You are Here : Home / USA News

ഡോ.എ.പി.ജെ.അബ്ദുള്‍ കലാം അമേരിക്കന്‍ ജനത്തിനു സമര്‍പ്പിച്ച ഗാന്ധി സ്‌ക്വയര്‍

Text Size  

Story Dated: Wednesday, July 29, 2015 10:37 hrs UTC

ജോയി കുറ്റിയാനി

മയാമി: കര്‍മ്മയോഗിയായി കാലത്തിനു മുമ്പേ സഞ്ചരിച്ച്‌ ജനമനസ്സുകളില്‍ മരിക്കാത്ത ഓര്‍മ്മയായി തീര്‍ന്ന വിശേഷങ്ങള്‍ക്ക്‌ അതിരുകളില്ലാത്ത ഡോ.എ.പി.ജെ. അബ്ദുല്‍കലാം എന്ന മഹത്‌ വ്യക്തി അമേരിക്കന്‍ പ്രവാസി മലയാളികള്‍ക്ക്‌ മാത്രമല്ല, ഫ്‌ളോറിഡായിലെ സേവി നഗരസഭയുടെ ചരിത്രത്തിന്റെ നാള്‍വഴികളിലും പ്രകാശം പരത്തി. ലോകസമാധാനത്തിന്റെ പ്രതീകമായ മഹാത്മജിയ്‌ക്ക്‌ ഫ്‌ളോറിഡായില്‍ ഒരു സ്‌മാരകം തീര്‍ക്കുവാന്‍ കേരള സമാജം ഓഫ്‌ സൗത്ത്‌ ഫ്‌ലോറിഡ സംഘടന നേതൃത്വം നല്‍കി ഡേവി നഗരസഭയെ സമീപിയ്‌ക്കുകയും, ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തിന്റെ ഉറച്ച പിന്തുണയോടുകൂടി അമേരിയ്‌ക്കയിലെ ഏറ്റവും വലിയ ഗാന്ധി സ്‌ക്വയര്‍ പണിതുയര്‍ത്തുകയും ചെയ്‌തു. ഈ ഗാന്ധി സ്‌ക്വയറിന്റെ സമര്‍പ്പണം ആരാല്‍ നിര്‍വ്വഹിയ്‌ക്കപ്പെടണം, അതിനുള്ള ഉചിതനായ അതിഥിയെ കണ്ടെത്തുന്നതിനുള്ള അന്വേഷണം പല ദിശകളിലും നീണ്ടു.

 

എന്നാല്‍ ഒരു സ്വപ്‌നം പോലെ മലയാളം പത്രത്തില്‍ ഡോ.എ.പി.ജെ. അബ്ദുള്‍കലാം ഒക്ടോബര്‍ രണ്ടാം തീയ്യതി യൂണിവേഴ്‌സിറ്റി ഓഫ്‌ സെട്രല്‍ ഫ്‌ളോറിഡയില്‍ പ്രസംഗിയ്‌ക്കുന്ന എന്ന വാര്‍ത്ത കാണുകയും, അനുസരിച്ച്‌ അന്വേഷണം ആരംഭിയ്‌ക്കുകയും ചെയ്‌തു. കാരണം ഗാന്ധിസ്‌ക്വയറിന്റെ ഔപചാരികമായ സമര്‍പ്പണം നടത്തുന്നതിന്‌ ഏറ്റം വിശിഷ്ടനായ വ്യക്തി ഇന്ത്യയുടെ മുന്‍ പ്രസിഡന്റായ ഡോ. അബ്ദുള്‍കാലാം തന്നെ എന്ന്‌ ആര്‍ക്കും ഒരു സംശയവുമുണ്ടായില്ല. അദ്ദേഹത്തെ യു.സി.എഫ്‌ (Universtiy of Cetnral Florida) ലെ പ്രൊഫ.ഡോ.പാട്ടീ സാപ്പാണ്‌ ക്ഷണിച്ചതെന്ന്‌ മനസ്സിലാക്കുകയും, അദ്ദേഹവുമായി ബന്ധപ്പെടുകയും ചെയ്‌തു അദ്ദേഹം പറഞ്ഞു. ഒരു കാരണവശാലും ഡോ. അബ്ദുള്‍ കലാമിനെ കിട്ടാന്‍ സാധിക്കുകയില്ല കാരണം വൈകുന്നേരം 7 മണിക്ക്‌ അദ്ദേഹത്തിന്‌ ക്യാനഡായിലെ ഓട്ടാവായില്‍ എത്തെണ്ടതുണ്ടെന്നും പിറ്റേന്ന്‌ രാവിലെ ഓട്ടാവയിലെ യൂണിവേഴ്‌സിറ്റിയില്‍ ഒരു സെമിനാറില്‍ പങ്കെടുക്കേണ്ടതുണ്ടെന്നും പറഞ്ഞു.

