You are Here : Home / USA News

പ്രൊഫ. കെ.വി തോമസിനും ജോര്‍ജ്‌ കള്ളിവയലിലിനും ടെക്‌സസ്‌ സ്റ്റേറ്റിന്റെ ആദരം

Text Size  

Story Dated: Saturday, July 11, 2015 11:09 hrs UTC

ഹൂസ്റ്റണ്‍: മുന്‍ കേന്ദ്ര മന്ത്രിയും ഇന്ത്യന്‍ പാര്‍ലമെന്റിലെ പബ്‌ളിക്ക്‌ അക്കൗണ്ട്‌സ്‌ കമ്മിറ്റി ചെയര്‍മാനുമായ പ്രൊഫ. കെ.വി തോമസ്‌ എം.പിയെയും പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ദീപിക ദിനപത്രത്തിന്റെ അസോസിയേറ്റ്‌ എഡിറ്ററും ഡല്‍ഹി ബ്യൂറോ ചീഫുമായ ജോര്‍ജ്‌ കള്ളിവയലിലിനെയും ടെക്‌സസ്‌ സ്റ്റേറ്റ്‌ ഔദ്യോഗികമായി ആദരിച്ചു. സൗത്ത്‌ ഇന്ത്യന്‍ യു.എസ്‌ ചേംബര്‍ ഓഫ്‌ കൊമേഴ്‌സിന്റെ ആഭിമുഖ്യത്തില്‍, ജൂലൈ ഒന്‍പതാം തീയതി രാവിലെ 10.30ന്‌ മിസൗറി സിറ്റി ഹാളില്‍ നടന്ന അസാധാരണവും പ്രൗഢോജ്വലവുമായ യോഗം ടെക്‌സസ്‌ സ്റ്റേറ്റ്‌ റപ്രസെന്റേറ്റീവ്‌ റോണ്‍ റെയ്‌നോള്‍ഡ്‌, മിസൗറി സിറ്റി മേയര്‍ അലന്‍ ഓവന്‍ എന്നിവരുടെ സജീവ സാന്നിധ്യം കൊണ്ട്‌ ശ്രദ്ധേയമായി. മന്ത്രി, ജനപ്രതിനിധി എന്നീ നിലകളില്‍ ഇന്ത്യന്‍ രാഷ്‌ട്രീയ രംഗത്ത്‌ കാഴ്‌ചവച്ച പ്രര്‍ത്തനങ്ങളെ മാനിച്ചാണ്‌ പ്രൊഫ. കെ.വി തോമസിനെ ആദരിച്ചതെങ്കില്‍ മാധ്യമ പ്രവര്‍ത്തനത്തിലൂടെ സമൂഹ നന്‍മയ്‌ക്കായി അന്താരാഷ്‌ട്ര തലത്തില്‍ നടത്തിയ ക്രിയാത്മകമായ ഇടപെടലുകളാണ്‌ ജോര്‍ജ്‌ കള്ളിവയലിലിനെ സ്റ്റേറ്റിന്റെ പ്രശംസയ്‌ക്ക്‌ പാത്രീഭൂതനാക്കിയത്‌. യോഗത്തില്‍ ഇരുവരെയും മേയര്‍ അലന്‍ ഓവന്‍ ടെക്‌സസ്‌ സ്റ്റേറ്റിലേക്ക്‌ സ്വാഗതം ചെയ്യുകയും അനുമോദനമറിയിക്കുകയും ഉപഹാരം നല്‍കുകയും ചെയ്‌തു. കൃതജ്ഞതാ സൂചകമായി പ്രൊഫ. കെ.വി തോമസ്‌ റോണ്‍ റെയ്‌നോള്‍ഡിനും അലന്‍ ഓവനും പ്ലാക്ക്‌ നല്‍കി. ``ലോകത്തിലെ ഏറ്റവും പഴക്കമാര്‍ന്നതും ഏറ്റവും വലുതുമായ ജനാധിപത്യ രാഷ്‌ട്രങ്ങളാണ്‌ ഇന്ത്യയും അമേരിക്കയും. ഇരു രാജ്യങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഇത്തരം കൂട്ടായ്‌മകളിലൂടെ രാഷ്‌ട്രാന്തര സൗഹൃദം കൂടുതല്‍ ബലപ്പെടുകയേയുള്ളൂ. ഇവിടെ ആദരിക്കപ്പെട്ടവര്‍ ടെക്‌സസ്‌ സംസ്ഥാനത്തിന്റെ മാത്രമല്ല അമേരിക്കയുടെ തന്നെ ഉത്തമ സുഹൃത്തുക്കളാണ്‌. അവര്‍ക്ക്‌ ഭാവുകങ്ങള്‍ നേരുന്നു''-റോണ്‍ റെയ്‌നോള്‍ഡ്‌ ആശംസിച്ചു. ``ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്‌ട്രത്തിലെ ജനപ്രതിനിധിക്കും ഇന്ത്യയിലെ വാഷിങ്‌ടണ്‍ പോസ്റ്റ്‌ എന്ന്‌ മനസിലാക്കാന്‍ സാധിച്ച പത്രത്തിന്റെ പ്രതിനിധിക്കും അഭിവാദ്യങ്ങള്‍. നിങ്ങളെ ഞങ്ങള്‍ക്ക്‌ പരിചയപ്പെടുത്തിയ സൗത്ത്‌ ഇന്ത്യന്‍ യു.