You are Here : Home / USA News

എഡ്‌മണ്ടന്‍ സെന്റ്‌ അല്‍ഫോന്‍സാ ഇടവക സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികം 2015 ആഘോഷിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, August 26, 2015 08:13 hrs UTC

എഡ്‌മണ്ടന്‍, കാനഡ: സെന്റ്‌ അല്‍ഫോന്‍സാ സീറോ മലബാര്‍ ഇടവകയിലെ 2014- 15 വര്‍ഷത്തെ സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികം ഓഗസ്റ്റ്‌ 16-ന്‌ ആഘോഷിച്ചു. ഓഗസ്റ്റ്‌ 14,15 തീയതികളില്‍ നടത്തിയ ഫെയ്‌ത്ത്‌ ഫെസ്റ്റിവലിന്റെ സമാപനമായാണ്‌ സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചത്‌. അദ്ധ്യാപകരായ റ്റിനാ ജോജോ, സാന്റി സിബിച്ചന്‍ എന്നിവര്‍ ഇടവക വികാരിക്കൊപ്പം ഫെയ്‌ത്ത്‌ ഫെസ്റ്റിവലിനു നേതൃത്വം നല്‍കി. രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെയായിരുന്നു ഫെയ്‌ത്ത്‌ ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത്‌. വിദ്യാര്‍ത്ഥികളില്‍ വിശ്വാസവും സൗഹാര്‍ദ്ദവും വളര്‍ത്തുക എന്നതായിരുന്നു ഫെയ്‌ത്ത്‌ ഫെസ്റ്റിവലിന്റെ ലക്ഷ്യം. സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍ക്ക്‌ നിറഞ്ഞ പിന്തുണ നല്‍കിക്കൊണ്ട്‌ മാതൃജ്യോതിസ്‌ അംഗങ്ങളായ സ്‌മിത, സിനി, സുജ, റ്റിനു, മഞ്‌ജു, സോനു എന്നിവരും ഫെയ്‌ത്ത്‌ ഫെസ്റ്റിവിലില്‍ നിറസാന്നിധ്യമായിരുന്നു.

 

