You are Here : Home / USA News

ഹിന്ദുത്വം സര്‍വരെയും ഉള്‍ക്കൊള്ളുന്ന സമഗ്ര മാനവദര്‍ശനം: കുമ്മനം

Text Size  

Story Dated: Tuesday, July 14, 2015 10:07 hrs UTC

ന്യുയോര്‍ക്ക് : സര്‍വരെയും ഉള്‍ക്കൊള്ളുന്ന സമഗ്ര മാനവദര്‍ശനമാണ് ഹിന്ദുത്വമെന്ന് ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍.ഹിന്ദു സംഘടനകളുടെ വൈകാരികമായ ഐക്യം അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ന്യൂയോര്‍ക്കില്‍ നടന്ന ഹിന്ദു സംഗമത്തില്‍ സംസാരിക്കുകയായിരുന്നു കുമ്മനം.
നാട് നിലനില്‍ക്കണമെങ്കില്‍ ഹിന്ദു നിലനില്‍ക്കേണ്ടത് അത്യാവശ്യമാണ്. സാമുദായിക ഏകോപനം അനിവാര്യമായ കാലഘട്ടത്തിലൂടെയാണ സമാജം കടന്നുപോകുന്നത്. ഏകോപനമെന്നാല്‍ സംഘടനകള്‍ക്കുള്ളിലും സംഘടനകള്‍ തമ്മിലും വേണം. എല്ലാ മേഖലകളിലും ഹിന്ദുവിനെ പാര്‍ശ്വവല്‍ക്കരിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
ഹിന്ദുവിന്റെ മാത്രമല്ല എല്ലാ ജനങ്ങളുടെയും അടിസ്ഥാന ആവശ്യങ്ങള്‍ക്കായാണ് ഹിന്ദുഐക്യവേദി പ്രവര്‍ത്തിക്കുന്നത്. പ്രകൃതി ചൂഷണത്തിനെതിരായും, ആറന്മുള വിമാനത്താവള വിഷയത്തിലും ഹിന്ദുഐക്യവേദി നിലകൊള്ളുന്നത് ജനങ്ങള്‍ക്കൊപ്പമാണ്. ജനങ്ങളെ ബാധിക്കുന്ന സംസ്‌ക്കാരം, സുരക്ഷ, സമ്പത്ത്, പ്രകൃതി തുടങ്ങിയ വിഷയങ്ങളില്‍ ഹിന്ദുഐക്യവേദി നിരന്തരം ഇടപെടുക തന്നെ ചെയ്യും. അതില്‍ യാതൊരു വിട്ടുവീഴ്ച്ചയുമില്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിന്ദുവിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന തീവ്രമായ ആഗ്രഹത്തോടെയാണ് വിവിധ സാമുദായിക നേതാക്കള്‍ ഒന്നിക്കുന്നത് ഹിന്ദുവിന്റെ മാവും ഒരിക്കല്‍ പൂക്കുമെന്നതിന്റെ തെളിവാണ്. കുമ്മനം പറഞ്ഞു
മാനവസേവ മാധവസേവ എന്ന ആശയപ്രചാരണത്തിലൂടെ ഹിന്ദു ഐക്യത്തിന്റെ തിരിതെളിച്ചവരാണ് ചട്ടമ്പിസ്വാമികള്‍, ശ്രീനാരായണഗുരുദേവന്‍, മന്നത്ത് പത്മനാഭന്‍, മഹാത്മാ അയ്യങ്കാളി, പണ്ഡിറ്റ് കറുപ്പന്‍, ടി.കെ. മാധവന്‍, ശുഭാനന്ദഗുരുദേവന്‍, അയ്യാ വൈകുണ്ഠസ്വാമികള്‍, ആഗമാനന്ദസ്വാമികള്‍ എന്നിവര്‍.കേരളത്തിലെ ഹൈന്ദവ നേതാക്കളുടെ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ വഴിയുണ്ടായ നേട്ടങ്ങളെ രാഷ്ട്രീയനേതാക്കള്‍ അട്ടിമറിക്കുകയും മതവര്‍ഗ്ഗീയശക്തികളെ പ്രീണിപ്പിക്കുകയും ചെയ്തതാണ് ഇന്നത്തെ വിനാശങ്ങള്‍ക്ക് കാരണം. മതപരിവര്‍ത്തനവും മതഭീകരതയും കൈകോര്‍ത്ത് താണ്ഡവമാടുന്ന കേരളത്തില്‍ ഇനിയൊരു നവോത്ഥാനം സാധ്യമാകണമെങ്കില്‍ അത് ഹിന്ദു ഐക്യത്തിലൂടെ മാത്രമേ സാധ്യമാകൂ. ഹിന്ദുത്വം ദേശീയതയാണ്. അത് ജീവിതരീതിയാണ്. സമഗ്ര മാനവദര്‍ശനത്തിലൂടെ ഹിന്ദുഐക്യം സാധ്യമാകണും
സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും ന്യൂനപക്ഷ പ്രീണനം നടത്തുന്നത് അധികാരം ഉറപ്പിക്കുന്നതിനുവേണ്ടിയുള്ള വോട്ടുബാങ്കായതുകൊണ്ടാണ്. ഹിന്ദുവിന് വേണ്ടി സംസാരിക്കാന്‍ രാഷ്ട്രീയ നേതാക്കന്മാര്‍ക്കും ഉദ്യോഗസ്ഥന്മാര്‍ക്കും ഭയമാണ്. ഹിന്ദുവിന്റെ പേരുപറയുന്നവരെ വര്‍ഗ്ഗീയവാദികളായി ചിത്രീകരിക്കുന്നു എന്നതാണ് കാരണം. സംഘടിക്കുന്ന സമൂഹത്തെയും രാഷ്ട്രത്തെയും മാത്രമേ ലോകം അംഗീകരിക്കൂ. ജനസംഖ്യ ഇന്നത്തെ തോതില്‍ വര്‍ധിച്ചാല്‍ താമസം വിനാ ഹിന്ദുക്കള്‍ ന്യൂനപക്ഷമാകും. ഹിന്ദുക്കളുടേത് സംഘടിത മതമല്ല. ഋഷിശ്രേഷ്ഠന്മാരുടെ തപസിന്റെ ഫലമായി അനുഭവിച്ചറിയാന്‍ കഴിഞ്ഞ പ്രാപഞ്ചിക സത്യമാണ് ഹിന്ദുദര്‍ശനം. ഹിന്ദുക്കളെയും ഭിന്നിപ്പിച്ച് രാഷ്ട്രീയക്കാര്‍ മുതലെടുക്കുകയാണ്. ഇച്ഛാശക്തി വീണ്ടെടുത്ത് പുതിയൊരു ഉയിര്‍ത്തെഴുന്നേല്‍പ്പിന് ഹിന്ദുസമൂഹം തയ്യാറാകണം. കുമ്മനം രാജശേഖരന്‍ പറഞ്ഞു
സപ്താഹാചാര്യന്‍ മണ്ണടി ഹരി, ജനം ടി വി മാനേജിംഗ് എഡിറ്റര്‍ പി വിശ്വരൂപന്‍, ജന്മഭൂമി ന്യൂസ് എഡിറ്റര്‍ പി ശ്രീകുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ശിവദാസന്‍ നായര്‍ സ്വാഗതവും മനോജ് കൈപ്പള്ളി നന്ദിയും പറഞ്ഞു
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.