You are Here : Home / USA News

പേരുമാറ്റം സജീവ ചര്‍ച്ചാ വിഷയമെന്ന് എ.കെ.എം.ജി

Text Size  

ജോസ് കാടാംപുറം

kairalitvny@gmail.com

Story Dated: Monday, June 01, 2015 11:51 hrs UTC

ന്യൂയോര്‍ക്ക്: ലോകം മാറുകയാണ്; ഒപ്പം അമേരിക്കയും അതിനൊപ്പം അമേരിക്കയിലെ മലയാളിയും സമൂഹവും മലയാളി ജീവിത രീതിയും.

മാറുന്ന ഈ ലോക ക്രമത്തിന്റെ തുടിപ്പുകളറിഞ്ഞ് സംഘടനയുടെ പേരില്‍ തന്നെ അഴിച്ചുപണി നടത്താന്‍ ഒരുങ്ങുകയാണ് അമേരിക്കയിലെ മലയാളി ഡോക്ടര്‍മാരുടെ സംഘടനയായ എ.കെ.എം.ജി (അസോസിയേഷന്‍ ഓഫ് കേരള മെഡിക്കല്‍ ഗ്രാജ്വേറ്റ്‌സ്). ഇന്ത്യ പ്രസ്‌ ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നേതൃത്വത്തില്‍ ഓറഞ്ച് ബര്‍ഗിലുളള സിത്താര്‍ പാലസ് റസ്‌റ്റോറന്റില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് പുതിയ കാലഘട്ടം ആവശ്യപ്പെടുന്ന മാറ്റങ്ങള്‍ എ.കെ.എം.ജി ഉള്‍ക്കൊളളുമെന്ന് നേതൃത്വം വ്യക്തമാക്കിയത്.

മൂന്നര പതിറ്റാണ്ടിന് മുമ്പ് എ.കെ.എം.ജിക്ക് രൂപം നല്‍കുമ്പോഴുളള അവസ്ഥയല്ല ഇന്നത്തെ അമേരിക്കന്‍ മലയാളി ഡോക്ടര്‍ സമൂഹത്തിനെന്ന് അവര്‍ ചൂണ്ടിക്കാട്ടി. അസോസിയേഷന്‍ ഓഫ് കേരള മെഡിക്കല്‍ ഗ്രാജ്വേറ്റ്‌സ് എന്ന പേര് ആ കാലഘട്ടത്തിന് യോജിച്ചതായിരുന്നു എന്നതില്‍ തര്‍ക്കമില്ല. അന്ന് കേരളത്തിലെ മെഡിക്കല്‍ കോളജുകളില്‍ പഠിച്ച് പ്രത്യേക പരീക്ഷ പാസായി അമേരിക്കയിലെത്തിയ മലയാളി ഡോക്ടര്‍മാരാണ് ഉണ്ടായിരുന്നത്. പക്ഷേ മൂന്നര നൂറ്റാണ്ട് പിന്നിട്ടപ്പോള്‍ അമേരിക്കയില്‍ തന്നെ പഠിച്ച് ഡോക്ടര്‍മാരായ മലയാളി യുവതീ യുവാക്കള്‍ ഒട്ടേറെയുണ്ടായി. എന്നാല്‍ പഠനത്തിലെ കേരള ബന്ധം എ.കെ.എം.ജിയില്‍ അംഗമാകാന്‍ വേണമെന്ന ചിന്തയില്‍ ഇവര്‍ സംഘടനയുമായി അകലം പാലിക്കുകയായിരുന്നു.

