You are Here : Home / USA News

പരിശുദ്ധ പാത്രിയർക്കീസ് ബാവായ്ക്ക് ഉജ്ജ്വല വരവേൽപ്

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Monday, August 10, 2015 10:34 hrs UTC

ഡാലസ്∙ ആകമാന സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവായുടെ ഡാലസ് സന്ദർശനം ഒരു ചരിത്ര സംഭവമായി മാറി. ഡാലസ് സെന്റ് മേരീസ് യാക്കോബായ സുറിയാനി പളളിയുടെ സിൽവർ ജൂബിലിയാഘോഷങ്ങളോട് അനുബന്ധിച്ച് ഓഗസ്റ്റ് 7 വെളളിയാഴ്ച വൈകിട്ട് 4.15 ന് ഡാലസ് ഇന്റർ നാഷണൽ എയർപോർട്ടിൽ എത്തിച്ചേർന്ന പരിശുദ്ധ പിതാവിന് അഭിവന്ദ്യ തിരുമേനിമാരോടും സിൽവർ ജൂബിലി കമ്മറ്റിയംഗങ്ങളോടൊപ്പം വികാരി റവ. ഫാ. പോൾ തോട്ടക്കാട്ട് പൂച്ചെണ്ട് നൽകി സ്വീകരിച്ചു. തുടർന്ന് പൊലീസ് അകമ്പടിയോടെ ബാങ്ക്വറ്റ് ഹാളിലേക്ക് ആനയിച്ച പരി. പിതാവിനെ അഭിവന്ദ്യ മെത്രാപ്പോലീത്താമാർ വന്ദ്യ കോർ എപ്പിസ്കോപ്പമാർ, വൈദീക ശ്രേഷ്ഠർ, ശെമ്മാശന്മാർ, സഭാ കൗൺസിൽ അംഗങ്ങൾ, സിൽവർ ജൂബിലി കമ്മറ്റിയംഗങ്ങൾ, പളളി ഭരണ സമിതി എന്നിവരുടെ നേതൃത്വത്തിൽ, ചെണ്ട വാദ്യ മേളങ്ങളോടെ, വർണ്ണ മുത്തുക്കുടകളുമേന്തി, കത്തിച്ച മെഴുകുതിരികളുമായി, ചുവന്ന പരവതാനി വിരിച്ച്, നൂറ് കണക്കിന് വിശ്വാസികൾ പരിശുദ്ധ പിതാവിനോടും അന്ത്യോഖ്യാ സിംഹാസനത്തോടുമുളള കൂറും ഭക്തിയും ആവർത്തിച്ച് പ്രഖ്യാപിച്ചു കൊണ്ട് അഭിവാദ്യങ്ങൾ അർപ്പിച്ച് വരവേറ്റപ്പോൾ അന്തരീക്ഷമാകെ ഭക്തി സാന്ദ്രമായി.

 തുടർന്ന് ഇടവക മെത്രാപ്പോലീത്താ അഭിവന്ദ്യ യൽദൊ മാർ തീത്തോസിന്റെ മഹനീയ അധ്യക്ഷതയിൽ നടന്ന അനുമോദന യോഗത്തിൽ, വികാരി റവ. ഫാ. പോൾ തോട്ടക്കാട്ട് സ്വാഗതമാശംസിച്ചു. അഭിവന്ദ്യരായ അയൂബ് മാർ സിൽവാനോസ്, മാത്യൂസ് മാർ അന്തീമോസ്, ബിഷപ്പ് മോറീസ് അംഷി എന്നീ പിതാക്കന്മാർക്ക് പുറമേ വന്ദ്യ റമ്പാച്ചന്മാർ, വൈദിക ശ്രേഷ്ഠർ തുടങ്ങിയവരും അനുമോദനങ്ങൾ അർപ്പിച്ച് സംസാരിച്ചു. മുൻ വികാരിമാരായ െവരി. റവ. വി. എം. തോമസ് കോർ എപ്പിസ്കോപ്പാ, വെരി. റവ. ജോസഫ് സി. ജോസഫ് കോർ എപ്പിസ്കോപ്പാ എന്നിവരും ആശംസകൾ നേർന്നു. തുടർന്ന് നടന്ന പരിശുദ്ധ പിതാവിന്റെ അനുഗ്രഹീത പ്രഭാക്ഷണം, വിശ്വാസികൾ ശ്രദ്ധാപൂർവ്വം ശ്രവിച്ച് ആത്മ സംതൃപ്തിയടഞ്ഞു. ലോകത്ത് പലയിടത്തും പ്രത്യേകിച്ച് സിറിയ തുടങ്ങിയ രാജ്യങ്ങളിൽ ക്രൈസ്തവ സഭ വെല്ലുവിളികളുടെ മദ്ധ്യത്തിലാണെന്നും ആയിരങ്ങൾ ഇതിനോടകം അഭയാർത്ഥികളായും അനേകർ വധിക്കപ്പെടുകയും ചെയ്തതായും ഉളള കദന കഥ പരിശുദ്ധ ബാവാ വിവരിച്ചു. വേദനയനുഭവിക്കുന്ന ക്രൈസ്തവ സഹോദരങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരാനും അവർക്കായി പ്രാർഥിക്കാനും നാം കടപ്പെട്ടിരിക്കുന്നുവെന്ന് പരി. ബാവ ഓർമ്മിപ്പിച്ചു. അചഞ്ചലമായ വിശ്വാസത്തിന്റെയും തീഷ്ണതയുടേയും വാക്കുകളായിരുന്നു പരിശുദ്ധ ബാവായുടേത്. രക്ത സാക്ഷികളുടേയും പീഡിതരുടേയും സഭയാണ് സുറിയാനി സഭയെന്നും പ്രതിസന്ധികളിൽ തളരാതെ പ്രാർഥനയോടെ വെല്ലുവിളികളെ നേരിടുവാൻ തയ്യാറാകണമെന്നും പരിശുദ്ധ ബാവാ സഭാ മക്കളെ ആഹ്വാനം ചെയ്തു. അലക്സ് മാത്യു (കോർഡിനേറ്റർ, സിൽവർ ജൂബിലി കമ്മിറ്റി) നന്ദി പ്രകാശിപ്പിച്ചു. ഷിബു കുരുവിള, ഡോ. ലിജി അനിൽ മാത്യു എന്നിവർ എംസിമാരായും പ്രവർത്തിച്ചു. അമേരിക്കൻ മലങ്കര അതിഭദ്രാസന പിർഒ കറുത്തേടത്ത് ജോർജ് അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.