You are Here : Home / USA News

ജയറാമിനെയും പ്രിയമണിയേയും കാത്തു ഡിട്രോയിറ്റ്

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Wednesday, August 26, 2015 09:20 hrs UTC

ജയറാമിനെയും പ്രിയമണിയേയും കാത്തു ഡിട്രോയിറ്റ്

ഡിട്രോയിറ്റ്: "പോളണ്ട് എന്താ ഇയാളുടെ തറവാട് സ്വത്തോ?" ഒരു പക്ഷെ സാധാരണക്കാരായ മലയാളികൾക്ക് വരെ പോളണ്ടിനെ പരിചയപ്പെടുത്തിയ വാക്കുകളായിരിക്കാം 1991 ഇറങ്ങിയ സന്ദേശം എന്ന മലയാളം സിനിമയിലെ ഈ ഡയലോഗ്. ഇത് സന്ദേശത്തിൽ പറഞ്ഞത് വേറെ ആരുമല്ല, മലയാളത്തിന്റെ ജനപ്രീയ നടൻ ജയറാം സുബ്രമണ്ണ്യത്തിന്റേതാണു. മലയാളത്തിലും, തമിഴിലുമായി ഏകദേശം 120-ഓളം സിനിമകളിൽ അഭിനയിച്ച ജയറാമിനെ തേടി ഒരുപാടു സംസ്ഥാന-ദേശീയ അവാർഡുകൾ എത്തിയിട്ടുണ്ട്.

കോളേജ് വിദ്യാഭ്യാസത്തിനു ശേഷമാണ് ജയറാം കലാഭവനിൽ ചേരുന്നത്. ഇവിടെ നിന്നാണ് പദ്മരാജൻ ജയറാമിനെ പരിചയപ്പെടുന്നതും തന്റെ അപരൻ എന്ന ചിത്രത്തിലേക്ക് ജയറാമിനെ നായകനായി ക്ഷണിക്കുന്നതും. തുടർന്നും ജയറാം പദ്മരാജന്റെ ധാരാളം ചിത്രങ്ങളിൽ അഭിനയിച്ചു.

തുടക്കത്തിൽ തന്നെ ധാരാളം കലാമൂല്യമുള്ളതും, ജനശ്രദ്ധയാകർഷിച്ചതുമായ ചിത്രങ്ങളിൽ അഭിനയിക്കാൻ ജയറാമിന് കഴിഞ്ഞു. മൂന്നാം പക്കം(1988), മഴവിൽക്കാവടി(1989), കേളി(1991). തുടങ്ങിയ ചിത്രങ്ങൾ ഇതിനുദാഹരണങ്ങളാണ്. സത്യൻ അന്തിക്കാട്, രാജസേനൻ തുടങ്ങിയ പ്രശസ്ത മലയാളചലച്ചിത്ര സംവിധായകരുടെ ധാരാളം ചിത്രങ്ങളിൽ ജയറാം അഭിനയിച്ചിട്ടുണ്ട്. ഇവയിൽ മിക്കവയും ഉന്നത വിജയം കൈവരിച്ച ചിത്രങ്ങളായിരുന്നു. വീണ്ടും ചില വീട്ടുകാര്യങ്ങൾ, സന്ദേശം, മേലേപ്പറമ്പിൽ ആൺവീട് തുടങ്ങിയ ചിത്രങ്ങൾ ഇവയിൽ ചിലതു മാത്രമാണ്. ധാരാളം തമിഴ് ചലച്ചിത്രങ്ങളിലും ജയറാം അഭിനയിച്ചിട്ടുണ്ട്. ഗോകുലം, പുരുഷലക്ഷണം, കോലങ്ങൾ, തെനാലി, പഞ്ചതന്ത്രം, തുടങ്ങിയ ചിത്രങ്ങൾ ജയറാമിന്റെ തമിഴ് ചിത്രങ്ങളിൽ ചിലതാണ്. കമലഹാസനുമായി നല്ല സൗഹൃദം പുലർത്തുന്ന ജയറാം, അദ്ദേഹത്തിന്റെ കൂടെയും തമിഴിൽ അഭിനയിച്ചിട്ടുണ്ട്. കമലഹാസന്റെ കൂടെ അഭിനയിച്ച തെനാലി എന്ന ചിത്രം ജയറാമിന്റെ തമിഴ് ചിത്രങ്ങളിൽ ജനശ്രദ്ധയാകർഷിച്ച ചിത്രങ്ങളിൽ ഒന്നാണ്. ഈ ചിത്രത്തിലെ അഭിനയത്തിന് ജയറാമിന് തമിഴ്നാട് സർക്കാറിന്റെ മികച്ച സഹനടനുള്ള പുരസ്കാരവും ലഭിച്ചു.

