You are Here : Home / USA News

ജെറി അമല്‍ദേവിന്‌ പിറന്നാള്‍ മംഗളങ്ങള്‍

Text Size  

ജോസ് കാടാംപുറം

kairalitvny@gmail.com

Story Dated: Friday, July 10, 2015 10:24 hrs UTC

നാനുവറ്റ്‌, ന്യൂയോര്‍ക്ക്‌: ചലച്ചിത്രഗാനരംഗത്തും, ഭക്തിഗാനരംഗത്തും പുതിയ സംഗീതപ്രപഞ്ചം സൃഷ്‌ടിച്ച ജറി അമല്‍ദേവിന്റെ എഴുപത്തഞ്ചാം പിറന്നാള്‍ സംഗീതപ്രേമികളുടെ നിറഞ്ഞ സദസില്‍ ആഘോഷിച്ചു. ആഘോഷവും സദസ്യരുടെ സ്‌നേഹവും തന്നെ ഏതോ മായികലോകത്ത്‌ എത്തിച്ച പ്രതീതിയിലാണെന്ന്‌ അദ്ദേഹം പറഞ്ഞു. അയഥാര്‍ത്ഥമായ എന്തോ ഒന്ന്‌ സംഭവിക്കുന്നതുപോലെ. താന്‍ എന്ന വ്യക്തിയെ അല്ല, സംഗീതത്തെയാണ്‌ ആദരിക്കുന്നതെന്ന്‌ തനിക്കറിയാം. ഭൂഖണ്‌ഡങ്ങള്‍ക്കപ്പുറത്തും തന്റെ ഗാനങ്ങള്‍ക്കും തനിക്കും ലഭിച്ച അംഗീകാരവും ആദരവും ഏറെ കൃതാര്‍ത്ഥത പകരുന്നു- ആദ്യകാല അമേരിക്കന്‍ മലയാളി കൂടിയായ ജറി മാസ്റ്റര്‍ പറഞ്ഞു. സിംഗ്‌ ന്യൂയോര്‍ക്ക്‌ വിത്ത്‌ ജറി അമല്‍ദേവ്‌ പ്രോഗ്രാം സംഘടിപ്പിച്ച സെന്റ്‌ മേരീസ്‌ സീറോ മലബാര്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തിലാണ്‌ കാരാവള്ളി റെസ്റ്റോറന്റില്‍ പിറന്നാള്‍ ആഘോഷിച്ചത്‌. ജറി മാസ്റ്ററുടെ ചിത്രം ആലേഖനം ചെയ്‌ത കേക്ക്‌ മുറിച്ച്‌ അദ്ദേഹം പിറന്നാള്‍ മധുരം പങ്കുവെച്ചു.

 

