You are Here : Home / USA News

സീറോ മലബാര്‍ നൈറ്റ്‌ 2015 വര്‍ണ്ണാഭമായി

Text Size  

Story Dated: Friday, July 10, 2015 03:10 hrs UTC

ബീനാ വള്ളിക്കളം

ഷിക്കാഗോ: ഭാരതത്തിന്റെ അപ്പസ്‌തോലന്‍ വി. തോമാശ്ശീഹായുടെ തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വമായ തിരുകര്‍മ്മങ്ങളോടും, വര്‍ണ്ണശബളമായ ആഘോഷങ്ങളോടുംകൂടി ഷിക്കാഗോ സീറോ മലബാര്‍ ഇടവക ജനത കൊണ്ടാടി. ദുക്‌റാന ദിനമായ ജൂലൈ 3-ന്‌ നടന്ന തിരുകര്‍മ്മങ്ങള്‍ക്ക്‌ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയ്‌ ആലപ്പാട്ട്‌ മുഖ്യകാര്‍മികത്വം വഹിക്കുകയും, ബിജ്‌നോര്‍ രൂപതാ മെത്രാന്‍ മാര്‍ ഗ്രേഷ്യന്‍ മുണ്ടാടന്‍ സന്ദേശം നല്‍കുകയും ചെയ്‌തു. തുടര്‍ന്ന്‌ പാരീഷ്‌ ഹാളില്‍ സീറോ മലബാര്‍ കള്‍ച്ചറല്‍ അക്കാഡമിയുടെ നേതൃത്വത്തില്‍ ഇടവകയിലെ ഇരുനൂറോളം കലാകാരന്മാരേയും കലാകാരികളേയും ഒന്നിച്ചണിനിരത്തിയ `സീറോ മലബാര്‍ നൈറ്റ്‌ 2015' അരങ്ങേറി. മാര്‍ ഗ്രേഷ്യന്‍ മുണ്ടാടന്‍ ദീപം തെളിയിച്ച്‌ ഉദ്‌ഘാടനം ചെയ്‌ത ഈ കലാസായാഹ്നം രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്തിന്റേയും സഹായ മെത്രാന്‍ മാര്‍ ജോയ്‌ ആലപ്പാട്ടിന്റേയും മനഹനീയ സാന്നിധ്യത്താല്‍ അനുഗ്രഹപ്രദമായി.

 

സിനു പാലയ്‌ക്കത്തടത്തിന്റെ ആമുഖത്തിനുശേഷം കള്‍ച്ചറല്‍ അക്കാഡമിയിലെ കൊച്ചു കുട്ടികള്‍ പ്രാര്‍ത്ഥനാഗാനം ആലപിച്ചു. അക്കാഡമി ഡയറക്‌ടര്‍ ബീന വള്ളിക്കളം ഏവരേയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുകയും, നാളിതുവരെ ലഭിച്ച സഹകരണത്തിനു നന്ദി പറയുകയും ചെയ്‌തു. പത്താം വാര്‍ഷികം ആഘോഷിക്കുന്ന അക്കാഡമി ഒരുക്കിയ സുവനീര്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ പ്രകാശനം ചെയ്യുകയും ആദ്യ കോപ്പി മാര്‍ ഗ്രേഷ്യന്‍ മുണ്ടാടന്‌ നല്‍കുകയും ചെയ്‌തു. അക്കാഡമിയുടെ പ്രവര്‍ത്തനങ്ങളെ ശ്ശാഘിച്ചു സംസാരിച്ച പിതാവ്‌ കുഞ്ഞുങ്ങളെ ദൈവീകാനുഗ്രഹമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും വളര്‍ത്തുകയും ചെയ്യുന്ന ഈ സംരംഭത്തിനു തുടര്‍ന്നും ധാരാളം അനുഗ്രഹങ്ങള്‍ ഉണ്ടാകട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നതായും ഇതിലേക്ക്‌ സഹകരിച്ച്‌ അവസരങ്ങള്‍ വിനിയോഗിക്കുവാനായി ഏവരോടും താത്‌പര്യപ്പെടുന്നതായും അറിയിച്ചു. ഇടവക വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറമ്പില്‍, അസി. വികാരി ഫാ. റോയ്‌ മൂലേച്ചാലില്‍ എന്നിവര്‍ അക്കാഡമിക്ക്‌ നല്‍കുന്ന മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ക്കും,പ്രോത്സാഹനത്തിനും പ്രാര്‍ത്ഥനകള്‍ക്കും നന്ദി അറിയിച്ച ഡയറക്‌ടര്‍ ബീന വള്ളിക്കളം അക്കാഡമിയുടെ രൂപരേഖ മുതല്‍ നാലുവര്‍ഷക്കാലം മാര്‍ഗ്ഗനിര്‍ദേശം നല്‍കിയ ഫാ. ആന്റണി തുണ്ടത്തിലിനേയും, അക്കാഡമിയെ നയിച്ച വിവിധ ഡയറക്‌ടര്‍മാരേയും നന്ദിപൂര്‍വ്വം ഓര്‍ക്കുന്നതായി പറഞ്ഞു.

