You are Here : Home / USA News

27-മത്‌ ക്‌നാനായ കണ്‍വന്‍ഷന്‍ ഷിക്കാഗോയില്‍ പാത്രിയര്‍ക്കീസ്‌ ബാവ ഉദ്‌ഘാടനം ചെയ്‌തു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, July 29, 2015 10:32 hrs UTC

ഷിക്കാഗോ: 2015 ജൂലൈ 23 മുതല്‍ 26 വരെ തീയതികളില്‍ ഷിക്കാഗോയില്‍ നോര്‍ത്ത്‌ അമേരിക്കന്‍ ക്‌നാനായ ഫാമിലി കണ്‍വന്‍ഷന്‍ സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ്‌ അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ്‌ ബാവ ഉദ്‌ഘാടനം ചെയ്‌തു. പാത്രിയര്‍ക്കീസ്‌ ബാവ ആദ്യമായി ക്‌നാനായ കണ്‍വന്‍ഷനില്‍ അമേരിക്കയില്‍ പങ്കെടുക്കുന്നു എന്ന പ്രത്യേകത ഇപ്രാവശ്യം നടന്ന ചടങ്ങിനുണ്ടായിരുന്നു. സമുദായ വലിയ മെത്രാപ്പോലീത്ത ആര്‍ച്ച്‌ ബിഷപ്പ്‌ കുര്യാക്കോസ്‌ മോര്‍ സേവേറിയോസ്‌, അഭിവന്ദ്യ ഡോ. ആയൂബ്‌ മോര്‍ സില്‍വാനോസ്‌ തിരുമേനി, അഭിവന്ദ്യ മോര്‍ ഗ്രിഗോറിയോസ്‌ കുര്യാക്കോസ്‌ എന്നിവരുടെ സാന്നിധ്യത്തിലാണ്‌ കണ്‍വന്‍ഷന്‍ നടത്തപ്പെട്ടത്‌. വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേകം പ്രത്യേകം ആത്മീയ പ്രഭാഷണം, അഭിവന്ദ്യ സില്‍വാനോസ്‌ തിരുമേനിയും, റവ.ഫാ. കുര്യാക്കോസ്‌ ഏബ്രഹാം എഴുമായിലിന്റേയും നേതൃത്വത്തില്‍ നടത്തപ്പെട്ട കണ്‍വന്‍ഷന്റെ സുപ്രധാന പരിപാടികളില്‍ ഒന്നാണ്‌.

 

അമേരിക്കയില്‍ നടത്തപ്പെടുന്നതിനാല്‍ സില്‍വാനോസ്‌ തിരുമേനിക്കായിരുന്നു കണ്‍വന്‍ഷന്റെ പ്രധാന ചുമതല. ടാലന്റ്‌ മത്സരമായ ഇലക്യൂഷന്‍, യുവതീ യുവാക്കളുടെ കഴിവുകള്‍ വികസിപ്പിക്കുന്നതിന്‌ വേദിയായി. കലാമേളയില്‍ ഭരതനാട്യം, മിസ്റ്റര്‍ ആന്‍ഡ്‌ മിസ്സിസ്‌ കാനാ (ബ്യൂട്ടി പേജന്റ്‌), സിനിമാറ്റിക്‌ ഡാന്‍സ്‌, നാടോടി നൃത്തം, പാട്ട്‌ മത്സരം, വെസ്റ്റേണ്‍ ഡാന്‍സ്‌ എന്നിവയുടെ മത്സരങ്ങളില്‍ വിവിധ അമേരിക്കന്‍ സ്റ്റേറ്റുകളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു. യുവതീയുവാക്കള്‍ക്കായി നടത്തപ്പെട്ട കായിക മത്സരങ്ങളില്‍ ഓട്ടമത്സരം, ബാസ്‌കറ്റ്‌ബോള്‍, ഷോര്‍ട്ട്‌ പുട്ട്‌, വടംവലി മത്സരം, കുട്ടികള്‍ക്കായി മിഠായി പെറുക്കല്‍ മത്സരം എന്നിവയും നടത്തപ്പെട്ടു. നാലു ദിവസങ്ങളിലായി നടന്ന കലാ-സാംസ്‌കാരിക-കായിക മത്സരങ്ങള്‍ക്കു പുറമെ ആര്‍ച്ച്‌ ബിഷപ്പ്‌ കുര്യാക്കോസ്‌ മോര്‍ സേവേറിയോസ്‌, ഗ്രിഗോറിയോസ്‌ കുര്യാക്കോസ്‌ എന്നിവരുടെ അനുഗ്രഹ പ്രഭാഷണങ്ങളും ഉണ്ടായുരുന്നു. ക്ലീമീസ്‌ നഗറില്‍ നടത്തപ്പെട്ട കണ്‍വന്‍ഷന്‍ സെന്ററില്‍ തിരുമേനിയുടെ വിശുദ്ധ കുര്‍ബാന ഞായറാഴ്‌ച നടത്തപ്പെട്ടു.

 

സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ്‌ അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ്‌ ബാവയുടെ സാന്നിധ്യത്താലും, വിവിധ പരിപാടികളാലും ഈ വര്‍ഷത്തെ കുടുംബ കണ്‍വന്‍ഷന്‍ സഭാ വിശ്വാസികളുടെ ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്കു പുതിയ ഉണര്‍വ്‌ നല്‍കി. ഫോട്ടോ: 27-മത്‌ ക്‌നാനായ കണ്‍വന്‍ഷന്‍ ഷിക്കാഗോയില്‍ പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവ മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ്‌ അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ്‌ ബാവ ഉദ്‌ഘാടനം ചെയ്‌തു. അനിയന്‍ പണവേലില്‍, റവ.ഫാ. ജേക്കബ്‌ ചാക്കോ ഉള്ളാട്ടില്‍ (എന്‍.എ.കെ.എ വൈസ്‌ പ്രസിഡന്റ്‌), റവ.ഫാ. എം.സ്‌. ചെറിയാന്‍ മൂഴയില്‍ (പ്രസിഡന്റ്‌). ആര്‍ച്ച്‌ ബിഷപ്പ്‌ ഡോ. സില്‍വാനോസ്‌ ആയൂബ്‌, ജോയ്‌ കൈതാരത്ത്‌ (കമ്മിറ്റി മെമ്പര്‍), ആര്‍ച്ച്‌ ബിഷപ്പ്‌ കുര്യാക്കോസ്‌ മോര്‍ സേവേറിയോസ്‌, സൈമണ്‍ മുക്കാട്ട്‌ (കമ്മിറ്റി മെമ്പര്‍), അജീഷ്‌ ഏബ്രഹാം ചെറുമടക്കാല, മോര്‍ ഗ്രിഗോറിയോസ്‌ കുര്യാക്കോസ്‌, പ്രസാദ്‌ അബ്രഹാം പാറയില്‍ (കോ- കണ്‍വീനര്‍), സ്റ്റാന്‍ലി കളരിക്കമുറിയില്‍ (എന്‍.എ.കെ.എ സെക്രട്ടറി), മോഹന്‍ തോമസ്‌ ചിറയില്‍ (പി.ആര്‍ഒ), സിബി മംഗലത്ത്‌ (ജനറല്‍ കണ്‍വീനര്‍), ജോണ്‍ മാത്യു (കോ- കണ്‍വീനര്‍), സാജു എന്‍ കണ്ണന്‍കുഴയത്ത്‌ (ജോയിന്റ്‌ സെക്രട്ടറി) എന്നിവര്‍ സമീപം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.