You are Here : Home / USA News

കൃപയുടെ വരദാനങ്ങള്‍ ചൊരിഞ്ഞ്‌ അഭിഷേകാഗ്നി കണ്‍വന്‍ഷന്‍

Text Size  

Story Dated: Wednesday, August 26, 2015 11:46 hrs UTC

സെബാസ്റ്റ്യന്‍ ആന്റണി

ന്യൂജേഴ്‌സി: കത്തോലിക്കാ വിശ്വാസത്തിന്റെ അര്‍ത്ഥതലങ്ങള്‍ നന്നായി മനസ്സിലാക്കി, ഉത്ഥിതനായ മിശിഹായുടെ സാന്നിധ്യം വ്യക്തിജീവിതത്തിലും, കുടുംബങ്ങളിലും, സമൂഹത്തിലും അനുഭവിക്കാന്‍ സഹായകമാകുന്നവിധത്തില്‍ ആത്മീയ ജീവിതത്തില്‍ വലിയ ഉണര്‍വ്വും, കരുത്തും പ്രദാനം ചെയ്‌തുകൊണ്ടും, വലിയ അഭിഷേകത്തിന്റെ അഗ്നി പെയ്‌തിറങ്ങിയും പ്രമുഖ വചനപ്രഘോഷകനും, അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രം ഡയറക്‌ടറുമായ ഫാ. സേവ്യര്‍ഖാന്‍ വട്ടായിലച്ചനും സംഘവും നയിച്ച ത്രദിന ധ്യാനം ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റില്‍ സമാപിച്ചു. ആഗസ്റ്റ്‌ 21-ന്‌ വെള്ളിയാഴ്‌ച വൈകിട്ട്‌ 4 മണിയോടുകൂടി അനുഗ്രഹജപമാലയോടും, ബഹുമാനപ്പെട്ട ഇടവക വികാരി റവ.ഫാ. തോമസ്‌ കടുകപ്പിള്ളിയുടെ മുഖ്യകാര്‍മികത്വത്തിലും, റവ. സേവ്യര്‍ഖാന്‍ വട്ടായിലിന്റെ സഹകാര്‍മികത്വത്തിലും അര്‍പ്പിക്കപ്പെട്ട ദിവ്യബലിയോടുകൂടി അഭിഷേകാഗ്നി കണ്‍വന്‍ഷന്‌ തുടക്കംകുറിച്ചു.

 

