You are Here : Home / USA News

ചിക്കാഗോയില്‍ നടന്ന സ്വാതന്ത്ര്യദിന പരേഡില്‍ ഐ.എന്‍.ഒ.സി

Text Size  

Story Dated: Monday, August 17, 2015 10:30 hrs UTC

തോമസ്‌ പടന്നമാക്കല്‍

 

ചിക്കാഗോ: ഡിവോണ്‍ അവന്യൂവില്‍ വച്ചു നടന്ന ഭാരത്തിന്റെ 69-മത്‌ സ്വാതന്ത്ര്യദിന പരേഡില്‍ മലയാളി സമൂഹത്തെ പ്രതിനിധീകരിച്ച ഫ്‌ളോട്ടിനു ഐ.എന്‍.ഒ.സി മിഡ്‌വെസ്റ്റ്‌ റീജിയന്‍ ചിക്കാഗോ നേതൃത്വം നല്‍കി. എഫ്‌.ഐ.എയുടെ നേതൃത്വത്തില്‍ എല്ലാവര്‍ഷവും നടത്താറുള്ള സ്വാതന്ത്ര്യദിന പരേഡിന്റെ ഭാഗമായി ഇക്കൊല്ലവും ചിക്കാഗോയിലെ മഹാത്മാഗാന്ധി റോഡിലൂടെ നൂറുകണക്കിനു പുഷ്‌പാലംകൃതമായ ഫ്‌ളോട്ടുകള്‍ അണിനിരന്ന്‌ വിവിധ കലാമേളങ്ങളോടെ വര്‍ണ്ണശബളമായി അരങ്ങേറിയ റാലിയില്‍ പങ്കെടുത്തുകൊണ്ട്‌ ഐ.എന്‍.ഒ.സി മിഡ്‌വെസ്റ്റ്‌ റീജിയന്‍ നയിച്ച രഥം കൊടിതോരണങ്ങളാല്‍ അലംകൃതമായി വാദ്യമേളങ്ങളുടെ അകമ്പടിയോടെ വന്ന നയനമനോഹരമായ കാഴ്‌ച കാണികളായി തെരുവിന്റെ ഇരുവശത്തും അണിനിരന്ന പതിനായിരങ്ങള്‍ക്ക്‌ ഹരമായി.

 

'സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ്‌' എന്ന ലോകമാന്യതിലകന്റെ വാക്കുകള്‍ അന്വര്‍ത്ഥമാക്കിക്കൊണ്ട്‌ സ്വതന്ത്രഭാരതത്തിന്റെ 69 വര്‍ഷങ്ങളിലെ ദിനരാവുകളും പിന്നിട്ട്‌ ആയിരമായിരം രക്തസാക്ഷികള്‍ തലമുറ തലമുറ കൈമാറി നമ്മിലെത്തിച്ചിരിക്കുന്ന സ്വാതന്ത്ര്യത്തിന്റെ പൊന്‍കതിരുകളുയരുന്ന ഓര്‍മ്മയുടെ ഈ സുദിനത്തില്‍ ലകമെമ്പാടുമുള്ള ലക്ഷോപലക്ഷം ഭാരതീയരും അവരവരുടെ തട്ടകങ്ങളില്‍ ഒത്തുകൂടിയിരിക്കുമ്പോള്‍, ചിക്കാഗോയിലേയും പരിസരങ്ങളിലേയും ഭാരതീയര്‍ ഡിവോണ്‍ അവന്യ എന്ന മഹാത്മാഗാന്ധി റോഡില്‍ അണിനിരന്ന വര്‍ണ്ണശബളമായ പ്രകടനം ദൃശ്യമനോഹരമായിരുന്നു. സ്വതന്ത്രഭാരത്തിന്റെ മക്കള്‍ ഒത്തൊരുമിക്കുന്ന ഈ സുദിനത്തില്‍ മാതൃരാജ്യത്തിന്റെ ഓര്‍മ്മകള്‍, നമുക്ക്‌ ജന്മം നല്‍കി, നമുക്കുവേണ്ട ഭക്ഷണം, വസ്‌ത്രം, ചികിത്സ, വിദ്യാഭ്യാസം തുടങ്ങി എല്ലാം നല്‍കി ശത്രുരാജ്യങ്ങളുടെ ഭീഷണികളില്‍ അടിപതറാതെ പടപൊരുതി അതിജീവിച്ച്‌ നീണ്ട 69 വര്‍ഷങ്ങള്‍ നമുക്ക്‌ സമ്മാനിച്ച മധുരസുന്ദര ദിനരാത്രങ്ങള്‍ സ്വാര്‍ത്ഥതയോടെ നുകര്‍ന്നാസ്വദിക്കുമ്പോള്‍, ഒരുനോക്ക്‌ പിന്നോട്ടു നോക്കുന്നത്‌ ഉചിതമായിരിക്കുമെന്നു തുടര്‍ന്ന്‌ വെസ്റ്റേണ്‍ അവന്യൂവിലുള്ള പാര്‍ക്കില്‍ കൂടിയ യോഗത്തില്‍ ഐ.എന്‍.ഒ.സി മിഡ്‌വെസ്റ്റ്‌ റീജിയന്‍ പ്രസിഡന്റ്‌ അഗസ്റ്റിന്‍ കരിങ്കുറ്റിയില്‍ അഭിപ്രായപ്പെട്ടു.

