You are Here : Home / USA News

സ്വാമി ഉദിത്‌ ചൈതന്യജിയുടെ നാരായണീയ ആയുരാരോഗ്യ സപ്‌താഹം സമംഗളം പര്യവസാനിച്ചു

Text Size  

Story Dated: Tuesday, August 25, 2015 09:09 hrs UTC

ജയപ്രകാശ്‌ നായര്‍

ന്യൂയോര്‍ക്ക്‌: ഓഗസ്റ്റ്‌ 16 ഞായാറാഴ്‌ച്ച വൈകിട്ട്‌ 4 മണിക്ക്‌ ക്വീന്‍സിലെ ശനീശ്വര ക്ഷേത്രത്തില്‍ വച്ച്‌ (9530, 225വേ ടേൃലല,േ ഝൗലലി െഢശഹഹമഴല, ചഥ11429), സ്വാമി ഉദിത്‌ ചൈതന്യജിയുടെ നേതൃത്വത്തില്‍ സമാരംഭിച്ച നാരായണീയം `ആയുരാരോഗ്യ` സപ്‌താഹ യജ്ഞവും പ്രഭാഷണവും വിവിധ ആധ്യാത്മിക വിഷയങ്ങളില്‍ ഊന്നല്‍ നല്‍കിക്കൊണ്ട്‌ ഓരോ ദിവസവും നിറഞ്ഞ സദസ്സിനു മുന്‍പാകെ നടക്കുകയുണ്ടായി. ഓഗസ്റ്റ്‌ 17 തിങ്കളാഴ്‌ച്ച സപ്‌താഹത്തിന്റെ ഒന്നാം ദിവസം യജ്ഞപൌരാണികരായ ജയപ്രകാശ്‌ നായര്‍, ബാലകൃഷ്‌ണന്‍ നായര്‍ എന്നിവരുടെ ആഭിമുഖ്യത്തില്‍ പാരായണം ആരംഭിച്ചു. എല്ലാ ദിവസവും സന്നിഹിതരായിരുന്ന ഭക്തജനങ്ങള്‍ക്കും നാരായണീയം പാരായണം ചെയ്യുവാന്‍ അവസരം ലഭിക്കുകയുണ്ടായി.

 

മേല്‌പത്തൂര്‍ നാരായണ ഭട്ടതിരി 445 വര്‍ഷം മുന്‍പ്‌ രചിച്ച നാരായണീയം എന്ന മഹത്‌ഗ്രന്ഥം, 18000 ശ്ലോകങ്ങള്‍ ഉള്‍ക്കൊള്ളുന്ന മഹാഭാഗവതത്തിന്റെ സംക്ഷിപ്‌ത രൂപമാണ്‌. രോഗ ബാധിതനായ മേല്‌പത്തൂര്‍, ശ്രീ ഗുരുവയൂരപ്പ സന്നിധിയില്‍ ഓരോ ദിവസവും 10 ശ്‌ളോകം വീതം എഴുതി 100 ദിവസം കൊണ്ട്‌ 100 ദശകം തികച്ചപ്പോള്‍ അദ്ദേഹത്തിന്റെ രോഗം പൂര്‍ണമായും മാറി ആയുരാരോഗ്യ സൌഖ്യം സിദ്ധിച്ചു എന്നുള്ളതാണ്‌ ഐതിഹ്യം. ഇതിനെ മുന്‍നിര്‍ത്തി കാല ദേശ ഭേദമില്ലാതെ നടത്തിവരുന്ന നാരായണീയ സപ്‌താഹം ഇദംപ്രഥമമായി അമേരിക്കയില്‍ അയ്യപ്പസേവാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ന്യൂയോര്‍ക്കില്‍ നടത്തുവാന്‍ അവസരം സിദ്ധിച്ചതില്‍ സെക്രട്ടറി സജി കരുണാകരന്‍ ചാരിതാര്‍ത്ഥ്യം പ്രകടിപ്പിച്ചു. ഇതില്‍ പങ്കെടുത്ത എല്ലാ ഭക്തജനങ്ങള്‍ക്കും ഭക്തിയുടെ പാരമ്യതയില്‍ ലയിച്ചു ചേരുവാന്‍ സാധിച്ചു.