തനിക്ക്‌ സംഗീത വേദിയൊരുക്കുകയും പിറന്നാളാഘോഷം ഒരുക്കുകയും ചെയ്‌ത സംഘാടകരോടും, വികാരിയും സംഗീതജ്ഞനുമായ ഫാ. തദേവൂസ്‌ അരവിന്ദത്തിനോടുമുള്ള കൃതജ്ഞതയും അദ്ദേഹം രേഖപ്പെടുത്തി. ചടങ്ങില്‍ കണ്ണൂര്‍ ബിഷപ്പ്‌ മോണ്‍. അലക്‌സ്‌ വടക്കുംതല മുഖ്യാതിഥിയായിരുന്നു. കവിതകള്‍ എഴുതുന്ന അദ്ദേഹം ജറി മാസ്റ്ററുമൊത്തുള്ള തന്റെ സംഗീത പ്രവര്‍ത്തനങ്ങള്‍ അനുസ്‌മരിച്ചു. ഭക്തിഗാനരംഗത്ത്‌ തദേവൂസ്‌ അച്ചനും, ജറി മാസ്റ്ററും നല്‍കിയ സംഭാവനകളും അദ്ദേഹം അനുസ്‌മരിച്ചു. ഭക്തിഗാനം ഒരു മതവിഭാഗത്തിന്റേതായാണ്‌ രൂപപ്പെടുന്നതെങ്കിലും ഈശ്വരനെ വന്ദിക്കുന്ന ഗാനങ്ങള്‍ എല്ലാ മതസ്ഥര്‍ക്കും ആത്മീയാനുഭവം പ്രദാനം ചെയ്യുന്നു. ക്രൈസ്‌തവ ഭക്തിഗാനങ്ങള്‍ കേട്ട്‌ ധ്യാനത്തിലിരിക്കുന്ന ഹൈന്ദവ സുഹൃത്തുക്കളുടെ കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. കൊല്ലും കൊലയും ബോംബ്‌ നിര്‍മ്മാണവുമൊക്കെയാണ്‌ പത്രങ്ങളില്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നതെങ്കിലും കണ്ണൂരില്‍ ജനങ്ങള്‍ സമാധാനപ്രിയരും സ്‌നേഹ സമ്പന്നരുമാണെന്നും അദ്ദേഹം പറഞ്ഞു. ജറി മാസ്റ്ററെ കൊണ്ടുവരാനും അദ്ദേഹത്തില്‍ നിന്ന്‌ ഇവിടെയുള്ളവര്‍ക്ക്‌ പഠിക്കാനും അവസരം ലഭിച്ചതില്‍ ഫാ. തദേവൂസ്‌ അരവിന്ദത്ത്‌ സംതൃപ്‌തി പ്രകടിപ്പിച്ചു. വലിയ ഉത്തരവാദിത്വവും പണച്ചെലവുമുള്ള ഒരു സാഹസത്തിനാണ്‌ തങ്ങള്‍ മുതിര്‍ന്നത്‌. തന്നോടൊപ്പം പ്രവര്‍ത്തിച്ച സംഘാടക സമിതിയ്‌ക്കും ഇതുമായി സഹകരിച്ച വ്യക്തികളും പ്രത്യേകം നന്ദി അര്‍ഹിക്കുന്നു. ഒരു കല്‍ക്കണ്ടത്തരി കണ്ടെത്തുന്ന ആദ്യത്തെ ഉറുമ്പിന്റെ കൂടെ മറ്റ്‌ ഉറുമ്പുകള്‍ സഹായവുമായി എത്തുന്നു എന്നതുപോലെ താന്‍ മുന്നോട്ടുവെച്ച ആശയം പ്രാവര്‍ത്തികമാക്കാന്‍ എല്ലാവരും കൂടി രംഗത്തിറങ്ങുകയായിരുന്നു. പരിപാടിയുടെ വിജയത്തിന്റെ എല്ലാ ക്രെഡിറ്റും സംഘാടകസമിതിക്കാണ്‌. പിറന്നാളാഘോഷത്തിനു ജയിന്‍ ജേക്കബ്‌, സാജന്‍ ജേക്കബ്‌, ജേക്കബ്‌ ചൂരവടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജോസഫ്‌ വാണിയപ്പള്ളി, ജേക്കബ്‌ റോയി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. നേരത്തെ ശ്രദ്ധേയമായ സംഗീതാസ്വാദന ക്ലാസില്‍ ജറി മാസ്റ്റര്‍ വ്യത്യസ്‌ത സംഗീത രീതികളെപ്പറ്റി അവലോകനം നടത്തി. ചൈനീസ്‌ സംഗീതം കേട്ടാല്‍ നമുക്ക്‌ തമാശയായി