You are Here : Home / USA News

തിരുവനന്തപുരത്ത് പ്രവാസി മലയാളിസംഗമത്തിനു തിരി തെളിഞ്ഞു

Text Size  

Story Dated: Thursday, August 06, 2015 10:36 hrs UTC

തിരുവനന്തപുരം: പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്വത്തില്‍ സംഘടിപ്പിക്കുന്ന പ്രവാസി മലയാളി സംഗമത്തിനു തലസ്ഥാനനഗരിയില്‍ തിരിതെളിഞ്ഞു. പബ്ലിക് ലൈബ്രററി ഹാളില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന എക്‌സൈസ് മന്ത്രി കെ. ബാബു ഉദ്ഘാടനം നിര്‍വഹിച്ചു. കേരളം നിക്ഷേപസൗഹൃദ സംസ്ഥാനമായി മാറിയെന്നും കൂടുതല്‍ നിക്ഷേപം നടത്തി നാടിനെ വികസനത്തിലേയ്ക്കു നയിക്കാന്‍ പ്രവാസികള്‍ തയാറാകണമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി അഭ്യര്‍ഥിച്ചു. കണ്ണൂര്‍ വിമാനത്താവളം, കൊച്ചി മെട്രോ, സ്മാര്‍ട്ട് സിറ്റി തുടങ്ങിയവ അടക്കം നിരവധി വികസന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയായിവരുന്നു. മാറിയ സാഹചര്യത്തില്‍ പ്രവാസികളുടെ സഹകരണം സംസ്ഥാനം ഏറെ പ്രതീക്ഷിക്കുന്നു. കേരളത്തെ നിലനിര്‍ത്തുന്നതില്‍ പ്രവാസികള്‍ വഹിക്കുന്ന പങ്ക് നന്ദിയോടെ അനുസ്മരിക്കണമെന്നു മന്ത്രി ആവശ്യപ്പെട്ടു. ഏകദേശം 30 ലക്ഷത്തോളം മലയാളികള്‍ വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നു. കേരളത്തിന്റെ വരുമാനത്തിന്റെ 22 ശതമാനവും വിദേശ മലയാളികള്‍ അയയ്ക്കുന്ന പണമാണെന്നു മന്ത്രി ഓര്‍മിപ്പിച്ചു.

 

നാട്ടിലേക്കു മടങ്ങണമെന്ന് ആഗ്രഹിച്ചിട്ടും അതിനുകഴിയാതെ വര്‍ഷങ്ങളായി വിദേശത്തു തുടരുന്ന മലയാളികളെ സഹായിക്കുന്നതിനു സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചനകള്‍ നടത്തിവരികയാണെന്നും മന്ത്രി അറിയിച്ചു. മലയാളത്തിന്റെ പ്രിയപ്പെട്ട ഗാനരചയിതാവും കവിയും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീകുമാരന്‍ തമ്പിയെ പ്രവാസി മലയാളി ഫെഡറേഷന്‍ ആദരിച്ചു. മൂന്നുനേരം ഭക്ഷണത്തിനു വകയുണ്ടാക്കി കേരളത്തെ ദാരിദ്ര്യമുക്തമാക്കിയതു പ്രവാസികളാണെന്നു മറുപടിപ്രസംഗത്തില്‍ ശ്രീകുമാരന്‍ തമ്പി പറഞ്ഞു. പ്രവാസി മലയാളി ഫെഡറേഷന്‍ ചെയര്‍മാന്‍ ജോസ് കാനാട്ട് അധ്യക്ഷത വഹിച്ചു. വി.ടി. ബല്‍റാം എംഎല്‍എ, സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ കെ.സി. റോസക്കുട്ടി ടീച്ചര്‍, പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബര്‍ കോഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍, യുഎഇ ചാപ്റ്റര്‍ കോഓര്‍ഡിനേറ്റര്‍ ഡയ്‌സ് ഇടിക്കുള, ഗള്‍ഫ് കോഓര്‍ഡിനേറ്റര്‍ ലെത്തീഫ് തെച്ചി, ഗുജറാത്ത്് ചാപ്റ്റര്‍ കോഓര്‍ഡിനേറ്റര്‍ ഉമേഷ് മേനോന്‍, അമേരിക്ക കോഓര്‍ഡിനേറ്റര്‍ പി.പി. ചെറിയാന്‍, ബഹറിന്‍ കോഓര്‍ഡിനേറ്റര്‍ ജോര്‍ജ് മാത്യു, സ്വാമി ജനസമ്മതന്‍ ജ്ഞാനതപസ്വി, ചന്ദ്രപ്രകാശ് ഇടമന, ഷിജി ചീരംവേലില്‍, ബഷീര്‍ അമ്പലായി തുടങ്ങിയവര്‍ പങ്കെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.