You are Here : Home / USA News

കേരള മാപ്പിള ഗ്രൂപ്പിന്റെ (കെ.എം.ജി.) കെ.എം.ജി.2015 റീയൂണിയന്‍

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Saturday, September 05, 2015 11:03 hrs UTC

ന്യൂയോര്‍ക്ക്‌: വടക്കേ അമേരിക്കയിലും കാനഡയിലും വസിക്കുന്ന കേരള മുസ്ലീങ്ങളുടെ കൂട്ടായ്‌മയായ കേരള മാപ്പിള ഗ്രൂപ്പ്‌ (കെ.എം.ജി.)രണ്ടു വര്‍ഷത്തിലൊരിക്കല്‍ ഒത്തുചേരുന്ന കുടുംബ കൂട്ടായ്‌മ ഈ വര്‍ഷവും വെര്‍ജീനിയായിലെ ടൈസണ്‍ ഷെറാട്ടണ്‍ ഹോട്ടലില്‍ സെപ്‌തംബര്‍ 4 മുതല്‍ 7 വരെ അരങ്ങേറുമെന്ന്‌ സംഘാടകരിലൊരാളായ യു.എ. നസീര്‍ അറിയിച്ചു. സംഘടനയോ സംഘാടകരോ ഇല്ലാതെ, പരസ്യങ്ങളോ വാര്‍ത്താപ്രാധാന്യങ്ങളോ ഇല്ലാതെ, 300400 കുടുംബങ്ങളടങ്ങുന്ന ഈ കൂട്ടായ്‌മയുടെ വിജയം അംഗങ്ങളില്‍ തന്നെ അധിഷ്‌ഠിതമായിരിക്കുന്നു. ഓരോ പ്രദേശങ്ങളിലും താമസിക്കുന്നവരാണ്‌ രണ്ടുവര്‍ഷത്തിലൊരിക്കല്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നത്‌. അതിനു വരുന്ന ചിലവുകളും അവര്‍തന്നെ വഹിക്കുന്നു. ഭാരവാഹികളോ, വിശിഷ്ടാതിഥികളോ, പ്രാസംഗികരോ, സെമിനാറുകളോ, സിംപോസിയമോ, പ്രസ്‌ കോണ്‍ഫറന്‍സോ ഒന്നും തന്നെ ഈ കൂട്ടായ്‌മയിലില്ല. എങ്കിലും ഏകദേശം നൂറില്‍പരം കുടുംബങ്ങളാണ്‌ 3 ദിവസം നീണ്ടു നില്‍ക്കുന്ന `കെ.എം.ജി. 2015`ല്‍ രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്‌. സെപ്‌തംബര്‍ 4ാം തിയ്യതി ആരംഭിക്കുന്ന ഈ കുടുംബ കൂട്ടായ്‌മയില്‍ വിവിധതരം കലാപരിപാടികളും, സ്‌പോര്‍ട്‌സ്‌, ഇസ്ലാമിക്‌ ക്വിസ്‌ മത്സരം, വനിതകള്‍ക്ക്‌ പ്രത്യേകം ഗെയിമുകള്‍, ജപ്പര്‍ഡി, ഡബ്‌സ്‌മാഷ്‌, വടം വലി മുതലായവ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. മലബാര്‍ സ്‌റ്റൈല്‍ വിഭവങ്ങളും, ശനിയാഴ്‌ച ഓണ സദ്യയും ഒരുക്കിയിട്ടുണ്ട്‌. മൂന്നാം ദിവസമായ ഞായറാഴ്‌ച രാവിലെ വാഷിംഗ്‌ടണ്‍ സിറ്റി ടൂര്‍ ആയിരിക്കുമെന്ന്‌ യു.