ബഹുമാനപ്പെട്ട ഇടവക വികാരി റവ. ഫാ. തോമസ്‌ കടുകപ്പിള്ളി വട്ടായിലച്ചനും, മറ്റ്‌ സെഹിയോന്‍ ടീം അംഗങ്ങള്‍ക്കും, കണ്‍വന്‍ഷനില്‍ സംബന്ധിക്കാനെത്തിയ എല്ലാ വിശ്വാസിസമൂഹത്തിനും സ്വാഗതം ആശംസിച്ചു. വെള്ളിയാഴ്‌ച വൈകിട്ട്‌ 4 മണി മുതല്‍ ആരംഭിച്ച അഭിഷേകാഗ്നി ധ്യാനം രാത്രി 9 മണി വരേയും, ശനിയാഴ്‌ച രാവിലെ 9 മണിക്ക്‌ ആരംഭിച്ച്‌ വൈകിട്ട്‌ 5 മണി വരേയും, ഞായറാഴ്‌ച രാവിലെ 9 മണിക്ക്‌ ആരംഭിച്ച്‌ വൈകിട്ട്‌ 5 മണി വരേയുമാണ്‌ ധ്യാനം നടത്തപ്പെട്ടത്‌. അമേരിക്കയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നായി 1500-ലധികം വിശ്വാസികളാണ്‌ ഈ ത്രിദിന കണ്‍വന്‍ഷനില്‍ പങ്കെടുത്തത്‌. ദേവാലയത്തില്‍ ആളുകള്‍ തിങ്ങിനിറഞ്ഞതുമൂലം ഫെല്ലോഷിപ്പ്‌ ഹാളില്‍ മിനി സ്‌ക്രീന്‍ സ്ഥാപിച്ച്‌ വിശ്വാസികള്‍ക്ക്‌ ഇരിപ്പിടം നല്‍കി. ജപമാലയോടെ ആരംഭിച്ച മൂന്നുദിവസത്തെ ധ്യാനത്തില്‍, ദിവ്യബലി, കുമ്പസാരം, അന്ധകാരദുഷ്‌ടാരൂപികളെ ദൂരെയകറ്റുന്ന ശക്തമായ വിടുതല്‍ ശുശ്രൂഷ, ദിവ്യകാരുണ്യ ആരാധന, രോഗശാന്തി ശുശ്രൂഷ എന്നിവ ബൈബിള്‍ പ്രഭാഷണത്തോടൊപ്പം നടന്നു. വിവിധ ദേവാലയങ്ങളില്‍ നിന്നെത്തിയ അനേകം വൈദീകരും, കന്യാസ്‌ത്രീകളും, ധ്യാനശുശ്രൂഷാ ചടങ്ങുകളില്‍ പങ്കെടുത്തു. പതിനൊന്നു പേര്‍ അടങ്ങിയ സെഹിയോന്‍ ടീം അംഗങ്ങള്‍ മദ്ധ്യസ്ഥ പ്രാര്‍ത്ഥനകള്‍ക്കും, കൗണ്‍സിലിംഗിനും നേതൃത്വം നല്‍കി.

 

 

