You are Here : Home / USA News

മലയാളി അസോസിയേഷന്‍ ഓഫ് റോക്ക്‌ലാന്റ് കൗണ്ടി അനുശോചിച്ചു

Text Size  

Story Dated: Tuesday, August 04, 2015 10:46 hrs UTC

ജയപ്രകാശ് നായര്‍

ന്യൂയോര്‍ക്ക് : മുന്‍ രാഷ്ട്രപതിയും, ലോകപ്രശസ്ത ശാസ്ത്രജ്ഞനുമായ ഡോ.എ.പി .ജെ. അബ്ദുള്‍ കലാമിന്റെ ദേഹവിയോഗത്തില്‍ മലയാളി അസോസിയേഷന്‍ ഓഫ് റോക്ക്‌ലാന്റ് കൗണ്ടി (MARC) അനുശോചനയോഗം കൂടി. ജൂലൈ 31 വെള്ളിയാഴ്ച്ച വൈകിട്ട് റോക്ക്‌ലാന്റിലുള്ള സ്റ്റോണി പോയിന്റിലെ ടൌണ്‍ ഹാളിലുള്ള 5 ക്ലബ് ഹൌസില്‍ വച്ച് എല്ലാ ഭാരതീയരേയും പങ്കെടുപ്പിച്ചുകൊണ്ട് പ്രസിഡന്റ് ഗോപിനാഥ് കുറുപ്പിന്റെ അദ്ധ്യക്ഷതയിലാണ് അനുശോചന യോഗം കൂടിയത്. ഒരു ദരിദ്ര കുടുംബത്തില്‍ ജനിച്ച് സാധാരണക്കാരനില്‍ സാധാരണക്കാരനായി വളര്‍ന്ന് ഭാരതത്തിന്റെ പ്രഥമ പൌരനായി മാറിയ കര്‍മ്മയോഗിയുടെ ദേഹവിയോഗത്തില്‍ ലോക ജനതയോടൊപ്പം റോക്ക്‌ലാന്റ് കൗണ്ടിയിലുള്ള എല്ലാ ഭാരതീയരും ദുഃഖത്തില്‍ പങ്കുചേരുന്നതായി ഗോപിനാഥ് കുറുപ്പ് തന്റെ അധ്യക്ഷപ്രസംഗത്തില്‍ അനുസ്മരിച്ചു.

 

സെക്രട്ടറി എല്‍സി ജൂബ്, ഡോ. കലാം ലോകം കണ്ട ശാസ്ത്രജ്ഞരില്‍ അഗ്രഗണ്യനായിരുന്നുവെന്നും സാധാരണക്കാര്‍ക്ക് പ്രാപ്യനായ ഒരു ഭരണാധികാരിയായിരുന്നുവെന്നും അനുസ്മരിച്ചു. ട്രഷറര്‍ റീത്ത മണലില്‍, സംഭവബഹുലമായ ഒരു ജീവിതത്തിന്റെ ഉടമയായ മുന്‍ രാഷ്ട്രപതി ഡോ. കലാം പുതിയ തലമുറയെ സ്വപ്നം കാണാന്‍ ഉദ്‌ബോധിപ്പിക്കുകയും അത് ചിന്തയില്‍ കൊണ്ടുവന്ന് പ്രാവര്‍ത്തികമാക്കുവാന്‍ ശ്രമിക്കണമെന്നും ആഹ്വാനം ചെയ്ത മഹാനുഭാവനായിരുന്നു എന്നും പറയുകയുണ്ടായി. ട്രസ്റ്റീ ബോര്‍ഡ് മെമ്പര്‍ ജി.കെ. നായര്‍, തന്റെ അനുശോചനപ്രസംഗത്തില്‍ ജാതിമത സാമ്പത്തിക പരിഗണനകള്‍ക്കതീതമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത് ജനഹൃദയങ്ങളില്‍ സ്ഥിരപ്രതിഷ്ഠ നേടിക്കൊണ്ട് പരമോന്നത പദവിയില്‍ വിരാജിച്ച മനുഷ്യസ്‌നേഹിയായിരുന്നു ഡോ. കലാം എന്നും അനുസ്മരിച്ചു.

 

വൈസ് പ്രസിഡന്റ് സിബി ജോസഫ്, ഡോ. കലാം പഠിച്ച കോളേജില്‍ പഠിക്കുകയും, അദ്ദേഹം പൂര്‍വവിദ്യാലയം സന്ദര്‍ശിച്ചപ്പോള്‍ നടന്ന സംവാദത്തില്‍ പങ്കെടുത്ത് സംസാരിക്കുവാന്‍ അവസരം ലഭിച്ചതിനെക്കുറിച്ചു അനുസ്മരിക്കുകയും അതില്‍ ചാരിതാര്‍ത്ഥ്യം രേഖപ്പെടുത്തിക്കൊണ്ട് അനുശോചനം അറിയിക്കുകയും ചെയ്തു. നിവിന്‍ മാത്യു, ഓമന ജി.കുറുപ്പ്, സന്തോഷ് മണലില്‍ തുടങ്ങിയവരും അനുശോചനം രേഖപ്പെടുത്തുകയുണ്ടായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.