You are Here : Home / USA News

റിവര്‍സ്‌റ്റോണ്‍ ഡയറക്ടര്‍ ബോര്‍ഡില്‍ മലയാളി സാന്നിദ്ധ്യം

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Wednesday, July 29, 2015 10:51 hrs UTC

ഹൂസ്റ്റണ്‍ : ടെക്‌സാസ് സംസ്ഥാനത്ത് മെച്ചപ്പെട്ട ജീവിതസൗകര്യങ്ങള്‍ ഒരുക്കി അനുസ്യൂതം വളര്‍ന്നുകൊണ്ടിരിയ്ക്കുന്ന കമ്മ്യൂണിറ്റികളില്‍ പ്രമുഖസ്ഥാനം അലങ്കരിയ്ക്കുന്ന ഹൂസ്റ്റണിലെ റിവര്‍‌സ്റ്റോണ്‍ കമ്മ്യൂണിറ്റിയുടെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മലയാളിയായ ഡോ.ഈപ്പന്‍ ദാനിയേല്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു. ഡയറക്ടര്‍ ബോര്‍ഡില്‍ ഒഴിവു വന്ന ഒരു സ്ഥാനത്തേക്ക് 4 ഇന്ത്യക്കാരടക്കം പ്രമുഖരായ 10 പേരാണ് മത്സരരംഗത്തുണ്ടായിരുന്നത്. കഴിഞ്ഞ ഡിസംബറില്‍ ഫിലാഡല്‍ഫിയായില്‍ നിന്നും ഹൂസ്റ്റണിലേക്ക് താമസം മാറി വന്ന ഡോ.ഈപ്പന്റെ വിജയം മലയാളി സമൂഹത്തിനൊന്നാകെ അഭിമാനം പകരുന്നതാണെന്ന് റിവര്‍‌സ്റ്റോണ്‍ നിവാസികള്‍ പറഞ്ഞു. നോര്‍ത്ത് അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ വീടുകള്‍ വിറ്റു പോകുന്ന ആദ്യത്തെ 10 കമ്മ്യൂണിറ്റികളില്‍ സ്ഥാനം പിടിച്ച ടെക്‌സാസിലെ ഏക കമ്മ്യൂണിറ്റിയാണ് റിവര്‍‌സ്റ്റോണ്‍.

 

പ്രാദേശിക വികസന വിഷയങ്ങളില്‍ നിര്‍ണ്ണായക തീരുമാനങ്ങളെടുക്കാനുള്ള ഉത്തരവാദിത്വം ഡയറക്ടര്‍ ബോര്‍ഡിനാണ് താമസ സുരക്ഷാ നവീകരണ പദ്ധതികള്‍ക്ക് മുന്‍ഗണ നല്‍കാനാണ് ഈപ്പന്‍ ദാനിയേല്‍ ഉദ്ദേശിയ്ക്കുന്നത്. വെണ്ണിക്കുളം സ്വദേശിയും തിരുവല്ലാ മാര്‍ത്തോമ്മാ കോളേജ് മുന്‍ അദ്ധ്വാപകനുമായ ഇദ്ദേഹം 30 വര്‍ഷങ്ങള്‍ക്കു മുമ്പ് ഫിലാഡല്‍ഫിയായില്‍ എത്തി വിവിധ രംഗങ്ങളില്‍ കര്‍മ്മനിരതനായി. ടെക്‌സാസില്‍ ടെക് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഗ്രാജ്വേറ്റ് ചെയ്തതിനുശേഷം യൂണിവേഴ്‌സിറ്റി ഓഫ് പെന്‍സില്‍വാനിയായില്‍ തുടര്‍ പഠനം നടത്തി അവിടെതന്നെ ജോലിയില്‍ പ്രവേശിച്ചു. അതേ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അഡ്മിനിസ്‌ട്രേഷനില്‍ പി.എച്ച്.ഡി.യും കരസ്ഥമാക്കി. ഇന്‍ഡ്യന്‍ നാഷ്ണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ്(INOC) നാഷ്ണല്‍ കമ്മറ്റി അംഗമായി പ്രവര്‍ത്തിയ്ക്കുന്ന ഇദ്ദേഹം ട്രൈസ്റ്റേറ്റ് ഏരിയായിലെ പ്രമുഖ മലയാളി സംഘടനയായ 'പമ്പ'യുടെ മുന്‍ പ്രസിഡന്റ് കൂടിയാണ്. മാര്‍ത്തോമ്മാ സഭ നോര്‍ത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസനത്തിന്റെ മുഖ പ്രസിദ്ധീകരണമായ മാര്‍ത്തോമ്മാ മെസഞ്ചറിന്റെ ചീഫ് എഡിറ്ററായി 12 വര്‍ഷം സേവനമനുഷ്ഠിച്ചു.

 

ഇപ്പോള്‍ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസ് എം.ഡി. ആന്‍ഡേഴ്‌സന്‍ കാന്‍സര്‍ സെന്ററില്‍ ജോലി ചെയ്യുന്നു. ഭാര്യ ഗ്രേസി ദാനിയേല്‍, മക്കള്‍ ഏഞ്ചല, ബെഞ്ചമിന്‍ എന്നിവരടങ്ങുന്നതാണ് കുടുംബം. നിരവധി മലയാളി കുടുംബാംഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ പ്രദേശത്തിന്റെ ഡയറക്ടര്‍ ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ വിജയ്ക്കുവാന്‍ സഹായിച്ച എല്ലാ മലയാളി സുഹൃത്തുക്കള്‍ക്കും, പ്രമുഖ മലയാളി സംഘടനയായ ഒരുമ ഹൂസ്റ്റന്റെ പ്രവര്‍ത്തകര്‍ക്കും ഡോ. ഈപ്പന്‍് ദാനിയേല്‍ നന്ദി അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.