കണ്‍വന്‍ഷനില്‍ സംബന്ധിച്ച മുഴുവന്‍ വിശ്വാസികള്‍ക്കും കൗണ്‍സിലിംഗിനും കുമ്പസാരത്തിനുമുള്ള സൗകര്യം ലഭിക്കുകയുണ്ടായി. വര്‍ഷങ്ങളോളം മക്കള്‍ ഇല്ലാതിരുന്ന്‌, കഴിഞ്ഞവര്‍ഷത്തെ കണ്‍വന്‍ഷന്‍ കൂടിയതിന്റെ ഫലമായി കുഞ്ഞുങ്ങളുമായി സാക്ഷ്യംപറയാനെത്തിയവരുടേയും, കാന്‍സര്‍ രോഗമെന്ന്‌ വിധിയെഴുതി ചികിത്സാവിധി നിര്‍ദേശിച്ച്‌ ഡോക്‌ടര്‍ ചികിത്സ ആരംഭിക്കുന്നതിനുമുമ്പ്‌ രോഗം പൂര്‍ണ്ണമായി ഭേദമായമെന്നു പറഞ്ഞ വാക്കുകളും വിശ്വാസികള്‍ കരഘോഷത്തോടെയാണ്‌ സ്വീകരിച്ചത്‌. എല്ലാ രംഗങ്ങളിലും സമൃദ്ധിയുണ്ടാകുമ്പോള്‍ ആത്മീയകാര്യങ്ങളില്‍ താത്‌പര്യം കുറയുന്നത്‌ വലിയ ആപത്ത്‌ ക്ഷണിച്ചുവരുത്തുമെന്ന്‌ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു. വിദേശ രാജ്യങ്ങളില്‍ കുടിയേറിയ വിശ്വാസിസമൂഹം ഇന്ന്‌ അനുഭവിക്കുന്ന സാമ്പത്തിക സമൃദ്ധി ദൈവീക കാര്യങ്ങളില്‍ നിന്നുള്ള അകല്‍ച്ചയ്‌ക്ക്‌ കാരണമാകുന്നു. മനുഷ്യന്റെ ഓരോ പ്രവര്‍ത്തിയും ദൈവത്തെ മഹത്വപ്പെടുത്തുവാന്‍ ലക്ഷ്യമിട്ടായിരിക്കണമെന്നും ഫാ. വട്ടായില്‍ ഓര്‍മ്മിപ്പിച്ചു. നമ്മെ അനുഗ്രഹിച്ച്‌ ഉയര്‍ത്തിയിരിക്കുന്ന ദൈവത്തെ നമ്മുടെ ജീവിതംകൊണ്ട്‌ മഹത്വപ്പെടുത്തണം. മനുഷ്യന്റെ പ്രവര്‍ത്തികളില്‍ മഹത്വപ്പെടാന്‍ വേണ്ടിയാണ്‌ അവിടുന്ന്‌ മനുഷ്യന്‌ കഴിവുകള്‍ നല്‍കിയിരിക്കുന്നത്‌. വഴിതിരിഞ്ഞുള്ള ജീവിതശൈലി വലിയ തകര്‍ച്ചയ്‌ക്കും, പരാജയത്തിനും കാരണമാകുമെന്നും ബഹുമാനപ്പെട്ട വട്ടായിലച്ചന്‍ പറഞ്ഞു. ധ്യാനത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം ഉച്ചഭക്ഷണവും സംഘാടകര്‍ ഒരുക്കിയിരുന്നു. മൂന്നുദിവസം നടന്ന കണ്‍വന്‍ഷന്‌ ബഹുമാനപ്പെട്ട ഇടവക വികാരി ഫാ. തോമസ്‌ കടുകപ്പിള്ളിയോടൊപ്പം മാത്യു കൈരന്‍, ജെയിംസ്‌ കൊക്കാട്ട്‌, ജോജു ഫിലിപ്പ്‌, ജോജി താടിക്കാരന്‍, കുഞ്ഞമ്മ ഫ്രാന്‍സീസ്‌, ട്രസ്റ്റിമാരായ തോമസ്‌ ചെറിയാന്‍ പടവില്‍, ടോം പെരുമ്പായില്‍, മിനേഷ്‌ ജോസഫ്‌, മേരിദാസന്‍ തോമസ്‌ എന്നിവരും ദേവാലയത്തിലെ എല്ലാ ഭക്തസംഘടനാ പ്രവര്‍ത്തകരും നേതൃത്വം നല്‍കി. കണ്‍വന്‍ഷന്റെ സമാപനത്തില്‍ മൂന്നുദിവസങ്ങളില്‍ നടന്ന ധ്യാന ശുശ്രൂഷകളില്‍ പങ്കെടുത്തവര്‍ക്കും, സെഹിയോന്‍ ടീം അംഗങ്ങള്‍ക്കും, ധ്യാന ശുശ്രൂഷകളുടെ നടത്തിപ്പിനു നേതൃത്വം കൊടുത്ത എല്ലാ ഭാരവാഹികള്‍ക്കും ട്രസ്റ്റിയായ മേരിദാസന്‍ തോമസ്‌ നന്ദി പറഞ്ഞു. ആത്മീയാഭിഷേകത്തിലൂടെ ലഭിച്ച വരദാനങ്ങളുമായി, വിശ്വാസത്തിന്റെ തീജ്വാലകള്‍ ഏറ്റുവാങ്ങിയ വിശ്വാസികള്‍ പുഞ്ചിരിച്ച മുഖവുമായി കണ്‍വന്‍ഷന്‍ സെന്റര്‍ വിടുമ്പോള്‍, ഫാ. സേവ്യര്‍ഖാന്‍ വട്ടായിലും സംഘവും മറ്റൊരു ദേശത്തേക്ക്‌ തങ്ങളെ ഭരമേല്‍പിച്ച ദൈവീകദൂതുമായി യാത്രയായി, വീണ്ടും ഒരുമിക്കാമെന്ന പ്രാര്‍ത്ഥനയോടെ. സെബാസ്റ്റ്യന്‍ ആന്റണി അറിയിച്ചതാണിത്‌. വെബ്‌സൈറ്റ്‌: www.stthomassyronj.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.