ഓഗസ്റ്റ്‌ 16-നു ഞായറാഴ്‌ച വൈകുന്നേരം 4 മണിക്ക്‌ ആരംഭിച്ച വിശുദ്ധ കുര്‍ബാനയ്‌ക്കു ഇടവക വികാരി റവ.ഫാ. ഡോ. ജോണ്‍ കുടിയിരുപ്പില്‍ നേതൃത്വം നല്‍കി. തുടര്‍ന്ന്‌ 5.30-നു സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികം ആരംഭിച്ചു. കുട്ടികളുടെ പ്രാര്‍ത്ഥനാഗാനത്തോടെ ആരംഭിച്ച ചടങ്ങില്‍ പ്രഥമ അധ്യാപകന്‍ സെബാസ്റ്റ്യന്‍ പൈകട സ്വാഗതം ആശംസിച്ചു. നിസ്വാര്‍ത്ഥരും സേവനസന്നദ്ധരുമായ അദ്ധ്യാപകരുടെ ആത്മാര്‍ത്ഥ സേവനത്തെ അച്ചന്‍ പ്രശംസിച്ചു. മതാദ്ധ്യാപനം ഒരു ദൈവവിളിയാണെന്നും വികാരി ഓര്‍മ്മപ്പെടുത്തി. കുട്ടികളുടെ വിശ്വാസ പരിശീലനത്തിന്‌ മതാധ്യാപകര്‍ വഹിക്കുന്ന പങ്കിനെക്കുറിച്ച്‌ ഇടവകജനത്തെ ബോധവത്‌കരിക്കാന്‍ സഹായകമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. മാതൃജ്യോതിസ്‌ ഇടവകയില്‍ വളര്‍ച്ചയുടെ പ്രാരംഭ ഘട്ടത്തില്‍ ആണെങ്കിലും കുട്ടികളുടെ സണ്‍ഡേ സ്‌കൂള്‍ വിദ്യാഭ്യാസത്തിനു നല്‍കുന്ന പ്രോത്സാഹനവും സഹായങ്ങളും വികാരി അച്ചന്‍ അനുസ്‌മരിച്ചു. സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ജൂണിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി മൂന്നു റൗണ്ടുകളിലായി നടത്തിയ പ്രഥമ ബൈബിള്‍ ക്വിസ്‌ മത്സരം കുട്ടികള്‍ക്ക്‌ വാശിയേറിയ മത്സരം മാത്രമായിരുന്നില്ല. പ്രത്യുത പൊതുവിജ്ഞാനം വര്‍ദ്ധിപ്പിക്കാനും, ബൈബിള്‍ അഭിരുചി കൂട്ടാനുമുള്ള ഉപാധികൂടിയായിരുന്നുവെന്ന്‌ വികാരി അച്ചന്‍ ഓര്‍മ്മിപ്പിച്ചു. ബൈബിള്‍ ക്വിസ്‌ കമ്മിറ്റി അംഗങ്ങളുടെ സേവനത്തെ വികാരി അച്ചന്‍ അനുമോദിച്ചു. സ്റ്റാഫ്‌ സെക്രട്ടറി 2014 -15 വര്‍ഷത്തെ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. തുടര്‍ന്ന്‌ നടന്ന കലാവിരുന്നില്‍ ഒന്നാം ക്ലാസ്‌ മുതല്‍ പന്ത്രണ്ടാം ക്ലാസ്‌ വരെയുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികളേയും പങ്കെടുപ്പിച്ചിരുന്നു. അദ്ധ്യാപകരുടെ നേതൃത്വത്തിലായിരുന്നു കുട്ടികളുടെ പരിശീലനം. ഇടവകയില്‍ ആദ്യമായി സണ്‍ഡേ സ്‌കൂള്‍ പന്ത്രണ്ടാം ക്ലാസ്‌ പൂര്‍ത്തിയാക്കി അലക്‌സ്‌ പൈകട, ജെറിന്‍ ജോണ്‍സണ്‍, ജസ്റ്റിന്‍ സൈമണ്‍, റോസ്‌ ജോര്‍ജ്‌ എന്നിവരെ സര്‍ട്ടിഫിക്കറ്റ്‌ നല്‍കി പ്രത്യേകം അനുമോദിച്ചു. പന്ത്രണ്ടാം ക്ലാസ്‌ വിദ്യാര്‍ത്ഥികളെ പരിശീലിപ്പിച്ച സൈമണ്‍ ഫിലിപ്പിനെ വികാരി പ്രത്യേകം അനുമോദിച്ചു. കുട്ടികള്‍ അവതരിപ്പിച്ച ഗ്രൂപ്പ്‌ സോംഗ്‌, സ്‌കിറ്റ്‌, ഡാന്‍സ്‌, മൈം എന്നിവ തികഞ്ഞ വ്യത്യസ്‌തത പുലര്‍ത്തി. സിബി കട്ടപ്പന ആയിരുന്നു പ്രോഗ്രാം കോര്‍ഡിനേറ്റര്‍. അദ്ധ്യാപകനായ ബൈജു കൃതജ്ഞത പറഞ്ഞു. കിന്റര്‍ഗാര്‍ഡന്‍ മുതല്‍ പന്ത്രണ്ടാം ഗ്രേഡ്‌ വരെയുള്ള ക്ലാസുകളില്‍ പരീക്ഷയ്‌ക്ക്‌ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയവരെ സമ്മാനങ്ങള്‍ നല്‍കി അനുമോദിച്ചു. കൂടാതെ മുഴവന്‍ ഹാജരും ലഭിച്ച കുട്ടികളേയും അഭിനന്ദിച്ചു. മാതൃജ്യോതിസ്‌ അംഗങ്ങള്‍ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും ലഘുഭക്ഷണം വിതരണം ചെയ്‌തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.