You are Here : Home / USA News

നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ:് തലമുറകളുടെ ഓര്‍മ്മകള്‍ ശേഖരിക്കുന്നു

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Friday, July 10, 2015 10:44 hrs UTC

ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിനോടനുബന്ധിച്ച് 'മലങ്കര ജനറേഷന്‍സ്' എന്ന പേരില്‍ ഒരു കാമ്പയിന്‍ സംഘടിപ്പിക്കുന്നു. വിശ്വാസത്തില്‍ അഭിവൃദ്ധിപ്പെടുന്ന തലമുറ (തലമുറയോട് നിന്റെ ക്രിയകളെ പുകഴ്ത്തി, നിന്റെ വീര്യ പ്രവര്‍ത്തികളെ പ്രസ്താവിക്കും എന്ന സങ്കീര്‍ത്തന ഭാഗത്തെ 145-ാം അധ്യായം നാലാം വാക്യം)യെ അടിസ്ഥാനമാക്കിയുള്ള ചിന്താവിഷയത്തില്‍ നിന്നാണ് ഈ ആശയം ഉടലെടുത്തത്. സഭയുമായി ബന്ധപ്പെട്ട അറുപതികളിലെയും എഴുപതുകളിലെയും എണ്‍പതുകളിലെയുമടക്കമുള്ള ഓര്‍മ്മച്ചിത്രങ്ങള്‍, വീഡിയോ ക്ലിപ്പിങ്ങുകള്‍, ചിത്രങ്ങള്‍ എന്നിവ ശേഖരിക്കുകയും അതു മറ്റുള്ളവര്‍ക്ക് കൂടി കാണാനുള്ള അവസരമൊരുക്കി സോഷ്യല്‍ നെറ്റ് വര്‍ക്ക് മീഡിയകളില്‍ ഹാഷ് ടാഗോടു കൂടി ഗ്രൂപ്പ് ചെയ്തു ഷെയര്‍ ചെയ്യുക എന്നതാണ് കാമ്പയിന്‍ ലക്ഷ്യമിടുന്നത്. ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ അല്ലാത്ത ചിത്രങ്ങള്‍ സ്‌കാന്‍ ചെയ്തു ഡിജിറ്റലൈസ് ചെയ്തതിനു ശേഷം മൂല്യമേറിയ വസ്തുക്കള്‍ തിരിച്ചു നല്‍കാനുള്ള ഏര്‍പ്പാടും ചെയ്തിട്ടുണ്ട്. കോണ്‍ഫറന്‍സിനു ശേഷം ശേഖരിക്കപ്പെടുന്നവയെല്ലാം ചേര്‍ത്ത് ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും വേണ്ടി ഭദ്രാസനതലത്തില്‍ ഒരു ലൈബ്രറി സ്ഥാപിക്കുന്നതിനെക്കുറിച്ചും ആലോചനയുണ്ട്.
 
ഭദ്രാസനങ്ങളുടെ വ്യാപനത്തിനു വേണ്ടി അക്ഷീണം യത്‌നിച്ച മുന്‍ തലമുറയ്ക്ക് പ്രണാമം അര്‍പ്പിക്കുന്നതിനൊപ്പം ആ ഓര്‍മ്മകള്‍ പുതിയ തലമുറകള്‍ക്കായി പങ്ക് വയ്ക്കുകയുമാണ് ഇതു കൊണ്ട് ലക്ഷ്യമിടുന്നത്. ഭൂതകാലത്തെ മനസ്സിലാക്കുന്നതിനും ആത്മീയതലത്തിലേക്ക് അവരുടെ സംഭാവനകളെ വിലയിരുത്തതിനും ഈ ചരിത്രനിമിഷങ്ങളെ ഉപയുക്തമാക്കാന്‍ വേണ്ടിയുള്ള ഈ ഭഗീരഥപ്രയത്‌നം വിജയിപ്പിക്കാന്‍ സഭാമക്കള്‍ ഒരുമിക്കണമെന്ന് ഫാ. വിജയ് തോമസ് (കോ ഓര്‍ഡിനേറ്റര്‍) അഭ്യര്‍ത്ഥിച്ചു. ഇന്ത്യയില്‍ നിന്നുള്ള ചിത്രങ്ങളും അമേരിക്കയിലെ മലങ്കര ദേവാലയങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ #fyconf #MalankaraGenerations എന്നീ ഹാഷ് ടാഗ് ഉപയോഗിച്ച് പോസ്റ്റ് ചെയ്യണം. വീഡിയോയും ചിത്രങ്ങളും familyandyouthconference@gmail.com എന്ന ഈമെയ്ല്‍ വിലാസത്തില്‍ അയയ്ക്കുകയും ചെയ്യാം. ശോഭനമായ ആത്മീയഭാവിയൊരുക്കാന്‍ ഇത്തരമൊരു നീക്കം സഹായിക്കുമെന്നു ജനറല്‍ സെക്രട്ടറി ഡോ. ജോളി തോമസ് പറഞ്ഞു.
ജൂലൈ 15 ബുധന്‍ മുതല്‍ 18 ശനി വരെ അപ്‌സ്റ്റേറ്റ് ന്യൂയോര്‍ക്കിലുള്ള എലന്‍വില്‍ ഓണേഴ്‌സ് ഹേവന്‍ റിസോര്‍ട്ടിലാണ് കോണ്‍ഫറന്‍സ് നടക്കുന്നത്.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.