You are Here : Home / USA News

സീറോ മലബാര്‍ സഭാദിനാഘോഷം കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി ഉദ്‌ഘാടനം ചെയ്‌തു

Text Size  

Story Dated: Saturday, July 04, 2015 11:53 hrs UTC

കൊച്ചി: സീറോ മലബാര്‍ സഭാദിനാഘോഷം സഭയുടെ ആസ്ഥാനമായ കാക്കനാട്‌ മൗണ്‌ട്‌ സെന്റ്‌ തോമസില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി ഉദ്‌ഘാടനം ചെയ്‌തു. ഭാരതത്തിന്റെ അപ്പസ്‌തോലന്‍ മാര്‍ തോമാശ്ലീഹായുടെ പുണ്യസ്‌മൃതിയില്‍ സീറോ മലബാര്‍ ആസ്ഥാനമന്ദിരത്തിന്റെ അങ്കണത്തില്‍ മേജര്‍ ആര്‍ച്ച്‌ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി പതാക ഉയര്‍ത്തിയതോടെയാണു സഭാദിനാഘോഷങ്ങള്‍ക്കു തുടക്കമായത്‌. ഉദ്‌ഘാടനപ്രസംഗത്തിനു ശേഷം വിവിധ രൂപതകളുടെയും സന്യസ്‌തസഭകളുടെയും പ്രതിനിധികളുമായി കര്‍ദിനാള്‍ ആശയവിനിമയം നടത്തി. ബിഷപ്പുമാരായ മാര്‍ ജോസ്‌ പൊരുന്നേടം, മാര്‍ ജോസഫ്‌ അരുമച്ചാടത്ത്‌, മാര്‍ ജോസഫ്‌ കുന്നോത്ത്‌, മാര്‍ വിജയാനന്ദ്‌ നെടുംപുറം, എപ്പിസ്‌കോപ്പല്‍ ട്രൈബ്യൂണല്‍ പ്രസിഡന്റ്‌ റവ. ഡോ. ജോസ്‌ ചിറമേല്‍ എന്നിവര്‍ രാവിലത്തെ സമ്മേളനത്തില്‍ പങ്കെടുത്തു. തുടര്‍ന്ന്‌ മേജര്‍ ആര്‍ച്ച്‌ബിഷപ്പിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ റാസ കുര്‍ബാന അര്‍പ്പിച്ചു.

 

സഭയിലെ വിവിധ മെത്രാന്മാരും വൈദികരും സഹകാര്‍മികരായി. ഉച്ചയ്‌ക്കുശേഷം നടന്ന പൊതുസമ്മേളനത്തില്‍ യുഎഇയിലെ അബുദാബി ആസ്ഥാനമായ ദക്ഷിണ അറേബ്യ അപ്പസ്‌തോലിക വികാരിയാത്തിലെ അപ്പസ്‌തോലിക വികാരി ബിഷപ്‌ ഡോ. പോള്‍ ഹിന്‍ഡര്‍ മുഖ്യാതിഥിയായി പങ്കെടുത്ത്‌ സന്ദേശം നല്‍കി. സീറോ മലബാര്‍ സഭാമക്കളുടെ കൂട്ടായ്‌മയും സ്‌നേഹവും പ്രേഷിതപ്രവര്‍ത്തന ചൈതന്യവും മാതൃകയാണെന്ന്‌ അദ്ദേഹം പറഞ്ഞു. മേജര്‍ ആര്‍ച്ച്‌ബിഷപ്‌ മാര്‍ ആലഞ്ചേരി അധ്യക്ഷത വഹിച്ചു. ക്ലാരിസ്‌റ്റ്‌ സഭയുടെ അസിസ്‌റ്റന്റ്‌ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ജിയോ മരിയ, സീറോ മലബാര്‍ സഭ റിലീജിയസ്‌ കോണ്‍ഫറന്‍സിന്റെ പ്രസിഡന്റ്‌ ഫാ. വില്‍സണ്‍ മൊയലന്‍, മലബാര്‍ മിഷനറി ബ്രദേഴ്‌സിന്റെ സുപ്പീരിയര്‍ ജനറല്‍ ബ്രദര്‍ ഫ്രാങ്കോ എന്നിവര്‍ സന്യസ്‌തജീവിതദര്‍ശനങ്ങളെക്കുറിച്ചു പ്രഭാഷണം നടത്തി. ബെന്നി ബഹനാന്‍ എംഎല്‍എ, റവ. ഡോ. ജോര്‍ജ്‌ മഠത്തിപ്പറമ്പില്‍, ഫാ. മാത്യു പുളിമൂട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു. സീറോ മലബാര്‍ സിനഡിന്റെ ഔദ്യോഗിക ബഹുമതിയായ വൈദികരത്‌നം എറണാകുളം-അങ്കമാലി അതിരൂപതയിലെ ഫാ. ആന്റണി ഇലവുംകുടിക്ക്‌ സമ്മേളനത്തില്‍ മേജര്‍ ആര്‍ച്ച്‌ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി സമര്‍പ്പിച്ചു. മൂവാറ്റുപുഴ സെന്റ്‌ അഗസ്റ്റിന്‍സ്‌ എച്ച്‌എസിലെ വിദ്യാര്‍ഥികള്‍, എഫ്‌സിസി സഭയുടെ അസീസി പ്രോവിന്‍സ്‌ അംഗങ്ങള്‍, വാഴക്കുളം സെന്റ്‌ പീറ്റേഴ്‌സ്‌ മൈനര്‍ സെമിനാരി വിദ്യാര്‍ഥികള്‍ എന്നിവര്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. സീറോ മലബാര്‍ സഭയിലെ എല്ലാ രൂപതകളില്‍ നിന്നും വൈദിക, അല്‌മായ പ്രതിനിധികള്‍, സന്യാസസമൂഹങ്ങളുടെ മേജര്‍ സുപ്പീരിയര്‍മാര്‍, പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. സീറോ മലബാര്‍ കൂരിയ ചാന്‍സലര്‍ റവ.ഡോ.ആന്റണി കൊള്ളന്നൂര്‍, വൈസ്‌ ചാന്‍സലര്‍ റവ.ഡോ.സെബാസ്റ്റ്യന്‍ വാണിയപ്പുരയ്‌ക്കല്‍, റവ.ഡോ. ജോര്‍ജ്‌ ദാനവേലില്‍, ഫാ.മാത്യു പുളിമൂട്ടില്‍, ഫാ.ജോസ്‌ പുലിവേലില്‍, റവ.ഡോ. ഷാജി കൊച്ചുപുരയില്‍, റവ.ഡോ.പീറ്റര്‍ കണ്ണമ്പുഴ, ഫാ.ജോബി മാപ്രക്കാവില്‍, റവ.ഡോ.ഫ്രാന്‍സിസ്‌ പിട്ടാപ്പള്ളി, സിസ്റ്റര്‍ ചൈതന്യ എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.