You are Here : Home / USA News

അനുഗ്രഹ നിറവായ്‌ ഷിക്കാഗോ എക്യൂമെനിക്കല്‍ കുടുംബസംഗമം

Text Size  

Benny Parimanam

bennyparimanam@gmail.com

Story Dated: Friday, June 12, 2015 10:49 hrs UTC

ഷിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ്‌ കേരളാ ചര്‍ച്ചസിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട പതിന്നാലാമത്‌ കുടുംബ സംഗമം ഏവര്‍ക്കും അനുഗ്രഹീത സന്ധ്യയായി മാറി. ഷിക്കാഗോയിലെ വിവിധ സഭാ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട പതിനാറ്‌ ദേവാലയങ്ങളില്‍ നിന്നുള്ള കുടുംബങ്ങള്‍ ഒരേ വേദിയില്‍ അണിനിരന്നപ്പോള്‍ ക്രിസ്‌തുവില്‍ എല്ലാവരും ഒന്നാണെന്നുള്ള ഐക്യ സന്ദേശം വിളിച്ചോതുന്നതായി. സംഗമസന്ധ്യയെ കൂടുതല്‍ മനോഹരമാക്കി വിവിധ ദേവാലയങ്ങളില്‍ നിന്നും നയനമനോഹരമായ കലാപരിപാടികള്‍ അവതരിപ്പിച്ചത്‌ അവിസ്‌മരണീയമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചു. ബെല്‍വുഡ്‌ സീറോ മലബാര്‍ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ നടത്തപ്പെട്ട കുടുംബ സംഗമം സ്‌നേഹവിരുന്നോടെ ആരംഭിച്ചു. പൊതുസമ്മേളനത്തിനു മുന്നോടിയായി ഷിക്കാഗോ ചെണ്ട ക്ലബ്‌ ഒരുക്കിയ ചെണ്ടമേളം താളാത്മകമായ അവതരണശൈലിയുടെ മികവു കാട്ടുന്നതായി.

 

കുടുംബ സംഗമത്തിന്റെ കണ്‍വീനറായി പ്രവര്‍ത്തിച്ച അച്ചന്‍കുഞ്ഞ്‌ മാത്യു വിശിഷ്‌ട അതിഥികളേയും, വൈദീകരേയും, കൗണ്‍സില്‍ അംഗങ്ങളേയും വേദിയിലേക്ക്‌ ക്ഷണിക്കുകയും തുടര്‍ന്ന്‌ പൊതുസമ്മേളന നടപടികള്‍ ആരംഭിക്കുകയും ചെയ്‌തു. അകാലത്തില്‍ വിട്ടുപിരിഞ്ഞ്‌ റീവ്‌ മാത്യുവിന്റെ സ്‌മരണകള്‍ക്കു മുന്നില്‍ പ്രാരംഭമായി ആദരാഞ്‌ജലികളും, പ്രാര്‍ത്ഥകളും അര്‍പ്പിച്ചുകൊണ്ട്‌ ആരംഭിച്ച യോഗനടപടികള്‍ക്ക്‌ സീറോ മലബാര്‍ ഇടവക വികാരി ഫാ.ഡോ. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറമ്പില്‍ പ്രാര്‍ത്ഥനകള്‍ക്ക്‌ നേതൃത്വം നല്‍കി.

 

കുടുംബ സംഗമത്തിന്റെ ചെയര്‍മാനായി പ്രവര്‍ത്തിച്ച റവ.ഫാ. ബാബു മഠത്തില്‍പറമ്പില്‍ സമ്മേളനത്തിയ ഏവരേയും സ്വാഗതം ചെയ്‌തു. സമ്മേളനത്തിന്റെ അധ്യക്ഷനും എക്യൂമെനിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റുമായ റവ.ഫാ. ദാനിയേല്‍ ജോര്‍ജ്‌ തുടര്‍ന്ന്‌ അധ്യക്ഷപ്രസംഗം നടത്തുകയും വിശിഷ്‌ടാതിഥിയായി പങ്കെടുത്ത ഓര്‍ത്തഡോക്‌സ്‌ സഭയുടെ സൗത്ത്‌ വെസ്റ്റ്‌ ഭദ്രാസനാധിപന്‍ അഭിവന്ദ്യ അലക്‌സിയോസ്‌ മാര്‍ യൗസേബിയോസ്‌ മെത്രാപ്പോലീത്തയെ ഏവര്‍ക്കും പരിചയപ്പെടുത്തുകയും ഉദ്‌ഘാടനത്തിനായി ക്ഷണിക്കുകയും ചെയ്‌തു.