ഇതിനു പരിഹാരമുണ്ടാക്കുകയും ന്യൂജനറേഷന്‍ ഡോക്ടമാരെ സംഘടനയിലേക്ക് ആ കര്‍ഷിക്കാനുമാണ് പേരുമാറ്റത്തെക്കുറിച്ച് ചിന്തിക്കുന്നതെന്ന് എ.കെ.എം.ജി പ്രസിഡന്റ് ഡോ. അലക്‌സ് തോമസ്, കണ്‍വന്‍ഷന്‍ ചെയര്‍ ഡോ. ജോസഫ് മാത്യു എന്നിവര്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു. നിലവിലുളള പേരില്‍ കേരള ഒറിജിന്‍ എന്ന അര്‍ത്ഥം വരുന്ന പദം ഉള്‍പ്പെടുത്താനാണ് ആലോചന. ഏതെങ്കിലും തരത്തിലുളള കേരള ബന്ധം സംഘടനയില്‍ ചേരാനുളള യോഗ്യതയായി കണക്കാക്കും. മാതാപിതാക്കളില്‍ ആരെങ്കിലുമൊരാള്‍ക്ക് കേരളബന്ധം ഉണ്ടെങ്കില്‍ അവരുടെ മകനോ മകളോ ഡോക്ടറാണെങ്കില്‍ എ.കെ. എം.ജിയില്‍ അംഗമാകാന്‍ അവസരമൊരുക്കും.

ഒട്ടേറെ ചര്‍ച്ചകള്‍ ഇക്കാര്യത്തില്‍ ആവശ്യമാണെന്ന് ഡോ. അലക്‌സ് തോമസ് ചൂണ്ടിക്കാട്ടി. ഞങ്ങളുടെ അഭിപ്രായം ജനറല്‍ ബോഡിയില്‍ അവതരിപ്പിക്കുകയും ചര്‍ച്ചയിലൂടെ സമവായത്തിലെത്തുകയും ചെയ്യും.
എ.കെ.എം.ജിക്കു മാത്രമല്ല അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ മലയാളി സംഘടനകള്‍ക്കും ഇത്തരത്തിലുളള പൊളിച്ചെഴുത്ത് ആവശ്യമാണെന്ന് ഡോ. അലക്‌സ് അഭിപ്രായപ്പെട്ടു. പുതിയ തലമുറയെ നമുക്കൊപ്പം നിര്‍ത്താന്‍ അവരുടെ അമേരിക്കന്‍ താല്‍പ്പര്യങ്ങളും നമ്മുടെ പാരമ്പര്യ താല്‍പ്പര്യങ്ങളും തമ്മില്‍ ഇഴചേര്‍ന്നേ മതിയാകൂ.

എ.കെ.എം.ജി ജനറല്‍ ബോഡിയില്‍ പേരുമാറ്റത്തിന് ഭൂരിപക്ഷ പിന്തുണ ലഭിക്കുമെന്നാണ് തങ്ങളുടെ പ്രതീക്ഷ. മാറ്റങ്ങള്‍ ഉള്‍ക്കൊളളാന്‍ എന്നും എ.കെ.എം.ജി ഒരുക്കമാണ്.

കേരളത്തില്‍ പഠിച്ച് അമേരിക്കയിലെത്തുന്ന ഡോക്ടര്‍മാരുടെ എണ്ണം മുന്‍കാലങ്ങളെ അപേക്ഷിച്ച് കുറയുകയാണെന്ന് എ.കെ.എം.ജി നേതൃത്വം വിലയിരുത്തി. ഇതിന് പല കാരണങ്ങളുമുണ്ട്. വിദേശത്ത് പഠിച്ച ഡോക്ടമാര്‍ക്ക് അമേരിക്കയിലെത്താനുളള യോഗ്യത നിര്‍ണയിക്കുന്ന മെഡിക്കല്‍ ലൈസന്‍സിംഗ് എക്‌സാമിനേഷനായ യു.എസ്.എം.എല്‍.ഇ പരീക്ഷ മുന്‍കാലങ്ങളെ അപേക്ഷിച്ച് കടുപ്പമുളളതായതാണ് പ്രധാന കാരണം. മറ്റൊന്നുളളത് കേരളത്തില്‍ അവസരങ്ങള്‍ കൂടിയതാണ്. എന്നിരിക്കിലും പ്രധാന പ്രതിബന്ധം യു.എസ്.എം.എല്‍.ഇ പരിക്ഷ തന്നെ.

