You are Here : Home / USA News

ഡാലസില്‍ കേരളാ അസോസിയേഷന്റെ ഓണാഘോഷം വർണ്ണാഭമായി

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Thursday, September 03, 2015 03:06 hrs UTC

ഡാലസ്: കേരളാ അസോസിയേഷന്‍ ഓഫ് ഡാളസിന്റെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ്‌ 29 ശനിയാഴ്ച നടന്ന ഡാലസിലെ ഓണാഘോഷം വർണ്ണാഭമായി. സെന്റ്‌ അൽഫോൻസാ ഓഡിറ്റോറിയത്തിൽ ഡാലസ്‌ഫോര്‍ട്ട് വർത്ത് മെട്രോപ്ലെക്സിലെ 1500ൽ പരം മലയാളികൾ കേരളതനിമയിൽ ഒത്തുകൂടി. ഡാലസ് മലയാളികൾക്കൊപ്പം കേരളാ അസോസിയേഷന്‍ന്റെ 40 താമത് ഓണാഘോഷമായിരുന്നു ശനിയാഴ്ച നടന്നത് അസോസിയേഷന്‍ അംഗങ്ങളായ ആന്‍സി ജോസഫ്, രമാ സുരേഷ്, ബീന ലിയോ എന്നിവര്‍ ചേര്‍ന്നു നിലവിളക്ക് തെളിച്ച് ഓണാഘോഷം ഉദ്ഘാടനം ചെയ്തു. അമേരിക്കന്‍ ഇന്ത്യന്‍ ദേശീയ ഗാനങ്ങളോടെ പരിപാടികള്‍ ആരംഭിച്ചു. വൈ. പ്രസിഡന്റ് ആൻസി ജോസഫ്‌ സ്വാഗതമാശംസിച്ചു. മുന് പ്രസിഡണ്ട്‌ രമണി കുമാർ മുഖ്യാതിഥിയായി ഓണസന്ദേശം നല്‍കി. ഡാലസിലെ കലാപ്രതിഭകള്‍ അവതരിപ്പിച്ച നൃത്ത നൃത്യങ്ങളും ഗൃഹാതുരത്വം സമ്മാനിച്ച കലാരൂപങ്ങളും വേദിയിൽ അവതരിക്കപ്പെട്ടു.

 

വിവിധ ഗ്രേഡുകളില്‍ ഉന്നത വിജയം നേടുന്ന മലയാളി വിദ്യാര്‍ത്ഥികളെ അനുമോദിക്കുവാന്‍ ഇന്ത്യാ കള്‍ച്ചറല്‍ ആന്‍ഡ് എജുക്കേഷന്‍ സെന്ററുമായി ചേര്‍ന്ന് കേരളാ അസോസിയേഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന എജുക്കേഷന്‍ അവാര്‍ഡ് ദാനവും ചടങ്ങില്‍ നടക്കുകയുണ്ടായി. അസോസിയേഷൻ എജുക്കേഷന്‍ ഡയറക്ടർ ബീനാ ലിയോ, ഇന്ത്യാ കള്‍ച്ചറല്‍ ആന്‍ഡ് എജുക്കേഷന്‍ പ്രസിഡണ്ട്‌ ബോവൻ കൊടുവത്ത്, സെക്രട്ടറി ഷിജു എബ്രഹാം എന്നിവർ ചേർന്ന് ഉന്നത വിജയം നേടിയ വിവിധ ഗ്രേഡുകളിലെ കുട്ടികള്‍ക്കുള്ള അവാര്‍ഡ് ദാനം നിര്‍വഹിച്ചു. മാവേലിമന്നനെ സ്‌റ്റേജിലേക്ക് വരവേറ്റുള്ള ഘോഷയാത്ര പ്രൌഡഗംഭീരമായി. താലപ്പൊലിയേന്തിയ മങ്കമാരും പുലികളിയും, ചെണ്ടവാദ്യകാവടിമേളങ്ങളും ഘോഷയാത്രക്ക്‌ അകമ്പടി ചേർന്നപ്പോൾ കേരളത്തിന്റെ തനതു ഉത്സവ പ്രതീതി ഉണർത്തി. ഘോഷയാത്രക്ക് മാത്യു കോശിയും, താലപ്പൊലിക്ക് സിനി കൊടുവത്തും , ചെണ്ടമേളത്തിന് സാബു മുക്കാലടിയും നേതൃത്വം നൽകി. ബെൻസി തോമസ്‌ കോർഡിനേറ്റ് ചെയ്ത പുതു തലമുറയുടെ തിരുവാതിര ശ്രദ്ധേയമായി. ഹരിദാസ് തങ്കപ്പൻ, അനശ്വർ മാമ്പിള്ളി എന്നിവർ ഒരുക്കിയ ഓണപൂക്കളവും വള്ളം കളിയും മനോഹരമായി. കേരളത്തനിമയില്‍ ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യയോടെയാണ് ആഘോഷങ്ങള്‍ക്ക് പരിസമാപ്തി കുറിച്ചത്. ആര്‍ട്‌സ് ക്ലബ് ഡയറക്ടര്‍ ബാബു കണ്ടോത്ത് ഓണാഘോഷപരിപാടികളുടെയും, ജോര്‍ജ് ജോസഫ് വിലങ്ങോലില്‍, ജോണി സെബാസ്റ്റ്യൻ എന്നിവർ ഓണസദ്യയുടെയും കോ-ഓർഡിനേറ്ററുമാരായിരുന്നു. അസോസിയേഷന്‍ അംഗങ്ങളുടെ സഹകരണത്തോടെയാണ് ഇത്തവണയും ഓണസദ്യയുടെ വിഭങ്ങള്‍ തയ്യാറാക്കിയത്. തോമസ്‌ തോമസ്‌ മഹാബലിയായി ഇത്തവണ വേഷമണിഞ്ഞു. അസോസിയേഷൻ സെക്രട്ടറി റോയ് കൊടുവത്ത് നന്ദി പ്രകാശനം നടത്തി. ടിഫനി ആന്റണി, സിമി കൊടുവത്ത് എന്നിവർ പരിപാടിയുടെ എംസിമാരായിരുന്നു. കെസിഎ ഹോംസ് (ഗ്രാന്‍ഡ് സ്‌പോണ്‍സര്‍ ) , ബിജു ലോസണ്‍ ട്രാവെല്‍സ് , ബേബി ഉതുപ്പ് ഫാര്‍മേഴ്‌സ് ഇന്‍ഷുറന്‍സ് എന്നിവരായിരുന്നു സ്‌പോണ്‍സേഴ്‌സ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.