You are Here : Home / USA News

ബോള്‍ഗാട്ടി ഇപ്പോള്‍ വെറും ബോള്‍ഗാട്ടിയല്ല, ഇത് ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ജയറാം ഷോയിലെ ജനപ്രിയന്‍

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Thursday, September 03, 2015 10:48 hrs UTC

 
ന്യൂയോര്‍ക്ക്: പേര് ധര്‍മ്മജന്‍ എന്നാണെങ്കിലും ബോള്‍ഗാട്ടി എന്നില്ലെങ്കില്‍ ഒരു പഞ്ചില്ലെന്നാണ് അമേരിക്കന്‍ മലയാളികള്‍ വരവേല്‍ക്കാനിരിക്കുന്ന പ്രിയപ്പെട്ട ജയറാം ഷോയിലെ ഹാസ്യതാരം ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ പക്ഷം. ഹാസ്യത്തിന് അമ്പും വില്ലുമുണ്ടെങ്കില്‍ അതിന് ഞാണായി നില്‍ക്കുന്നയാളാണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി. മലയാളി സിനിമയിലെയും ടിവി ചാനലുകളിലെ ടോക്ക് ഷോയിലെയും പ്രമുഖന്‍. ഏഷ്യാനെറ്റും സംപ്രേഷണം ചെയ്യുന്ന ബഡായി ബംഗ്ലാവില്‍ രമേശ് പിഷാരടിക്കൊപ്പം എപ്പോഴും ഉപ്പും മുളകുമെന്നതു പോലെ കാണാം. നല്ല ഉശിരന്‍ തമാശ. അതും നിഷ്‌കളങ്കതയില്‍ നിന്നു കൊണ്ടുള്ള പറച്ചിലാവുമ്പോള്‍ കേള്‍ക്കുന്നവര്‍ വായും പൊത്തി ചിരിക്കുമെന്നതിന് നൂറു ശതമാനം ഗ്യാരന്റി. അമേരിക്കന്‍ മലയാളികളെ ചിരിയില്‍ ആറാടിക്കാന്‍ ജയറാം ഷോ എത്തുമ്പോള്‍ ഇത്തവണ പിഷാരടിക്കൊപ്പം ധര്‍മ്മജനുമുണ്ട്. നാദിര്‍ഷയുടെ സംവിധാന നിര്‍ദ്ദേശങ്ങള്‍ക്കൊപ്പം ജയറാമിനൊപ്പം സ്‌കിറ്റുകള്‍ റെക്കോഡ് ചെയ്യുന്നു. പിഷാരടിക്കൊപ്പം തമാശകള്‍ പങ്ക് വയ്ക്കുന്നു. അതിനിടയ്ക്ക് ഒരു കഥ പറഞ്ഞു- അതിങ്ങനെ.
 