 

ഏഴു പതിറ്റാണ്ടുകളായി ഭാരതത്തെ നയിച്ച ഭരണാധികാരികളും, ഇന്ത്യയെ ഇന്ത്യയാക്കി ലോകരാഷ്‌ട്രങ്ങളുടെ ഇടയില്‍ തിളങ്ങുന്ന വെള്ളിനക്ഷത്രമാക്കിയും, ശാസ്‌ത്രസാങ്കേതിക രംഗത്തും, കാര്‍ഷിക രംഗത്തും, വിദ്യാഭ്യാസ രംഗത്തും, ബഹിരാകാശ രംഗത്തും വൈദ്യശാസ്‌ത്രരംഗത്തും, വ്യവസായ രംഗത്തും, സാമ്പത്തിക രംഗത്തും എന്നുവേണ്ട മനുഷ്യചിന്ത്യമായ ആയിരമായിരം രംഗങ്ങളില്‍ ലോകത്തിലെ അതുല്യശക്തിയായി മാറ്റാന്‍ നേതൃത്വം നല്‍കിയും ഭരണചാതുര്യം കാഴ്‌ചവെച്ചതിലുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഇച്ഛാശക്തിയും അഭിനന്ദനമര്‍ഹിക്കുന്നുവെന്ന്‌ യോഗത്തെ അഭിസംബോധന ചെയ്‌ത മുന്‍ പ്രസിഡന്റ്‌ തോമസ്‌ മാത്യു പടന്നമാക്കല്‍ വിലയിരുത്തി. സ്വാതന്ത്ര്യസമരാഗ്നിയില്‍ ജീവന്‍ ഹോമം ചെയ്‌ത ആയിരമായിരം സ്വാതന്ത്ര്യസമര സേനാനികള്‍ ചെയ്‌ത ത്യാഗവും നിറതോക്കുകളുടെ മുന്നില്‍ വിരിമാറ്‌ കാട്ടി സധൈര്യം പടപൊരുതിയ ധീരജവാന്മാര്‍ തുടങ്ങി ആയിരങ്ങളുടെ രക്തസാക്ഷിത്വത്തിലൂടെയും, ത്യാഗത്തിലൂടെയും നാം കൈവരിച്ച സ്വാതന്ത്ര്യം ഭാവിതലമുറകളിലേക്ക്‌ കൈമാറേണ്ടത്‌ നാമോരോരുത്തരുടേയും കൂടിയ കടമയാണെന്ന്‌ യോഗത്തില്‍ പ്രസംഗിച്ച മുന്‍ പ്രസിഡന്റ്‌ സതീശന്‍ നായര്‍ വ്യക്തമാക്കി. സ്വതന്ത്രഭാരതത്തിന്റെ അഖണ്‌ഡതയ്‌ക്കും ഉന്നമനത്തിനും സ്വന്തം ശരീരത്തിലെ അവസാനതുള്ളി രക്തംവരെ ചിന്തിയ മഹാത്മജിക്കും ഇന്ദിരാജിക്കും രാജീവ്‌ ഗാന്ധിക്കും അതിര്‍ത്തിയിലെ രണാങ്കണങ്ങളില്‍ കൊഴിഞ്ഞുവീണ ധീരജവാന്മാര്‍ക്കും രാജ്യരക്ഷയ്‌ക്കായി ത്യാഗത്തിന്റെ തീച്ചൂളയില്‍ അമര്‍ന്നെരിഞ്ഞ ധീര രക്ഷസാക്ഷികള്‍ക്കും ആയിരമായിരം പ്രാര്‍ത്ഥനകളും പ്രണാമവും നന്ദിയുടെ പൂച്ചെണ്ടുകളും രേഖപ്പെടുത്തേണ്ട ഈ സുദിനം സമുചിതമായി ആചരിക്കേണ്ടത്‌ ആ മഹദ്‌ വ്യക്തികളോട്‌ കാണിക്കേണ്ട ഓരോ ഭാരതീയന്റെ കടമയും കടപ്പാടുമാണെന്നും അവരുടെ ത്യാഗത്തിന്റെ ഫലമാണ്‌ നാം അനുഭവിക്കുന്ന സുഖസൗകര്യങ്ങളുടെ ഉറവിടമെന്നും വൈസ്‌ പ്രസിഡന്റ്‌ വര്‍ഗീസ്‌ പാലമലയില്‍ ഓര്‍മ്മിപ്പിച്ചു. സ്വതന്ത്രഭാരതത്തിന്റെ ഏടുകളില്‍ എഴുതിച്ചേര്‍ത്ത വ്യക്തമായ ഭരണഘടനയും നിയമവും നിയമസംവിധാനങ്ങളും ജനാധിപത്യവും, ജനാധിപത്യമൂല്യങ്ങളും, വിവിധ ഭാഷാ സംസ്‌കാരങ്ങളെ കോര്‍ത്തിണക്കി ഏകോപിപ്പിച്ച്‌ ജാതിമത ചിന്തകള്‍ക്കതീതമായും സാമ്പത്തികാന്തരങ്ങള്‍ മാറ്റിവെച്ചും പൗരസ്വാതന്ത്ര്യം ഉറപ്പുനല്‍കിക്കൊണ്ടു ഒരു ജനതയായി മുന്നേറാന്‍ നാമോരോരുത്തരും ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ തമ്പി മാത്യു വിശകലനം ചെയ്‌തു. ഇന്ത്യന്‍ നാഷണല്‍ ഓവര്‍ഗീസ്‌ കോണ്‍ഗ്രസ്‌ ഭാരവാഹികളായ അഗസ്റ്റിന്‍ കരിങ്കുറ്റിയില്‍, പ്രൊഫ. തമ്പി മാത്യു, വര്‍ഗീസ്‌ പാലമലയില്‍, സതീശന്‍ നായര്‍, തോമസ്‌ മാത്യു, ജസി റിന്‍സി, ബെന്നി പരിമണം, പ്രവീണ്‍ തോമസ്‌, ഷാനി ഏബ്രഹാം, സന്തോഷ്‌ നായര്‍, സജി കുര്യന്‍, ഷിബു വെണ്‍മണി, റിന്‍സി കുര്യന്‍ തുടങ്ങിയവര്‍ റാലിക്കും യോഗത്തിനും നേതൃത്വം നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.