You are Here : Home / USA News

യു എസ്‌ ടെക്‌നിക്കല്‍ മേഖലയില്‍ ഉയരങ്ങള്‍ കീഴടക്കി ഇന്ത്യന്‍ കുടിയേറ്റസമൂഹം

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Tuesday, August 25, 2015 09:17 hrs UTC

 
ഇന്ത്യക്കാരായ മാതാപിതാക്കള്‍, തങ്ങളുടെ മക്കള്‍ കണക്കിലും സയന്‍സിലുമൊക്കെ മിടുക്കരായി വളരണെമന്നാഗ്രഹിക്കുന്നത്‌, സാമൂഹ്യശ്രേണിയിലെ ഉയരങ്ങളിലേക്കുള്ള വളര്‍ച്ച ലക്ഷ്യമിട്ടുതന്നെയാണ്‌. എന്നാല്‍ ആഗോളതലത്തില്‍ തന്നെ മുന്‍നിരയിലുള്ള യു എസ്‌ കോര്‍പറേഷനുകളിലൊക്കെയും ഇന്ത്യന്‍ കുടിയേറ്റസമൂഹം എക്‌സിക്യൂട്ടീവ്‌ ചുമതലകളിലെത്തിപ്പെടുന്നതിന്‌ പിന്നില്‍ ഇന്ത്യയില്‍ ലഭിക്കുന്ന മികച്ച വിദ്യാഭ്യാസത്തിനൊപ്പം, ലാളിത്യത്തിലും മൂല്യങ്ങളിലും പരസ്‌പരസഹവര്‍ത്തിത്വത്തിലും അടിയുറച്ച ഇന്ത്യന്‍ സംസ്‌കാരവും നിര്‍ണായക സ്വാധീനം ചെലുത്തുന്നുവെന്നാണ്‌ വിലയിരുത്തല്‍.
മൈക്രോസോഫ്‌റ്റ്‌ സി ഇ ഒ ആയി നിയമിക്കപ്പെട്ട സത്യ നദെല്ലയ്‌ക്ക്‌ പിന്നാലെ അടുത്തിടെ ഗൂഗിള്‍ ചീഫ്‌ എക്‌സിക്യൂട്ടീവായുള്ള സുന്ദര്‍ പിച്ചെയുടെ നിയമനവും ഈ ഒരു വസ്‌തുതയിലേക്കാണ്‌ വിരല്‍ ചൂണ്ടുന്നത്‌.

ഇന്ത്യന്‍ കുടിയേറ്റസമൂഹം സാരഥ്യമേകുന്ന അഡോബ്‌ സിസ്റ്റംസ്‌, നോക്കിയ, ഗ്ലോബല്‍ ഫൗണ്ട്‌റീസ്‌, മാസ്റ്റര്‍ കാര്‍ഡ്‌, തുടങ്ങിയ കമ്പനികള്‍ക്കൊപ്പം നദെല്ലയുടെയും പിച്ചെയുടെയും രംഗപ്രവേശം കൂടിയായതോടെ നാനാത്വത്തിലെ ഏകത്വത്തിലും മൂല്യങ്ങളിലുമൂന്നിയ ഇന്ത്യന്‍സംസ്‌കാരത്തിനും ഇവിടുത്തെ രൂപപ്പെടലിനും മൂല്യമേറിയതായി സാംസ്‌കാരിക വിദഗ്‌ധരും ഇന്ത്യന്‍ എക്‌സിക്യൂട്ടിവുകളും വിലയിരുത്തുന്നു.

അമേരിക്കയില്‍ മാത്രമല്ല ഗ്ലോബല്‍ കോര്‍പറേഷനുകളിലെല്ലാം മൂല്യാധിഷ്‌ഠിത സംസ്‌കാരം ഇന്ന്‌ വിലമതിക്കപ്പെടുന്നുണ്ടന്നത്‌ ശ്രദ്ധേയമാണ്‌.

നാനാത്വത്തില്‍ ഏകത്വത്തിലൂന്നിയ സാംസ്‌കാരികവൈവിധ്യങ്ങളില്‍ വളരുമ്പോള്‍ തന്നെ അതിന്റെ ഭാഗമായുണ്ടാകുന്ന പ്രതിസന്ധികളെയും പ്രശ്‌നങ്ങളെയും തരണംചെയ്യാനും അതില്‍ നിന്ന്‌ പഠിക്കുന്ന പരസ്‌പരസഹകരണത്തിന്റെയും ടീം വര്‍ക്കിന്റെയും പാഠങ്ങള്‍ ഭാവിയില്‍ എക്‌സിക്യൂട്ടീവ്‌ തലത്തിലെയും മറ്റും സാരഥ്യത്തില്‍ നേതൃശേഷിക്ക്‌ പ്രയോജനപ്പെടുന്ന വിധത്തില്‍ ഉപയോഗിക്കാനും സഹായകമാകുമെന്ന്‌ വിലയിരുത്തപ്പെടുന്നു.

മികച്ച വിദ്യാഭ്യാസ അടിത്തറയ്‌ക്കൊപ്പം ടെക്‌നിക്കല്‍ മികവും സാങ്കേതികരംഗത്ത്‌ ഉയരങ്ങള്‍ കീഴടക്കാന്‍ ആവശ്യമാണ്‌, സിലിക്കോണ്‍ വാലി സംരംഭകര്‍ പറയുന്നു. എന്റപ്രനീരിയല്‍ മികവിനൊപ്പം ജോലിസംബന്ധമായി പുലര്‍ത്തേണ്ട ധാര്‍മികതയെയും ഇന്ന്‌ സമൂഹം വിലമതിക്കുന്നു. മൈഗ്രേഷന്‍ പോളിസി ഇന്‍സ്റ്റിറ്റിയുട്ടിന്റെ കണക്കനുസരിച്ച്‌ ടോപ്പ്‌ എക്‌സിക്യൂട്ടീവ്‌സിനു പുറമേ 89000 ഇന്ത്യക്കാര്‍ സിലിക്കോണ്‍വാലിയില്‍ താമസിക്കുന്നുണ്ട്‌. സാന്‍ഫ്രാന്‍സിസ്‌കോയിലും ഓക്ലന്‍ഡിലുമായി മറ്റൊരു 86,000 പേരും താമസിക്കുന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.