എസ്‌ ചേംബര്‍ ഓഫ്‌ കൊമേഴ്‌സിന്റെ ഭാരവാഹികള്‍ ഇന്ത്യയും അമേരിക്കയും തമ്മില്‍ സ്‌നേഹത്തിന്റെ പാലം തീര്‍ക്കുകയാണ്‌. ചേംബറിന്റെ പുത്തന്‍ സംരംഭങ്ങളും നിക്ഷേപ പദ്ധതികളും നിങ്ങള്‍ക്കെന്നപോലെ ഈ രാജ്യത്തിനും ഗുണകരമാണ്‌''-അലന്‍ ഓവന്‍ പറഞ്ഞു. ചേംബര്‍ പ്രസിഡന്റ്‌ ഡോ. ജോര്‍ജ്‌ കാക്കനാട്ടാണ്‌ സ്വാഗതമാശംസിച്ചത്‌. ``പ്രശസ്‌തരായ രണ്ട്‌ കേരളീയരെ ടെക്‌സസ്‌ സ്റ്റേറ്റ്‌ ആദരിച്ചതിലൂടെ ഇവിടുത്തെ ഇന്ത്യന്‍ സമൂഹം പ്രത്യേകച്ച്‌ മലയാളികള്‍ തന്നെ മൊത്തത്തില്‍ അംഗീകരിക്കപ്പെട്ടിരിക്കുകയാണ്‌. അധികൃതരുടെ ഈ അതുല്യ സ്‌നേഹ സമീപനത്തിന്‌ അകൈതവമായ നന്ദിയുണ്ട്‌. ഇന്ത്യക്കാരും മലയാളികളും തിങ്ങിപ്പാര്‍ക്കുന്ന സംസ്ഥാനമെന്ന നിലയില്‍ സ്റ്റേറ്റ്‌, സിറ്റി ഭരണകൂടങ്ങളുമായി സൗഹൃദം കാത്തുസൂക്ഷിക്കാന്‍ സൗത്ത്‌ ഇന്ത്യന്‍ യു.എസ്‌ ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌ പ്രതിജ്ഞാബദ്ധമാണ്‌. ബിസിനസ്‌ കമ്മ്യൂണിറ്റിയുടെ സമഗ്രമായ ഉന്നമനത്തിന്‌ ചുരുങ്ങിയ കാലം കൊണ്ട്‌ പല പദ്ധതികളും ആവിഷ്‌കരിക്കാന്‍ കഴിഞ്ഞതില്‍ കൃതാര്‍ത്ഥതയുണ്ട്‌. മിസൗറിയിലും സമീപ സിറ്റികളിലും ഈയിടെ നടന്ന മോഷണ, അക്രമ പരമ്പരകളില്‍ ശക്തമായി പ്രതിഷേധിക്കുകയും ഇത്‌ ബന്ധപ്പെട്ടവരുടെ സത്വര ശ്രദ്ധയില്‍പ്പെടുത്തി സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്‌തു. നേപ്പള്‍ ഭൂകമ്പ ദുരിതാശാസ നിധി പോലെ ജീവകാരുണ്യ രംഗത്തും സംഘടന കാലൂന്നുന്നു. സ്റ്റേറ്റ്‌-സിറ്റി അധികൃതരുമായുള്ള സഹകരണം ചേംബറിന്‌ മുതല്‍ക്കൂട്ടാണ്‌. അത്‌ കൂടുതല്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ കരുത്തേകുന്നു''-ഡോ. ജോര്‍ജ്‌ കാക്കനാട്ട്‌ പറഞ്ഞു. ചേംബര്‍ പി.ആര്‍.ഒ ജിജു കുളങ്ങര ഈ അപൂര്‍വ യോഗത്തിന്റെ വന്‍വിജയത്തിന്‌ ചുക്കാന്‍ പിടിച്ചു. സെക്രട്ടറി ജോര്‍ജ്‌ ഈപ്പന്‍ എം.സിയായിരുന്നു. എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ ജിജി ഓലിക്കന്‍, ഇവന്റ്‌സ്‌ ഡയറക്‌ടര്‍ ജോര്‍ജ്‌ കോളാച്ചേരില്‍, ഡയറക്‌ടര്‍ ബോര്‍ഡ്‌ അംഗങ്ങളായ ബേബി മണക്കുന്നേല്‍, സണ്ണി കാരിക്കന്‍,സക്കറിയ കോശി, സുമന്‍ തോമസ്‌ തുടങ്ങിയവര്‍ സംസാരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.