യു.എസ്.എം.എല്‍.ഇ പരീക്ഷ കടുപ്പമേറിയതായി മാറിയെന്ന് യുവ ഡോക്ടറായ ബിന്ദു പിളളയും ശരിവച്ചു. ഞാന്‍ അതനുഭവിച്ചറിഞ്ഞതാണ്. മുന്‍കാലങ്ങളില്‍ ഇത്രയും കടുപ്പമുണ്ടായിരുന്നില്ലെന്നറിയാം. വിസിറ്റിംഗിനോ മറ്റു വിഭാഗത്തില്‍ ഉള്‍പ്പെട്ടോ അമേരിക്കയിലെത്തുന്ന മലയാളി ഡോക്ടര്‍മാര്‍ക്ക് യു.എസ്.എം.എല്‍.ഇ പരീക്ഷക്ക് തയാറെടുക്കാനുളള നിര്‍ദ്ദേശങ്ങള്‍ നല്‍കാനുളള സംവിധാനം എ.കെ.എം.ജി ഒരുക്കണമെന്നും ഡോ. ബിന്ദു പിളള നിര്‍ദ്ദേശിച്ചു.

മാത്രവുമല്ല എ.കെ.എം.ജിയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് കൂടുതല്‍ പേര്‍ അറിയാനുളള ശ്രമങ്ങളും നടത്തണം. അമേരിക്കയിലെത്തിയ ഞാന്‍ മലയാളി ഡോക്ടര്‍മാരുടെ സംഘടനയെ ഗൂഗിള്‍ സേര്‍ച്ച് നടത്തിയാണ് കണ്ടെത്തിയത്.

പുതുതായി എത്തുന്ന ഡോക്ടര്‍മാര്‍ക്ക് തങ്ങളാലാവുന്ന സഹായങ്ങള്‍ ചെയ്യാന്‍ ഒരുക്കമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. യു.എസ്.എം.എല്‍.ഇ പരീക്ഷക്ക് മികച്ച സ്‌കോര്‍ നേടുകയാണ് ആദ്യ കടമ്പ. അതില്‍ വിജയം നേടിയാല്‍ തുടര്‍ന്നുളള കാര്യങ്ങള്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ എ.കെ.എം.ജി ഒരുക്കമാണ്.

ഫിലഡല്‍ഫിയയില്‍ ലേബര്‍ഡേ വീക്കെന്‍ഡില്‍ നടക്കുന്ന മുപ്പത്തിയാറാമത് കണ്‍വന്‍ഷനില്‍ യുവ ഡോക്ടര്‍മാര്‍ക്ക് എ.കെ.എം.ജിയെക്കുറിച്ച് കൂടുതല്‍ അറിയാ ന്‍ സൗകര്യ ങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് നേതൃത്വം ചൂണ്ടിക്കാട്ടി. റസിഡന്‍സി ചെയ്യുന്നവര്‍ക്ക് തുഛമായ രജിസ്‌ട്രേഷന്‍ നിരക്കേ ഈടാക്കുന്നുളളൂ. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാം സൗജന്യം. കണ്‍വന്‍ഷനില്‍ പങ്കെടുത്താല്‍ മെഡിക്കല്‍ രംഗത്തെക്കുറിച്ച് കൂടുതല്‍ ഉള്‍ക്കാഴ്ച ലഭിക്കാന്‍ സാധിക്കും.

പുതു ഡോക്ടര്‍മാരെ സഹായിക്കാനിയി ഒരു സ്ഥിരം സംവിധാനം ഉണ്ടാക്കിയാല്‍ അതിനു വേണ്ടുന്ന പ്രചാരം നല്‍കുമെന്ന ഇന്ത്യ പ്രസ്‌ക്ലബ്ബിന്റെ വാഗ്ദാനത്തെ ഡോക്ടര്‍മാര്‍ സ്വാഗതം ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.