You are Here : Home / USA News

ജയറാം ഷോയുമായി നാദിർഷ അമേരിക്കയിൽ

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Friday, September 04, 2015 11:09 hrs UTC

ന്യൂയോർക്ക് ∙ മിമിക്രി ആർട്ടിസ്റ്റ്, കൊമേഡിയൻ, ടെലിവിഷൻ അവതരാകൻ, ഗായകൻ, ഗാനരചയിതാവ്, അഭിനേയതാവ്, സംഗീത സംവിധായകൻ, സിനിമാ സംവിധായകൻ തുടങ്ങി കലയുടെ വ്യത്യസ്ത മേഖലകളിൽ വെന്നിക്കൊടി പാറിച്ച നാദിർഷ ജയറാം ഷോയിൽ പങ്കെടുക്കുന്നു. ഇന്ദ്രജിത്ത്, പൃഥ്വിരാജ്, ജയസൂര്യ എന്നിവർ നായകന്മാരാവുന്ന മൾട്ടി സ്റ്റാർ ചിത്രം അമർ അക്ബർ അന്തോണിയിലൂടെ സംവിധാനരംഗത്തും ചുവടുവച്ചിരിക്കുകയാണു നാദിർഷ. ഏറ്റവുമധികം ഗൾഫ് പ്രോഗ്രാമുകൾ നടത്തി റെക്കാർഡ് സൃഷ്ടിച്ച നാദിർഷ ഇപ്പോൾ അമേരിക്കയിൽ എത്തിയിരിക്കുന്നതും വിജയത്തിന്റെ പട്ടുറുമാലുമായാണ്. സിനിമയുടെ മുന്നിൽ നിൽക്കാതെ തന്നെ മെഗാഷോകൾ നടത്തി പലരുടെയും ജീവിത ഗതി മാറ്റി മറിച്ച ചരിത്രമുണ്ട് നാദിർഷായ്ക്ക്. നഴ്സറി ക്ലാസിൽ വച്ച് തുടങ്ങിയ പ്രോഗ്രാം സംഘാടകത്വമാണ് ഇപ്പോഴും ഒപ്പമുളളതെന്ന് നാദിർഷാ പറയുന്നു. ഒരിക്കൽ പോലും കളളം കാണിച്ചില്ല. സ്റ്റേജ് സത്യത്തിന്റെ തട്ടാണ്. അവിടെ ആത്മാർഥതയും സ്നേഹവുമാണ് കൈമുതലായി വേണ്ടത്. ബാപ്പ ചൊല്ലിക്കൊടുത്ത ആദ്യ പാഠത്തിന്റെ ബലമാണ് ഇന്നും കൈമുതലായുളളതെന്ന് നാദിർഷ പറയുന്നു. ആത്മസുഹൃത്തുക്കൾക്ക് സിനിമയിലേക്കുളള വഴികാട്ടി പിന്നിൽ നിന്നപ്പോഴും നാദിർഷായുടെ തിളക്കം കൂടിയതേയുളളൂ. ദേശീയ അവാർഡ് വരെ സ്വന്തമാക്കിയ സലിംകുമാറിനെ സിനിമയിലെത്തിച്ചത് നാദിർഷ എന്ന സുഹൃത്തിന്റെ ആത്മാർഥത.

 

അവസരം തേടി പിന്നാലെ നടന്ന ഗോപാലകൃഷ്ണൻ എന്ന സുഹൃത്തിന് എല്ലാവിധ പിന്തുണയും നൽകി ദിലീപ് ആക്കി മാറ്റിയതും നാദിർഷ തന്നെ. ഒടുവിൽ ദിലീപിനൊപ്പം എറണാകുളത്തെ പുട്ടുകടയിലൂടെ സൗഹൃദത്തിന് പുതിയ രുചിക്കൂട്ട് നൽകി. വെളളിത്തിരയിലെ ഇന്നത്തെ തിളങ്ങും താരങ്ങൾക്കൊക്കെ ഗൾഫ് പ്രോഗ്രാമുകൾക്കുളള ആദ്യാവസരം നീട്ടിയത് നാദിർഷായാണ്. ഇക്കാലത്തിനിടയിൽ തിളക്കമാർന്നതും രസകരവുമായ അനുഭവങ്ങൾ ഏറെയുണ്ട് നാദിർഷായ്ക്ക് അയവിറക്കാൻ. കടയിലെ ആവി പറക്കുന്ന പുട്ടിനേക്കാളും രുചിയാണ് നാദിർഷായുടെ അനുഭവ കഥയ്ക്ക്. കലാഭവൻ മണിയെ സിനിമയുടെ മുഖ്യധാരയിലേക്ക് കൊണ്ടു വന്നതും നാദിർഷ തന്നെയാണ്. നാദിർഷയുടെ ഏറ്റവും പുതിയ പ്രോഗ്രാമായ ജയറാം ഷോ 2015 അമേരിക്കയിലെ ന്യൂയോർക്കിലും ന്യുജഴ്സിയിലും നടത്തുന്നത് ഹെഡ്ജ് ഇവന്റസ് ന്യൂയോർക്കാണ്. സെപ്റ്റംബർ 12 ന് വൈകിട്ട് അഞ്ചിന് ന്യൂയോർക്ക് ക്യൂൻസ് കോളജിനു സമീപം കോൾഡൻ സെന്റർ ഓഡിറ്റോറിയത്തിൽ നാദിർഷായുടെ ഈ അഭിമാന ഷോ അരങ്ങേറും. ന്യൂജഴ്സി ഫെലിഷ്യൻ കോളേജ് ഓഡിറ്റോറിയത്തിൽ തൊട്ടടുത്ത ദിവസം സെപ്റ്റംബർ 13 നാണ് രണ്ടാം ഷോ.

 

ന്യൂയോർക്കിലെ മലയാളികൾക്കായി മികച്ച പരിപാടികൾ ഒരുക്കാൻ ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന ഹെഡ്ജ് ഇവന്റ്സ് ന്യൂയോർക്കിന്റെ ഈ വർഷത്തെ ഏറ്റവും മികച്ച പരിപാടിയാണിതെന്ന് സംഘാടകൻ സജി (ജേക്കബ് എബ്രഹാം) അറിയിച്ചു. ഹെഡ്ജ് ഇവന്റ്സ് ന്യൂയോർക്ക് പോയ വർഷം ഗാനഗന്ധർവ്വൻ യേശുദാസിന്റെ ലൈവ് മ്യൂസിക്കൽ മേള നടത്തി വൻ വിജയം കണ്ടിരുന്നു. ഇതിനു ശേഷമാണ് സെപ്റ്റംബറിൽ ജയറാമിനെ ഉൾപ്പെടുത്തി മെഗാഷോയ്ക്ക് അരങ്ങൊരുക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് : ഹെഡ്ജ് ഇവന്റ്സ് ന്യൂയോർക്ക് ബാബു പൂപ്പളളിൽ : 914 720 7891 സണ്ണി : 516 528 7492 സജി ഹെഡ്ജ് ഇവന്റ്സ് : 516 433 4310 www.hedgeeventsny.com hedgebrokerage@gmail.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.