'കുറച്ചുനാള്‍ മുമ്പ് എറണാകുളത്തെ പ്രശസ്തമായ ഒരു ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒരു ചടങ്ങിനെത്തിയതാണ് ഞാനും രമേഷ് പിഷാരടിയും. സ്വാഗതം പറയാന്‍ പ്രിന്‍സിപ്പല്‍ എഴുന്നേറ്റു. ഇംഗ്ലീഷില്‍ ഞങ്ങളുടെ പേരെഴുതിയ കുറിപ്പ് കൈയിലുണ്ട്. അതില്‍ നോക്കി ഓരോ പേരും വായിക്കുകയാണ്. 'വളരെ തിരക്കുണ്ടായിട്ടും ഇവിടെ എത്തിച്ചേര്‍ന്ന ശ്രീ ഹര്‍ഭജന് ആദ്യമായി സ്വാഗതം ആശംസിക്കുകയാണ്.' രണ്ടു സീറ്റ് അപ്പുറത്തിരുന്ന പിഷാരടി എന്നെ നോക്കി 'നിനക്കതുതന്നെ വേണം' എന്ന അര്‍ഥത്തില്‍ മുഖം കൊണ്ട് ഗോഷ്ടി കാണിച്ചു. ഞാന്‍ ചമ്മിയ മുഖത്തോടെ ഇരുന്നു. 'കപ്പ മുതലാളി എന്ന സിനിമയിലൂടെ പ്രശസ്തനായ (കപ്പല്‍ മുതലാളി എന്നാണ് സിനിമയുടെ ശരിയായ പേര്) ശ്രീ രമേഷ് പിരാഷഡ്ഡിക്കും ഈയവസരത്തില്‍ സ്വാഗതം പറയുന്നു.' പെട്ടെന്ന് ചിരി വന്നെങ്കിലും ഞാന്‍ പുറത്തുകാണിച്ചില്ല. പിഷാരടിയാണെങ്കില്‍ ഒന്നും സംഭവിച്ചില്ലെന്ന മട്ടില്‍ വിദൂരതയിലേക്ക് കണ്ണോടിക്കുകയാണ്. ഇത്തരത്തിലാണ് ആളുകള്‍. നമ്മെക്കുറിച്ച് അവര്‍ക്കൊരു കുന്തവും അറിയില്ല. നെറ്റിലൊക്കെ സര്‍ച്ച് ചെയ്ത് ഇംഗ്ലീഷില്‍ എഴുതി തട്ടിവിടുകയാണ് പലരും ചെയ്യുന്നത്.'' തന്നെ ഇങ്ങനെ കൊല്ലരുതേയെന്ന് ധര്‍മ്മജന്‍ ആമുഖമായി തന്നെ പറയുന്നു. നെറ്റില്‍ സേര്‍ച്ച് ചെയ്തും ഇംഗ്ലീഷില്‍ പേരെഴുതിയും വായിക്കുന്ന അമേരിക്കന്‍ മലയാളികള്‍ക്ക് ധര്‍മ്മജന്റെ വക ആദ്യ 'ആപ്പ്' ഇങ്ങനെ.
 
യുണൈറ്റഡ് ഗ്ലോബല്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റാണ് (യുജിഎം) പരിപാടിയുടെ നാഷണല്‍ സ്‌പോണ്‍സര്‍. ന്യൂയോര്‍ക്കിലും ന്യൂജേഴ്‌സിയിലും നടക്കുന്ന പരിപാടി അമേരിക്കയിലെ പ്രശസ്ത എന്റര്‍ടെയ്ന്‍മെന്റ് ഗ്രൂപ്പ് ഹെഡ്ജ് എന്റര്‍ടെയ്ന്‍മെന്റ്‌സാണ് നടത്തുന്നത്. നായര്‍ ബനവലന്റ് അസോസിയേഷന്‍, ഇന്ത്യന്‍ ക്‌നാനായ കാത്തലിക്ക് കമ്മ്യൂണിറ്റി ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് (ശസരരി്യ), ക്യൂന്‍സ് സെന്റ് ജോണ്‍സ് മാര്‍ത്തോമ ചര്‍ച്ച് എന്നിവരുടെ സംയുക്താഭിമുഖ്യത്തിലും ലോങ് ഐലന്‍ഡ് വൈസ്‌മെന്‍സ്, ന്യൂയോര്‍ക്ക് ടസ്‌ക്കേഴ്‌സ് ക്രിക്കറ്റ് ക്ലബ്ബ് എന്നിവരുടെ സഹായത്തോടെയും സെപ്തംബര്‍ 12 ശനിയാഴ്ച വൈകുന്നേരം 5.55 ന് ക്യൂന്‍സിലെ കോള്‍ഡന്‍ സെന്റര്‍ ഓഡിറ്റോറിയത്തിലാണ് ഷോ നടക്കുക. 
 
ന്യൂയോര്‍ക്ക് ഷോയുടെ കൂടുതല്‍ വിവരങ്ങള്‍ക്ക്:
സജി ഹെഡ്ജ് ഇവന്റ്‌സ്
(516)433-4310
www.hedgeeventsny.com
hedgebrokerage@gmail.com
 
ഹെഡ്ജ് ഇവന്റ്‌സ് ന്യയോര്‍ക്ക് 
ബാബു പൂപ്പള്ളില്‍ (914)720-7891, സണ്ണി (516)528-7492
 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.