 

പല വഴികളിലും ബന്ധപ്പെട്ടു നോക്കി കാരണം ഓര്‍ലാന്റോയില്‍ നിന്ന്‌ ഉച്ചകഴിഞ്ഞ്‌ 3 മണിക്കാണ്‌ ക്യാനഡായ്‌ക്കുള്ള വിമാനം. അതു കഴിഞ്ഞാല്‍ വളരെ താമസിച്ചാണ്‌ അടുത്തത്‌. അബ്ദുള്‍ കലാം സാറിന്റെ അഡീഷ്‌നല്‍ െ്രെപവറ്റ്‌ സെക്രട്ടറി പാലക്കാട്ടുകാരന്‍ മലയാളി ആര്‍.കെ. പ്രസാദാണെന്ന്‌ ദീപിക ഡല്‍ഹി കറസ്‌പോണ്ടന്റ്‌ ജോര്‍ജ്ജ്‌ കള്ളിവയലില്‍ വഴി അറിഞ്ഞു. ആ വഴി ശ്രമിച്ചു അത്‌ ഉപകാരപ്രദാമാകുകയും ചെയ്‌തു. അബ്ദുള്‍കാലാം സാറിനെ കൊണ്ടുവരുന്നതിനായി ഒരു െ്രെപവറ്റ്‌ വിമാനം ചാര്‍ട്ടര്‍ ചെയ്‌തു. ഓര്‍ലാന്റോയില്‍ നിന്ന്‌ ഫോര്‍ട്ട്‌ ലൗഡര്‍ഡേയിലും തുടര്‍ന്ന്‌ പരിപാടി കഴിഞ്ഞ്‌ അവിടെനിന്ന്‌ ക്യാനഡായിലും എത്തിയ്‌ക്കുന്നതിന്‌ ഏര്‍പ്പാടാക്കി. ഗാന്ധിസ്‌ക്വയര്‍ ഉല്‍ഘാടനത്തിന്‌ ഇന്ത്യയുടെ മുന്‍ പ്രസിഡന്റാണ്‌ വരുന്നതെന്നറിഞ്ഞപ്പോള്‍ മേയറും, സിറ്റി അധികാരികളും ആശങ്കപ്പെട്ടു, സെക്യൂരിറ്റി പ്രശ്‌നങ്ങളും, പ്രോട്ടോക്കോളും പ്രശ്‌നം അല്‌പം സങ്കീര്‍ണ്ണമാക്കി. അവസാനം ഉല്‍ഘാടന പരിപാടി അരമണിക്കൂര്‍ ആക്കി ചുരുക്കി. എന്നാല്‍ ഭാഗ്യം ഞങ്ങളുടെ ഭാഗത്തായിരുന്നു. അരമണിക്കൂറിനായി വന്ന അദ്ദേഹം ഉല്‍ഘാടന പരിപാടിയും, ഫോട്ടോ സെഷനിലും പങ്കെടുത്ത്‌ ഏതാണ്‌ രണ്ടു മണിക്കൂറിലധികം ഞങ്ങളോടൊപ്പം ചിലവഴിച്ചു. നഗരസഭ അദ്ധ്യക്ഷ ജൂഡിപോള്‍ ഇന്ത്യയുടെ ആദരണീയനായ മുന്‍ പ്രസിഡന്റിനെ എതിരേറ്റത്‌ മാന്‍ ഓഫ്‌ മിസൈല്‍ ആന്റ്‌ മാന്‍ ഓഫ്‌ വിഷനറി എന്ന്‌ അഭിസംബോധന ചെയ്‌തുകൊണ്ടാണ്‌.

