You are Here : Home / USA News

മല്ലപ്പള്ളിയിലേക്ക് വീണ്ടും വോളി ആരവം; ആവേശം ഷിക്കാഗോയിലും

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, August 12, 2015 09:42 hrs UTC

ഷിക്കാഗോ: മല്ലപ്പള്ളി വര്‍ക്കിയുടെ മണ്ണിലേക്ക് വീണ്ടും വോളിബോള്‍ ആവേശം ഒഴുകിയെത്തുമ്പോള്‍ അതിന്റെ ആരവം ഇങ്ങകലെ അമേരിക്കയിലെ കായിക പ്രേമികളിലും. മുന്‍ വോളിതാരം പ്രയാറ്റുകുന്നേല്‍ കുട്ടപ്പന്റെ പത്താം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തുന്ന എവര്‍റോളിംഗ് േട്രാഫിക്കായുള്ള ടൂര്‍ണമെന്റാണ് മല്ലപ്പള്ളിയിലും പരിസരപ്രദേശങ്ങളിലും ഒരിക്കല്‍ കൂടി സ്മാഷുകളുടെ ഇടിമുഴക്കമുയര്‍ത്തുന്നത്. പുതുതലമുറയിലെ താരങ്ങളുടെ പ്രകടനം കാണാനുള്ള സുവര്‍ണാവസരത്തിനൊപ്പം പഴയകാലത്തെ ആവേശം ചോരാതിരിക്കുന്നതിനും ടൂര്‍ണമെന്റ് വഴിയൊരുക്കുമെന്നുറപ്പ്. നാട്ടിലും ഇവിടെ വിവിധ പ്രദേശങ്ങളിലും നടക്കുന്ന വോളിബോള്‍ മത്സരങ്ങളുമായി ബന്ധപ്പെട്ട വിശേഷങ്ങളും മറ്റും സാമൂഹിക മാധ്യമങ്ങളിലുടെ കായികപ്രേമികളില്‍ എത്തിക്കുന്നതില്‍ ഷിക്കാഗോ മലയാളി വോളിബോള്‍ ഫാന്‍സ് അസോസിയേഷന്റെ പങ്ക് പ്രശംസനീയമാണ്. അതുകൊണ്ടുതന്നെ മത്സരം നാട്ടിലാണെങ്കിലും ഇവിടെയും ആവേശത്തിനും ആകാംഷയ്ക്കും ഒട്ടും കുറവില്ല. ഇക്കൂട്ടത്തില്‍ പ്രയാറ്റുകുന്നേല്‍ വര്‍ക്കിയുടെ പിന്‍തലമുറക്കാരുമുണ്ടെന്നതു ശ്രദ്ധേയം. വര്‍ക്കിയുടെ കുടുംബാംഗമായ പ്രയാറ്റുകുന്നേല്‍ കുട്ടപ്പന്റെ മക്കളും വോളിബോള്‍ താരങ്ങളായ പ്രിന്‍സും പ്രദീപും പ്രവീണുമൊക്കെ നാട്ടിലെ ഉത്സാഹം ഇവിടെ വോളികോര്‍ട്ടുകളിലും മത്സരവേദികളിലും ഉറപ്പിക്കുന്നതില്‍ മൂന്‍പന്തിയില്‍ തന്നെ. കുട്ടപ്പന്റെ കൊച്ചുമക്കളായ നിഥിനും നെയ്ഥനും റയാനുമാണ് പുതുതലമുറയില്‍ വോളിപാരമ്പര്യം വിളക്കിചേര്‍ക്കുന്ന കണ്ണികള്‍. ഓഗസ്റ്റ് 23 മുതല്‍ 27 വരെ നെടുങ്ങാടപ്പള്ളി സി.എം.എസ് ഹൈസ്‌കൂളില്‍ മോടയില്‍ എം.ഐ ജേക്കബ് സ്മാരക ഫ്‌ളഡ് ലിറ്റ് സ്‌റ്റേഡിയത്തില്‍ നടത്തുന്ന ടൂര്‍ണമെന്റില്‍ പ്രമുഖ ടീമുകള്‍ പങ്കെടുക്കും. മല്ലപ്പള്ളി വൈ.എം.സി.എയാണ് സംഘാടകര്‍. ദിവസേന വൈകിട്ട് ആറരയ്ക്കാണ് മത്സരങ്ങള്‍. പ്രവേശം സൗജന്യമാണെന്നും പ്രസിഡന്റ് ബാബു കൊച്ചിക്കുഴിയും സെക്രട്ടറി റിനോ കോഴികുന്നത്തും അറിയിച്ചു. വിവരങ്ങള്‍ക്ക് ജനറല്‍ കണ്‍വീനര്‍ കൊച്ചുമോന്‍ വടക്കേപ്പറമ്പിലുമായി ബന്ധപ്പെടണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.