 

ഉദ്‌ഘാടന ദിവസം "Health the Real Wealth" (വരാഹാവതാരം) എന്ന വിഷയത്തിലും, "Balance your Three Bodies" (കപിലാവതാരത്തിന്റെ സാംഖ്യയോഗം), രണ്ടാം ദിവസം "Why Gods incarnate only in India?" (നരസിംഹാവതാരം), മൂന്നാം ദിവസം "The tSrength in seeing it all" (വിശ്വരൂപ ദര്‍ശനംകൃഷ്‌ണാവതാരം), നാലാം ദിവസം "Marriage - Choice to Rejoice" (രുഗ്മിണീ സ്വയംവരം), അഞ്ചാം ദിവസം "Fearless mind" (വേദാന്തം), ആറാം ദിവസം "Richness in Blessings" (കുചേല ചരിതം), ഏഴാം ദിവസം "True power int rue prayer" (കേശാദി പാദ വര്‍ണ്ണനം) ഇത്യാദി വിഷയങ്ങളില്‍ നടത്തിയ പ്രഭാഷണ പരമ്പരയില്‍ നാനാ ജാതി മതസ്ഥര്‍ പങ്കെടുത്തു. ഹൈന്ദവ സംസ്‌കൃതിയെന്നാല്‍ ഒന്നിനേയും അന്ധമായി വശ്വസിക്കുകയല്ല നേരെ മറിച്ച്‌ യഥാര്‍ത്ഥമായി വിശകലനം ചെയ്‌ത്‌ മനസിലാക്കുകയെന്ന ഉപനിഷത്തിന്റെ നൈഷിക രീതിയാണ്‌ സ്വാമി ഉദിത്‌ ചൈതന്യജിയുടെ പ്രഭാഷണങ്ങളിലുടനീളം തെളിഞ്ഞുനിന്നത്‌. ഓഗസ്റ്റ്‌ 23 ഞായറാഴ്‌ച്ച ഉച്ചയ്‌ക്ക്‌ ഗുരുദക്ഷിണയോടുകൂടി യജ്ഞം പര്യവസാനിച്ചു. പ്രസിഡന്റ്‌ ഗോപിനാഥ്‌ കുറുപ്പ്‌, യജ്ഞാചാര്യനായ സ്വാമി ഉദിത്‌ ചൈതന്യജിക്കും യജ്ഞപൌരാണികരായ ജയപ്രകാശ്‌ നായര്‍ക്കും, ബാലകൃഷ്‌ണന്‍ നായര്‍ക്കും ദക്ഷിണ നല്‍കുകയും പങ്കെടുത്ത എല്ലാ ഭക്തജനങ്ങള്‍ക്കും, ഇതിന്റെ വിജയത്തിനു വേണ്ടി അഹോരാത്രം പരിശ്രമിച്ച ഓരോ വ്യക്തികളുടെയും പേരെടുത്തു പറഞ്ഞ്‌ നന്ദി പ്രകാശിപ്പിച്ചു. ന്യൂയോര്‍ക്കില്‍ പതിനെട്ട്‌ പടിയോടു കൂടി സാക്ഷാല്‍ ശ്രീധര്‍മ്മ ശാസ്‌താവിന്റെ ഒരു ക്ഷേത്രം പണിതുയര്‍ത്തുന്നതിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചിരിക്കുന്നതായും ഗോപിനാഥ്‌ കുറുപ്പ്‌ അറിയിച്ചു. തുടര്‍ന്ന്‌ സുപ്രസിദ്ധ ഗായകന്‍ മനോജ്‌ കൈപ്പിള്ളിയുടെ ഭക്തിഗാന മേളയോടെയും പ്രസാദ വിതരണത്തോടെയും നാരായണീയ ആയുരാരോഗ്യ സപ്‌താഹ യജ്ഞം പര്യവസാനിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.