എ. നസീര്‍ പറഞ്ഞു. വൈകിട്ട്‌ ഗ്രാന്റ്‌ ബാങ്ക്വറ്റ്‌ ഡിന്നര്‍, ഒപ്പനയും കോല്‍ക്കളിയും സമന്വയിപ്പിച്ചുകൊണ്ടുള്ള 'കോല്‍പ്പന' ഉണ്ടായിരിക്കും. വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക്‌ സമ്മാനദാനവും തദവസരത്തില്‍ നടക്കും. സമാപന ദിവസമായ സെപ്‌തംബര്‍ 7 തിങ്കളാഴ്‌ച രാവിലെ പ്രഭാതഭക്ഷണത്തോടൊപ്പം അടുത്ത പ്രോഗ്രാമിനെക്കുറിച്ചുള്ള ആലോചനായോഗവും ഉണ്ടായിരിക്കുമെന്ന്‌ നസീര്‍ പറഞ്ഞു. വടക്കേ അമേരിക്കയിലും കാനഡയിലും കുടിയേറിയിട്ടുള്ള മുസ്ലിം സമുദായക്കാരുടെ അടുത്ത തലമുറയെ അവരുടെ സംസ്‌ക്കാരത്തേയും പൈതൃകത്തേയും കുറിച്ച്‌ അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ഇങ്ങനെയൊരു കൂട്ടായ്‌മയ്‌ക്ക്‌ രൂപം നല്‍കിയതെന്ന്‌ നസീര്‍ പറഞ്ഞു. അതുകൊണ്ട്‌ ഓരോ രണ്ടു വര്‍ഷം കൂടുമ്പോള്‍ അമേരിക്കയിലേയും കാനഡയിലേയും വിവിധ മേഖലകളില്‍ ഞങ്ങള്‍ ഒത്തുകൂടുന്നു, നസീര്‍ പറഞ്ഞു. പ്രാദേശികാടിസ്ഥാനത്തിലാണ്‌ ഈ ഒത്തുചേരല്‍ സംഘടിപ്പിക്കുന്നത്‌. ഈ വര്‍ഷത്തെ ഒത്തുചേരല്‍ വാഷിംഗ്‌ട്‌ണ്‍ ഡി.സി.യില്‍ സംഘടിപ്പിച്ചത്‌ ടി.ഒ. ഷാനവാസിന്റെ നേതൃത്വത്തില്‍ നിരാര്‍ ബഷീര്‍, ഷാഫെല്‍ അഹമ്മദ്‌, അബൂബക്കര്‍ സിദ്ദീക്‌, ഷ്യാംലി അഹമ്മദ്‌, റീജ നിരാര്‍ എന്നിവര്‍ ചേര്‍ന്ന കമ്മിറ്റിയാണ്‌. അമേരിക്കയിലും കാനഡയിലും വസിക്കുന്ന മുസ്ലിം കുടുംബങ്ങളെ തമ്മില്‍ പരിചയപ്പെടുത്താനും, പരിചയപ്പെടാനും വേണ്ടി മാത്രം രൂപീകരിച്ചിട്ടുള്ള ഈ കൂട്ടായ്‌മയ്‌ക്ക്‌ രാഷ്‌ട്രീയപരമായോ മറ്റു സംഘടനാപരമായോ യാതൊരു ബന്ധമോ ആഭിമുഖ്യമോ ഇല്ല എന്ന്‌ നസീര്‍ പറഞ്ഞു. പതിനഞ്ചു വര്‍ഷങ്ങള്‍ക്ക്‌ മുന്‍പാണ്‌ ഈ കൂട്ടായ്‌മ രൂപം കൊണ്ടത്‌. ന്യൂയോര്‍ക്കില്‍ നിന്നുള്ള ഡോ. ഉണ്ണി മൂപ്പന്‍, ഹസീന മൂപ്പന്‍, ഡോ. അബ്ദുല്‍ അസീസ്‌, സെല്‍മ അസീസ്‌, സി.കെ. വീരാന്‍ കുട്ടി, റസിയ വീരാന്‍ കുട്ടി, ഫ്‌ലോറിഡയില്‍ നിന്നുള്ള ഡോ. മൊയ്‌തീന്‍ മൂപ്പന്‍, വാഷിംഗ്‌ടണ്‍ ഡി.സി.യില്‍ നിന്നുള്ള ടി.ഒ. ഷാനവാസ്‌ എന്നിവരിലുദിച്ച ആശയമാണ്‌ ഇന്ന്‌ വളര്‍ന്ന്‌ പന്തലിച്ച്‌ നൂറു കണക്കിന്‌ കുടുംബംഗങ്ങളായി രൂപം പ്രാപിച്ച കെ.എം.ജി. എന്നറിയപ്പെടുന്ന 'കേരള മാപ്പിള ഗ്രൂപ്പ്‌.'

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.