത്തി ആശുപത്രയില്‍ എത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. പ്രതികളുടെ വീഡിയോ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. സംഭവത്തെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ ക്ലീവ് ലാന്റ് പോലീസുമായി 281 592 0800 എന്ന നമ്പരില്‍ ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഏഴുവര്‍ഷമായി ടെക്സസില്‍ കഴിയുന്ന ബിനോയുടെ ഭാര്യയും രണ്ടു കുട്ടികളും ഇന്ത്യയിലാണ്. ക്രിസ്തുമസിന് മനോഹരമായി അലങ്കരിച്ച വീടും, ബിനോയുടെ ഇന്ത്യന്‍ പാസ്പോര്‍ട്ടുമാണ് അന്വേഷണത്തിന് വീട്ടിലെത്തിയ പോലീസിനു കാണാനായത്. ഇന്ത്യന്‍ വംശജരുടെ ഗ്യാസ് സ്റ്റേഷനുകളില്‍ കവര്‍ച്ച നിത്യ സംഭവമായി മാറിയിരിക്കുന്നു. കഴിഞ്ഞയാഴ്ച മിഷിഗണില്‍ സമാനമായ കവര്‍ച്ച നടന്നെങ്കിലും ആളപായമുണ്ടായില്ല.
Comments