ജയറാമിനൊപ്പം തെന്നിന്ത്യൻ താര റാണി പ്രിയാമണിയും എത്തുന്നുണ്ട്. പ്രിയാമണി എന്ന പേരിൽ അറിയപ്പെടുന്ന പ്രിയാമണി വാസുദേവ്‌ മണി അയ്യർ (ജനനം-1984 ജൂൺ 4-ന് പാലക്കാട്) ഒരു തെന്നിന്ത്യൻ ചലച്ചിത്ര നടിയാണ്. 2007-ൽ പരുത്തിവീരൻ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ചു. 2008ൽ പുറത്തിറങ്ങിയ തിരകഥ എന്ന മലയാളം സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ ചലച്ചിത്ര അവാർഡ് ലഭിച്ചു. പ്രിയാമണി രാം, കോ കോ, അന്ന ബോണ്ട്‌, ഒൺലി വിഷ്ണുവർധൻ തുടങ്ങിയ കന്നഡ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ആദ്യമായി അഭിനയിച്ച 'കൺകളാൽ കൈത് സൈ'യിലും, തെലുങ്കിലെ ആദ്യ സിനിമയായ 'എവരെ അടഗാടു' യിലും അഭിനയിച്ചതിനു ശേഷം, ബോക്സ്‌ ഓഫീസിൽ അധികം വിജയിക്കാത്ത 'സത്യം' എന്ന സിനിമയിലൂടെ പ്രിയാമണി മലയാള സിനിമയിൽ തുടക്കം കുറിച്ചു. തമിഴ് സിനിമ സംവിധായകനും ഛായഗ്രാഹകനുമായ ബാലു മഹേന്ദ്ര തൻറെ 2005ലെ പുറത്തിറങ്ങിയ 'അത് ഒരു കനാ കാലം' എന്നാ സിനിമയിൽ അഭിനയിക്കാൻ ക്ഷണിച്ചു. റിലീസിന് മുമ്പ് തന്നെ ബാലു മഹേന്ദ്ര "പ്രിയാമണി ഈ സിനിമയിൽ മികച്ച അഭിനയമാണ് കാഴ്ച വെച്ചതെന്നും അത് വ്യാപകമായി സ്വീകരിക്കപ്പെടുമെന്നും" പറഞ്ഞിരുന്നു. 'അത് ഒരു കനാ കാലം' നിരൂപകർ സ്വീകരിച്ചെങ്കിലും സാമ്പത്തികമായി വിജയിച്ചില്ല. പ്രിയാമണിയുടെ അഭിനയം ശ്രദ്ധിക്കപ്പെട്ടു. 2006ൽ പ്രിയാമണി ജഗപതി ബാബുവിൻറെ കൂടെ 'പെല്ലൈന കൊതാലോ' എന്ന സിനമയിൽ അഭിനയിച്ചു. ഈ സിനിമ വമ്പിച്ച വിജയമായിരുന്നു എന്ന് മാത്രമല്ല പ്രിയാമണിക്ക് മറ്റു 3 സിനിമകൾ കൂടി നേടി കൊടുത്തു.

ഇത് വരെ ഏകദേശം 45-ൽ പരം സിനിമകളിൽ പ്രിയാമണി അഭിനയിച്ചിട്ടുണ്ട്.

ഇവരോടൊപ്പം 25-ഓളം കലാകാരന്മാരും കലാകാരികളും അമേരിക്കൻ പര്യടനത്തിനു എത്തുന്നുണ്ട്. സെപ്റ്റംബർ ആദ്യ വാരത്തിൽ എത്തുന്ന ടീമിന്റെ ആദ്യത്തെ ഷോ ഡിട്രോയിറ്റിൽ വച്ചാണു നടത്തപ്പെടുന്നത്. സെപ്റ്റംബർ 4, 2015-ൽ മിഷിഗണിലെ വാറൻ സിറ്റിയിലെ ഫിറ്സ്ജെറാൾഡ് സ്കൂളിൽ വച്ചാണു സ്റ്റേയ്ജ് ഷോ നടത്തപ്പെടുന്നത്. മിഷിഗണിലെ എല്ലാ മലയാളികൾക്കുമായി ഓണസമ്മാനമായി ഈ ഷോ അവതരിപ്പിക്കുന്നത് റേഡിയോ മലയാളം യൂ എസ് എ എന്ന എഫ് എം ചാനലും സുഹൃത്തുക്കളും ചേർന്നാണ്. റേഡിയോ മലയാളം യൂ എസ് ഏയുടെ ഒന്നാം വാർഷികം കൂടിയാണിതെന്നുള്ളതു സംഘാടകർക്ക് ഇരട്ടി മധുരമാണ് നൽകുന്നത്. മലയാളം സംസ്കാരത്തെ പ്രോത്സാഹിപ്പിക്കാനും ലോക്കൽ കലാകാരന്മാർക്കും കലാകാരികൾക്കും കൂടുതൽ അവസരങ്ങൾ നല്കാനും ശ്രമിക്കുന്ന റേഡിയോയുടെ പ്രവർത്തനങ്ങൾ പ്രശംസനീയമാണു. കൂടാതെ ഈ ഷോയിൽ നിന്ന് കിട്ടുന്ന ലാഭം ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതായിരിക്കും എന്ന് സംഘാടകർ പറഞ്ഞു. മറക്കാതെ സെപ്റ്റംബർ 4 നു ഷോയിൽ പങ്കെടുത്തു വിജയിപ്പിക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു.

വിനോദ് കൊണ്ടൂർ ഡേവിഡ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.