 

 

അക്കാഡമി ബോര്‍ഡ്‌ അംഗങ്ങളായ ലിന്‍സി വടക്കുംചേരി, ഫിയോനാ മോഹന്‍ എന്നിവര്‍ അവതാരകരായി. ബോര്‍ഡ്‌ അംഗം ഷൈനി പോള്‍ ഏവര്‍ക്കും കൃതജ്ഞത അര്‍പ്പിച്ചു. `കലാമേള 2015'-ല്‍ കലാപ്രതിഭയായ ജസ്റ്റിന്‍ ജോസഫിനും, കലാതിലകം റോസ്‌ മാത്യുവിനും തദവസരത്തില്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ ട്രോഫികള്‍ സമ്മാനിച്ചു. മാര്‍ ജോയ്‌ ആലപ്പാട്ട്‌ രചിച്ച്‌ യേശുദാസ്‌ അടക്കം പ്രമുഖ ഗായകര്‍ ആലപിച്ച സ്‌നേഹസുധ, സാന്ത്വനം എന്നീ ഭക്തിഗാന സിഡികളും, ഇടവകംഗങ്ങളായ സിബി ആലുംപറമ്പില്‍, സണ്ണി ജോസഫ്‌ എന്നിവര്‍ ഒരുക്കിയ നാഥാ നീയെന്‍ചാരെ എന്ന ഭക്തിഗാന സിഡിയും തദവസരത്തില്‍ പ്രകാശിക്കപ്പെട്ടു. തുടര്‍ന്ന്‌ നടന്ന കലാസന്ധ്യ ഭൂഖണ്‌ഡങ്ങള്‍ക്കപ്പുറവും വിശ്വാസവും, കലയും, സംസ്‌കാരവും കൂടെക്കൂട്ടിയ പ്രവാസിയുടെ നേര്‍ക്കാഴ്‌ചയായി മാറി. കേരളീയം, അഗ്‌നിശുദ്ധി, നൂപുരം എന്നിങ്ങനെ മൂന്നു ഭാഗങ്ങളായിട്ടായിരുന്നു ഈ സായാഹ്നം ഒരുക്കിയത്‌. മതമൈത്രിയുടേയും, സാംസ്‌കാരിക പാരമ്പര്യത്തിന്റേയും സമന്വയഭൂമിയായ ഭാരതത്തിന്റെ പരിഛേദമായ `കേരളീയം' നൂറിലേറെ കലാകാരന്മാരും കലാകാരികളുമായി ലാലു പാലമറ്റത്തിന്റെ നേതൃത്വത്തില്‍ അവതരിപ്പിക്കപ്പെട്ടത്‌ വേറിട്ട ദൃശ്യാനുഭവമായി. ലിന്‍സി വടക്കുംചേരി, ആഷാ & സിബു മാത്യു, സിനു പാലയ്‌ക്കത്തടം, ശാന്തി ജെയ്‌സണ്‍ എന്നിവരുടെ കട്ടായ പ്രയത്‌നവും കേരളീയത്തിനു മിഴിവുകൂട്ടി. സഹത്തിന്റെ തീച്ചുളയില്‍ ശോധന ചെയ്യപ്പെടുന്ന ജീവിതങ്ങളുടെ മേല്‍ ദൈവത്തിന്റെ സാന്ത്വനസ്‌പര്‍ശം നിശ്ചയമായും ഉണ്ടാകുമെന്നത്‌ ബൈബിള്‍ അടിസ്ഥാനമാക്കി `അഗ്നിശുദ്ധി' എന്ന ചോന്തോദ്ദീപകമായ ആവിഷ്‌കാരം സിബി ആലുംപറമ്പിലിന്റെ നേതൃത്വത്തില്‍ അവതരിപ്പിക്കപ്പെട്ടു. ബൈബിളിലെ ജോബ്‌, തോബിത്‌, ഈശോ എന്നിവരെ അവതരിപ്പിച്ച ജോ വെളിയത്തുമാലില്‍, ജോസ്‌ ഓലിയാപ്പുറം, ലാലിച്ചന്‍ ആലുംപറമ്പില്‍ എന്നിവരോടൊപ്പം ജോണ്‍സണ്‍ കാരിക്കലും മറ്റനേകം പ്രതിഭകളും ഒന്നുചേര്‍ന്നപ്പോള്‍ അത്‌ ഇടവകയിലെ അഭിനയതികവും, ആത്മാര്‍ത്ഥതയുമുള്ള കലാകാരന്മാരുടേയും കലാകാരികളുടേയും സംഗമ വേദിയായി. വിശ്വാസതീക്ഷ്‌ണമായ ഈ ഉദ്യമത്തിന്റെ വിജയത്തിനായി ടോം ജോസ്‌, ജെനി പുല്ലാപ്പള്ളി, ടോം കുടശേരില്‍ എന്നിവരും സഹകരിച്ചു. താളാത്മകമായ സംഗീതത്തിന്റെ രമണീയ നൃത്താവിഷ്‌കാരം 'നൂപുരം' ആഷ്‌ലി മാത്യു തെങ്ങുംമൂട്ടിലിന്റേയും, ലിന്‍സാ ജോസഫിന്റേയും നേതൃത്വത്തില്‍ അമ്പതോളം കുട്ടികള്‍ അരങ്ങത്തെത്തിച്ചപ്പോള്‍ അത്‌ ആനന്ദകരമായ ഒരു ദൃശ്യവിരുന്നായി. ആഷ്‌ലി ഒരുക്കിയ ആരാധനാ നൃത്തരൂപവും ഏറെ പ്രശംസ പടിച്ചുപറ്റി. മുപ്പതോളം കോളജ്‌ കുട്ടികളോടൊന്നുചേര്‍ന്ന ഈ അവതരണം യുവതലമുറയുടെ ഉച്ചത്തിലുള്ള വിശ്വാസപ്രഘോഷണമായി. രംഗസജ്ജീകരണങ്ങള്‍ക്കും ശ്രവണ-ദൃശ്യാനുഭവങ്ങള്‍ക്കും പൂര്‍ണ്ണത പകരുവാന്‍ ജില്‍സ്‌ ജോര്‍ജ്‌ (സൗണ്ട്‌), വില്‍സണ്‍ മാളിയേക്കല്‍ (സ്റ്റേജ്‌), ജോയിച്ചന്‍ പുതുക്കുളം (വാര്‍ത്ത, ഫോട്ടോഗ്രാഫി), ജോസ്‌ ചേന്നിക്കര (വാര്‍ത്ത), ഫാന്‍സി വീഡിയോസ്‌, ബെന്‍ സ്റ്റുഡിയോ, ടോം ജോസ്‌, സിബു & ആഷ (വീഡിയോ അവതരണം( എന്നിവര്‍ ആത്മാര്‍ത്ഥമായി പരിശ്രമിച്ചു. പാരമ്പര്യമൂല്യങ്ങള്‍ വരുംതലമുറയ്‌ക്ക്‌ പകര്‍ന്നു നല്‍കുവാനാകുമെന്നതിന്റെ ഉത്തമദൃഷ്‌ടാന്തമായി ഈ വിശ്വാസപ്രഘോഷണ കലാസന്ധ്യ ഒരുക്കുവാന്‍ കഴിഞ്ഞതില്‍ കള്‍ച്ചറല്‍ അക്കാഡമി ഭാരവാഹികള്‍ ഏറെ സന്തുഷ്‌ടി പ്രകടിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.