You are Here : Home / USA News

തരുണിന്‌ തണലായ്‌ വൈസ്‌മെന്‍സ്‌ ക്ലബ്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, September 05, 2015 11:11 hrs UTC

ന്യൂയോര്‍ക്ക്‌: വൈ.എം.സി.എയുടെ അനുബന്ധ ഘടകമായ വൈസ്‌ മെന്‍സ്‌ ക്ലബ്‌ ന്യൂയോര്‍ക്ക്‌- ഫ്‌ളോറല്‍ പാര്‍ക്കിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായി. അമേരിക്കയില്‍ ഈ ക്ലബ്‌ വൈസ്‌ സര്‍വ്വീസ്‌ ക്ലബ്‌ എന്ന പേരിലാണ്‌ അറിയപ്പെടുന്നത്‌. `Save Young Heart' എന്ന പദ്ധതിയുടെ ഭാഗമായി നിര്‍ധനരായ കുട്ടികളുടെ ഹൃദയശസ്‌ത്രക്രിയയ്‌ക്ക്‌ സഹായം നല്‍കുകയാണ്‌. ഒരു വയസ്സും മൂന്നുമാസവും പ്രായമുണ്ടായിരുന്ന തരുണ്‍ തീവ്രമായ ഹൃദയരോഗബാധിതനായി ജീവനോടു മല്ലടിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഈ കുട്ടിയുടെ കുടുംബവുമായി ക്ലബ്‌ ബന്ധപ്പെടുകയും, മദ്രാസ്‌ മെഡിക്കല്‍ മിഷന്‍ ആശുപത്രയില്‍ വച്ച്‌ ഹൃദയശസ്‌ത്രക്രിയ നടത്തുവാനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്‌തു. ശസ്‌ത്രക്രിയയ്‌ക്കുശേഷം കുട്ടി സാധാരണ ജീവിതത്തിലേക്ക്‌ പിച്ചവെച്ചുകൊണ്ടിരിക്കുകയാണ്‌. ഒരു കുട്ടിയുടെ ജീവിതം രക്ഷിക്കുവാനും ഒരു കുടുംബത്തിന്‌ താങ്ങാകാനും കഴിഞ്ഞത്‌ ചാരിതാര്‍ത്ഥ്യമുളവാക്കുന്നുവെന്ന്‌ ക്ലബ്‌ പ്രസിഡന്റ്‌ പോള്‍ ചുള്ളിയിലും, സെക്രട്ടറി കോരസണ്‍ വര്‍ഗീസും പറഞ്ഞു. കേവലം രണ്ടു വര്‍ഷം മാത്രം പഴക്കമുള്ള 30 കുടുംബങ്ങളുള്ള ഈ ക്ലബ്‌ ഇതിനകം തന്നെ വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ മാതൃകകാട്ടി.ഏതെങ്കിലും സംഘടനയ്‌ക്ക്‌ പിരിവ്‌ തുക കൊടുത്തുമാത്രം ഈ ക്ലബ്‌ സംതൃപ്‌തി നേടിയില്ല. ക്ലബ്‌ നേരിട്ടുതന്നെ സഹായം എത്തിച്ചുകൊടുക്കുകയും, സഹായഹസ്‌തവുമായി സഹകരിച്ചവരെ നേരിട്ട്‌ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചുകൊടുക്കുകയും ചെയ്‌തു. ക്ലബ്‌ ഇപ്പോഴും ഈ കുടുംബവുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. ക്ലബിന്റെ നേതൃത്വത്തില്‍ തൃശൂര്‍ പി.ഡബ്ല്യു.ഡി ഗസ്റ്റ്‌ ഹൗസില്‍ വച്ച്‌ പ്രഥമ ശുശ്രൂഷ നടത്തുന്നതിനു, ആംബുലന്‍സ്‌ സര്‍വീസ്‌ ചെയ്യുന്ന Acts എന്ന സംഘടനാ പ്രവര്‍ത്തകര്‍ക്ക്‌ പരിശീലനം കൊടുത്തു. കേരളത്തില്‍ ചില കേന്ദ്രങ്ങളില്‍ ആംബുലന്‍സ്‌ സൗകര്യം ഉണ്ടെങ്കിലും പ്രഥമശുശ്രൂഷാ സൗകര്യങ്ങള്‍ ആംബുലന്‍സില്‍ ലഭ്യമല്ല. ന്യൂയോര്‍ക്കിലെ വെസ്റ്റ്‌ചെസ്റ്റര്‍ കമ്യൂണിറ്റി കോളജ്‌ അലൈഡ്‌ ഹെല്‍ത്ത്‌ ചെയര്‍പേഴ്‌സണ്‍ ലിസ മേരി അഗസ്റ്റിനാണ്‌ പരിശീലനം നല്‍കിയത്‌. രണ്ടു ബാച്ചുകളിലായി മുപ്പതോളം പേര്‍ക്കാണ്‌ സൗജന്യ പരിശീലനം നല്‍കിയത്‌. പ്രാഥമിക ശുശ്രൂഷയ്‌ക്കുള്ള കിറ്റുകളും സൗജന്യമായി തന്നെ നല്‍കി. കിഡ്‌നി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന ഡയാലിസിസ്‌ കേന്ദ്രങ്ങളില്‍ നിര്‍ധനരായ നിരവധി ആളുകള്‍ക്ക്‌ സൗജന്യമായി ഡയാലിസിസ്‌ ശുശ്രൂഷ ചെയ്യുവാനുള്ള ധനസഹായവും ക്ലബ്‌ചെയ്യുന്നു. ക്ലബിന്റെ പ്രവര്‍ത്തനങ്ങളെ ക്ലബ്‌ യു.എസ്‌ ഏരിയാ പ്രസിഡന്റ്‌ ഡെബ്ബി റെഡ്‌മണ്ടും, നോര്‍ത്ത്‌ ഈസ്റ്റ്‌ ഏരിയാ ഡയറക്‌ടര്‍ ഷാജു സാമും അഭിനന്ദിച്ചു. ന്യൂയോര്‍ക്കിലെ ലോംഗ്‌ഐലന്റില്‍ രണ്ട്‌ ക്ലബുകള്‍ പുതുതായി ആരംഭിച്ചു. മുപ്പതോളം കുടുംബങ്ങള്‍ അടങ്ങുന്ന കുടുംബ ക്ലബുകള്‍ `നന്മകളെ അനുഗമിക്കുന്ന കടമകള്‍ ഏറ്റെടുക്കുക' എന്ന ആപ്‌തവാക്യമാണ്‌ ലക്ഷ്യമായി സ്വീകരിച്ചിരിക്കുന്നത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.