You are Here : Home / USA News

മാര്‍ വര്‍ഗീസ്‌ തോട്ടംകര അമേരിക്കന്‍ പര്യടനത്തില്‍

Text Size  

Jose Maleckal

jmaleckal@aol.com

Story Dated: Sunday, July 05, 2015 12:22 hrs UTC

ഫിലാഡല്‍ഫിയ: എത്യോപ്യയില്‍ നെകെംന്റ്‌ രൂപതയുടെ ബിഷപ്പും, കോണ്‍ഗ്രിഗേഷന്‍ ഓഫ്‌ ദി മിഷന്‍ സഭാംഗവുമായ മാര്‍ വര്‍ഗീസ്‌ തോട്ടംകര ജൂലൈയില്‍ അമേരിക്കയിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നു. വൈദികനായിരിക്കെതന്നെ 1990 ഒക്ടോബര്‍ മുതല്‍ എത്യോപ്യയില്‍ വിവിധ മേഖലകളില്‍ സേവനമനുഷ്ടിച്ചുകൊണ്ടിരിക്കുന്ന മാര്‍ തോട്ടംകര സ്വന്തം രൂപതയായ നെകെമിലെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവര്‍ക്കു മനസിലാക്കി ക്കൊടുക്കുന്നതിനും, ഭാവിമിഷന്‍പ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായാഭ്യര്‍ത്ഥന നടത്തുന്നതിനുമായിട്ടാണു അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയിരിക്കുന്നത്‌. ഹൂസ്റ്റണ്‍ (ജൂലൈ 4-8), ഫിലഡല്‍ഫിയ (10-17), ന്യൂജേഴ്‌സിയിലെ വിവിധ ഇടവകകള്‍ എന്നിവ അദ്ദേഹം സന്ദര്‍ശിക്കും. 2013 ജൂണ്‍ 28 നു എത്യോപ്യയിലെ നെകെം രൂപതയുടെ സഹായ മെത്രാനായി നിയമിതനായ മാര്‍ തോട്ടംകര റോമില്‍ വച്ച്‌ 2013 ആഗസ്റ്റ്‌ 13 നു ബിഷപ്പായി അഭിഷിക്തനായി. 2013 നവംബര്‍ 10 മുതല്‍ നെകെം രൂപതയുടെ ബിഷപ്പായി.

 

എറണാകുളം-അങ്കമാലി അതിരൂപതയില്‍ തോട്ടുവാ സെ. ജോസഫ്‌ ഇടവകാംഗമായ മാര്‍ വര്‍ഗീസ്‌ തോട്ടംകര 1987 ജനുവരി 6 നു കര്‍ദ്ദിനാള്‍ മാര്‍ ആന്റണി പടിയറയില്‍നിന്നും തിരുപ്പട്ടം സ്വീകരിച്ച്‌ വൈദികനായി. തുടര്‍ന്ന്‌ മൂന്നര വര്‍ഷക്കാലം ഒറീസയിലെ ബര്‍ഹാംപൂര്‍ രൂപതയില്‍ അസി. വികാരി, വാര്‍ഡന്‍, യൂത്ത്‌ ആനിമേറ്റര്‍ എന്നീനിലകളില്‍ സേവനം ചെയ്‌തു. 1990 ഒക്ടോബറില്‍ എത്യോപ്യയില്‍ ആംബോയിലുള്ള വിന്‍സന്‍ഷ്യന്‍ മൈനര്‍ സെമിനാരിയില്‍ അദ്ധ്യാപകനായ അദ്ദേഹം 1992 ല്‍ ആഡിസ്‌ അബാബ മേജര്‍ സെമിനാരി വിസിറ്റിംഗ്‌ പ്രൊഫസറായും സേവനമനുഷ്ടിച്ചു. 1993 ല്‍ നെകെം രൂപതയുടെ കീഴിലുള്ള സെ. പോള്‍സ്‌ മേജര്‍ സെമിനാരിയുടെ പ്രഥമ റെക്ടറായും, സതേണ്‍ എത്യോപ്യ വികാരിയേറ്റിന്റെ ജുഡീഷ്യല്‍ വികാരി ആയും സ്‌തുത്യര്‍ഹമായ സേവനമനുഷ്ടിച്ചു. 1995 മുതല്‍ രണ്ടുവര്‍ഷക്കാലം റോമില്‍ ഉപരിപഠനം നടത്തിയശേഷം ആഡിസ്‌ അബാബയിലെ വിന്‍സന്‍ഷ്യന്‍ മേജര്‍ സെമിനാരി റെക്ടര്‍, സെ. ഫ്രാന്‍സിസ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ദൈവശാസ്‌ത്രവിഭാഗം ഡീന്‍, പ്രോവിന്‍ഷ്യാളിന്റെ കൗണ്‍സലര്‍ എന്നീ നിലകളില്‍ സേവനം ചെയ്‌തു.

 

2002 ല്‍ ഇന്‍ഡ്യയില്‍ തിരിച്ചെത്തി വിന്‍സന്‍ഷ്യന്‍ മൈനര്‍ സെമിനാരി റെക്‌റ്റര്‍, ദക്ഷിണേന്‍ഡ്യന്‍ പ്രോവിന്‍സിന്റെ അസിസ്റ്റന്റ്‌ പ്രോവിന്‍ഷ്യാള്‍, തുടര്‍ന്ന്‌ ആലുവാ വിന്‍സന്‍ഷ്യന്‍ മേജര്‍ സെമിനാരി റെക്ടറും, സുപ്പീരിയറുമായി ജോലിനോക്കി. വൈദികനായശേഷം മാര്‍ വര്‍ഗീസ്‌ തോട്ടംകര ഇടവകഭരണം, അജപാലനം, സഭാഭരണം, അധ്യാപനം, പ്രേഷിതദൗത്യം തുടങ്ങി നിരവധിമേഖലകളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്‌. 2010 ല്‍ അദ്ദേഹം കോണ്‍ഗ്രിഗേഷന്‍ ഓഫ്‌ ദി മിഷന്‍ സുപ്പീരിയര്‍ ജനറലിന്റെ അസിസ്റ്റന്റ്‌ ആയി നിയമിക്കപ്പെട്ടു. ഏതുരംഗത്തായാലും തൊട്ടതെല്ലാം പൊന്നാക്കുന്ന ബഹുമുഖ പ്രതിഭയും, പണ്ഡിതനുമാണ്‌ മാര്‍ വര്‍ഗീസ്‌ തോട്ടംകര.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.