 

`ലോകം നന്മകളില്‍ തന്നെ ചുരുങ്ങിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ കുടുംബ ബന്ധങ്ങളില്‍ പരസ്‌പര സ്‌നേഹവും കരുതലും കുറഞ്ഞുപോകുന്നത്‌ ആപത്‌കരമായ സംഭവങ്ങളിലേക്ക്‌ നമ്മെ എത്തിക്കും' എന്ന്‌ അഭിവന്ദ്യ തിരുമേനി തന്റെ ഉദ്‌ഘാടന പ്രസംഗത്തില്‍ പറഞ്ഞു. തുടര്‍ന്ന്‌ വൈദീകരേയും കൗണ്‍സില്‍ അംഗങ്ങളേയും വിശ്വാസി സമൂഹത്തേയും സാക്ഷിയാക്കി തിരുമേനി ഭദ്രദീപം കൊളുത്തി പ്രാര്‍ത്ഥനയോടെ പതിന്നാലാമത്‌ എക്യൂമെനിക്കല്‍ കുടുംബ സംഗമത്തിന്‌ തിരിതെളിച്ചു. എക്യൂമെനിക്കല്‍ കഴിഞ്ഞവര്‍ഷം കേരളത്തിലെ നിര്‍ധനരായ ഭവനരഹിതര്‍ക്ക്‌ പണിതുകൊടുത്ത ഭവനത്തിന്റെ താക്കോല്‍ ദാനം തുടര്‍ന്ന്‌ നിര്‍വഹിക്കപ്പെട്ടു. കഴിഞ്ഞവര്‍ഷം അതിനര്‍ഹമായ ദേവാലയത്തെ പ്രതിനിധീകരിച്ച്‌ വെരി. റവ. സ്‌കറിയാ തെലാപ്പള്ളില്‍ അഭി. യൗസേബിയോസ്‌ തിരുമേനിയില്‍ നിന്നും താക്കോല്‍ ഏറ്റുവാങ്ങി. എക്യൂമെനിക്കല്‍ കുടുംബ സംഗമത്തിന്റെ സ്‌പോണ്‍സര്‍മാരായിരുന്നവരുടെ ജോ. സെക്രട്ടറി മാത്യു മാപ്ലേട്ട്‌ സദസിന്‌ പരിചയപ്പെടുത്തുകയും കൗണ്‍സില്‍ മനോഹരമായ ഫലകം നല്‍കി ആദരിക്കുകയും ചെയ്‌തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും, ഇന്ത്യയിലും ക്രൈസ്‌തവര്‍ക്കെതിരേ നടക്കുന്ന അതിക്രമങ്ങള്‍ക്കും മതസ്വാതന്ത്ര്യത്തിനുമെതിരായ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ പ്രതിക്ഷേധ പ്രമേയം റവ. മാത്യു ഇടിക്കുള സമ്മേളനത്തില്‍ അവതരിപ്പിക്കുകയും സമ്മേളനം പ്രമേയത്തിന്‌ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും, ബന്ധപ്പെട്ട അധികാരികള്‍ക്ക്‌ കൈമാറുന്ന പ്രമേയം ഏവരും അംഗീകരിക്കുകയും ചെയ്‌തു. കൗണ്‍സില്‍ സെക്രട്ടറി ജോര്‍ജ്‌ പണിക്കര്‍ പൊതുസമ്മേളനത്തിന്റെ അവതാരകനും, സമ്മേളനത്തിനെത്തിയ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്‌തു. കുടുംബ സംഗമത്തിന്റെ പ്രോഗ്രാം കണ്‍വീനറായി പ്രവര്‍ത്തിച്ച ജോണ്‍സണ്‍ കണ്ണൂക്കാടന്‍ കലാപരിപാടികളുടെ അവതാരകനായിരുന്ന ബെന്നി പരിമണത്തേയും, ഷിജി അലക്‌സിനേയും സദസിന്‌ പരിചയപ്പെടുത്തുകയും കലാസന്ധ്യയിലേക്ക്‌ ഏവരേയും സ്വാഗതം ചെയ്യുകയും ചെയ്‌തു. കുടുംബ സംഗമത്തിന്റെ സന്ധ്യയെ നിറച്ചാര്‍ത്തുകള്‍ അണിയിച്ചുകൊണ്ട്‌ വിവിധ ദേവാലയങ്ങളില്‍ നിന്നുള്ള കലാപ്രതിഭകള്‍ അവതരിപ്പിച്ച വര്‍ണ്ണനിറങ്ങള്‍ ചാലിച്ച കലാപരിപാടികള്‍ കുടുംബ സംഗമത്തിന്‌ മാറ്റുകൂട്ടി. സ്‌കിറ്റുകള്‍, നൃത്തങ്ങള്‍, ഗാനങ്ങള്‍ തുടങ്ങി ക്രൈസ്‌തവമൂല്യങ്ങള്‍ നിറഞ്ഞ കലാസന്ധ്യ ഏവരുടേയും പ്രശംസ പിടിച്ചുപറ്റി. പരിപാടികളുടെ മികച്ച അവതരണ ശൈലിക്കും, വൈവിധ്യം നിലനിര്‍ത്തുന്നതില്‍ ഏവരും ശ്രദ്ധചെലുത്തി. കുരുന്നുകള്‍ മുതല്‍ വിവിധ പ്രായത്തിലുള്ളവര്‍ വരെ കലാപരിപാടികളുടെ ഭാഗമായി വേദിയില്‍ എത്തി. കലാസന്ധ്യയ്‌ക്കും എക്യൂമെനിക്കല്‍ കുടുംബ സംഗമത്തിനും റവ. ഏബ്രഹാം സ്‌കറിയ, റവ.ഫാ. ദാനിയേല്‍ ജോര്‍ജ്‌ എന്നിവരുടെ പ്രാര്‍ത്ഥനയോടെ സമാപനം കുറിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.