തോന്നും. നമ്മുടെ പാട്ട്‌ കേട്ടാല്‍ കരയുകയാണെന്നു തോന്നുമെന്നു പാശ്ചാത്യരും പറയുന്നു. സംഗീത രീതി വ്യസ്‌തമാണെങ്കിലും അവക്കുള്ളിലെ താളം ഒരുപോലെയാണെന്ന്‌ കാണാം. തരംഗങ്ങളായാണ്‌ ശബ്‌ദം സഞ്ചരിക്കുന്നത്‌. സംഗീതത്തെ ഫോക്ക്‌ മ്യൂസിക്‌ എന്നും ശാസ്‌ത്രീയ സംഗീതമെന്നും തരംതിരിക്കുന്നു. ഫോക്‌ മ്യൂസിക്‌ പാരമ്പര്യമായി കൈമാറി വരുന്നതാണ്‌. ശാസ്‌ത്രീയ സംഗീതമാകട്ടെ ആരെങ്കിലും രൂപപ്പെടുത്തിയതും. നല്ല ഈരടികളില്‍ പാട്ട്‌ ഒളിഞ്ഞുകിടക്കുന്നു. സംഗീത സംവിധായകനായ അതു കണ്ടെത്തുകയെ വേണ്ടൂ. പക്ഷെ, എല്ലാ പാട്ടും കവിതയാകണമെന്നില്ല. കവിതയുടെ പല അംശങ്ങളും അതില്‍ ഉണ്ടാവുമെന്നു മാത്രം. ഉദയം പടിഞ്ഞാറ്‌ എന്ന ചിത്രത്തിന്‌ നല്‍കിയ ട്യൂണിന്‌ അനുസരിച്ച്‌ കാവാലം നാരായണപ്പണിക്കര്‍ രൂപം കൊടുത്തതാണ്‌. 'ഓക്കു മരക്കൊമ്പത്തെ....' എന്ന ഗാനം. തമിഴര്‍ കലയോട്‌ കൂടുതല്‍ താത്‌പര്യം കാട്ടുന്നവരാണ്‌. ഭാഷയിലും സംഗീതാത്മകത. മലയാളികള്‍, പ്രത്യേകിച്ച്‌ അഭ്യസ്‌തവിദ്യര്‍. പാട്ടുകേട്ടാലൊന്നും കൂടെ പാടുകയോ, നൃത്തം ചെയ്യുകയോ ഒന്നുമില്ല. അറേബ്യന്‍ മ്യൂസിക്‌ നമ്മുടെ മാപ്പിളപ്പാട്ട്‌ മുതല്‍ ഖവാലി, തിരാന തുടങ്ങി വിവിധ സംഗീത പ്രസ്ഥാനങ്ങളെ സ്വാധീനിച്ചു. പാശ്ചാത്യ സംഗീതത്തിന്റെ ഉത്ഭവം ഗ്രിഗോറിയന്‍ മ്യൂസിക്കില്‍ നിന്നാണ്‌. ക്രിസ്‌തുമതം റോമില്‍ ശക്തമായപ്പോള്‍ പഴയ സംഗീതത്തെയൊക്കെ അമര്‍ച്ച ചെയ്‌തു. അതു വലിയ ക്രൂരക്യത്യമായിരുന്നു. പകരം പള്ളികളില്‍ ഉപയോഗിക്കാന്‍ ഗ്രിഗോറിയന്‍ മ്യൂസിക്‌ മാത്രം. പുറത്ത്‌ പഴയതരം സംഗീതം നിലനിന്നു. 1100 വര്‍ഷത്തിനുശേഷമാണ്‌ ഗ്രിഗോറിയന്‍ മ്യൂസിക്‌ മാറ്റങ്ങള്‍ക്ക്‌ വഴിമാറിയത്‌. അങ്ങനെ ശസ്‌ത്രീയ സംഗീതത്തിനു തുടക്കമായി. ഗ്രിഗോറിയന്‍ മ്യൂസിക്കിന്റെ അടിസ്ഥാനം ഇന്ത്യന്‍ സംഗീതം തന്നെ. ഇന്തോ-യൂറോപ്യന്‍ ഭാഷകളെല്ലാം തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നത്‌ അവ ഒരു സ്രോതസില്‍ നിന്ന്‌ ഉണ്ടായി എന്നതിനലാണ്‌. അതുപോലെ തന്നെ സംഗീതവും. ഭാഷ ഉണ്ടാകുന്നതിനു മുമ്പുതന്നെ സംഗീതവും ഉണ്ടായിരുന്നു. `സരിഗമ' എന്ന അടിസ്ഥാന നോട്ടുകള്‍ രൂപംകൊണ്ടത്‌ ചൈനയിലാണ്‌. അവിടെയുള്ള ചില കല്ലുകളില്‍ നിന്നു പുറപ്പെടുവിക്കുന്ന ശബ്‌ദമാണ്‌ ഇതിന്‌ അടിസ്ഥാനം. ക്രമേണ അത്‌ ഇന്ത്യയിലെത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.