 

തുടര്‍ന്ന്‌ നഗരസഭയുടെ ഏറ്റവും വലിയ ആദരവായി നഗരത്തിന്റെ സ്വര്‍ണ്ണ താക്കോല്‍ നല്‍കി ആദരിച്ചപ്പോള്‍ അമേരിക്കന്‍ മണ്ണിലെ ഓരോ ഇന്ത്യക്കാരനും അഭിമാനം കൊണ്ട്‌ ആഹ്ലാദിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ തുടര്‍ന്നുള്ള യാത്രയില്‍ സെക്രട്ടറി ആര്‍.കെ.പ്രസാദിന്റെ നിര്‍ദ്ദേശപ്രകാരം വൈകുന്നേരത്തെ അത്താഴം, വെജിറ്റേറിയന്‍ ഭക്ഷണം (ഇഡ്ഡ്‌ലിയും, സാമ്പാറും, തൈര്‌ ശാതവും, സാധാ ദോശയും മലയാളി ഹോട്ടലില്‍ നിന്നും തയ്യാറാക്കി കൊടുത്തിരുന്നു. വിമാനത്തില്‍ വച്ച്‌ അദ്ദേഹം അതു കഴിച്ച്‌ അതിന്റെ രുചിയെക്കുറിച്ചും, പരിപാടി മനോഹരമായി നടത്തിയതിനെ കുറിച്ചും, പ്രസാദിന്റെ ഫോണില്‍ എന്നെ വിളിച്ച്‌ അഭിനന്ദനമറിയ്‌ക്കുകയും, ഇന്ത്യയില്‍ വരുമ്പോള്‍ ഡല്‍ഹിയില്‍ അദ്ദേഹത്തിന്റെ വസതിയില്‍ വരണമെന്ന്‌ ക്ഷണിക്കുകയും ചെയ്‌തത്‌ ഇന്നും എന്റെ ചെവിയില്‍ മണിനാദമായി മുഴങ്ങുകയാണ്‌. പരിപാടിയില്‍ പങ്കെടുത്ത്‌ വിസിറ്റേഴ്‌സ്‌ ഡയറിയില്‍ അദ്ദേഹം ഇപ്രകാരമാണ്‌ എഴുതിയത്‌. 'സമാധാനത്തിന്റെ പ്രവാചകനായ മഹാത്മജിയെ ആദരിച്ച ഈ ചടങ്ങില്‍ പങ്കെടുത്ത്‌ ചരിത്രത്തിന്റെ ഭാഗമായതില്‍ സന്തോഷിക്കുന്നു.' അതെ കാലദേശങ്ങള്‍ക്ക്‌ അതീതമായി ചരിത്രത്തിന്റെ ഭാഗമായിതീര്‍ന്നു. ആ പ്രതിഭാശാലി, ശാസ്‌ത്രത്തിനും, രാഷ്ട്രത്തിനും ജീവിതം മാറ്റിവച്ച്‌ ആധുനിക ഇന്ത്യയെ നയിയ്‌ക്കാന്‍ പരിശ്രമിച്ച ധീക്ഷണശാലിയായ ആചാര്യശ്രേഷ്‌ഠന്‌ ഒരു പ്രവാസി മലയാളിയുടെ ആദരാജ്ഞലികള്‍ ഇവിടെ സാദരം അര്‍പ്പിക്കട്ടെ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.